Friday, 27 February 2015

മഹാത്‌മാക്കളുടെ മാര്‍ഗം

സത്യത്തിനും ആദര്‍ശങ്ങള്‍ക്കും രക്തംകൊണ്ട്‌ മുദ്രചാര്‍ത്തി കടന്നുപോയ എത്രയെത്ര ധന്യാത്‌മാക്കളാണ്‌ ഓര്‍മയില്‍ തെളിയുന്നത്‌. ശത്രുക്കളെക്കാള്‍ കൂടുതല്‍ മിത്രങ്ങള്‍ എന്ന്‌ അഭിനയിച്ചവര്‍ ചേര്‍ന്നു കൊലപ്പെടുത്തിയ ജൂലിയസ്‌ സീസര്‍ (ബി.സി 100-44), അടിമത്തം അവസാനിപ്പിച്ചതിനു ജീവന്‍ അര്‍പ്പിക്കേണ്ടിവന്ന ഏബ്രഹാം ലിങ്കണ്‍   (1809-1865), കറുത്തവര്‍ഗക്കാര്‍ക്കെതിരെ ഉണ്ടായിരുന്ന വിവേചനം അവസാനിപ്പിച്ചതിനു ജീവന്‍ കൊടുക്കേണ്ടിവന്ന ജോണ്‍ എഫ്‌.കെന്നഡി (1917-1963), കറുത്ത വംശജരുടെ അമേരിക്കന്‍ നേതാവ്‌ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ (1929-1968), എല്‍.ടി.ടി.ഇയുടെ രോഷാഗ്‌നിയില്‍ ജീവന്‍ ഒടുക്കേണ്ടിവന്ന രാജീവ്‌ഗാന്ധി (1944-1991)... ആ നിര അവസാനമില്ലാത്തതാണ്‌.

അമ്പത്തിരണ്ടാം വയസില്‍ ഇംഗ്ലണ്ടിലെ ഹെന്‍റി എട്ടാമന്റെ ചാന്‍സലറായി നിയമിക്കപ്പെട്ട സര്‍ തോമസ്‌ മൂറിന്റെ അന്ത്യനിമിഷം ഉദ്വേഗപൂര്‍ണമാണ്‌. നിയമപ്രകാരമുള്ള ഭാര്യ കാതറൈന്‍ ജീവിച്ചിരിക്കെ ആ വിവാഹം ഒഴിവാക്കി, ആന്‍ ബോളിന്‍ എന്നൊരു സ്‌ത്രീയെ ഭാര്യയായി സ്വീകരിക്കാന്‍ രാജാവ്‌ തീരുമാനിക്കുകയും മാര്‍പാപ്പയുടെ അനുമതി അപേക്ഷിക്കുകയും ചെയ്‌തു.

പാപ്പാ അപേക്ഷ നിരസിച്ചപ്പോള്‍ അദ്ദേഹവുമായുള്ള ബന്ധം വിഛേദിച്ച്‌, ഇംഗ്ലണ്ടിലെ സഭയുടെ തലവനായി രാജാവ്‌ സ്വയം പ്രഖ്യാപിക്കുകയും ആന്‍ ബോളിനില്‍ പിറക്കുന്ന മക്കള്‍ക്കു കിരീടാവകാശം നല്‍കുന്ന നിയമം പാര്‍ലമെന്റില്‍ പാസാക്കുകയും അവ അംഗീകരിക്കാത്തവര്‍ വധശിക്ഷാര്‍ഹരാണെന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. നിരവധി മെത്രാന്മാരും വൈദികരും അംഗീകരിച്ച ആ നിയമം അനുസരിക്കാന്‍ കത്തോലിക്കാസഭയില്‍ ഉറച്ചുനിന്ന തോമസ്‌ മൂര്‍ സന്നദ്ധനായില്ല. അതുകൊണ്ട്‌ അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. 

ഒരു പരിഗണന എന്നരീതിയില്‍ രാജാവ്‌ അത്‌ ശിരഛേദമാക്കി മാറ്റി. അവസാന നിമിഷംവരെ തോമസ്‌ മൂറിന്റെ മനസ്‌ മാറ്റാന്‍ രാജാവ്‌ ദൂതന്മാരെ നിയോഗിക്കുകയുണ്ടായി. അവരുടെ ശല്യം ഒഴിവാക്കാന്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു:  ഉവ്വ്‌ ഞാന്‍ മനസ്‌ മാറ്റിയിരിക്കുന്നു!

കേട്ടതു പാതി, കേള്‍ക്കാത്തതു പാതി, ദൂതന്‍ കൊട്ടാരത്തിലേക്ക്‌ ഓടി. മനസ്‌ മാറ്റിയതിന്റെ വിശദവിവരം പറയാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. രാജാവ്‌ വീണ്ടും അയാളെ വിവരം കൃത്യമായി അറിയാന്‍ വിട്ടു. 

കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെട്ട അന്നുമുതല്‍ തോമസ്‌ മൂര്‍ താടി വളര്‍ത്താന്‍ തുടങ്ങിയിരുന്നു. അദ്ദേഹം ദൂതനോട്‌ വിശദീകരിച്ചു:  ഞാന്‍ മനസ്‌ മാറ്റിയിരിക്കുന്നു! മുമ്പ്‌ എന്നെ കണ്ടിട്ടുള്ളവര്‍ ഇപ്പോള്‍ എന്നെ തിരിച്ചറിയുന്നില്ല. അതുകൊണ്ട്‌ ക്ഷൗരം ചെയ്‌തേക്കാം എന്നു ഞാന്‍ വിചാരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ മനസ്‌ മാറ്റിയിരിക്കുന്നു. എന്റെ ശിരസ്‌ അനുഭവിക്കുന്ന ശിക്ഷ താടിയും അനുഭവിക്കട്ടെ എന്നുകരുതി, ക്ഷൗരം വേണ്ട എന്നു തീരുമാനിച്ചു.

ഭാര്യ ഉപദേശിച്ചതുപോലെ ഒരു വാക്ക്‌ മാറ്റിപ്പറഞ്ഞ്‌ കുറഞ്ഞത്‌ ഇരുപതുവര്‍ഷം രാജപ്രീതിയില്‍ സുഖമായി ജീവിക്കാമായിരുന്ന അദ്ദേഹം തന്റെ ജീവനു കല്‌പിച്ചതു കുറ്റിത്താടിയുടെ വില മാത്രം!

1535 ജൂലൈ ആറിനു തോമസ്‌ മൂര്‍ കൊലത്തട്ടിലേക്കു കയറുമ്പോള്‍ ഗോവണി ഇളകി. തന്നെ നയിച്ച ഉദ്യോഗസ്ഥനോട്‌ അദ്ദേഹം പറഞ്ഞു: സുഹൃത്തേ, അപകടംകൂടാതെ കയറാന്‍ എന്നെ സഹായിക്കുക; അവിടെനിന്നു താഴോട്ടു പോകുന്ന കാര്യം ഞാന്‍ സ്വയം നോക്കിക്കൊള്ളാം.

വധത്തട്ടില്‍ മുട്ടുമടക്കി അനുതാപസങ്കീര്‍ത്തനം ചൊല്ലി. പിന്നെ, ആരാച്ചാരെ ചുംബിച്ച്‌ പറഞ്ഞു: സ്‌നേഹിതാ, ധൈര്യമായിരിക്ക്‌. ഒരു മനുഷ്യനു ചെയ്‌തുകൊടുക്കാന്‍ കഴിയുന്നതില്‍ ഏറ്റവും വലിയ ഉപകാരമാണ്‌ നിങ്ങള്‍ ഇന്ന്‌ എനിക്കു ചെയ്യുന്നത്‌. ശങ്കിക്കേണ്ട. പിന്നെ, എന്റെ കഴുത്തിനു നീളം കുറവാണ്‌ കേട്ടോ. ലക്ഷ്യം തെറ്റാതിരിക്കാന്‍ സൂക്ഷിച്ചോണം. അല്ലെങ്കില്‍, നിങ്ങള്‍ക്കു നാണക്കേടാകും!

കൊലത്തട്ടില്‍ മലര്‍ന്നുകിടന്ന്‌ ഒരു തൂവാലകൊണ്ട്‌ അദ്ദേഹം മുഖം മറച്ചു. പിന്നെ, തികഞ്ഞ നര്‍മബോധത്തോടെ ആരാച്ചാരോടു പറഞ്ഞു: ``എന്റെ താടിമീശ രാജാവിനെതിരേ ഒരു തെറ്റും ചെയ്‌തിട്ടില്ലല്ലോ. കഴുത്ത്‌ മുറിക്കുമ്പോള്‍ അതു മുറിക്കാതിരിക്കാന്‍ ശ്രദ്ധിക്കണേ." അദ്ദേഹം അതു വകഞ്ഞുമാറ്റി. ഒരുനിമിഷം...എല്ലാം ശാന്തം.ചരിത്രത്തില്‍ സമാനതകളില്ലാത്തൊരു മഹാത്‌മാവാണ്‌ ഗാന്ധിജി. നേതൃഗുണങ്ങള്‍ ഏറെയില്ലാത്ത ആ കുറിയ മനുഷ്യന്‍ ഈ നാടിന്റെ പൂര്‍ണപുണ്യമായിരുന്നു. യുഗപ്രതിഭാസങ്ങളിലൊന്ന്‌. 
സത്യവും അഹിംസയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആയുധങ്ങള്‍. അവ അദ്ദേഹത്തെ ജനകോടികളുടെ പ്രവാചകനാക്കി. രാഷ്‌ട്രീയത്തില്‍ ആത്‌മീയതയുടെ വിശുദ്ധി സന്നിവേശിപ്പിച്ചതിലാണ്‌ മഹാത്‌മജിയുടെ അനന്യത. ഹിന്ദുക്കളും മുസ്ലിംകളും സിക്കുകാരും ഡല്‍ഹിയില്‍ അശാന്തി സൃഷ്‌ടിച്ചപ്പോള്‍, 1948 ജനുവരി 12-ന്‌ അദ്ദേഹം പ്രസ്‌താവിച്ചു: "നാളെ ആദ്യത്തെ ഭക്ഷണസമയം മുതല്‍ ഞാന്‍ നിരാഹാരവ്രതം ആരംഭിക്കുന്നു. ഇവര്‍ തമ്മില്‍ ഐക്യം ഉണ്ടാകുന്നതുവരെ. എല്ലാം മറന്ന്‌ ഹൃദയങ്ങള്‍ ഒന്നാകുന്നതുവരെ എന്റെ സമരം തുടരും. എന്നെ മരിക്കാന്‍ അനുവദിക്കുക. ഞാന്‍ ശാന്തമായി മരണംവരിക്കട്ടെ. എന്റെ പ്രതീക്ഷകള്‍ ഉറപ്പാകുമെന്നു കരുതട്ടെ. ഇന്ത്യയുടെ നാശം കണ്‍മുമ്പില്‍ കാണുന്നതിനേക്കാള്‍ മരണം എനിക്ക്‌ മനോഹരമായ മോചനമാണ്‌. ഹിന്ദു-സിക്ക്‌-ഇസ്‌ലാം മതങ്ങളുടെ നാശം കാണുംമുമ്പ്‌ അതു സംഭവിക്കട്ടെ."

ഈ രാജ്യത്തെ ആത്‌മാവില്‍ സംവഹിച്ച മനുഷ്യന്റെ നൊമ്പരം. പതിനെട്ടു ദിവസം കഴിഞ്ഞ്‌, 1948 ജനുവരി 30. പുലര്‍ച്ചെ ഗാന്ധിജി കിടക്കയിലിരുന്ന്‌ ഗീത പാരായണം ചെയ്‌തു. അതുകഴിഞ്ഞ്‌ ജോലിമുറിയിലേക്ക്‌ സഹായി മനു അദ്ദേഹത്തെ നയിച്ചു. 

``തളര്‍ന്നാലും ഇല്ലെങ്കിലും ഹേ, മനുഷ്യാ വിശ്രമിക്കരുത്‌'' എന്ന പ്രിയപ്പെട്ട സൂക്തം അന്നു മുഴുവന്‍ തനിക്കുവേണ്ടി ഉരുക്കഴിക്കണമെന്ന്‌ അദ്ദേഹം മനുവിനോട്‌ അഭ്യര്‍ഥിച്ചു. വൈകുന്നേരം 5.10. സഹായികളുടെ തോളില്‍ത്താങ്ങി പ്രാര്‍ഥനാമൈതാനത്തേക്ക്‌. അവിടെ മരണം അദ്ദേഹത്തെ കാത്തുനിന്നു!സെന്റ്‌ പോള്‍ പറഞ്ഞില്ലേ, ``ജീവിതമോ മരണമോ ആകട്ടെ, രണ്ടും എനിക്ക്‌ ലാഭംതന്നെ'' (ഫിലി. 1:21). 

അതാണ്‌ മഹാത്‌മാക്കളുടെ സത്യം. ``ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട'' (മത്തായി 10:28) എന്നു ക്രിസ്‌തു നമ്മെ പഠിപ്പിക്കുന്നു. അതാണു മഹാത്‌മാക്കളുടെ മാര്‍ഗം.