Tuesday, 3 March 2015

തെറ്റുകളുടെ ഊരാക്കുടുക്കില്‍നിന്ന്‌

ഒരു വേനലവധിക്കാലം. സ്‌കൂള്‍ പരീക്ഷകള്‍ കഴിഞ്ഞു ജോണിയും സാലിയും മാതൃഗൃഹത്തിലെത്തിയതു തികഞ്ഞ ആഹ്ലാദത്തോടെയായിരുന്നു. നഗരത്തില്‍ താമസിച്ചിരുന്ന അവര്‍ക്കു പുതിയ ഗ്രാമാന്തരീക്ഷം ഏറെ ഇഷ്‌ടപ്പെട്ടു. ഗോതമ്പും ചോളവും സോയാബീനും കൃഷിചെയ്‌തിരുന്ന സ്ഥലങ്ങളിലെല്ലാം കയറിയിറങ്ങുക അവര്‍ക്ക്‌ വിനോദമായിരുന്നു.

ആ വീടിനടുത്തുണ്ടായിരുന്ന കുറ്റിക്കാടും കാട്ടരുവിയുമെല്ലാം അവരുടെ മനംകവര്‍ന്നു. കൃഷിസ്ഥലത്തെ ജോലികഴിഞ്ഞാല്‍ വല്യപ്പച്ചന്‍ അവരെ മീന്‍ പിടിക്കുവാന്‍ കൊണ്ടുപോകുമായിരുന്നു. ജോണിക്ക്‌ ഏറെ ഇഷ്‌ടപ്പെട്ട വിനോദമായിരുന്നു അത്‌. 

ഒരു ദിവസം വല്യപ്പച്ചന്‍ ജോണിക്ക്‌ ഒരു തെറ്റാലി ഉണ്ടാക്കിക്കൊടുത്തു. അതുപയോഗിക്കുന്ന രീതിയും അവനെ പഠിപ്പിച്ചു. അവന്‍ ഉടനെ തെറ്റാലിയുംകൊണ്ട്‌ കുറ്റിക്കാട്ടിലേക്കു പോയി. കാട്ടുമുയലിനെയോ ഏതെങ്കിലും പക്ഷിയേയോ തെറ്റാലി ഉപയോഗിച്ച്‌ വീഴിക്കുകയായിരുന്നു അവന്റെ ലക്ഷ്യം. 

എന്നാല്‍, തെറ്റാലി പ്രയോഗിക്കുന്നതില്‍ അവന്‍ വിജയിച്ചില്ല. മുയലുകളും പക്ഷികളുമൊക്കെ അവനെ വെട്ടിച്ചുകടന്നുകളഞ്ഞു. നിരാശനായി കുറ്റിക്കാട്ടില്‍നിന്ന്‌ മടങ്ങിവരുമ്പോള്‍ വീടിന്റെ പിന്‍മുറ്റത്ത്‌ ഒരു താറാവ്‌ നില്‍ക്കുന്നത്‌ അവന്‍ കണ്ടു. വെറുതെയൊരു രസത്തിനുവേണ്ടി ആ താറാവിനുനേരെ അവന്‍ തെറ്റാലി ഉപയോഗിച്ചു. താറാവ്‌ നിലത്തുവീണ്‌ പിടഞ്ഞുചത്തു.

ജോണിയുടെ വല്യമ്മച്ചി അതീവ താല്‍പര്യത്തോടെ വളര്‍ത്തിയിരുന്ന താറാവായിരുന്നു അത്‌. അത്‌ പിടഞ്ഞുചത്തപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി. അല്‌പനേരത്തെ ആലോചനയ്‌ക്കുശേഷം അവന്‍ താറാവിനെയെടുത്തുകൊണ്ടുപോയി കുറ്റിക്കാട്ടില്‍ ഒളിച്ചുവച്ചു. അവന്റെ സഹോദരിയായ സാലി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. പക്ഷേ, അവള്‍ ഒന്നും പറഞ്ഞില്ല.

അന്ന്‌ ഉച്ചഭക്ഷണം കഴിഞ്ഞപ്പോള്‍ വല്യമ്മച്ചി സാലിയോടു പറഞ്ഞു: "സാലി, വരൂ നമുക്ക്‌ പാത്രങ്ങളെല്ലാം കഴുകിവയ്‌ക്കാം." 

അപ്പോള്‍ സാലി പറഞ്ഞു: 

"വല്യമ്മച്ചീ, പാത്രം കഴുകുന്നതിന്‌ സഹായിക്കാന്‍ ജോണിക്ക്‌ ആഗ്രഹമുണ്ടെന്ന്‌ ജോണി പറയുന്നു." 

 പിന്നീട്‌ ജോണിയുടെ നേരെതിരിഞ്ഞ്‌ സാലി അടക്കിയ സ്വരത്തില്‍ പറഞ്ഞു: "താറാവിന്റെ കാര്യം." 

സാലി ഉദ്ദേശിക്കുന്നതെന്തെന്ന്‌ ജോണിക്ക്‌ വ്യക്തമായിരുന്നു. അവള്‍ക്കുപകരം ജോണി വല്യമ്മച്ചിയെ സഹായിച്ചില്ലെങ്കില്‍ അവള്‍ താറാവിന്റെ കാര്യം വല്യമ്മച്ചിയോടു പറയും എന്നായിരുന്നു അവളുടെ ഭീഷണി. മനസില്ലാമനസോടെ ജോണി പാത്രം കഴുകുന്നതിന്‌ വല്യമ്മച്ചിയെ സഹായിച്ചു. അന്നുവൈകുന്നേരം കുട്ടികള്‍ രണ്ടുപേരെയും മീന്‍ പിടിക്കുന്നതിന്‌ കൊണ്ടുപോകാന്‍ വല്യപ്പച്ചന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍, വല്യമ്മച്ചി പറഞ്ഞു: "ജോണിയെ കൊണ്ടുപൊയ്‌ക്കൊള്ളൂ, സാലി ഇവിടെ നില്‍ക്കട്ടെ. അത്താഴം ഒരുക്കുവാന്‍ അവളുടെ സഹായം ആവശ്യമുണ്ട്‌."


അപ്പോള്‍ സാലി ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു. "വല്യമ്മച്ചിയെ അടുക്കളയില്‍ സഹായിക്കുവാന്‍ ജോണിക്കു താല്‌പര്യമാണെന്നാണ്‌ അവന്‍ പറയുന്നത്‌." ഇത്രയും പറഞ്ഞിട്ട്‌ അവള്‍ ജോണിയോടു ചോദിച്ചു, "അല്ലേ ജോണി?"

സാലിയുടെ ഭീഷണി ജോണിക്കു വ്യക്തമായി. അവന്‍ വല്യമ്മച്ചിയെ അടുക്കളയില്‍ സഹായിക്കാമെന്നു സമ്മതിച്ചു. അങ്ങനെ സാലി വല്യപ്പനോടൊപ്പം മീന്‍ പിടിക്കാനും ജോണി വല്യമ്മച്ചിയോടൊപ്പം അടുക്കളപ്പണിക്കും പോയി. അടുത്ത രണ്ടുമൂന്നു ദിവസത്തേക്ക്‌ സാലി തന്റെ തന്ത്രം തുടര്‍ന്നു. താറാവിന്റെ കാര്യം വല്യമ്മച്ചിയോട്‌ പറയുമെന്ന്‌ ഭീഷണിമുഴക്കി അവള്‍ അവനെക്കൊണ്ട്‌ ബുദ്ധിമുട്ടുള്ള പണികളൊക്കെ ചെയ്യിച്ചു. അങ്ങനെ അവന്‍ സാലിയുടെ അടിമയെപ്പോലെയായി.

ഈ നില തുടരുക, അസഹ്യമായി തോന്നിയപ്പോള്‍ അവന്‍ നേരെ വല്യമ്മച്ചിയെ സമീപിച്ച്‌ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു ക്ഷമചോദിച്ചു. അപ്പോള്‍ അവനെ വാരിപ്പുണര്‍ന്നുകൊണ്ട്‌ വല്യമ്മച്ചി പറഞ്ഞു: "മോന്‍ താറാവിനെ കൊന്നതും പിന്നീടതിനെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ചതുമൊക്കെ ഞാന്‍ അടുക്കളയില്‍നിന്ന്‌ കണ്ടിരുന്നു. എനിക്ക്‌ മോനോടുള്ള സ്‌നേഹംമൂലം ഞാനത്‌ അപ്പോഴേ ക്ഷമിച്ചിരുന്നു. എങ്കിലും സാലിയുടെ കുടുക്കില്‍നിന്ന്‌ മോന്‍ രക്ഷപ്പെടുന്നതിന്‌ എത്രനാള്‍ വേണ്ടിവരുമെന്ന്‌ അറിയാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു."'വില്‍ ഡേയ്‌ലൈറ്റ്‌ കം?' എന്ന പുസ്‌തകത്തില്‍ ഹെഫ്‌ളര്‍ കൊടുത്തിരിക്കുന്ന ഒരു ചിത്രീകരണമാണ്‌ മുകളില്‍ വിവരിച്ചത്‌. പാപത്തില്‍വീഴുന്ന മനുഷ്യര്‍ എങ്ങനെ പാപത്തിന്‌ അടിമയായി മാറുന്നു എന്നു വ്യക്തമാക്കുന്ന ഒരു ചിത്രീകരണമാണിത്‌. കൊല്ലുവാന്‍വേണ്ടിയായിരുന്നില്ല ജോണി താറാവിനു നേരെ തെറ്റാലി ഉപയോഗിച്ചത്‌. പക്ഷേ, തെറ്റാലിയിലെ കല്ല്‌ കൃത്യമായി താറാവിന്റെ തലയിലേറ്റു. അങ്ങനെ അതു ചത്തു. തന്റെ കൈയില്‍നിന്നുണ്ടായ കുറ്റം വല്യമ്മച്ചിയോട്‌ നേരെ ചെന്നുപറഞ്ഞാല്‍ മതിയായിരുന്നു. തീര്‍ച്ചയായും വല്യമ്മച്ചി ക്ഷമിക്കുകയും ചെയ്യുമായിരുന്നു. 

എന്നാല്‍ ഭയം മൂലം അങ്ങനെ ചെയ്‌തില്ല. അതിന്റെ ഫലമായി ജോണിക്ക്‌ അനുഭവിക്കേണ്ടിവന്ന പ്രശ്‌നങ്ങള്‍ നിസാരമാണോ? സത്യം ഒളിച്ചുവയ്‌ക്കുന്നതിലുള്ള മന:സ്സാക്ഷിക്കടി ഒരുവശത്ത്‌, താന്‍ ചെയ്‌ത കുറ്റത്തിന്റെ മറപിടിച്ച്‌ തന്നെ ഭീഷണിപ്പെടുത്തുകയും മുതലെടുക്കുകയും ചെയ്യുന്ന സാലി മറുവശത്ത്‌!

ജോണിയുടെ ഈ കഥ പലപ്പോഴും നമ്മുടെ കഥതന്നെയാണ്‌. നാം തെറ്റുകുറ്റങ്ങളില്‍ വീഴുമ്പോള്‍ അവ ഏറ്റുപറഞ്ഞ്‌ ദൈവത്തോടും ബന്ധപ്പെട്ടവരോടും ക്ഷമ ചോദിക്കുന്നതിനു പകരം അവയെ മറച്ചുപിടിക്കുവാന്‍ നാം ശ്രമിക്കുന്നു. 

എന്നാല്‍ ആര്‍ക്ക്‌, എങ്ങനെ സ്വന്തം പാപം മറച്ചുപിടിക്കാന്‍ സാധിക്കും? പ്രത്യേകിച്ച്‌, എല്ലാം കാണുന്നവനായ ദൈവത്തിന്റെ മുമ്പില്‍ നിന്ന്‌? നാം പാപംചെയ്യുവാന്‍ ഇടയായാല്‍ അത്‌ ഏറ്റുപറഞ്ഞ്‌ മാപ്പപേക്ഷിക്കുംവരെ നമുക്ക്‌ മന:ശ്ശാന്തി ഇല്ല എന്നതാണ്‌ സത്യം. എന്നാല്‍, നമ്മുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌ അവയെക്കുറിച്ച്‌ മാപ്പപേക്ഷിക്കുമ്പോള്‍ നാം ദൈവത്തിന്റെ സ്‌നേഹവും കരുണയും വീണ്ടും അനുഭവിക്കാന്‍ ഇടയാകും. അതുവഴി പാപത്തിന്റെ പിടിയില്‍നിന്ന്‌ നാം മോചിതരാവുകയും ചെയ്യും.

പാപം ക്ഷമിക്കുന്ന കരുണാവാരിധിയാണ്‌ ദൈവം എന്നതു നമുക്ക്‌ മറക്കാതിരിക്കാം. ഏതെങ്കിലും തെറ്റില്‍ നാം വീണുപോയാല്‍ നാം ആദ്യം ചെയ്യേണ്ടത്‌ പശ്ചാത്താപപൂര്‍വം ദൈവത്തോട്‌ മാപ്പപേക്ഷിക്കുകയാണ്‌. അതോടൊപ്പം നമ്മുടെ പാപംവഴി ആരെയെങ്കിലും ഉപദ്രവിക്കാനിടയായിട്ടുണ്ടെങ്കില്‍ അവരോടും മാപ്പപേക്ഷിക്കണം. അങ്ങനെ ചെയ്‌താല്‍ പാപത്തിന്റെ തിക്തഫലങ്ങളില്‍ നിന്നു നാം മോചിതരാകും.