Monday, 31 August 2015

കാര്യാണി ഉദ്യമേന ഹി സിദ്ധ്യന്തി

ഒരേ ഒരു വിഷയത്തെക്കുറിച്ചു മാത്രം 40 പുസ്‌തകങ്ങള്‍ എഴുതിയ അസാധാരണ പ്രതിഭാശാലിയാണ്‌ ഓറിസണ്‍ സ്വെറ്റ്‌ മാര്‍ഡന്‍. ജീവിതവിജയം കൈവരിക്കാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച്‌ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്‌തകങ്ങളെല്ലാംതന്നെ ബെസ്റ്റ്‌ സെല്ലറുകളാണ്‌. `പുഷിംഗ്‌ ടു ദ ഫ്രന്റ്‌' എന്ന ആദ്യ പുസ്‌തകത്തിനുതന്നെ 250 പതിപ്പുകളുണ്ടായി. ഇരുപത്തഞ്ചോളം വിദേശഭാഷകളില്‍ ഈ പുസ്‌തകം പ്രസിദ്ധീകരിക്കപ്പെട്ടു. ജപ്പാനിലും മറ്റു ചില രാജ്യങ്ങളിലും ഇതു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്‌തകമായി. പുസ്‌തകം ഏറ്റവും വിശിഷ്‌ടമാണെന്ന്‌ വിക്‌ടോറിയ മഹാരാജ്ഞി സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു. ഇനി, ഇത്രയും വിശേഷപ്പെട്ട ഈ പുസ്‌തകമെഴുതപ്പെട്ടതിന്റെ പശ്ചാത്തലം അറിയേണ്ടേ?1892-98 കാലഘട്ടം അമേരിക്കയെ സംബന്ധിച്ചിടത്തോളം സാമ്പത്തികത്തകര്‍ച്ചയുടേതായിരുന്നു. സാമ്പത്തികമാന്ദ്യംമൂലം തൊഴിലില്ലായ്‌മ വര്‍ധിച്ചു. ആഹാരമില്ലാതായി. എങ്ങും അസംതൃപ്‌തിയും മുറുമുറുപ്പും. പട്ടിണിജാഥകള്‍ അമേരിക്കയില്‍ ആദ്യമായി അരങ്ങേറി. വിപ്ലവാഹ്വാനവുമായി തീവ്രവാദികള്‍ മുന്നോട്ടുവന്നു. രാജ്യം നിരാശയുടെ നീര്‍ച്ചുഴിയില്‍ കുത്തനെ നിപതിച്ച ഈ നിമിഷങ്ങളില്‍ മാര്‍ഡന്‍ തകൃതിയായി ഗവേഷണം നടത്തുകയായിരുന്നു. പ്രതിബന്ധങ്ങളോടു മല്ലടിച്ചു ജീവിതത്തില്‍ എങ്ങനെ വിജയിക്കാനാവും? അതായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണവിഷയം.

പ്രതിബന്ധങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടും ധൈര്യപൂര്‍വം അവ തരണംചെയ്‌തു ധനവും പ്രശസ്‌തിയും സംതൃപ്‌തിയും നേടിയ എത്രയോ പേരുണ്ട്‌! എന്താണ്‌ അവരുടെ ജീവിതവിജയത്തിനാധാരം? അവരോടു നേരിട്ടു ചോദിച്ചറിയുകതന്നെ- മാര്‍ഡന്‍ മനസിലുറച്ചു. അങ്ങനെയാണ്‌ തോമസ്‌ എഡിസണ്‍, ജോണ്‍ ഡി. റോക്ക്‌ഫെല്ലര്‍, ആന്‍ഡ്രു കാര്‍ണെഗി, അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ തുടങ്ങിയ ഒട്ടേറെ വിജയശാലികളെ മാര്‍ഡന്‍ ഇന്റര്‍വ്യൂ ചെയ്‌തത്‌. മാര്‍ഡന്‍ നടത്തിയ അന്വേഷണങ്ങളുടെയും ഇന്റര്‍വ്യൂകളുടെയും ഫലമായി ചില കാര്യങ്ങള്‍ അദ്ദേഹത്തിനു ബോധ്യമായി. ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ അതിനായി വെറുതെ മോഹിച്ചതുകൊണ്ട്‌ മാത്രമായില്ല. ചില ഘടകങ്ങള്‍ അതിനു കൂടിയേ തീരൂ. ആത്‌മവിശ്വാസം, പ്രചോദനാത്മകവും ക്രിയാത്മകവുമായ ചിന്താഗതി, ഉറച്ച ലക്ഷ്യബോധം, സംശുദ്ധമായ ജീവിതശൈലി, ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം- ഇവയെല്ലാം ഒത്തിണങ്ങിയാല്‍ ജീവിതവിജയത്തിനുള്ള പടവുകളായി എന്ന്‌ മാര്‍ഡന്‍ കണ്ടെത്തി.

വിവിധ കാലഘട്ടങ്ങളില്‍ ജീവിതവിജയം നേടിയിട്ടുള്ള പ്രതിഭാശാലികളില്‍ പലരും തങ്ങളുടെ അനുദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ള തത്വങ്ങളും ആശയങ്ങളുമായിരുന്നു ഇവ. പക്ഷേ, ഇവയെല്ലാം ആദ്യമായി നമുക്കായി ക്രോഡീകരിച്ചു പ്രസിദ്ധപ്പെടുത്തിയത്‌ മാര്‍ഡന്‍ ആണ്‌. `പുഷിംഗ്‌ ടു ദ ഫ്രന്റ്‌' ആദ്യമായി വില്‌പനയ്‌ക്കെത്തിയപ്പോള്‍ അവിശ്വസനീയമായ സ്വീകരണമാണ്‌ അതിനു ലഭിച്ചത്‌. സാമ്പത്തികത്തകര്‍ച്ചയിലൂടെ നിരാശയിലാണ്ടുനിന്ന അമേരിക്കയ്‌ക്കു വൈദ്യന്‍ വിധിച്ച ഏറ്റവും നല്ല ഔഷധമായിരുന്നു ഈ ചെറുപുസ്‌തകം. മാര്‍ഡന്റെ പ്രതീക്ഷാനിര്‍ഭരമായ ജീവിതവീക്ഷണവും ക്രിയാത്മകമായ ചിന്താഗതിയുമൊക്കെ തകര്‍ന്ന ഹൃദയര്‍ക്ക്‌ നവോന്മേഷം പകര്‍ന്നു. ഒരു ജനപദത്തിന്റെ മുഴുവന്‍ നിരാശാബോധവും തൂത്തെറിഞ്ഞ്‌ അവരെ ആത്മവിശ്വാസത്തിലൂടെ പുരോഗതിയുടെ പുതിയ പന്ഥാവിലേക്കു നയിക്കുവാന്‍ മാര്‍ഡന്റെ ആശയങ്ങള്‍ക്കു കഴിഞ്ഞു.ജീവിതത്തില്‍ ഉന്നതമായ വിജയം കൈവരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്‌ നമ്മില്‍ ഏറിയ പങ്കും. പക്ഷേ, ജീവിതവിജയത്തിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുവാനോ അവ പ്രാവര്‍ത്തികമാക്കുവാനോ നാം പലപ്പോഴും തയാറല്ലെന്നുമാത്രം. ജീവിതവിജയത്തിനു നാം കച്ചകെട്ടിയിറങ്ങുമ്പോള്‍ എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായാല്‍മതി നാം സ്വയം നീതീകരിക്കുന്നതോടൊപ്പം നമ്മുടെ തോല്‍വിയുടെ കുറ്റം നാം അന്യരില്‍ ചാരിയെന്നുമിരിക്കും.

പക്ഷേ, പാളിച്ചകള്‍ നേരിടുമ്പോള്‍ സമചിത്തതയോടെ അല്‌പസമയം അവ വിശകലനം ചെയ്യാന്‍ നമുക്കു സാധിച്ചാല്‍ സ്ഥിതി എത്ര വ്യത്യസ്‌തമാകുമായിരുന്നു! പരാജയത്തിന്റെ കാരണം കണ്ടെത്താനും നഷ്‌ടധൈര്യരാകാതെ ആത്‌മവിശ്വാസത്തോടും ലക്ഷ്യബോധത്തോടുംകൂടി പുതിയതായി മുന്നേറാനും നാം തയാറായാല്‍ ജീവിതവിജയം നമ്മുടേതായി മാറും. അനുഭവങ്ങളില്‍നിന്നും പാളിച്ചകളില്‍നിന്നും നാം പഠിക്കണം. അല്ലെങ്കില്‍ ബുദ്ധിഹീനരെപ്പോലെ നാം അടിതെറ്റി വീഴും. പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ അവയെ മറികടക്കാനാവുമെന്ന ആത്‌മധൈര്യം നമുക്കെപ്പോഴും വേണം. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്നാണല്ലോ ചൊല്ല്‌. ജീവിതത്തിലെ പ്രതിബന്ധങ്ങളെ മാര്‍ഡന്‍ തരണംചെയ്‌ത കഥകൂടി കേള്‍ക്കൂ.

1892-ലെ ശപിക്കപ്പെട്ട ഒരു രാത്രിയില്‍ നെബ്രാസ്‌കയിലുള്ള മാര്‍ഡന്റെ ഹോട്ടല്‍ അഗ്‌നിക്കിരയാക്കി. തന്റെ ജീവിതസമ്പാദ്യമായ ഹോട്ടല്‍ അഗ്‌നിക്കിരയാക്കിയതില്‍ അദ്ദേഹം ഖിന്നനായില്ല. ദീര്‍ഘനാളത്തെ കഠിനാധ്വാനത്തിലൂടെ അദ്ദേഹം തയാറാക്കിയ `പുഷിംഗ്‌ ടു ദ ഫ്രന്റ്‌' എന്ന പുസ്‌തകത്തിന്റെ കൈയെഴുത്തുപ്രതിയും അന്ന്‌ അഗ്‌നിക്കിരയായതിലായിരുന്നു അദ്ദേഹത്തിന്റെ ദുഃഖം. എങ്കിലും മാര്‍ഡന്‍ പതറിയില്ല. താന്‍ എഴുതിപ്പിടിപ്പിച്ച ആശയങ്ങള്‍ സ്വന്തം ജീവിതത്തിലും പ്രാവര്‍ത്തികമാക്കുകതന്നെ- അദ്ദേഹം ദൃഢനിശ്‌ചയം ചെയ്‌തു. രാത്രി പകലാക്കിയുള്ള നീണ്ട കഠിനാധ്വാനത്തിലൂടെ കൈയെഴുത്തുപ്രതി വീണ്ടും അദ്ദേഹം തയാറാക്കി. കൈയില്‍ ചില്ലിക്കാശു ബാക്കിയില്ലാതിരുന്നിട്ടുകൂടി അദ്ദേഹം പുസ്‌തകം പ്രസിദ്ധീകരിക്കുകതന്നെ ചെയ്‌തു. കാരണം, അടി പതറാത്ത ആത്‌മവിശ്വാസത്തോടൊപ്പം ദൈവത്തിന്റെ കരങ്ങളും അദ്ദേഹത്തിനു തുണയുണ്ടായിരുന്നു.

`കാര്യങ്ങള്‍ പ്രയത്‌നത്താലേ സാധിക്കൂ, മനോരഥങ്ങളാല്‍ മാത്രം സിദ്ധിക്കുന്നില്ല' (കാര്യാണി ഉദ്യമേന ഹി സിദ്ധ്യന്തി, ന മനോരഥൈഃ) എന്നാണ്‌ ഗീതോപദേശത്തിലും പറയുന്നത്‌. പക്ഷേ, ജീവിതവിജയത്തിനായി നാം എത്രമാത്രം പ്രയത്‌നിച്ചാലും ദൈവത്തെക്കൂടാതെ നമുക്കു വിജയം നേടാനാവില്ലെന്നുള്ളതാണ്‌ സത്യം. നാം ഉറങ്ങുമ്പോഴും ഉണര്‍ന്നിരുന്നുകൊണ്ട്‌ നമ്മെ പരിപാലിക്കുന്ന സ്‌നേഹപിതാവായ ദൈവത്തെ നാം വിസ്‌മരിക്കാനിടയാവരുത്‌. അവിടുത്ത കൃപാകടാക്ഷത്തിലൂടെ മാത്രമേ നമുക്കു യഥാര്‍ഥത്തില്‍ ജീവിതവിജയം നേടാനാകൂ.