Saturday 25 April 2015

ചോദ്യം ചോദിക്കേണ്ടത്‌ ദൈവത്തോടോ?

2001 ജനുവരി 26. അന്ന്‌ രാവിലെ 8.46-ന്‌ ആരാരും പ്രതീക്ഷിക്കാതിരുന്ന അവസരത്തില്‍ ഗുജറാത്തില്‍ അതിശക്തമായ ഭൂകമ്പമുണ്ടായി. ഭൂകമ്പത്തില്‍ മരിച്ചവര്‍ ഒരുലക്ഷത്തിലേറെപ്പേര്‍ വരും. ഭൂകമ്പത്തില്‍പ്പെട്ടു പരിക്കേറ്റവരും എല്ലാം നഷ്‌ടപ്പെട്ടവരും അതിലേറെപ്പേരുണ്ട്‌. ഈ ഭീകരദുരന്തത്തിനു മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കാനേ നമുക്കു കഴിയുന്നുള്ളൂ.



പക്ഷേ, അപ്പോഴും നാം അറിയാതെ ചോദിച്ചുപോകുന്നു: "ദൈവമേ, എന്തുകൊണ്ട്‌ ഇതു സംഭവിച്ചു? എത്ര നിരപരാധികളുടെ ജീവനാണ്‌ ഈ ഭൂകമ്പം കവര്‍ന്നെടുത്തത്‌?" ഈ ചോദ്യം ചോദിക്കുമ്പോള്‍ നമ്മില്‍ ചിലരെങ്കിലും അറിയാതെ ബൈബിളിലെ ജോബിന്റെ കഥ ഓര്‍മിച്ചുപോകും. ദൈവത്തിന്റെ മുമ്പില്‍ നീതിമാനായിരുന്നു ജോബ്‌. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒന്നിനും കുറവുണ്ടായിരുന്നില്ല. ഒരു മഹാരാജാവിനെപ്പോലെ സമ്പന്നനായിരുന്നു അദ്ദേഹം.

പക്ഷേ, പെട്ടെന്ന്‌ അദ്ദേഹത്തിന്‌ എല്ലാം നഷ്‌ടപ്പെട്ടു. ഒന്നും അദ്ദേഹത്തിന്‌ ബാക്കിയുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം നിരാശനായില്ല. ദൈവത്തിന്റെ മുമ്പില്‍ മുട്ടിന്മേല്‍നിന്ന്‌ അദ്ദേഹം പറഞ്ഞു: ``ദൈവം തന്നു. ദൈവം എടുത്തു. ദൈവത്തിനു സ്‌തുതിയുണ്ടായിരിക്കട്ടെ."

ജോബിന്റെ ദുരന്തത്തിന്‌ അപ്പോഴും അവസാനമുണ്ടായില്ല. അദ്ദേഹത്തിന്റെ ദേഹമാസകലം വ്രണംകൊണ്ട്‌ നിറഞ്ഞു. അതു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സമനില തെറ്റിയവളെപ്പോലെ പറഞ്ഞു: ``ദൈവത്തെ ശപിച്ചു മരിക്കൂ.'' 
ഉടനേ അവളെ ശാസിച്ചുകൊണ്ട്‌ ജോബ്‌ പറഞ്ഞു: ``നാം ദൈവത്തില്‍നിന്നു നല്ല ദാനങ്ങള്‍ സ്വീകരിക്കാറില്ലേ? അതുപോലെ, തിന്മയായവ സംഭവിച്ചാലും നാം അവ സ്വീകരിക്കേണ്ടതല്ലേ?"

ഭാര്യയ്‌ക്കു പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തിനെതിരേ തിരിഞ്ഞു. ജോബ്‌ ഒരു മഹാപാപിയാണെന്നും അദ്ദേഹത്തിന്റെ സഹനത്തിന്റെ കാരണം അദ്ദേഹത്തിന്റെ പാപമാണെന്നും അവര്‍ ആരോപിച്ചു. അവരുടെ ആരോപണത്തിന്റെ മുമ്പില്‍ മനസ്‌ തകര്‍ന്ന ജോബ്‌ ഒരു വിശദീകരണത്തിനായി ദൈവത്തിലേക്കു തിരിഞ്ഞു. നീതിമാനായി ജീവിച്ച താന്‍ സഹിക്കേണ്ടിവരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അദ്ദേഹത്തിന്‌ അറിയേണ്ടിയിരുന്നത്‌.

അപ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ട്‌ ജോബിനോടു ചോദിച്ചു: ``ഞാന്‍ ഭൂമിക്ക്‌ അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കറിയാമെങ്കില്‍ പറയൂ..."
അപ്പോള്‍ വായ്‌ പൊത്തിക്കൊണ്ട്‌ ജോബ്‌ പറഞ്ഞു: ``എനിക്ക്‌ അങ്ങയോട്‌ എന്തുപറയാന്‍ കഴിയും. എന്റെ അപരാധം, എന്നോട്‌ ക്ഷമിക്കൂ."

ഒട്ടേറെ പ്രപഞ്ചരഹസ്യങ്ങള്‍ നമുക്കറിയാം. പക്ഷേ, അതിലേറെ പ്രപഞ്ചരഹസ്യങ്ങള്‍ നമുക്ക്‌ അജ്ഞാതമാണ്‌. സഹനത്തിന്റെ രഹസ്യവും ഇതില്‍പ്പെടും. പ്രത്യേകിച്ചും നീതിമാന്മാരുടെയും നിഷ്‌കളങ്കരുടെയും സഹനത്തിന്റെ രഹസ്യം. നമ്മുടെ ബുദ്ധിക്ക്‌ അജ്ഞാതമായവയെ താത്‌കാലികമായിട്ടെങ്കിലും അജ്ഞാതമായി അംഗീകരിക്കുന്നതാണ്‌ ബുദ്ധി.
നീതിമാന്മാരുടെയും നിഷ്‌കളങ്കരുടെയും സഹനം അനീതിയായി നമുക്ക്‌ ന്യായമായും തോന്നാം. എന്നാല്‍ അത്‌ അനീതിയല്ല, ദൈവത്തിനു മാത്രം അറിയാവുന്ന രഹസ്യമാണ്‌ എന്നതാണു സത്യം. നീതിമാനായിരുന്നിട്ടും ജീവിതത്തില്‍ ഒട്ടേറെ സഹിക്കേണ്ടിവന്ന ജോബിന്റെ കഥ ഇതാണു നമ്മെ പഠിപ്പിക്കുന്നത്‌.



ഗുജറാത്തിലെ ഭൂകമ്പത്തിലേക്കു നമുക്കു തിരിച്ചുവരാം. നിഷ്‌കളങ്കരായ കൊച്ചുകുഞ്ഞുങ്ങളടക്കം പതിനായിരക്കണക്കിനാളുകളെ കാലപുരിക്കയച്ച ഈ ഭൂകമ്പം എന്തുകൊണ്ടുണ്ടായി എന്നു നമുക്കെന്നെങ്കിലും മനസിലാക്കാന്‍ സാധിക്കുമോ?

ഈ ഭൂകമ്പത്തിന്റെ ഭൂമിശാസ്‌ത്രപരമായ കാരണങ്ങള്‍ നമുക്ക്‌ കുറേയെങ്കിലും അറിയാം. അതുപോലെ, അനീതി പ്രവര്‍ത്തിച്ച പാപികളാണ്‌ അവിടെ മരിച്ചതെങ്കില്‍ അതും ഏറെക്കുറെ നമ്മുടെ മനുഷ്യബുദ്ധിക്കു മനസിലാക്കാനാവും. എന്നാല്‍, ഭൂകമ്പം മൂലം മൃതിയടയുകയും പരിക്കേല്‍ക്കുകയും നിരാലംബരാകുകയും ചെയ്‌ത നിരപരാധികളുടെ കാര്യമോ? ഇക്കാര്യം നമ്മുടെ ബുദ്ധിക്കു തൃപ്‌തികരമായി ഒരിക്കലും മനസിലാക്കാന്‍ സാധിക്കുകയില്ല എന്നതാണ്‌ വസ്‌തുത. ഇതു ദൈവത്തിന്റെ രഹസ്യമായി നമ്മുടെ ബുദ്ധിക്ക്‌ മുമ്പില്‍ എന്നും നിലനില്‍ക്കും; നമ്മുടെ അസ്‌തിത്വ പരിമിതിയായി, ജീവിതക്ഷണികതയായി.

ദൈവത്തിന്റെ ഈ രഹസ്യത്തെക്കുറിച്ച്‌ എന്തെങ്കിലും ഗ്രഹിക്കാന്‍ സാധിക്കണമെങ്കില്‍, എല്‍.ആര്‍. ഡിറ്റ്‌സണ്‍ എന്ന ഗ്രന്ഥകാരന്‍ പറയുന്നതുപോലെ, നാം തുടങ്ങേണ്ടതു നമ്മിലോ നമ്മുടെ ബുദ്ധിയിലോ അല്ല. പ്രത്യുത ദൈവത്തിലാണ്‌. കാരണം, അവിടുന്നാണ്‌ നമ്മുടെ ആരംഭവും അവസാനവും. 

നമ്മുടെ ബുദ്ധിക്ക്‌ അഗ്രാഹ്യമായവയുമായി നാം മല്ലടിക്കുമ്പോള്‍ ദൈവത്തിലുള്ള വിശ്വാസമാണ്‌ മുന്നോട്ടു നയിക്കേണ്ടത്‌. അവിടുത്തെ അനന്തപരിപാലനയിലുള്ള പ്രതീക്ഷയാണ്‌ നമുക്ക്‌ ശക്തി പകരേണ്ടത്‌; അവിടുന്നറിയാതെ ഒന്നും സംഭവിക്കുകയില്ല എന്ന ബോധ്യമാണ്‌ നമ്മെ ആശ്വസിപ്പിക്കേണ്ടത്‌; ജീവിച്ചിരിക്കുന്നവരും മരിച്ചവരുമെല്ലാം അവിടുത്തെ കൈകളിലാണ്‌ എന്ന ആത്‌മബോധമാണ്‌ നമുക്ക്‌ ധൈര്യം നല്‍കേണ്ടത്‌.
നീതിമാന്മാരുടെ സഹനവും മരണവും ഉത്തരമില്ലാത്ത ഒരു കടങ്കഥയായി നിലനില്‍ക്കുമ്പോഴും ഈ ഭൂകമ്പം വരുത്തിവച്ച ഒട്ടേറെ ദുഃഖദുരിതങ്ങളും മരണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്നതു നാം മറന്നുപോകേണ്ട. 

ഭൂജില്‍ ഭൂകമ്പത്തിന്‌ ഏറെ സാധ്യതയുണ്ട്‌ എന്നറിയാമായിരുന്നിട്ടും ബഹുനിലക്കെട്ടിടങ്ങള്‍ നാം കെട്ടിപ്പൊക്കിയില്ലേ? ഒരുനില കെട്ടിടം മാത്രം പണിയേണ്ടിയിരുന്ന സ്ഥലത്ത്‌ പ്രകൃതിയെ വെല്ലുവിളിച്ച്‌ ഇരുപതുനില കെട്ടിടങ്ങള്‍ വരെ നാം അവിടെ പണിതില്ലേ? ഭൂകമ്പസാധ്യതയുള്ള മേഖലയില്‍ ബലവത്തായ കെട്ടിടങ്ങള്‍ തീര്‍ക്കേണ്ടതിനു പകരം മായം ചേര്‍ത്ത സിമന്റ്‌ ഉപയോഗിച്ച്‌ അപകടവും മരണവും നാം ക്ഷണിച്ചുവരുത്തിയില്ലേ?

ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിന്‌ ഏകദേശം സമാനമായ ഭൂകമ്പം ഏഴുവര്‍ഷം മുമ്പ്‌ ലോസ്‌ ആഞ്ചലസിലുണ്ടായി. അന്ന്‌ അവിടെ മരണസംഖ്യ 57 മാത്രമായിരുന്നു. എന്തായിരുന്നു ഇത്രയും കുറച്ചാളുകള്‍ മാത്രം മരിക്കാന്‍ കാരണം? ഭൂകമ്പസാധ്യതയുള്ള മേഖലയാണെന്നു മനസിലാക്കി അതിനെ അതിജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ അവര്‍ നിര്‍മിച്ചു. അതുപോലെ, ശക്തമായ ഭൂകമ്പം ഉണ്ടായാലും അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ അവര്‍ സ്വീകരിച്ചു. തന്മൂലമാണ്‌ അന്നൊരു മഹാദുരന്തം ഒഴിവായത്‌.

``ദൈവമേ, എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചു,'' എന്ന ചോദ്യം ചോദിക്കുന്നതിനുമുമ്പ്‌ ആ ചോദ്യം നമ്മുടെ നേര്‍ക്കുതന്നെ നമുക്കു തിരിക്കാം. ഭൂകമ്പസാധ്യതയുള്ള മേഖലയാണെന്ന്‌ അറിഞ്ഞിട്ടും ഭുജിലും മറ്റും എന്തുകൊണ്ട്‌ നാം ചെയ്യേണ്ടതു ചെയ്‌തില്ല? 

ഒരുപക്ഷേ, ഈ ചോദ്യത്തിനുള്ള പ്രധാന ഉത്തരം നമ്മുടെ സ്വാര്‍ഥത എന്നതാണെന്നു മനസിലാക്കിയാല്‍ നാം ഞെട്ടുമോ? നാം ഞെട്ടണം. എങ്കില്‍ മാത്രമേ, ഈ ഭൂകമ്പത്തില്‍നിന്നു കുറേയെങ്കിലും നാം പാഠം പഠിക്കൂ. ദൈവം നല്‍കിയ ബുദ്ധിയും ശക്തിയും ഉപയോഗിച്ച്‌ പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെ ജീവിതത്തിലെ പല ദുരന്തങ്ങളും ഇല്ലാതാക്കാനോ കുറഞ്ഞപക്ഷം അവയുടെ ശക്തി കുറയ്‌ക്കാനോ നമുക്കു സാധിക്കും.

Tuesday 7 April 2015

നമ്മുടെ മുഖം പൊയ്‌മുഖമോ?

ചെറുകഥാ സാഹിത്യത്തില്‍ ഏറ്റവുമധികം അറിയപ്പെടുന്നവരില്‍ ഒരാളാണ്‌ ഒ. ഹെന്‍റി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വില്യം സിഡ്‌നി പോര്‍ട്ടര്‍ (1862-1910). ഫാര്‍മസിസ്റ്റായി ജോലി ആരംഭിച്ച്‌ പത്രപ്രവര്‍ത്തന രംഗത്തു കടന്ന ഹെന്‍റി ചില സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അഞ്ചു വര്‍ഷത്തേക്കു ജയില്‍ശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു. ജയില്‍വാസം കഴിഞ്ഞു പുറത്തുവരുമ്പോഴേക്കും പ്രസിദ്ധനായ ഒരു ചെറുകഥാകൃത്തായി ഈ അമേരിക്കക്കാരന്‍ അറിയപ്പെട്ടിരുന്നു.

ഹെന്‍റി എഴുതിയ ചെറുകഥകളില്‍ പ്രസിദ്ധമായ ഒന്നാണ്‌ 'ഷിയറിംഗ്‌ ദ വുള്‍ഫ്‌. 'കഥ നടക്കുന്നത്‌ കെന്‍ടക്കി സംസ്ഥാനത്തെ ഗ്രാസ്‌ഡെയില്‍ എന്ന കൊച്ചുപട്ടണത്തിലാണ്‌. ആ പട്ടണത്തിലെ ഇരുമ്പുകടയുടെ ഉടമയാണ്‌ മര്‍ക്കിസണ്‍. 

അദ്ദേഹത്തിനൊരിക്കല്‍ ഷിക്കാഗോയില്‍നിന്ന്‌ ഒരു എഴുത്തുകിട്ടി. ആയിരം ഡോളറിനു പകരമായി അയ്യായിരം ഡോളര്‍ വാഗ്‌ദാനം ചെയ്യുന്ന ഒരു കത്തായിരുന്നു അത്‌. ആ കത്തിനെക്കുറിച്ച്‌ ആരോടെങ്കിലും സംസാരിക്കണമെന്നു കരുതിയിരിക്കുമ്പോഴാണ്‌ അന്യനാട്ടുകാരായ രണ്ടുപേര്‍ - ജെഫ്‌ പീറ്റേഴ്‌സും ആന്‍ഡി ടക്കറും - അവധി ചെലവഴിക്കാനായി ഗ്രാസ്‌ഡെയിലിലെത്തിയത്‌. മര്‍ക്കിസണ്‍ അവരോട്‌ ലോഹ്യം കൂടി. പലപ്പോഴും പൊതുസ്ഥലങ്ങളില്‍വച്ചവര്‍ കണ്ടുമുട്ടി. ഒരുദിവസം അവരോടൊപ്പമിരുന്നു വാചകമടിക്കുമ്പോള്‍ മര്‍ക്കിസണ്‍ പോക്കറ്റില്‍നിന്നു കത്തെടുത്തുകൊണ്ട്‌ അവരോട്‌ പറഞ്ഞു: "നിങ്ങള്‍ക്ക്‌ ഇതെപ്പറ്റി എന്തു തോന്നുന്നു? ഇമ്മാതിരിയൊരു എഴുത്ത്‌ എനിക്ക്‌ അയയ്‌ക്കുവാനുള്ള അവരുടെ ഒരു ചങ്കൂറ്റം!"


പീറ്റേഴ്‌സും ടക്കറും ആ കത്ത്‌ കണ്ടപ്പോള്‍ത്തന്നെ അതിലെ കാര്യമെന്താണെന്നു മനസിലാക്കി. ആയിരം ഡോളര്‍ കൊടുത്താല്‍ അതിനു പകരമായി യഥാര്‍ഥ ഡോളറുകള്‍ എന്നു തോന്നിക്കുന്ന അയ്യായിരം കള്ളനോട്ടുകള്‍ കൊടുക്കാമെന്നായിരുന്നു ആ കത്തിലെ വാഗ്‌ദാനം. വാഷിംഗ്‌ടണിലെ ട്രഷറിയിലുള്ള ഒരു തൊഴിലാളി മോഷ്‌ടിച്ചെടുത്ത പ്ലെയിറ്റുകള്‍ ഉപയോഗിച്ചാണത്രെ ആ നോട്ടുകള്‍ പ്രിന്റ്‌ ചെയ്‌തിരിക്കുന്നത്‌. 
അവര്‍ കത്തിന്റെ ഉള്ളടക്കം വിശദീകരിച്ചപ്പോള്‍ മര്‍ക്കിസണ്‍ പറഞ്ഞു: "എന്നാലും ഇങ്ങനെയൊരു എഴുത്ത്‌ എനിക്കെഴുതുവാന്‍ അവരുടെ ധൈര്യം!" ഉടനെ ടക്കര്‍ പറഞ്ഞു: "പല നല്ല മനുഷ്യര്‍ക്കും ഇങ്ങനെ കത്തു ലഭിക്കാറുണ്ട്‌. ഇതിനു മറുപടി കൊടുത്താല്‍ മാത്രമേ അവര്‍ ഇനിയും എഴുതുകയുള്ളൂ. മറുപടി കൊടുത്തില്ലെങ്കില്‍ അവര്‍ ഇനി എഴുതുകയില്ല."

അപ്പോള്‍ മര്‍ക്കിസണ്‍ പറഞ്ഞു: "അവര്‍ എഴുത്തെഴുതുവാന്‍ കണ്ട ഒരാള്‍! ഞാന്‍ എന്താ അത്ര മോശക്കാരനാണെന്നാണോ അവര്‍ കരുതുന്നത്‌?" കാര്യം ഈ മറുപടികൊണ്ട്‌ അവസാനിച്ചുവെന്നാണ്‌ പീറ്റേഴ്‌സും ടക്കറും കരുതിയത്‌. എന്നാല്‍, കുറെദിവസം കഴിഞ്ഞപ്പോള്‍ മര്‍ക്കിസണ്‍ അവരെ സമീപിച്ചു പറഞ്ഞു: "നിങ്ങളെ വിശ്വസിക്കുവാന്‍ കൊള്ളാവുന്നവരാണെന്ന്‌ ബോധ്യമായി. അതുകൊണ്ട്‌ ഞാന്‍ പറയുകയാണ്‌. ഞാന്‍ അവര്‍ക്ക്‌ എഴുതി. അവരുടെ മറുപടിയും വന്നു. ഷിക്കാഗോയിലേക്ക്‌ ചെല്ലുവാനാണ്‌ അവര്‍ എഴുതിയിരിക്കുന്നത്‌."

അപ്പോള്‍ ടര്‍ക്കര്‍ പറഞ്ഞു: "ഇതു വന്‍ ചതിയാണ്‌. അവര്‍ കള്ളനോട്ടാണെന്നു പറഞ്ഞുതരുന്നത്‌ പിന്നെ നോക്കുമ്പോള്‍ വെറും കടലാസായിരിക്കും." മര്‍ക്കിസണ്‍ ആത്മവിശ്വാസം സ്‌ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു: "ദാ, എന്നെ ചതിക്കാനൊന്നും അവര്‍ക്ക്‌ സാധിക്കില്ല. ഞാന്‍ നല്ലൊരു കച്ചവടം കെട്ടിപ്പെടുത്തിയിരിക്കുന്നത്‌ ഭാഗ്യംകൊണ്ടൊന്നുമല്ല."

കള്ളനോട്ടിന്റെ ഇടപാടിനു പോകരുതെന്നു പീറ്റേഴ്‌സും ടക്കറും മര്‍ക്കിസണനെ ഉപദേശിച്ചു. പക്ഷേ, കള്ളനോട്ടുകാരെ ഒരു പാഠം പഠിപ്പിക്കുവാന്‍ വേണ്ടി സത്യസന്ധനായ താന്‍ ഷിക്കാഗോയ്‌ക്ക്‌ പോകുകയാണെന്ന്‌ മര്‍ക്കിസണ്‍ പ്രഖ്യാപിച്ചു. സഹായത്തിനായി അയാള്‍ പീറ്റേഴ്‌സിനെയും ടക്കറെയും ക്ഷണിച്ചു.

ഈ കഥ ഇവിടെ നിര്‍ത്തട്ടെ. നാട്ടിലെ പകല്‍മാന്യന്മാരുടെ മൂടുപടം പൊളിച്ചുമാറ്റുന്ന ഈ കഥ വായിക്കുമ്പോള്‍ ആദ്യം നമുക്കു ചിരിവരും. പിന്നെ സഹതാപവും. കള്ളനോട്ടുകാരുടെ കത്തു കിട്ടിയപ്പോള്‍ തന്റെ പേരില്‍ അവര്‍ക്കെങ്ങനെ ഒരു കത്തെഴുതുവാന്‍ തോന്നി എന്നായിരുന്നു അയാളുടെ ചോദ്യം. സത്യസന്ധനും മാന്യനുമായ തന്നെ തട്ടിപ്പുകാരുടെ ഗണത്തില്‍പ്പെടുത്തിയതിലായിരുന്നു അയാളുടെ അമര്‍ഷം. അയാള്‍ അക്കാര്യം പീറ്റേഴ്‌സിനോടും ടര്‍ക്കറോടും പറയുകയും ചെയ്‌തു.

എന്നാല്‍, കള്ളനോട്ടുകാരുടെ കത്തു കിട്ടിയതുമുതല്‍ എങ്ങനെയെങ്കിലും കുറെ പണം തനിക്കും സൂത്രത്തില്‍ സമ്പാദിക്കണം എന്നായിരുന്നു അയാളുടെ മോഹം. മാന്യനായ തന്റെ സല്‍പ്പേരിനു കോട്ടം വരാതിരിക്കുവാന്‍ വേണ്ടി അന്യനാട്ടുകാരനായ പീറ്റേഴ്‌സിനെയും ടക്കറെയും അയാള്‍ കൂട്ടുപിടിക്കുകയായിരുന്നു. തന്റെ കൊച്ചുപട്ടണത്തിലുള്ള ആരോടും ഇക്കാര്യം പറയരുതെന്ന്‌ അയാള്‍ അവരോട്‌ പറഞ്ഞു.

മര്‍ക്കിസണനെപ്പോലെ പകല്‍മാന്യന്മാരായ ആളുകള്‍ ധാരാളം നമ്മുടെയിടയിലില്ലേ? പുറത്ത്‌ സത്യസന്ധന്മാരെന്ന്‌ ഭാവിക്കുകയും വെട്ടിപ്പിലൂടെയും തട്ടിപ്പിലൂടെയും പണം സമ്പാദിക്കുകയും ചെയ്യുന്നവര്‍ വിരളമാണോ? ന്യായമായി ചെയ്‌തുകൊടുക്കേണ്ട ജോലിക്കുപോലും കൈക്കൂലി വാങ്ങി പോക്കറ്റിലിട്ടു മാന്യന്മാരായി വെളുത്ത ചിരിയും ചിരിച്ചുനടക്കുന്നവര്‍ ധാരാളമില്ലേ നമ്മുടെ ഇടയില്‍? ഒരുപക്ഷേ, നാം തന്നെ അക്കൂട്ടത്തില്‍പെടുന്നുണ്ടാവില്ലേ? അങ്ങനെയാണെങ്കില്‍, ഹെന്‍റിയുടെ ഈ ചെറുകഥ വായിക്കുമ്പോള്‍ ചിരിച്ചാലും സഹതപിച്ചാലും മാത്രംപോരാ? നാം കരയുകതന്നെ വേണം. കാരണം, നമ്മുടെ കാപട്യം അത്രമാത്രം വെളിച്ചത്തു കൊണ്ടുവരുന്ന കഥയാണിത്‌.

ഇനി കഥയിലേക്കു മടങ്ങിവരട്ടെ. മര്‍ക്കിസന്റെ നിര്‍ബന്ധംമൂലം പീറ്റേഴ്‌സും ടക്കറും അയാളോടൊപ്പം ഷിക്കാഗോയിലേയ്‌ക്കു പോയി. കള്ളനോട്ടുകാരെ കാണുവാനുള്ള തന്ത്രങ്ങള്‍ അവിടെ ഒരു ഹോട്ടല്‍മുറിയില്‍വച്ച്‌ മര്‍ക്കിസണ്‍ ആവിഷ്‌കരിച്ചു. തനിക്ക്‌ എന്തെങ്കിലും ആപത്തുപിണഞ്ഞാല്‍ അവര്‍ സഹായത്തിനെത്തണമെന്നായിരുന്നു അയാളുടെ അഭ്യര്‍ഥന.

രണ്ടായിരം നല്ല നോട്ടുകള്‍ കൊടുത്തു പതിനായിരം കള്ളനോട്ട്‌ വാങ്ങാനായിരുന്നു മര്‍ക്കിസന്റെ പദ്ധതി. അയാള്‍ നോട്ടുകളെടുത്ത്‌ പോക്കറ്റിലിട്ടു കള്ളനോട്ടുകാരെ കാണുവാന്‍വേണ്ടി പോകാനൊരുങ്ങുമ്പോള്‍ പീറ്റേഴ്‌സ്‌ ഒരു കൈത്തോക്കെടുത്ത്‌ മര്‍ക്കിസന്റെ നേരെ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു: "അത്യാഗ്രഹിയും പാപിയും ദുഷ്‌ടനുമായ മനുഷ്യാ, ജീവന്‍ വേണമെങ്കില്‍ വേഗം നിന്റെ പണം ഇങ്ങുതരൂ. പണം തന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ഇപ്പോള്‍ തട്ടിക്കളയും. നീ വീട്ടിലും നാട്ടിലുമൊക്കെ മാന്യനാണെന്നു അഭിനയിക്കുന്നു അല്ലേ? കള്ളനോട്ടു കച്ചവടക്കാരെക്കാള്‍ ദുഷ്‌ടനാണ്‌ നീ. അവര്‍ നല്ലവരാണെന്നു സ്വയം അഭിമാനിക്കുകയോ പറയുകയോ ചെയ്യുന്നില്ല. എന്നാല്‍, നീയോ? നീ എല്ലാവരുടെയും മുമ്പില്‍ മാന്യത നടിക്കുന്നു....?"

വിറയ്‌ക്കുന്ന കൈകളോടെ അയാള്‍ പണം മുഴുവന്‍ പോക്കറ്റില്‍നിന്നെടുത്ത്‌ പീറ്റേഴ്‌സിനു കൊടുത്തു. അപ്പോള്‍ പീറ്റേഴ്‌സ്‌ പറഞ്ഞു: "ഇക്കാര്യം നീ ആരോടെങ്കിലും പറഞ്ഞാല്‍ നിന്റെ മാന്യതയുടെ കഥമുഴുവന്‍ ഞങ്ങള്‍ നാട്ടില്‍ പാട്ടാക്കും."

ഈ കഥയ്‌ക്ക്‌ ഒരു ഉപകഥകൂടിയുണ്ട്‌. അത്‌ പീറ്റേഴ്‌സിന്റെ മനഃസാക്ഷിയുടെ കഥയാണ്‌. എപ്പോഴും മനഃസാക്ഷിയെക്കുറിച്ച്‌ മാത്രം പറയുന്ന മാന്യനാണ്‌ പീറ്റേഴ്‌സ്‌. അവരാണ്‌ മര്‍ക്കിസനെ കൊള്ളയടിച്ചത്‌. മനഃസാക്ഷിയെക്കുറിച്ചും മാന്യതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചുമൊക്കെ പറയുന്ന നാം എല്ലാവരും നമ്മുടെ പ്രവൃത്തികളും ഹൃദയവിചാരങ്ങളും വിശകലനം ചെയ്യുവാന്‍ മറക്കരുത്‌. കാരണം, അതില്‍കൂടി മാത്രമേ നമ്മെക്കുറിച്ചുള്ള ശരിയായ ചിത്രം നമുക്ക്‌ ലഭിക്കൂ.