Saturday 14 March 2015

പരിപാലനയിലെ ഒരു അത്‌ഭുതനിമിഷം

മാര്‍ട്ടിന്‍ വാള്‍. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ അയാള്‍ തടവുകാരനായി സൈബീരിയയിലായിരുന്നു. യുദ്ധം കഴിഞ്ഞ്‌ കുറേനാള്‍ ചെന്നപ്പോള്‍ അയാള്‍ സ്വതന്ത്രനായി. പക്ഷേ, അപ്പോഴേക്കും അയാള്‍ ക്ഷീണിച്ച്‌ എല്ലും തൊലിയുമായിരുന്നു. എങ്കിലും അയാള്‍ അതിവേഗം തന്റെ ജന്മനാടായ യുക്രെയ്‌നിലേക്കു വണ്ടികയറി. തന്റെ പ്രിയ ഭാര്യയെയും പൊന്നുമകനെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

അയാള്‍ അവിടെയെത്തി. പക്ഷേ, ഭാര്യ അന്നയും പുത്രനായ ജേക്കബും പണ്ടേ അവിടെനിന്ന്‌ അപ്രത്യക്ഷരായിരുന്നു. റെഡ്‌ക്രോസ്‌ നല്‍കിയ വിവരമനുസരിച്ച്‌ സൈബീരിയയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ അവര്‍ മരിച്ചുപോയിരുന്നു. 

അന്നയും പുത്രനും മരിച്ചെന്നു കേട്ടപ്പോള്‍ അയാള്‍ ആകെ തകര്‍ന്നുപോയി. നിരാശനായ അയാള്‍ ദൈവത്തെ തള്ളിപ്പറഞ്ഞു. തന്റെ ഭാര്യയെയും മകനെയും രക്ഷിക്കാതിരുന്ന ദൈവത്തെ തനിക്കാവശ്യമില്ല എന്നയാള്‍ തീരുമാനിച്ചു. പ്രാര്‍ഥിക്കുന്ന ശീലം പാടേ അയാള്‍ ഉപേക്ഷിച്ചു.

അയാള്‍ക്കൊരു സഹകരണസമൂഹത്തില്‍ ജോലി കിട്ടി. അവിടെ യാന്ത്രികമായി ജോലിചെയ്‌ത്‌ അങ്ങനെ ജീവിക്കുമ്പോള്‍ അയാള്‍ പഴയൊരു കൂട്ടുകാരിയായിരുന്ന ഗ്രെറ്റായെ കണ്ടുമുട്ടി. ഒരേ ഗ്രാമത്തില്‍നിന്നുള്ള അവര്‍ പഠിച്ചത്‌ ഒരേ ക്ലാസിലായിരുന്നു. അധികം താമസിയാതെ മാര്‍ട്ടിനും ഗ്രെറ്റായും തമ്മില്‍ വിവാഹിതരായി. അതോടെ ജീവിതം വീണ്ടും അര്‍ഥമുള്ളതായി അയാള്‍ക്കു തോന്നി. പക്ഷേ, ഒരു കുഞ്ഞിക്കാലു കാണാന്‍ സാധിക്കാഞ്ഞതില്‍ ദുഃഖിതയായിരുന്നു ഗ്രെറ്റ. സൈബീരിയയിലെ തടവുകാലത്ത്‌ ഏല്‍ക്കേണ്ടിവന്ന പീഡനംമൂലം വീണ്ടുമൊരു പിതാവാകാന്‍ സാധിക്കാത്ത സ്ഥിതിയിലായിരുന്നു മാര്‍ട്ടിന്‍.



തനിക്കൊരമ്മയാകാന്‍ സാധിക്കില്ലെങ്കില്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത്‌ അതിന്റെ വളര്‍ത്തമ്മയെങ്കിലും ആകണമെന്നു ഗ്രെറ്റ ആഗ്രഹിച്ചു. അവള്‍ അക്കാര്യം മാര്‍ട്ടിനോട്‌ പറയുകയും ചെയ്‌തു. 

അപ്പോള്‍ മാര്‍ട്ടിന്‍ പൊട്ടിത്തെറിച്ചു: "എന്റെ കുഞ്ഞിനെ ദൈവം തട്ടിയെടുത്തില്ലേ? ഇനിയുമൊരു കുഞ്ഞിനെ കിട്ടിയാല്‍ അതിന്‌ എന്തു സംഭവിക്കുമെന്ന്‌ ആര്‍ക്കറിയാം?"

പക്ഷേ, ഗ്രെറ്റ വിട്ടുകൊടുത്തില്ല. അവള്‍ പിന്നെയും അനുനയപൂര്‍വം തന്റെ ആഗ്രഹം മാര്‍ട്ടിനോടു പറഞ്ഞു. അപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞു: "ശരി, ഒരു കുട്ടിയെ നിനക്കു ദത്തെടുക്കാം." 

അവള്‍ വേഗം അടുത്തുള്ള ഒരു ഓര്‍ഫനേജിലേക്ക്‌ ഓടി. അവിടെ ചെന്നപ്പോള്‍ ഒട്ടേറെ കുരുന്നുകള്‍ അവിടെയുണ്ടായിരുന്നു. അവരിലൊരു പെണ്‍കുട്ടി ഗ്രെറ്റയെ കണ്ടപ്പോള്‍ മന്ദഹസിച്ചു. അപ്പോള്‍ ഗ്രെറ്റ ചോദിച്ചു: "നിനക്ക്‌ എന്റെ കൂടെ പോരാന്‍ ഇഷ്‌ടമാണോ?"

 അപ്പോള്‍ ആ പെണ്‍കുട്ടി തലയാട്ടിക്കൊണ്ടു പറഞ്ഞു: "തീര്‍ച്ചയായും. പക്ഷേ, ഞാന്‍ തനിയെ പോരില്ല. എന്റെ സഹോദരനെയും കൊണ്ടുപോകണം."

ഗ്രെറ്റ പറഞ്ഞു: "രണ്ടുപേരെയും കൊണ്ടുപോകാന്‍ എനിക്കു പറ്റില്ല. നീ മാത്രം എന്റെകൂടെ വന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു."

പെട്ടെന്ന്‌ ആ കൊച്ചു ബാലിക പറഞ്ഞു: "ഞങ്ങള്‍ക്ക്‌ ഒരു മമ്മിയുണ്ടായിരുന്നു. മമ്മി പറഞ്ഞതു ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കണമെന്നാണ്‌. ദൈവം ഞങ്ങളെ നോക്കിക്കൊള്ളുമെന്നും മമ്മി പറഞ്ഞു."

ആ കൊച്ചുബാലികയുടെ സഹോദരനെക്കൂടി ദത്തെടുക്കണമെന്നു ഗ്രെറ്റയ്‌ക്കു തോന്നി. പക്ഷേ, മാര്‍ട്ടിന്‍ സമ്മതിച്ചില്ല. വേറേ ഏതെങ്കിലും കുട്ടിയെ കണ്ടെത്താന്‍ അയാള്‍ നിര്‍ദേശിച്ചു. 

എങ്കിലും ആ പിഞ്ചോമനകളെ മറക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. കുറേദിവസം കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും വിഷയം അവതരിപ്പിച്ചു. മാര്‍ട്ടിന്റെ മനസ്‌ മാറ്റാന്‍ അവള്‍ കാലുപിടിച്ചപേക്ഷിച്ചു. ഗ്രെറ്റയുടെ സ്‌നേഹത്തിന്റെ തീവ്രത കണ്ടപ്പോള്‍ ആ കൊച്ചുപെണ്‍കുട്ടിയെ ഒന്നു കണ്ടുകളയാം എന്നു മാര്‍ട്ടിന്‍ തീരുമാനിച്ചു. ആ പെണ്‍കുട്ടിയെ മാത്രം ദത്തെടുത്തു കൊണ്ടുപോരാന്‍ സാധിക്കുമെന്നായിരുന്നു അപ്പോഴും അയാളുടെ പ്രതീക്ഷ.
ഗ്രെറ്റയെ വീണ്ടും കണ്ടപ്പോള്‍ പെണ്‍കുട്ടി ഓടിയെത്തി പറഞ്ഞു: "നിങ്ങള്‍ വീണ്ടും വന്നു!"

അപ്പോള്‍ അവളുടെ കൂടെ സഹോദരനുമുണ്ടായിരുന്നു. അവന്‍ അവരോടു പറഞ്ഞു: "എന്റെ മമ്മി മരിക്കുന്നതിനു മുമ്പ്‌ എന്നെക്കൊണ്ട്‌ ഒരു വാഗ്‌ദാനം ചെയ്യിച്ചിരുന്നു. ഇവളെ എന്റെകൂടെനിന്നു മാറ്റാന്‍ അനുവദിക്കരുത്‌ എന്നതായിരുന്നു മമ്മിയുടെ ആഗ്രഹം. അതനുസരിച്ച്‌ ഞാന്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. അതുകൊണ്ട്‌ ഇവളെ വിട്ടുതരാന്‍ സാധിക്കില്ല."

മാര്‍ട്ടിന്‍ ആ കുട്ടികളെ സൂക്ഷിച്ചുനോക്കി. അപ്പോള്‍ അയാള്‍ തന്റെ പുന്നാരമകനായ ജേക്കബിനെ ഓര്‍ത്തു. അയാള്‍ പറഞ്ഞു: "നിങ്ങള്‍ രണ്ടുപേരേയും ഞങ്ങള്‍ കൊണ്ടുപൊയ്‌ക്കൊള്ളാം."

ഗ്രെറ്റ അവരുടെ വസ്‌ത്രങ്ങളും മറ്റും ഒരു കൊച്ചു ബാഗിലാക്കുമ്പോള്‍ മാര്‍ട്ടിന്‍ അവരെക്കുറിച്ചുള്ള ഔദ്യോഗിക രേഖകളെല്ലാം പരിശോധിക്കുകയായിരുന്നു. അവരുടെ പേരുകള്‍ കണ്ടപ്പോള്‍ അയാളുടെ ശ്വാസം ഒരുനിമിഷം നിലച്ചപോലെ. പിന്നെ പെട്ടെന്നു ഹൃദയമിടിപ്പിന്റെ വേഗം വര്‍ധിച്ചു. 


അയാള്‍ ആ പേരുകള്‍ ഇങ്ങനെ വായിച്ചു: ജേക്കബ്‌ വാള്‍, സോണിയ വാള്‍. മാതാവ്‌: അന്ന ബാര്‍ട്ടല്‍ വാള്‍. പിതാവ്‌: മാര്‍ട്ടിന്‍ വാള്‍. ജേക്കബിന്റെ ജനനത്തീയതി തന്റെ പുത്രന്റേതുതന്നെ. സോണിയ പിറന്നത്‌ താന്‍ തടവിലാക്കപ്പെട്ടതിനു തൊട്ടുപിന്നാലെയും!

"എന്തുപറ്റി?" തന്റെ മക്കളുടെ പേരുകള്‍ കണ്ട്‌ അന്തംവിട്ടിരുന്ന മാര്‍ട്ടിനെ കണ്ടപ്പോള്‍ ഗ്രെറ്റ ചോദിച്ചു. അയാള്‍ വിക്കിവിക്കി പറഞ്ഞു: "ഗ്രെറ്റ, ഇവര്‍ രണ്ടുപേരും എന്റെ കുട്ടികളാണ്‌. തീര്‍ച്ചയായും ദൈവം ഉണ്ട്‌. അവിടുന്ന്‌ നല്ലവനുമാണ്‌."

എന്തായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത്‌. മാര്‍ട്ടിന്‍ തടവിലാക്കപ്പെട്ടതിനു പിന്നാലെ സോണിയ പിറന്നിരുന്നു. പക്ഷേ ഈ വിവരം ഒരിക്കലും മാര്‍ട്ടിന്‍ അറിഞ്ഞിരുന്നില്ല. യുദ്ധകാലത്ത്‌ അന്നയും കുട്ടികളും കുറേക്കാലം ജര്‍മനിയില്‍ സുരക്ഷിതരായിരുന്നു. എന്നാല്‍ യുദ്ധത്തില്‍ ജര്‍മനി പരാജയപ്പെട്ടപ്പോള്‍ നിരവധിയാളുകള്‍ അറസ്റ്റുചെയ്യപ്പെട്ട്‌ സൈബീരിയയിലേക്ക്‌ അയയ്‌ക്കപ്പെട്ടു. അവരുടെകൂടെ അന്നയും മക്കളുമുണ്ടായിരുന്നു.

യാത്രയ്‌ക്കിടെ അസുഖം ബാധിച്ച്‌ അന്ന മരിച്ചു. കുട്ടികള്‍ ഓര്‍ഫനേജിലായി. അവരെയാണ്‌ മാര്‍ട്ടിനും ഗ്രെറ്റയും ദത്തെടുക്കാനെത്തിയത്‌! എലിസബത്ത്‌ എന്‍സ്‌ എന്ന അമേരിക്കക്കാരി വിവരിക്കുന്ന ഈ സംഭവം വായിക്കുമ്പോള്‍ ദൈവം നല്ലവന്‍തന്നെ എന്നു നാമും പറഞ്ഞുപോകും. എത്ര അദ്‌ഭുതകരമായ രീതിയിലാണ്‌ മാര്‍ട്ടിന്‍ തന്റെ കുട്ടികളെ കണ്ടെത്തിയത്‌! ദൈവത്തിന്റെ പരിപാലന ഒന്നു മാത്രമാണ്‌ ഈ അത്യപൂര്‍വ സമാഗമത്തിനു വഴിതെളിച്ചത്‌.

നമ്മുടെ ജീവിതത്തില്‍ കയ്‌പുരസത്തിന്റെ അളവ്‌ കൂടുമ്പോള്‍ നാമും അറിയാതെ ദൈവത്തെ തള്ളിപ്പറഞ്ഞെന്നിരിക്കും. ഒരുപക്ഷേ, നമ്മുടെ ദുഃഖത്തിന്റെ തീവ്രതമൂലം എല്ലാ പ്രശ്‌നങ്ങള്‍ക്കും ദൈവത്തെ പഴിചാരിയെന്നിരിക്കും. അതുപോലെ, പ്രാര്‍ഥനപോലും വേണ്ടെന്ന ചിന്ത നമ്മിലുദിച്ചെന്നുവരാം. പക്ഷേ, അപ്പോഴൊക്കെ നാം ഓര്‍മിക്കേണ്ട കാര്യം ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്നതാണ്‌. രോഗവും കഷ്‌ടനഷ്‌ടങ്ങളുമൊക്കെ ഉണ്ടാകുമ്പോഴാണ്‌ സാധാരണയായി ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിനു ക്ഷീണം സംഭവിക്കുക. 

എന്നാല്‍, അങ്ങനെയുള്ള അവസരങ്ങളിലാണ്‌ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം നാം അരക്കിട്ടുറപ്പിക്കേണ്ടത്‌. എന്തു സംഭവിച്ചാലും അതൊക്കെ ദൈവം അറിയാതെ സംഭവിക്കുകയില്ല എന്ന വിശ്വാസം നമുക്ക്‌ വേണം. അതുപോലെ, അവിടുത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌ എല്ലാം നന്മയ്‌ക്കായി സംഭവിക്കുന്നുവെന്നും നാം ഉറച്ചു വിശ്വസിക്കണം.

No comments:

Post a Comment