Tuesday 10 March 2015

നമ്മള്‍ അറിയാത്ത നമ്മള്‍

നമുക്ക്‌ നമ്മെത്തന്നെ അറിയാമോ? നമ്മുടെ വിചാരങ്ങളും പ്രവൃത്തികളും ഏതു തരത്തിലുള്ളവയാണെന്നു നാം ചിന്തിക്കാറുണ്ടോ? സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധം നമുക്കുണ്ടോ? സ്വന്തം പോരായ്‌മകളെക്കുറിച്ചു നമുക്ക്‌ അറിവും ബോധ്യവുമുണ്ടോ?

നാം പല രീതിയിലും കേമത്തമുള്ളവരാണെന്നായിരിക്കില്ലേ നമ്മുടെ ചിന്ത? നമ്മെക്കാള്‍ സത്യസന്ധതയും മാന്യതയുമുള്ളവര്‍ ലോകത്തില്‍ മറ്റാരുമില്ലെന്നായിരിക്കുമല്ലേ നാം ചിലപ്പോഴെങ്കിലും ചിന്തിക്കുകയും പറയുകയും ചെയ്യാറുള്ളത്‌?

നമ്മുടെ സ്വഭാവ മാഹാത്മ്യം ശരിക്കും മനസിലാക്കുവാന്‍ സഹായിക്കുന്ന രീതിയില്‍ ഗ്രന്ഥകാരനായ ഹെര്‍ബര്‍ട്ട്‌ പ്രോച്‌നേവ്‌ ഒരു ചോദ്യാവലി തയാറാക്കിയിട്ടുണ്ട്‌. അതിലെ ചില പ്രസക്ത ചോദ്യങ്ങളും അവയ്‌ക്ക്‌ സമാനമായ മറ്റുചില ചോദ്യങ്ങളും താഴെക്കൊടുക്കുന്നു.

വഴിയില്‍ക്കിടന്ന്‌ ഒരു പഴ്‌സ്‌ കിട്ടുന്നു. അതില്‍ ഉടമസ്ഥന്റെ പേരും വിലാസവും അഞ്ഞൂറിന്റെയും നൂറിന്റെയും കുറെ നോട്ടുകളും ഉണ്ട്‌. നിങ്ങള്‍ ഉടമസ്ഥനെ കണ്ടുപിടിച്ച്‌ പഴ്‌സും പണവും കൊടുക്കുമോ? 




അവിഹിതമാര്‍ഗത്തിലൂടെ പണം സമ്പാദിക്കുവാന്‍ നിങ്ങള്‍ക്ക്‌ ഒരു സുവര്‍ണാവസരം ലഭിക്കുന്നു. സംഗതി ആരും അറിയുകയില്ല എന്ന്‌ നൂറുശതമാനം ഉറപ്പുമുണ്ട്‌. നിങ്ങള്‍ എന്തു ചെയ്യും?

ആരും ഒരിക്കലും കണ്ടുപിടിക്കുകയില്ലെന്നു കരുതുക. നിങ്ങള്‍ മോഷ്‌ടിക്കുമോ? ബിസിനസിലെ നിങ്ങളുടെ പങ്കാളി മരിക്കുന്നു. അയാള്‍ക്ക്‌ അര്‍ഹതയുള്ള വിഹിതം ചോദിക്കാതെ തന്നെ അയാളുടെ ബന്ധുക്കള്‍ക്കു കൊടുക്കുമോ?

ബസില്‍ യാത്രചെയ്യുമ്പോള്‍ കണ്ടക്‌ടര്‍ നിങ്ങള്‍ക്കു ടിക്കറ്റ്‌ തരുന്നു. എന്നാല്‍ പണം വാങ്ങുന്ന കാര്യം മറന്നുപോകുന്നു. നിങ്ങള്‍ സ്വയം പണം നല്‍കുമോ? 



നിങ്ങള്‍ ഒരു കമ്പനിയിലെ ജീവനക്കാരനാണ്‌. എന്നാല്‍ നിങ്ങളാണ്‌ കമ്പനിയുടെ ഉടമ എന്നു കരുതുക. നിങ്ങള്‍ ഒരു ജീവനക്കാരന്‍ എന്ന പേരില്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച്‌ അപ്പോള്‍ നിങ്ങള്‍ക്കു സംതൃപ്‌തിയുണ്ടാകുമോ?

നിങ്ങള്‍ ഒരു തൊഴില്‍ദാതാവാണെന്നു കരുതുക. ആത്മാര്‍ഥതയും സത്യസന്ധതയും കഴിവും അര്‍പ്പണബോധവുമുള്ള ഒരു ജീവനക്കാരനെ നിങ്ങള്‍ക്കു വേണം. നിങ്ങള്‍ നിങ്ങളെത്തന്നെ ആ ജോലിക്കെടുക്കുമോ? നിങ്ങള്‍ ഒരു തൊഴിലുടമയാണെങ്കില്‍ നിങ്ങള്‍ കൊടുക്കുന്ന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പകരമായി ആത്മാര്‍ഥമായി ജോലി ചെയ്യുവാന്‍ നിങ്ങള്‍ തയാറാകുമോ?

നിങ്ങള്‍ ഒരു മാതാവോ പിതാവോ ആണെങ്കില്‍ നിങ്ങളെപ്പോലുള്ള ഒരാളുടെ മകനോ മകളോ ആയിരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? നിങ്ങള്‍ ഒരു ഭര്‍ത്താവോ ഭാര്യയോ ആണെങ്കില്‍ നിങ്ങളെപ്പോലെ സ്വഭാവ പ്രത്യേകതയുള്ള ഒരു വ്യക്തിയുടെ ജീവിതപങ്കാളിയാകുവാന്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുമോ?

നിങ്ങള്‍ ഒരു സഹോദരനോ സഹോദരിയോ ആണെങ്കില്‍ നിങ്ങളെപ്പോലുള്ളവരുടെ ഒരു സഹോദരനോ സഹോദരിയോ ആകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? നിങ്ങള്‍ ഒരു മകനോ മകളോ ആണെങ്കില്‍ നിങ്ങളെപ്പോലുള്ള ആളുകളുടെ മാതാവോ പിതാവോ ആകുവാന്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുമോ?

നിങ്ങള്‍ ഒരു സമൂഹത്തിലെയോ ക്ലബിലെയോ അംഗമാണെന്നു കരുതുക. അപ്പോള്‍ നിങ്ങളെപ്പോലെയുള്ള മറ്റാളുകളുടെ സമൂഹത്തിലോ ക്ലബിലോ പ്രവര്‍ത്തിക്കുവാന്‍ നിങ്ങള്‍ക്കു സന്തോഷമുണ്ടാകുമോ? നിങ്ങളെപ്പോലെ ഒരാളുടെകൂടെ ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുകയാണെന്നു കരുതുക. അതെക്കുറിച്ചു നിങ്ങള്‍ക്ക്‌ ആവേശവും ഉത്സാഹവും തോന്നുമോ? അതൊരു വലിയ ഭാഗ്യമാണെന്നു നിങ്ങള്‍ കരുതുമോ?

നിങ്ങളുടെ വികാരവിചാരങ്ങള്‍ മുഴുവന്‍ മറ്റൊരാള്‍ അറിയുന്നുണ്ട്‌ എന്നു കരുതുക. അങ്ങനെയെങ്കില്‍ ഇപ്പോഴുള്ള നിങ്ങളുടെ വികാരവിചാരങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക്‌ അഭിമാനം തോന്നുമോ? നിങ്ങളുടെ ജീവിതത്തില്‍ യാതൊരു അല്ലലും അലച്ചിലും ഇല്ലെന്നു കരുതുക. അങ്ങനെയുള്ളൊരു സാഹചര്യത്തില്‍ നിങ്ങള്‍ ദൈവത്തെ ഓര്‍മിക്കുകയും അവിടത്തോട്‌ എന്നും പ്രാര്‍ഥിക്കുകയും ചെയ്യുമോ?

നിങ്ങള്‍ക്ക്‌ ഒരുകാര്യത്തിലും ആരുടെയും സഹായം ആവശ്യമില്ലെന്നു കരുതുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ മറ്റാരെയെങ്കിലും അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുമോ? നിങ്ങള്‍ സമ്പന്നനാണ്‌. നിങ്ങളുടെ അയല്‍വാസിയും സമ്പന്നനാണ്‌. എന്നാല്‍ നിങ്ങളുടെ അയല്‍വാസിക്കു കൂടുതല്‍ സമ്പത്തു ലഭിക്കാനിടയായാല്‍ നിങ്ങള്‍ക്കു ദുഃഖമുണ്ടാകുമോ?
നിങ്ങള്‍ക്കു യാതൊരു നഷ്‌ടവും കൂടാതെ മറ്റൊരാളുടെ ജീവിതം സന്തോഷപ്രദമാക്കുവാന്‍ ഒരു അവസരം ലഭിക്കുന്നു. ആ അവസരം ഉപയോഗിക്കുവാന്‍ നിങ്ങള്‍ തയാറാകുമോ?

നിങ്ങളുടെ വേണ്ടപ്പെട്ട ഒരാള്‍ക്കു നിങ്ങളുടെ സഹായം ആവശ്യമുണ്ട്‌. പക്ഷേ, സഹായം ചോദിക്കുവാന്‍ അയാള്‍ക്കു വൈമനസ്യമുണ്ട്‌. അയാള്‍ സഹായം ചോദിക്കാതെതന്നെ നിങ്ങള്‍ അയാളെ സഹായിക്കുമോ? അതുപോലെ, അയാള്‍ക്കു നിങ്ങളുടെ സഹായം ആവശ്യമുണ്ടെന്ന കാര്യം നിങ്ങള്‍ക്ക്‌ അറിയില്ലെന്നു നിങ്ങള്‍ നടിക്കുമോ?

ഈ ചോദ്യാവലി ഇവിടെ നിറുത്തുകയാണ്‌. ഒരു പക്ഷേ, ഈ ചോദ്യാവലി വായിച്ചപ്പോള്‍ സമ്മിശ്രവികാരങ്ങളായിരിക്കാം നിങ്ങളിലുണ്ടായത്‌. എങ്കിലും ഈ ചോദ്യാവലിയുടെ സഹായത്തോടെ നിങ്ങള്‍ നിങ്ങളെക്കുറിച്ചു കൂടുതല്‍ മനസിലാക്കിയിട്ടുണ്ടാകും എന്നതില്‍ സംശയമില്ല. നമ്മില്‍ പലര്‍ക്കും ഒരുപക്ഷേ നമ്മെക്കുറിച്ച്‌ അധികം അറിയണമെന്ന്‌ ആഗ്രഹം കാണില്ല. സ്വന്തം കുറ്റങ്ങളും കുറവുകളുമൊക്കെ എന്തിന്‌ ഓര്‍മിക്കുകയും അവയെക്കുറിച്ചു വിഷമിക്കുകയും ചെയ്യണമെന്നായിരിക്കും നാം കരുതുന്നത്‌.

എന്നാല്‍, നാം സ്വയം മനസിലാക്കിയാല്‍ അതുവഴി നമ്മുടെ ജീവിതത്തിന്റെ മികവ്‌ ഏറെ വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നതാണ്‌ വസ്‌തുത. സ്വയം പരിശോധനയ്‌ക്കു വിധേയമാക്കാത്ത ജീവിതം ജീവിതമേ അല്ലെന്നു ഗ്രീക്ക്‌ ചിന്തകനായ സോക്രട്ടീസ്‌ പറഞ്ഞതു വെറുതെയല്ല. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സ്വഭാവപ്രത്യേകതകളെക്കുറിച്ചും നാം ശരിയായി അറിയുമ്പോള്‍ മാത്രമേ നമ്മിലുള്ള പോരായ്‌മകള്‍ തിരുത്തി മെച്ചപ്പെട്ട ജീവിതം നയിക്കുവാന്‍ നമുക്കു സാധിക്കൂ. അതുകൊണ്ട്‌ സ്വയം മനസിലാക്കി ആ അറിവിന്റെ വെളിച്ചത്തില്‍ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ടതും മികവുറ്റതുമാക്കാന്‍ നമുക്കു ശ്രമിക്കാം.

No comments:

Post a Comment