Friday 22 May 2015

പരസഹായത്തിനു പാരിതോഷികം

പില്‍ക്കാലത്ത്‌ അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഹെര്‍ബര്‍ട്ട്‌ ഹൂവര്‍ (1874 -1964) സ്റ്റാന്‍ഫെര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം. അക്കാലത്ത്‌ അന്താരാഷ്‌ട്ര പ്രസിദ്ധിയാര്‍ജിച്ച ഏറ്റവും വലിയ പിയാനിസ്റ്റും സംഗീതജ്ഞനും പോളണ്ടുകാരനായ ഇഗ്‌നാസ്‌ പാദരെവ്‌സ്‌കി (1860 - 1941) ആയിരുന്നു.

പാദരെവ്‌സ്‌കിയെ സ്റ്റാന്‍ഫെര്‍ഡില്‍ ഒരു സംഗീതപരിപാടിക്കു കൊണ്ടുവരണമെന്നു ഹൂവറിനു വലിയ മോഹം. അദ്ദേഹം തന്റെ ആഗ്രഹം മേലധികാരികളെ അറിയിച്ചു. പാദരെവ്‌സ്‌കിക്കുള്ള പ്രതിഫലത്തുക സ്വയം സമാഹരിച്ചു കൊടുത്തുകൊള്ളണം എന്ന നിബന്ധനയില്‍ യൂണിവേഴ്‌സിറ്റി അധികാരികള്‍ ഹൂവറിന്റെ നിര്‍ദേശത്തിനു പച്ചക്കൊടി കാട്ടി.



അധികാരികളുടെ അനുമതി കിട്ടിയ ഹൂവര്‍ വേഗം പാദരെവ്‌സ്‌കിയുമായി ബന്ധപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സംഗീതപരിപാടികള്‍ക്കായി അമേരിക്കയിലെത്തിയിരുന്ന പാദരെവ്‌സ്‌കി ഹൂവറിന്റെ ക്ഷണം സ്വീകരിച്ചു സ്റ്റാന്‍ഫര്‍ഡിലെത്തി. 

പക്ഷേ, പബ്ലിസിറ്റിയുടെ കുറവുമൂലമോ മറ്റോ വളരെ കുറച്ചാളുകള്‍ മാത്രമേ ടിക്കറ്റ്‌ വച്ചുള്ള ആ പരിപാടിയില്‍ പങ്കെടുത്തുള്ളൂ. തന്മൂലം കളക്‌ഷന്‍ വളരെ കുറവായിരുന്നു. പാദരെവ്‌സ്‌കിയുമായി സമ്മതിച്ചിരുന്ന പ്രതിഫലത്തുകയുടെ ചെറിയൊരു ശതമാനം മാത്രമേ ടിക്കറ്റ്‌ വിറ്റതില്‍നിന്നു ലഭിച്ചുള്ളൂ. ഹൂവറിന്റെ കൈവശമാണെങ്കില്‍ വേറെ പണവും ഉണ്ടായിരുന്നില്ല.

ഹൂവര്‍ വിവരം പാദരെവ്‌സ്‌കിയോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഹൂവറിന്റെ തോളത്തു തട്ടിക്കൊണ്ട്‌ പറഞ്ഞു: പ്രതിഫലത്തുകയെക്കുറിച്ച്‌ വിഷമിക്കേണ്ട. എനിക്ക്‌ ഇന്നിവിടെ വന്നതിന്റെ യാത്രച്ചെലവ്‌ മാത്രം തന്നാല്‍ മതിയാകും.

പാദരെവ്‌സ്‌കിയുടെ വിശാലമനസ്‌കതയ്‌ക്കും സഹകരണത്തിനും ഹൂവര്‍ അന്ന്‌ നിരവധിതവണ നന്ദിപറഞ്ഞു. ഈ സംഭവത്തിനു ശേഷം കുറേവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിനു ശേഷം പാദരെവ്‌സ്‌കി പോളണ്ടിലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. യുദ്ധത്തില്‍ തകര്‍ന്ന പോളണ്ട്‌ സാമ്പത്തികമായി വളരെ കഷ്‌ടപ്പെടുന്ന അവസരമായിരുന്നു അത്‌. ഈയവസരത്തില്‍ അമേരിക്കയുടെ യുദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നതു സ്റ്റാന്‍ഫെര്‍ഡിലെ പഴയ വിദ്യാര്‍ഥിയായിരുന്ന ഹൂവറായിരുന്നു. അദ്ദേഹം പോളണ്ടില്‍ ഓടിയെത്തി പാദരെവ്‌സ്‌കിയോടു പറഞ്ഞു: "പണ്ട്‌ അങ്ങ്‌ എന്നോട്‌ ഒരു കാരുണ്യം കാണിച്ചു. ഇന്ന്‌ അങ്ങയെ സഹായിക്കാന്‍ ഞാന്‍ വന്നിരിക്കുകയാണ്‌. അങ്ങയുടെ ജനങ്ങള്‍ക്ക്‌ എന്തുമാത്രം ഭക്ഷണസാധനങ്ങള്‍ വേണമോ അവ ഞാനിവിടെ എത്തിക്കാം."

ഹൂവര്‍ ഏതെങ്കിലും രീതിയില്‍ ഭാവിയില്‍ തന്നെ സഹായിക്കുമെന്നു പ്രതീക്ഷിച്ചായിരുന്നില്ല പണ്ട്‌ പാദരെവ്‌സ്‌കി ഹൂവറിനോട്‌ കാരുണ്യം കാണിച്ചത്‌. ഹൂവര്‍ താന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ പാദരെവ്‌സ്‌കി മനസറിഞ്ഞു ഹൂവറിനോട്‌ കാരുണ്യം കാണിക്കുകയാണു ചെയ്‌തത്‌.

പക്ഷേ, അതിനു പിന്നീടുണ്ടായ ഫലം എത്രയധികമാണെന്നു നോക്കൂ. നാം ആര്‍ക്കെങ്കിലും ഒരു നന്മ ചെയ്‌താല്‍ അതിനു പരലോകത്തില്‍ മാത്രമല്ല ഇഹലോകത്തിലും നമുക്ക്‌ പ്രതിസമ്മാനം ലഭിക്കും എന്നതില്‍ സംശയം വേണ്ട. ഒരുപക്ഷേ നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ അപ്പോള്‍ത്തന്നെ പ്രതിസമ്മാനം ലഭിച്ചുവെന്നുവരില്ല. എന്നാല്‍, സ്‌നേഹത്താല്‍ പ്രേരിതമായി നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ എന്നെങ്കിലും പ്രതിസമ്മാനം ലഭിക്കും എന്നതു തീര്‍ച്ചയാണ്‌.

അമേരിക്കന്‍ പശ്ചാത്തലത്തില്‍നിന്നുതന്നെ വേറൊരു സംഭവം കുറിക്കട്ടെ. ഹോളിവുഡ്‌ഡിലെ പ്രസിദ്ധനായ ഒരു സിനിമാ നിര്‍മാതാവായിരുന്നു ബ്രയന്‍ ഫോയി. 1928-ലെ ഒരു പ്രഭാതത്തില്‍ അദ്ദേഹം വാര്‍ണര്‍ സ്റ്റുഡിയോയിലെ തന്റെ ഓഫീസിലിരിക്കുമ്പോള്‍ ഫാ. ഹ്യു ഒഡോണല്‍ അവിടേക്ക്‌ കയറിച്ചെന്നു. നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌ വെല്‍ഫെയര്‍ ഡയറക്‌ടറായിരുന്നു അദ്ദേഹം.

ഫോയി, ഫാ. ഒഡോണലിനെ സ്വീകരിച്ചിരുത്തി. എന്നിട്ടു കാര്യം തിരക്കി. നോട്ടര്‍ഡേമിലെ ഒരു സംഗീതട്രൂപ്പുമായി കാലിഫോര്‍ണിയയില്‍ പര്യടനത്തിനിറങ്ങിയതായിരുന്നു അദ്ദേഹം. പക്ഷേ, പരിപാടികള്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ഇന്‍ഡ്യാനയിലെ സൗത്ത്‌ ബെന്‍ഡിലുള്ള യൂണിവേഴ്‌സിറ്റിയിലേക്ക്‌ മടങ്ങിപ്പോകാനാണെങ്കില്‍ അവരുടെ കൈയില്‍ പണവുമില്ല. വാര്‍ണര്‍ ബ്രദേഴ്‌സ്‌ പുറത്തിറക്കുന്ന ഏതെങ്കിലും ഒരു സിനിമയില്‍ പാടാനും അങ്ങനെ യാത്രച്ചെലവിനുള്ള പണം സമ്പാദിക്കാനും സാധിക്കുമോ എന്നാണ്‌ ഫാ. ഒഡോണലിന്‌ അറിയേണ്ടിയിരുന്നത്‌. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടില്‍ അനുകമ്പ തോന്നി ഫോയി സിനിമയില്‍ പാടാന്‍ ചാന്‍സ്‌ നല്‍കി. പ്രതിഫലമായി 1500 ഡോളറും നല്‍കി. അക്കാലത്ത്‌ വലിയൊരു തുകയായിരുന്നു അത്‌.



മൂന്നുവര്‍ഷത്തിനു ശേഷം 1931 -ല്‍ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോള്‍ കോച്ചായിരുന്ന ക്‌നൂട്ട്‌ റോക്‌നി ഒരു വിമാനാപകടത്തില്‍ മരിച്ചു. അക്കാലത്ത്‌ അമേരിക്കന്‍ ഫുട്‌ബോളിന്റെ ശക്തികേന്ദ്രം നോട്ടര്‍ഡേം ആയിരുന്നു. കോച്ച്‌ റോക്‌നിയാകട്ടെ ഫുട്‌ബോള്‍ പ്രേമികളുടെ കാണപ്പെട്ട ദൈവവും.

ഫുട്‌ബോളില്‍ ഒട്ടേറെ ഐതിഹാസിക വിജയങ്ങള്‍ നേടിയെടുത്തിട്ടുള്ള റോക്‌നിയെക്കുറിച്ച്‌ സിനിമ പുറത്തിറക്കാന്‍ ഹോളിവുഡ്‌ഡിലെ എല്ലാ പ്രധാന സ്റ്റുഡിയോകളും ആഗ്രഹിച്ചു. അന്ന്‌ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സ്റ്റുഡിയോ മേധാവിയായിരുന്ന ഫോയി നോട്ടര്‍ഡേമിലുള്ള ഫാ. ഒഡോണലിനെ ഫോണില്‍ വിളിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം ഉദ്ദേശ്യം അറിയിച്ചു. റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നു ഫോയി അറിയിച്ചപ്പോള്‍ ഫാ. ഒഡോണല്‍ പറഞ്ഞു: "എന്റെ വിദ്യാര്‍ഥികളെ സഹായിച്ച നിങ്ങളെ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി മറക്കില്ല."

റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ വാര്‍ണര്‍ ബ്രദേഴ്‌സിനെ യൂണിവേഴ്‌സിറ്റി അനുവദിച്ചു. എന്നുമാത്രമല്ല, സിനിമ ഷൂട്ട്‌ ചെയ്യുന്നതിന്‌ യൂണിവേഴ്‌സിറ്റി കാമ്പസ്‌ സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്‌തു. ഈ സിനിമവഴി വാര്‍ണര്‍ ബ്രദേഴ്‌സ്‌ കോടിക്കണക്കിനു ഡോളര്‍ ലാഭമുണ്ടാക്കിയിട്ടും നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി അവരോടു പണം വാങ്ങിയില്ല. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോടു ഫോയി കാണിച്ച സന്മനസിനുള്ള പ്രതിസമ്മാനമായിരുന്നു യൂണിവേഴ്‌സിറ്റിയുടെ ഈ മഹാമനസ്‌കത.

അതേ, ആര്‍ക്കെങ്കിലും ഉപകാരം ചെയ്‌താല്‍ അതിനു ഫലമുണ്ടാകും. ഒപ്പം എന്നെങ്കിലും നമുക്ക്‌ പ്രതിസമ്മാനവും. എന്നാല്‍ പ്രതിസമ്മാനം ആഗ്രഹിച്ചായിരിക്കരുത്‌ നാം മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യാന്‍ ദൈവം നമുക്ക്‌ കഴിവും അവസരവും നല്‍കിയിരിക്കുന്നതുകൊണ്ട്‌ അതിനു നന്ദിസൂചകമായിട്ടായിരിക്കണം നാം ഇങ്ങനെ ചെയ്യുന്നത്‌.

Tuesday 19 May 2015

നിറഞ്ഞ മനസോടെ നീളട്ടെ കൈകള്‍

ഒരു റെസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണു കുറേ കുട്ടികള്‍ വലിയ കമ്പിവളയങ്ങള്‍ ഉരുട്ടിക്കൊണ്ട്‌ വഴിയിലൂടെ ഓടുന്നതു കണ്ടത്‌. ആ കാഴ്‌ച കൗതുകപൂര്‍വം അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവരുടെ വളരെ പിന്നിലായി മുടന്തനായ ഒരു പയ്യനും ഒരു കമ്പിവളയം ഉരുട്ടിക്കൊണ്ട്‌ മുന്നോട്ടു പോകുന്നത്‌ അദ്ദേഹം കണ്ടു.

ആ പയ്യനെ കണ്ടയുടനേ അദ്ദേഹം റെസ്റ്ററന്റിനു പുറത്തിറങ്ങി അവനെ സമീപിച്ചു ചോദിച്ചു: "പാദം മടങ്ങിയിരിക്കുന്നതുകൊണ്ട്‌ നടക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടോ?'' 

അവന്‍ പറഞ്ഞു: ഓടാന്‍ വലിയ ബുദ്ധിമുട്ടാണ്‌. പിന്നെ, ഈ കാലിനുവേണ്ടി പ്രത്യേകം ചെരിപ്പുണ്ടാക്കണം.'' ഒരുനിമിഷത്തെ നിശബ്‌ദതയ്‌ക്കു ശേഷം അവന്‍ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു:എന്തുകൊണ്ടാണ്‌ അങ്ങ്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചത്‌?'' ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു:ഒരുപക്ഷേ, നിന്റെ പാദം നേരേയാക്കിത്തരാന്‍ എനിക്കു സാധിച്ചേക്കും. എന്താ, നിനക്കതിന്‌ ആഗ്രഹമുണ്ടോ?'' 


"തീര്‍ച്ചയായും.'' അവന്‍ മറുപടി പറഞ്ഞു. അദ്ദേഹം അവന്റെ പേരും വിലാസവും കുറിച്ചെടുത്തശേഷം അവനെ യാത്രയാക്കി. ജിമ്മി എന്നായിരുന്നു അവന്റെ പേര്‌. അവന്റെ മാതാപിതാക്കളെ കണ്ട്‌ അവന്റെ കാലില്‍ ഓപ്പറേഷന്‍ നടത്തുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ അദ്ദേഹം തന്റെ ഡ്രൈവറെ ചുമതലപ്പെടുത്തി.

 ഡ്രൈവര്‍ ജിമ്മിയുടെ വീട്ടിലെത്തി അവന്റെ മാതാപിതാക്കളോട്‌ പറഞ്ഞു: "ഞാന്‍ വലിയൊരു പണക്കാരനെ പ്രതിനിധീകരിച്ചാണ്‌ വന്നിരിക്കുന്നത്‌. നിങ്ങളുടെ മകന്റെ മുടന്തുകാല്‍ ഒരു ഓപ്പറേഷനിലൂടെ നേരേയാക്കാന്‍ അദ്ദേഹം തയാറാണ്‌. മറ്റു കുട്ടികളെപ്പോലെ ജിമ്മിയും ഓടിനടന്നു കളിക്കണം എന്നാണ്‌ അദ്ദേഹത്തിന്റെ ആഗ്രഹം.''

ജിമ്മിയുടെ മാതാപിതാക്കള്‍ പരസ്‌പരം നോക്കി. അല്‍പനേരത്തെ മൗനത്തിനു ശേഷം ജിമ്മിയുടെ മാതാവ്‌ ചോദിച്ചു: "ഈ ലോകത്തില്‍ ആരും ഒന്നും വെറുതേ ദാനം ചെയ്യാറില്ലല്ലോ. എന്താണ്‌ നിങ്ങളുടെ ലക്ഷ്യം?'' ഡ്രൈവര്‍ തന്റെ യജമാനന്‍ ആരെന്നു വെളിപ്പെടുത്താതെ കാര്യങ്ങള്‍ വിശദീകരിച്ചു. പണമുള്ളതുകൊണ്ടും സന്മനസുള്ളതുകൊണ്ടും മാത്രമാണ്‌ തന്റെ യജമാനന്‍ അങ്ങനെയൊരു സല്‍കൃത്യം ചെയ്യാന്‍ തയാറാകുന്നതെന്നും അയാള്‍ വിശദീകരിച്ചു. അവരുടെ ഒപ്പിട്ട സമ്മതപത്രം കിട്ടിയതിനു ശേഷം ജിമ്മിയുടെ ഓപ്പറേഷന്റെ സകല ചെലവുകളും യജമാനന്‍ വഹിക്കുന്നതാണെന്നും അയാള്‍ അവര്‍ക്ക്‌ ഉറപ്പു നല്‍കി.

ഇതിനുശേഷം അവരുടെ നഗരത്തിലെ മേയര്‍വഴിയും ഈ വാഗ്‌ദാനം അവരെ അറിയിച്ചു. അവരുടെ അത്യാവശ്യ ചെലവുകള്‍ക്കായി കുറേ പണവും അദ്ദേഹം അവര്‍ക്ക്‌ എത്തിച്ചുകൊടുത്തു. അധികം താമസിയാതെ ജിമ്മിയുടെ പിതാവിന്റെ ഒപ്പിട്ട സമ്മതപത്രം അദ്ദേഹത്തിനു ലഭിച്ചു.
ജിമ്മിയുടെ പാദം നേരേയാക്കാന്‍ അഞ്ച്‌ ഓപ്പറേഷനുകളാണ്‌ വേണ്ടിയിരുന്നത്‌. ജിമ്മിയുടെ വീട്ടില്‍നിന്ന്‌ വളരെ അകലെയുള്ള ഒരു ആശുപത്രിയിലായിരുന്നു ഈ ശസ്‌ത്രക്രിയകളെല്ലാം നടന്നത്‌.


ഓപ്പറേഷനുകളെല്ലാം വിജയമായിരുന്നു. അവസാനത്തെ ഓപ്പറേഷന്‍ കഴിഞ്ഞു പാദം നേരേയായപ്പോള്‍ ജിമ്മിയെ വീട്ടിലെത്തിച്ചതു ധനാഢ്യന്റെ ഡ്രൈവറായിരുന്നു. അന്ന്‌ അവനെ സ്വീകരിക്കാന്‍ വീട്ടുകാരും നാട്ടുകാരുമെല്ലാം കാത്തുനില്‍ക്കുമ്പോള്‍ ജിമ്മി കാറില്‍നിന്നിറങ്ങി മുടന്തുകൂടാതെ അവരുടെ മുമ്പിലേക്കു നടന്നുനീങ്ങി. അദ്‌ഭുതകരമായ കാഴ്‌ചയായിരുന്നു അത്‌. അവര്‍ ദൈവത്തിനും തങ്ങളുടെ അജ്ഞാത സുഹൃത്തിനും നന്ദിപറഞ്ഞുകൊണ്ട്‌ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. നടന്ന സംഭവമെല്ലാം പിന്നീട്‌ ഡ്രൈവര്‍ തന്റെ യജമാനനോട്‌ വിവരിച്ചപ്പോള്‍ അദ്ദേഹം സന്തോഷാശ്രുക്കള്‍ തുടച്ചുകൊണ്ട്‌ പറഞ്ഞു: "അടുത്ത ക്രിസ്‌മസിന്‌ ജിമ്മിക്കും കുടുംബാംഗങ്ങള്‍ക്കും ഓരോ ജോഡി ഷൂസ്‌ വാങ്ങിച്ചുകൊടുക്കണം.''

അദ്ദേഹം അന്നു പറഞ്ഞതുപോലെ അടുത്ത ക്രിസ്‌മസിന്‌ ജിമ്മിക്കും കുടുംബാംഗങ്ങള്‍ക്കും ഓരോ ജോഡി ഷൂസ്‌ ലഭിച്ചു. പക്ഷേ, ജിമ്മിയുടെ ഓപ്പറേഷന്‍ നടത്താനും അതിനുപിന്നാലെ ഷൂസ്‌ വാങ്ങിക്കൊടുക്കാനും ആരാണു പണം ചെലവാക്കിയതെന്ന്‌ ജിമ്മിയും കുടുംബാംഗങ്ങളും ഒരിക്കലും അറിഞ്ഞില്ലത്രേ. ഈ കഥ എഴുതിയിരിക്കുന്നത്‌ അന്നത്തെ ഡ്രൈവറുടെ കൊച്ചുമകനും മതപ്രസംഗകനുമായ വുഡ്‌ഡി മക്കേ ജൂണിയര്‍ ആയതുകൊണ്ട്‌ ഇതു വാസ്‌തവമാണെന്നു നമുക്ക്‌ വിശ്വസിക്കാം.


ഇനി, ഇത്രയും മഹാമനസ്‌കത കാട്ടിയ ധനാഢ്യനാരെന്നറിയേണ്ടേ? അദ്ദേഹമാണ്‌ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയുടെ സ്ഥാപകനും പരോപകാര തത്‌പരനുമായിരുന്ന ഹെന്‍റി ഫോര്‍ഡ്‌ (1863-1947).



അമേരിക്കക്കാരനായ ഫോര്‍ഡിന്റെ ഈ കഥ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഔദാര്യത്തെ നാം പുകഴ്‌ത്തിയേക്കും. അതുപോലെ സാധിക്കുന്നവരെല്ലാം അദ്ദേഹത്തെ അനുകരിക്കണമെന്നും നാം പറഞ്ഞേക്കും. ഫോര്‍ഡിനെപ്പോലെ മറ്റുള്ളവര്‍ക്കു സഹായഹസ്‌തം നീട്ടാന്‍ നമുക്ക്‌ പണമില്ലല്ലോ എന്നു വിലപിക്കുകയും ചെയ്‌തേക്കാം.

എന്നാല്‍ സത്യമെന്താണ്‌? മനസുണ്ടെങ്കില്‍ ഫോര്‍ഡ്‌ ചെയ്‌തതും അതിലപ്പുറവും ചെയ്യാന്‍ നമ്മില്‍ പലര്‍ക്കും സാധിക്കുമെന്നതല്ലേ വസ്‌തുത? പണമില്ലാത്തതുകൊണ്ടാണോ യഥാര്‍ഥത്തില്‍ മറ്റുള്ളവരെ സഹായിക്കാത്തത്‌? പണത്തേക്കാളേറെ മറ്റുള്ളവരെ സഹായിക്കാനുള്ള സന്മനസല്ലേ നമുക്കില്ലാതെ പോയിരിക്കുന്നത്‌?

നമ്മുടെ ചുറ്റുമുള്ള പലര്‍ക്കും അത്രവലിയ സാമ്പത്തികസഹായമൊന്നും പലപ്പോഴും വേണ്ടിവരാറില്ല. പെണ്‍കുട്ടികളെ കെട്ടിച്ചയയ്‌ക്കുന്നതിനുള്ള തുകയോ ഒരു പുര തല്ലിക്കൂട്ടുന്നതിനുള്ള പണമോ വിദ്യാഭ്യാസത്തിനുള്ള സഹായമോ ഒക്കെയാണ്‌ പലര്‍ക്കും ആവശ്യമായി വരുന്നത്‌. ഇങ്ങനെയുള്ള കാര്യങ്ങളില്‍ സഹായിക്കാന്‍ കഴിവുള്ള എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്‌. എങ്കിലും, അയല്‍പക്കത്തെ ഒരു പയ്യന്‍ കീറിപ്പറിഞ്ഞ ഷര്‍ട്ടുമിട്ട്‌ സ്‌കൂളിലേക്കു പോകുന്നതു കണ്ടാല്‍ അവന്‌ നല്ലൊരു ഷര്‍ട്ട്‌ വാങ്ങിക്കൊടുക്കാന്‍ നമ്മിലെത്രപേര്‍ തയാറാകും? കോണ്‍ക്രീറ്റ്‌ കൊട്ടാരത്തില്‍ നാം വസിക്കുമ്പോള്‍ അയല്‍വീടിനു ചോര്‍ച്ചയുള്ളതായി കണ്ടാല്‍ അതിനു നാം എന്തെങ്കിലും പരിഹാരം തേടുമോ? അയല്‍ക്കാരന്‍ കുഴിമടിയനെന്നോ, അല്ലെങ്കില്‍ അയാള്‍ എല്ലാം തിന്നു തുലച്ചുവെന്നോ കുറ്റപ്പെടുത്തി മുഖം തിരിക്കാനല്ലേ നാം അപ്പോള്‍ തുനിയുക?

ഫോര്‍ഡിന്റെ കഥയിലേക്ക്‌ ഇനി തിരികെവരട്ടെ. ഫോര്‍ഡ്‌ ജനിച്ചത്‌ ഒരു കര്‍ഷകകുടുംബത്തിലാണ്‌. പന്ത്രണ്ടാം വയസില്‍ അദ്ദേഹത്തിന്‌ അമ്മയെ നഷ്‌ടപ്പെട്ടു. പതിനാറാം വയസില്‍ അദ്ദേഹം ആഴ്‌ചയില്‍ രണ്ടര ഡോളര്‍ ശമ്പളത്തിനു ജോലി തുടങ്ങി. മുപ്പത്തിമൂന്നാം വയസില്‍ സ്വന്തമായി കാര്‍ നിര്‍മിച്ചു. അധികം താമസിയാതെ അദ്ദേഹം കോടീശ്വരനായി മാറുകയും ചെയ്‌തു. 84-ാം വയസില്‍ അന്തരിക്കുന്നതിന്‌ ഒരുവര്‍ഷം മുമ്പു വരെ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഇക്കാലയളവില്‍ താന്‍ സമ്പാദിച്ച പണത്തിന്റെ സിംഹഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവയ്‌ക്കുകയായിരുന്നു.
നാമാരും ഫോര്‍ഡിനെപ്പോലെ കോടീശ്വരന്മാരായിത്തീരാനിടയില്ല. എന്നാല്‍ അങ്ങനെ സംഭവിച്ചുവെന്നു കരുതുക. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ നാം ഫോര്‍ഡിനെപ്പോലെ ഔദാര്യം കാണിക്കുമോ? എന്നാല്‍ പാവങ്ങളെ സഹായിക്കുന്നതിന്‌ നാമാരും കോടീശ്വരന്മാരാകാന്‍ കാത്തിരിക്കേണ്ട. നമുക്ക്‌ അധികമില്ലെങ്കിലും ഉള്ളതില്‍ ഒരുഭാഗം മറ്റുള്ളവര്‍ക്കായി നമുക്ക്‌ നീക്കിവയ്‌ക്കാം. അങ്ങനെ, നമുക്കും ഹൃദയമുണ്ടെന്ന്‌ നമുക്ക്‌ നമ്മെത്തന്നെ ബോധ്യപ്പെടുത്താം.