Wednesday 18 March 2015

നിക്ഷേപം വര്‍ധിക്കുവാന്‍

മോറിസ്‌ റാബിനോവിറ്റ്‌സ്‌. ഒരുകാലത്തു ന്യുയോര്‍ക്ക്‌ സിറ്റിയിലെ ഒരു കൊച്ചു പണക്കാരനായിരുന്നു അദ്ദേഹം. സ്വന്തമായുണ്ടായിരുന്ന കുറെ കെട്ടിടങ്ങള്‍ വാടകയ്‌ക്ക്‌ കൊടുത്താണ്‌ അദ്ദേഹം പണമുണ്ടാക്കിയത്‌. എന്നാല്‍, 1930-കളിലെ ആഗോള സാമ്പത്തിക തകര്‍ച്ച റാബിനോവിറ്റ്‌സിനെയും ബാധിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ സ്വത്തുക്കളിലേറിയ പങ്കും അദ്ദേഹത്തിനു നഷ്‌ടമായി.

റാബിനോവിറ്റ്‌സ്‌ താമസിച്ചിരുന്ന സ്ഥലത്തെ യഹൂദര്‍ക്ക്‌ ഒരു പ്രാര്‍ഥനാലയം ഇല്ലായിരുന്നു. തന്മൂലം, ചില യഹൂദന്മാര്‍ അദ്ദേഹത്തെ സമീപിച്ച്‌ അദ്ദേഹത്തിന്റെ കെട്ടിടത്തിന്റെ ഒരു ചെറിയമുറി പ്രാര്‍ഥനാലയമായി ഉപയോഗിക്കുവാന്‍ അനുവാദം ചോദിച്ചു. 

വാടക കൊടുക്കുവാന്‍ അവര്‍ക്ക്‌ പണമില്ലെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട്‌ വാടക നല്‍കാതെ തന്റെ സ്ഥലം ഉപയോഗിച്ചുകൊള്ളുവാന്‍ അദ്ദേഹം സമ്മതിച്ചു.

റാബിനോവിറ്റ്‌സ്‌ ഏകനായിരുന്നു. കുടുംബാംഗങ്ങള്‍ എന്നു പറയുവാന്‍ അദ്ദേഹത്തിനാരുമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു സുഹൃത്തിന്റെ ഭാര്യവന്ന്‌ മുന്നൂറു ഡോളര്‍ അദ്ദേഹത്തോടു കടം ചോദിച്ചു. കുടുംബസംബന്ധമായ ഒരത്യാവശ്യകാര്യത്തിനു വേണ്ടിയായിരുന്നു പണം ചോദിച്ചത്‌.
റാബിനോവിറ്റ്‌സ്‌ നേരെ ബാങ്കിലേക്കുചെന്നു തന്റെ അക്കൗണ്ടില്‍ ബാലന്‍സ്‌ എത്ര ഉണ്ടെന്നു തിരക്കി. 532 ഡോളര്‍. ബാങ്കിലെ കൗണ്ടറിലുണ്ടായിരുന്ന യുവതി മറുപടി പറഞ്ഞു. റാബിനോവിറ്റ്‌സ്‌ തന്റെ അക്കൗണ്ടില്‍നിന്നു 300 ഡോളര്‍ എടുത്തു തന്റെ സുഹൃത്തിന്റെ ഭാര്യയ്‌ക്കു നല്‍കിക്കൊണ്ടു പറഞ്ഞു: "നിങ്ങള്‍ക്കു പണമുണ്ടാകുമ്പോള്‍ മാത്രം മടക്കിത്തന്നാല്‍ മതി. അതിനു മുന്‍പ്‌ വേണ്ട."

കുറെനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാള്‍ തന്റെ പുത്രിയുടെ വിവാഹാവശ്യത്തിനായി 500 ഡോളര്‍ അദ്ദേഹത്തോടു കടം ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ കൈവശം അത്രയും തുകയില്ല. എങ്കിലും എന്റെ അക്കൗണ്ടിലുള്ളത്‌ എടുത്തുതരാം."

റാബിനോവിറ്റ്‌സ്‌ ബാങ്കിലെത്തിയപ്പോള്‍ പഴയ യുവതിതന്നെയായിരുന്നു കൗണ്ടറില്‍. അദ്ദേഹം അവരോടു പറഞ്ഞു: "എനിക്ക്‌ 500 ഡോളറാണ്‌ ആവശ്യമായിട്ടുള്ളത്‌. പക്ഷേ, അക്കൗണ്ടില്‍ അത്രയും ഉണ്ടാവില്ല. ഉള്ളിടത്തോളം എനിക്കുതരൂ."

അപ്പോള്‍ ഒരു പുഞ്ചിരിയോടുകൂടി ആ യുവതി പറഞ്ഞു: "നിങ്ങളുടെ അക്കൗണ്ടില്‍ ആകെ 5,532 ഡോളറുണ്ട്‌."



"അത്‌ അസാധ്യം," അദ്ദേഹം പറഞ്ഞു. ഉടനെ യുവതി അക്കൗണ്ട്‌ വീണ്ടും പരിശോധിച്ചതിനുശേഷം പറഞ്ഞു: "ഞാന്‍ പറഞ്ഞതു ശരിയാണ്‌. നിങ്ങളുടെ അക്കൗണ്ടില്‍ 5,532 ഡോളറുണ്ട്‌." അത്‌ എന്തുമായാജാലമാണെന്നറിയാതെ റാബിനോവിറ്റ്‌സ്‌ പറഞ്ഞു: "അങ്ങനെയെങ്കില്‍ എനിക്ക്‌ 500 ഡോളര്‍തരൂ. എന്റെ സുഹൃത്തിന്റെ മോളുടെ വിവാഹത്തിനുവേണ്ടിയാണ്‌."

അന്നു പണംവാങ്ങി സുഹൃത്തിനു നല്‍കി വീട്ടിലേക്കു നടക്കുമ്പോള്‍ അദ്ദേഹം സ്വയം പറഞ്ഞു: "ഒരുപക്ഷേ, കര്‍ത്താവ്‌ എന്തെങ്കിലും അദ്‌ഭുതം എന്റെ അക്കൗണ്ടില്‍ ചെയ്‌തുകാണും. അവിടത്തെ വഴികള്‍ ചോദ്യംചെയ്യുവാന്‍ ഞാനാരാണ്‌?"

കുറെ ആഴ്‌ചകള്‍ കഴിഞ്ഞപ്പോള്‍ യഹൂദന്മാരുടെ പ്രാര്‍ഥനാലയത്തിലെ റബ്‌ബി റാബിനോവിറ്റ്‌സിനെ സമീപിച്ച്‌ പറഞ്ഞു: "മോറിസ്‌, നിങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്നറിയാം. എങ്കിലും നിര്‍വാഹമില്ലാത്തതുകൊണ്ടു ചോദിക്കുകയാണ്‌. നമ്മുടെ അടുത്തു താമസിക്കുന്ന ഗോള്‍ഡ്‌സ്‌ ബര്‍ഗിന്റെ കുട്ടിക്ക്‌ ഒരു ഓപ്പറേഷന്‍ വേണ്ടിവന്നിരിക്കുകയാണ്‌. അതിനുവേണ്ടി 5000 ഡോളര്‍ കടംതരാമോ?"

ഉടനെ അദ്ദേഹം പറഞ്ഞു. "5000 മുഴുവന്‍ കാണില്ല. എങ്കിലും എനിക്കുള്ളതു ഞാന്‍ തരാം. ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിലും വലുതായി മറ്റെന്താണുള്ളത്‌?"

വീണ്ടും റാബിനോവിറ്റ്‌സ്‌ ബാങ്കിലേക്കു പോയി. അപ്പോഴും പഴയ യുവതിയായിരുന്നു കൗണ്ടറില്‍. അദ്ദേഹം അവരോടു പറഞ്ഞു: "എനിക്കുടനെ അയ്യായിരം ഡോളര്‍ വേണം. പക്ഷേ, അത്രയും എന്റെ അക്കൗണ്ടിലില്ലല്ലൊ. അതുകൊണ്ട്‌ ഉള്ളതുമുഴുവനും തരൂ."

അപ്പോള്‍ യുവതി പറഞ്ഞു: "അങ്ങയുടെ അക്കൗണ്ടില്‍ 10,000 ഡോളര്‍ ഉണ്ട്‌."

"എന്റെ അക്കൗണ്ടില്‍ പതിനായിരം ഡോളറോ?" അദ്ദേഹത്തിനു വിശ്വാസം വന്നില്ല. അടുത്തകാലത്തെങ്ങും ഞാന്‍ തുകയൊന്നും ഡിപ്പോസിറ്റ്‌ ചെയ്‌തിട്ടില്ലല്ലൊ എന്നദ്ദേഹം ഓര്‍ത്തു.

അപ്പോള്‍ ഒരു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു: "സംശയംവേണ്ട അങ്ങയുടെ അക്കൗണ്ടില്‍ 10,000 ഡോളര്‍ ഉണ്ട്‌."
ഉടനെ അദ്ദേഹം പറഞ്ഞു: "അതു ശരിയായിരിക്കില്ല. വേഗം മാനേജരോടു ചോദിക്കൂ."

അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്‌ യുവതി മാനേജരോട്‌ ചോദിച്ചു. അപ്പോള്‍ റാബിനോവിറ്റ്‌സിന്റെ അക്കൗണ്ടില്‍ 10,000 ഡോളര്‍ ഉണ്ടെന്ന്‌ മാനേജര്‍ ഉറപ്പുനല്‍കി. അദ്ദേഹം ഉടനെ 5000 ഡോളര്‍ വാങ്ങി റബ്‌ബിയുടെ കൈയില്‍ കൊടുത്തു.

കുറെനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പരിചയക്കാരിയായ ഒരു സ്‌ത്രീ തന്റെ മകന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുവേണ്ടി കുറെ പണം ചോദിച്ചു. അദ്ദേഹം ഉടനെ ബാങ്കിലെത്തി തന്റെ ബാലന്‍സ്‌ തിരക്കി. അപ്പോള്‍ യുവതി പറഞ്ഞു: "അങ്ങയുടെ അക്കൗണ്ടിലിപ്പോള്‍ 25,000 ഡോളറുണ്ട്‌." 
തുകയെക്കുറിച്ച്‌ സംശയംതോന്നിയ അദ്ദേഹം ബാങ്ക്‌ മാനേജരെ കണ്ട്‌ സംസാരിച്ചു. പക്ഷേ, കണക്കില്‍ തെറ്റില്ലായിരുന്നു. യുവതി പറഞ്ഞതുപോലെ ബാലന്‍സ്‌ 25,000 ഡോളറായിരുന്നു. അദ്ദേഹം 24,000 ഡോളര്‍ എടുത്തു തന്നോടു സഹായാഭ്യര്‍ഥന നടത്തിയ സ്‌ത്രീക്കു കൊടുത്തു. "എന്റെ അക്കൗണ്ടില്‍ ഇനി 1000 ഡോളര്‍ ബാക്കിയുണ്ട്‌," അദ്ദേഹം സ്‌ത്രീയോടു പറഞ്ഞു. "ഇനിയും ആവശ്യം വരുമ്പോള്‍ ചോദിക്കാന്‍ മറക്കരുത്‌."

റാബിനോവിറ്റ്‌സിന്റെ ഈ കഥ കേള്‍ക്കുമ്പോള്‍ ഇതു കെട്ടുകഥയോ എന്നു നാം സംശയിക്കും. കാരണം, സാധാരണക്കാരാരും ഇപ്രകാരം ഔദാര്യത്തോടെ കൊടുക്കാറില്ല. അതുപോലെ, സാധാരണ നമ്മുടെ ബാങ്ക്‌ ബാലന്‍സ്‌ നാം അറിയാതെ പല മടങ്ങായി വര്‍ധിക്കാറുമില്ല.



എന്നാല്‍, 'ചിക്കന്‍ സൂപ്പ്‌ ഫോര്‍ ദ സിംഗിള്‍സ്‌ സോള്‍' എന്ന പുസ്‌തകത്തില്‍ പറയുന്നതനുസരിച്ച്‌ ഇത്‌ ഒരു സംഭവകഥതന്നെയാണ്‌. റാബിനോവിറ്റ്‌സ്‌ തന്റെ സഹായം ആവശ്യപ്പെട്ടവര്‍ക്കൊക്കെ സ്വയം മറന്നുകൊടുത്തു. അതുകൊണ്ടു എന്തു സംഭവിച്ചുവെന്നോ? അദ്ദേഹം കൊടുക്കുംതോറും അദ്ദേഹത്തിന്റെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ധിച്ചുവന്നു. എന്നുമാത്രമല്ല, കുടുംബാംഗങ്ങളായി ആരുമില്ലാതിരുന്ന അദ്ദേഹത്തെ, അദ്ദേഹത്തിന്റെ സഹായം സ്വീകരിച്ചവര്‍ പൊന്നുപോലെ നോക്കി.

ഇനി അദ്ദേഹത്തിന്റെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ധിച്ചുവന്ന കഥ പറയട്ടെ. ഒരിക്കല്‍ ഒരു സുഹൃത്തിനു സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിട്ടപ്പോള്‍ റാബിനോവിറ്റ്‌സ്‌ അദ്ദേഹത്തെ ഉപാധികളൊന്നുംകൂടാതെ സഹായിച്ചു. ആ സുഹൃത്തിനു പിന്നീട്‌ ഐറീഷ്‌ ലോട്ടറിയുടെ സമ്മാനം കിട്ടിയപ്പോള്‍ അതില്‍ കുറെ തുകയെടുത്ത്‌ റാബിനോവിറ്റ്‌സിനു വേണ്ടി മാറ്റിവച്ചു. ആ തുകയില്‍നിന്നാണ്‌ റാബിനോവിറ്റ്‌സിന്‌ ആവശ്യമുള്ളപ്പോഴൊക്കെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പണം വന്നുകൊണ്ടിരുന്നത്‌. റാബിനോവിറ്റ്‌സ്‌ മരിക്കുന്നതുവരെ ഇക്കാര്യം അദ്ദേഹം അറിഞ്ഞതുമില്ല. നമ്മുടെ മുന്‍പില്‍ ഓരോരുത്തര്‍ എന്തെല്ലാം ന്യായമായ ആവശ്യങ്ങള്‍ക്കായി കൈനീട്ടുന്നു, അപ്പോഴൊക്കെ സ്വയംമറന്നു നാം അവരെ സഹായിക്കാറുണ്ടോ? ആരെയെങ്കിലും സഹായിക്കുവാനായി നാം എന്തെങ്കിലും തുക ചെലവാക്കിയാല്‍ നമുക്കെന്തോ നഷ്‌ടപ്പെട്ടതുപോലെയല്ലേ പലപ്പോഴും നമ്മുടെ ചിന്ത? സ്വയംമറന്ന്‌ നമുക്കു മറ്റുള്ളവരെ സഹായിക്കാന്‍ സാധിച്ചാല്‍ നാം അറിയാതെതന്നെ നമ്മുടെ നിക്ഷേപങ്ങള്‍ വര്‍ധിക്കുകതന്നെ ചെയ്യും, പ്രത്യേകിച്ചും സ്വര്‍ഗത്തിലെ നമ്മുടെ നിക്ഷേപങ്ങള്‍.

No comments:

Post a Comment