Wednesday 7 October 2015

പരസഹായത്തിനു പാരിതോഷികം

പില്‍ക്കാലത്ത്‌ അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഹെര്‍ബര്‍ട്ട്‌ ഹൂവര്‍ (1874 -1964) സ്റ്റാന്‍ഫെര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം. അക്കാലത്ത്‌ അന്താരാഷ്‌ട്ര പ്രസിദ്ധിയാര്‍ജിച്ച ഏറ്റവും വലിയ പിയാനിസ്റ്റും സംഗീതജ്ഞനും പോളണ്ടുകാരനായ ഇഗ്‌നാസ്‌ പാദരെവ്‌സ്‌കി (1860 - 1941) ആയിരുന്നു.

പാദരെവ്‌സ്‌കിയെ സ്റ്റാന്‍ഫെര്‍ഡില്‍ ഒരു സംഗീതപരിപാടിക്കു കൊണ്ടുവരണമെന്നു ഹൂവറിനു വലിയ മോഹം. അദ്ദേഹം തന്റെ ആഗ്രഹം മേലധികാരികളെ അറിയിച്ചു. പാദരെവ്‌സ്‌കിക്കുള്ള പ്രതിഫലത്തുക സ്വയം സമാഹരിച്ചു കൊടുത്തുകൊള്ളണം എന്ന നിബന്ധനയില്‍ യൂണിവേഴ്‌സിറ്റി അധികാരികള്‍ ഹൂവറിന്റെ നിര്‍ദേശത്തിനു പച്ചക്കൊടി കാട്ടി.
അധികാരികളുടെ അനുമതി കിട്ടിയ ഹൂവര്‍ വേഗം പാദരെവ്‌സ്‌കിയുമായി ബന്ധപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സംഗീതപരിപാടികള്‍ക്കായി അമേരിക്കയിലെത്തിയിരുന്ന പാദരെവ്‌സ്‌കി ഹൂവറിന്റെ ക്ഷണം സ്വീകരിച്ചു സ്റ്റാന്‍ഫര്‍ഡിലെത്തി. 



ഇഗ്‌നാസ്‌ പാദരെവ്‌സ്‌കി 

പക്ഷേ, പബ്ലിസിറ്റിയുടെ കുറവുമൂലമോ മറ്റോ വളരെ കുറച്ചാളുകള്‍ മാത്രമേ ടിക്കറ്റ്‌ വച്ചുള്ള ആ പരിപാടിയില്‍ പങ്കെടുത്തുള്ളൂ. തന്മൂലം കളക്‌ഷന്‍ വളരെ കുറവായിരുന്നു. പാദരെവ്‌സ്‌കിയുമായി സമ്മതിച്ചിരുന്ന പ്രതിഫലത്തുകയുടെ ചെറിയൊരു ശതമാനം മാത്രമേ ടിക്കറ്റ്‌ വിറ്റതില്‍നിന്നു ലഭിച്ചുള്ളൂ. ഹൂവറിന്റെ കൈവശമാണെങ്കില്‍ വേറെ പണവും ഉണ്ടായിരുന്നില്ല.

ഹൂവര്‍ വിവരം പാദരെവ്‌സ്‌കിയോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഹൂവറിന്റെ തോളത്തു തട്ടിക്കൊണ്ട്‌ പറഞ്ഞു:  പ്രതിഫലത്തുകയെക്കുറിച്ച്‌ വിഷമിക്കേണ്ട. എനിക്ക്‌ ഇന്നിവിടെ വന്നതിന്റെ യാത്രച്ചെലവ്‌ മാത്രം തന്നാല്‍ മതിയാകും.

പാദരെവ്‌സ്‌കിയുടെ വിശാലമനസ്‌കതയ്‌ക്കും സഹകരണത്തിനും ഹൂവര്‍ അന്ന്‌ നിരവധിതവണ നന്ദിപറഞ്ഞു. ഈ സംഭവത്തിനു ശേഷം കുറേവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിനു ശേഷം പാദരെവ്‌സ്‌കി പോളണ്ടിലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. യുദ്ധത്തില്‍ തകര്‍ന്ന പോളണ്ട്‌ സാമ്പത്തികമായി വളരെ കഷ്‌ടപ്പെടുന്ന അവസരമായിരുന്നു അത്‌. ഈയവസരത്തില്‍ അമേരിക്കയുടെ യുദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നതു സ്റ്റാന്‍ഫെര്‍ഡിലെ പഴയ വിദ്യാര്‍ഥിയായിരുന്ന ഹൂവറായിരുന്നു. അദ്ദേഹം പോളണ്ടില്‍ ഓടിയെത്തി പാദരെവ്‌സ്‌കിയോടു പറഞ്ഞു: പണ്ട്‌ അങ്ങ്‌ എന്നോട്‌ ഒരു കാരുണ്യം കാണിച്ചു. ഇന്ന്‌ അങ്ങയെ സഹായിക്കാന്‍ ഞാന്‍ വന്നിരിക്കുകയാണ്‌. അങ്ങയുടെ ജനങ്ങള്‍ക്ക്‌ എന്തുമാത്രം ഭക്ഷണസാധനങ്ങള്‍ വേണമോ അവ ഞാനിവിടെ എത്തിക്കാം.

ഹൂവര്‍ ഏതെങ്കിലും രീതിയില്‍ ഭാവിയില്‍ തന്നെ സഹായിക്കുമെന്നു പ്രതീക്ഷിച്ചായിരുന്നില്ല പണ്ട്‌ പാദരെവ്‌സ്‌കി ഹൂവറിനോട്‌ കാരുണ്യം കാണിച്ചത്‌. ഹൂവര്‍ താന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ പാദരെവ്‌സ്‌കി മനസറിഞ്ഞു ഹൂവറിനോട്‌ കാരുണ്യം കാണിക്കുകയാണു ചെയ്‌തത്‌.

പക്ഷേ, അതിനു പിന്നീടുണ്ടായ ഫലം എത്രയധികമാണെന്നു നോക്കൂ. നാം ആര്‍ക്കെങ്കിലും ഒരു നന്മ ചെയ്‌താല്‍ അതിനു പരലോകത്തില്‍ മാത്രമല്ല ഇഹലോകത്തിലും നമുക്ക്‌ പ്രതിസമ്മാനം ലഭിക്കും എന്നതില്‍ സംശയം വേണ്ട. ഒരുപക്ഷേ നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ അപ്പോള്‍ത്തന്നെ പ്രതിസമ്മാനം ലഭിച്ചുവെന്നുവരില്ല. എന്നാല്‍, സ്‌നേഹത്താല്‍ പ്രേരിതമായി നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ എന്നെങ്കിലും പ്രതിസമ്മാനം ലഭിക്കും എന്നതു തീര്‍ച്ചയാണ്‌.

അമേരിക്കന്‍ പശ്ചാത്തലത്തില്‍നിന്നുതന്നെ വേറൊരു സംഭവം കുറിക്കട്ടെ. ഹോളിവുഡ്‌ഡിലെ പ്രസിദ്ധനായ ഒരു സിനിമാ നിര്‍മാതാവായിരുന്നു ബ്രയന്‍ ഫോയി. 1928-ലെ ഒരു പ്രഭാതത്തില്‍ അദ്ദേഹം വാര്‍ണര്‍ സ്റ്റുഡിയോയിലെ തന്റെ ഓഫീസിലിരിക്കുമ്പോള്‍ ഫാ. ഹ്യു ഒഡോണല്‍ അവിടേക്ക്‌ കയറിച്ചെന്നു. നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌ വെല്‍ഫെയര്‍ ഡയറക്‌ടറായിരുന്നു അദ്ദേഹം.



ഫോയി, ഫാ. ഒഡോണലിനെ സ്വീകരിച്ചിരുത്തി. എന്നിട്ടു കാര്യം തിരക്കി. നോട്ടര്‍ഡേമിലെ ഒരു സംഗീതട്രൂപ്പുമായി കാലിഫോര്‍ണിയയില്‍ പര്യടനത്തിനിറങ്ങിയതായിരുന്നു അദ്ദേഹം. പക്ഷേ, പരിപാടികള്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ഇന്‍ഡ്യാനയിലെ സൗത്ത്‌ ബെന്‍ഡിലുള്ള യൂണിവേഴ്‌സിറ്റിയിലേക്ക്‌ മടങ്ങിപ്പോകാനാണെങ്കില്‍ അവരുടെ കൈയില്‍ പണവുമില്ല. വാര്‍ണര്‍ ബ്രദേഴ്‌സ്‌ പുറത്തിറക്കുന്ന ഏതെങ്കിലും ഒരു സിനിമയില്‍ പാടാനും അങ്ങനെ യാത്രച്ചെലവിനുള്ള പണം സമ്പാദിക്കാനും സാധിക്കുമോ എന്നാണ്‌ ഫാ. ഒഡോണലിന്‌ അറിയേണ്ടിയിരുന്നത്‌. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടില്‍ അനുകമ്പ തോന്നി ഫോയി സിനിമയില്‍ പാടാന്‍ ചാന്‍സ്‌ നല്‍കി. പ്രതിഫലമായി 1500 ഡോളറും നല്‍കി. അക്കാലത്ത്‌ വലിയൊരു തുകയായിരുന്നു അത്‌.

മൂന്നുവര്‍ഷത്തിനു ശേഷം 1931 -ല്‍ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോള്‍ കോച്ചായിരുന്ന ക്‌നൂട്ട്‌ റോക്‌നി ഒരു വിമാനാപകടത്തില്‍ മരിച്ചു. അക്കാലത്ത്‌ അമേരിക്കന്‍ ഫുട്‌ബോളിന്റെ ശക്തികേന്ദ്രം നോട്ടര്‍ഡേം ആയിരുന്നു. കോച്ച്‌ റോക്‌നിയാകട്ടെ ഫുട്‌ബോള്‍ പ്രേമികളുടെ കാണപ്പെട്ട ദൈവവും.

ഫുട്‌ബോളില്‍ ഒട്ടേറെ ഐതിഹാസിക വിജയങ്ങള്‍ നേടിയെടുത്തിട്ടുള്ള റോക്‌നിയെക്കുറിച്ച്‌ സിനിമ പുറത്തിറക്കാന്‍ ഹോളിവുഡ്‌ഡിലെ എല്ലാ പ്രധാന സ്റ്റുഡിയോകളും ആഗ്രഹിച്ചു. അന്ന്‌ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സ്റ്റുഡിയോ മേധാവിയായിരുന്ന ഫോയി നോട്ടര്‍ഡേമിലുള്ള ഫാ. ഒഡോണലിനെ ഫോണില്‍ വിളിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം ഉദ്ദേശ്യം അറിയിച്ചു. റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നു ഫോയി അറിയിച്ചപ്പോള്‍ ഫാ. ഒഡോണല്‍ പറഞ്ഞു:  എന്റെ വിദ്യാര്‍ഥികളെ സഹായിച്ച നിങ്ങളെ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി മറക്കില്ല.

റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ വാര്‍ണര്‍ ബ്രദേഴ്‌സിനെ യൂണിവേഴ്‌സിറ്റി അനുവദിച്ചു. എന്നുമാത്രമല്ല, സിനിമ ഷൂട്ട്‌ ചെയ്യുന്നതിന്‌ യൂണിവേഴ്‌സിറ്റി കാമ്പസ്‌ സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്‌തു. ഈ സിനിമവഴി വാര്‍ണര്‍ ബ്രദേഴ്‌സ്‌ കോടിക്കണക്കിനു ഡോളര്‍ ലാഭമുണ്ടാക്കിയിട്ടും നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി അവരോടു പണം വാങ്ങിയില്ല. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോടു ഫോയി കാണിച്ച സന്മനസിനുള്ള പ്രതിസമ്മാനമായിരുന്നു യൂണിവേഴ്‌സിറ്റിയുടെ ഈ മഹാമനസ്‌കത.

അതേ, ആര്‍ക്കെങ്കിലും ഉപകാരം ചെയ്‌താല്‍ അതിനു ഫലമുണ്ടാകും. ഒപ്പം എന്നെങ്കിലും നമുക്ക്‌ പ്രതിസമ്മാനവും. എന്നാല്‍ പ്രതിസമ്മാനം ആഗ്രഹിച്ചായിരിക്കരുത്‌ നാം മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യാന്‍ ദൈവം നമുക്ക്‌ കഴിവും അവസരവും നല്‍കിയിരിക്കുന്നതുകൊണ്ട്‌ അതിനു നന്ദിസൂചകമായിട്ടായിരിക്കണം നാം ഇങ്ങനെ ചെയ്യുന്നത്‌.

Tuesday 1 September 2015

പാപത്തിന്റെ ആദ്യാക്ഷരം

അമേരിക്കന്‍ നോവലിസ്റ്റുകളുടെ മുന്‍നിരയില്‍ നില്‌ക്കുന്ന പ്രതിഭാശാലിയാണ്‌ നഥാനിയേല്‍ ഹോത്തോണ്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നോവലാണ്‌ `ദ സ്‌കാര്‍ലറ്റ്‌ ലെറ്റര്‍.' ഈ നോവലില്‍ നാലു പ്രധാന കഥാപാത്രങ്ങളാണുള്ളത്‌. ഹെസ്റ്റര്‍ പെയ്‌ന്‍ ആണ്‌ നോവലിന്റെ കേന്ദ്രബിന്ദു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട്‌ അതിനീചമായ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ഭാഗ്യദോഷിയാണവള്‍. അഡള്‍ട്ടറി (വ്യഭിചാരം) എന്ന ഇംഗ്ലീഷ്‌ വാക്കിന്റെ ആദ്യക്ഷരമായ `എ' ചെമന്ന നിറത്തില്‍ ജീവിതകാലം മുഴുവന്‍ മാറിലെ വസ്‌ത്രത്തില്‍ അണിയേണ്ട ദുര്‍ഗതിയാണവളുടേത്‌.

ഹെസ്റ്ററുടെ പാപത്തില്‍ പങ്കാളിയായ മതപ്രസംഗകനാണ്‌ ആര്‍തര്‍ ഡിംസ്‌ഡെയില്‍. പ്രസംഗവേദിയില്‍ പാപികളെ പശ്‌ചാത്താപത്തിനാഹ്വാനംചെയ്യുന്ന അയാള്‍ സ്വന്തം പാപം മൂടിപ്പൊത്തിവയ്‌ക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ഹെസ്റ്ററില്‍ ആര്‍തറിനു ജനിച്ച പുത്രിയാണ്‌ പേള്‍. അവരുടെ കൊടുംപാപത്തിന്റെ സജീവ പ്രതീകമാണവള്‍. ഹെസ്റ്ററുടെ ഭര്‍ത്താവ്‌, `റോജര്‍ ചില്ലിംഗ്‌വര്‍ത്ത്‌' എന്ന കള്ളപ്പേരിലാണ്‌ അറിയപ്പെടുന്നത്‌. ദേശാടനത്തിലായിരുന്ന അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയപ്പോള്‍ ഹെസ്റ്ററുടെ അവിശ്വസ്‌തത കണ്ടു ഞെട്ടി. പ്രതികാരാഗ്‌നി അയാളില്‍ ആളിക്കത്തി. ഹെസ്റ്ററുടെ പാപത്തില്‍ പങ്കാളിയായിരുന്ന കശ്‌മലനെ കണ്ടുപിടിച്ചു പ്രതികാരം ചെയ്‌തേ അയാള്‍ അടങ്ങൂ.

പക്ഷേ, തന്റെ `പങ്കാളി'യുടെ പേരു വെളിപ്പെടുത്താന്‍ ഹെസ്റ്റര്‍ തയാറായില്ല. ബോസ്റ്റണിലെ നീതിന്യായക്കോടതി അവളോടാവശ്യപ്പെട്ടിട്ടും തന്റെ പങ്കാളിയെ അവള്‍ ഒറ്റുകൊടുത്തില്ല. എങ്കിലും താന്‍ പാപിയാണെന്നുള്ള ഏറ്റുപറച്ചില്‍ അവള്‍ക്കു മനഃശാന്തി നല്‍കി. 



ആര്‍തറിന്റെ സ്ഥിതി അതല്ല. തെറ്റ്‌ മറച്ചുപിടിച്ചതുമൂലം കാപട്യത്തിന്റെ മൂടുപടം അണിയാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. അയാള്‍ക്കു സമാധാനമില്ല. വചനശുശ്രൂഷയ്‌ക്കായി പ്രസംഗവേദിയെ സമീപിക്കുമ്പോഴൊക്കെ മനസില്‍ കാരമുള്ള്‌ തറയ്‌ക്കുന്നതുപോലെയുള്ള അനുഭവം. മനഃസമാധാനക്കേട്‌ ആര്‍തറിന്റെ ആരോഗ്യം കാര്‍ന്നുതിന്നു.
ആര്‍തറിന്റെ ദുഃഖത്തില്‍ ഹെസ്റ്ററിനു സഹതാപമുണ്ട്‌. വേണമെങ്കില്‍ അയാളോടൊപ്പം അന്യനാട്ടിലേക്കോടിപ്പോകാന്‍വരെ അവള്‍ സന്നദ്ധയാണ്‌. പക്ഷേ, ആര്‍തറിന്‌ അതു സ്വീകാര്യമല്ല. ഒളിച്ചോട്ടം മാനക്കേടു വരുത്തിവയ്‌ക്കുമല്ലോ. ആര്‍തറിന്റെ ആരോഗ്യം പാടേ തകര്‍ന്നു. ഒരു ദിവസം പ്രസംഗത്തിനുശേഷം അയാള്‍ തളര്‍ന്നുവീണു. എങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ശക്‌തി വീണ്ടെടുത്തു. ഹെസ്റ്ററും പേളും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ആര്‍തര്‍ അവരെ സമീപിച്ചു. പേളിനെ തന്റെ മാറോടണച്ചുകൊണ്ട്‌ അവള്‍ തന്റെ പുത്രിയാണെന്നു പരസ്യമായി ഏറ്റു പറഞ്ഞു. അടുത്ത നിമിഷം അയാള്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്‌തു.

മരിക്കുന്നതിനുമുമ്പ്‌ ആര്‍തര്‍ തന്റെ മാറിലെ വസ്‌ത്രം വലിച്ചുകീറുകയുണ്ടായി. അവിടെയുണ്ടായിരുന്നവര്‍ അപ്പോള്‍ കണ്ടതെന്താണ്‌? ഹെസ്റ്റര്‍ അണിഞ്ഞിരുന്നതുപോലെയുള്ള `എ' എന്ന അക്ഷരം ആര്‍തറിന്റെ മാറിലും (വസ്‌ത്രത്തിലല്ല) ചിലര്‍ക്കു ദൃശ്യമായത്രേ.

ദുര്‍ബലമായ മനുഷ്യപ്രകൃതി പാപത്തിലേക്കു ചാഞ്ഞിരിക്കുന്നു. പാപത്തിന്റെ അടിയേറ്റാല്‍ നാം തളര്‍ന്നുവീഴും. തെറ്റ്‌ ഏറ്റുപറഞ്ഞ്‌ പാപത്തിന്റെ പിടിയില്‍നിന്നു മോചനം നേടുന്നതുവരെ പാപത്തിന്റെ അദൃശ്യശക്‌തിക്കടിപ്പെട്ടു നാം ഉഴലുകയായി. നമ്മുടെ പാപങ്ങള്‍ തന്ത്രപൂര്‍വം മറച്ചുവയ്‌ക്കാനാവും. പക്ഷേ, അപ്പോഴും പാപത്തിന്റെ ഫലത്തില്‍നിന്നു നമുക്കു മോചനമുണ്ടാവില്ലെന്നതാണു സത്യം. ആര്‍തറിന്റെ കഥ അതാണു വ്യക്തമാക്കുന്നത്‌. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ തെറ്റ്‌ ഏറ്റുപറയാന്‍ അയാള്‍ സന്നദ്ധനായില്ല. ഹെസ്റ്ററിന്‌ അവളുടെ അപമാനത്തില്‍ ഒരു തുണയാകാന്‍പോലും അയാള്‍ക്കു മനസുവന്നില്ല. പക്ഷേ, അതുകൊണ്ട്‌ എന്തു സംഭവിച്ചു? പാപത്തില്‍ വീണു ശപിക്കപ്പെട്ട ആ ദിനംമുതല്‍ അയാളുടെ മനഃശാന്തി നഷ്‌ടപ്പെട്ടു. നീതിമാനെന്ന പൊയ്‌മുഖമണിഞ്ഞ അയാളുടെ മാറില്‍ത്തന്നെ അയാള്‍ വ്യഭിചാരിയാണെന്നു ചൂണ്ടിക്കാണിക്കുന്ന `എ' എന്ന അക്ഷരം തെളിഞ്ഞുവന്നു.

പാപത്തില്‍ വീണ്‌ അധഃപതിച്ചെങ്കിലും ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ അപരാധം ഏറ്റുപറഞ്ഞ ഹെസ്റ്ററുടെ ആധ്യാത്മിക വളര്‍ച്ച അത്ഭുതാവഹമാണ്‌. പാപത്തിനു പരിഹാരമായി എത്ര പണ്ടേ അവള്‍ സല്‍പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. പാപം ഏറ്റുപറഞ്ഞ്‌ പരിഹാരം ചെയ്യുന്നവര്‍ക്ക്‌ ദൈവം നല്‍കുന്ന അനുഗ്രഹാശിസുകളുടെ പ്രതീകമാണവള്‍.
ആര്‍തര്‍ അപരാധിയാണെങ്കിലും ദൈവത്തിന്റെ അനന്തമായ കരുണ അയാളെയും പെരുവെള്ളത്തില്‍നിന്നു കോരിയെടുത്തു. അന്തസും ആഭിജാത്യവും ധനവും മാനവുമെല്ലാം കളഞ്ഞുകുളിച്ച ധൂര്‍ത്തപുത്രന്റെ സ്‌നേഹനിധിയായ പിതാവാണ്‌ ദൈവം. ``അദ്ദേഹം അവനില്‍ മനസലിഞ്ഞ്‌ ഓടിച്ചെന്ന്‌ ആശ്ലേഷിച്ചു ചുംബിച്ചു'' എന്നല്ലേ പിതാവിന്റെ ഭവനത്തിലേക്ക്‌ പശ്ചാത്താപവിവശനായി മടങ്ങിയെത്തിയ ധൂര്‍ത്തപുത്രന്റെ കഥയില്‍ ലൂക്കാ സുവിശേഷകന്‍ പറയുന്നത്‌ (ലൂക്കാ. 15, 21). ``നീതിമാന്‍മാരെയല്ല, പാപികളെ അന്വേഷിച്ചാണ്‌ യേശു വന്നത്‌'' (മത്തായി 9, 13). അതുകൊണ്ടാണ്‌ അവസാനനിമിഷമാണെങ്കിലും പാപം ഏറ്റുപറഞ്ഞ ആര്‍തറിനും മോചനം ലഭിച്ചത്‌.

`ആര്‌ പാപത്തെക്കുറിച്ച്‌ പശ്ചാത്തപിച്ച്‌ അതേറ്റു പറയാതിരിക്കുന്നുവോ അയാളുടെ പാപം ഇരട്ടിക്കുന്നു' എന്നര്‍ഥം വരുന്ന ഒരു ജര്‍മന്‍ പഴഞ്ചൊല്ലുണ്ട്‌. തെറ്റുകളിലും കുറ്റങ്ങളിലും വഴുതിവീഴുക സ്വാഭാവികം മാത്രം. പക്ഷേ, നമ്മുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞു മോചനം നേടുവാന്‍ നമുക്കു കഴിയണം. അല്ലെങ്കില്‍, ആര്‍തറിനെപ്പോലെ പാപത്തിന്റെ അടിയേറ്റു ജീവിതകാലം മുഴുവന്‍ നാം അശാന്തരായി ഉഴലും; വീണ്ടും പാപത്തിലേക്ക്‌ വഴുതിവീഴുകയുംചെയ്യും. `ക്ഷമയാണ്‌, ക്ഷോഭമല്ല ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണം' എന്നു ബെയാര്‍ഡ്‌ ടെയ്‌ലര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. 

തെറ്റില്‍ വീഴാനിടയായാലും നാം പ്രത്യാശ കൈവിടരുത്‌. ദൈവം `തെറ്റുകള്‍ പൊറുക്കുന്നവനും' (40.3) `മാപ്പും വിട്ടുവീഴ്‌ചയും ചെയ്യുന്നവനും' (4.43) ആകുന്നു എന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

 നൂറാടുകളില്‍ വഴിതെറ്റിപ്പോയ ഒന്നിനെ അന്വേഷിച്ചിറങ്ങിയ നല്ലയിടയനാണ്‌ ദൈവം എന്നാണ്‌ യേശു പഠിപ്പിച്ചത്‌. പിന്നെ എന്തിന്‌ പാപത്തിന്റെ ചാട്ടവാറടിയേറ്റു നാം ഞെരിപിരി കൊള്ളണം. ക്ഷമിക്കുവാന്‍ തിടുക്കമുള്ളവനായ ദൈവത്തിന്റെ മുമ്പില്‍ നമ്മുടെ കുറ്റങ്ങള്‍ ഏറ്റുപറയാം. അപ്പോള്‍ നമ്മുടെ മനസിലും മാറിലും പാപത്തിന്റെ ആദ്യാക്ഷരംപോലും പതിയാനിടവരില്ല.

Monday 31 August 2015

കാര്യാണി ഉദ്യമേന ഹി സിദ്ധ്യന്തി

ഒരേ ഒരു വിഷയത്തെക്കുറിച്ചു മാത്രം 40 പുസ്‌തകങ്ങള്‍ എഴുതിയ അസാധാരണ പ്രതിഭാശാലിയാണ്‌ ഓറിസണ്‍ സ്വെറ്റ്‌ മാര്‍ഡന്‍. ജീവിതവിജയം കൈവരിക്കാനുള്ള വിവിധ മാര്‍ഗങ്ങളെക്കുറിച്ച്‌ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്‌തകങ്ങളെല്ലാംതന്നെ ബെസ്റ്റ്‌ സെല്ലറുകളാണ്‌. `പുഷിംഗ്‌ ടു ദ ഫ്രന്റ്‌' എന്ന ആദ്യ പുസ്‌തകത്തിനുതന്നെ 250 പതിപ്പുകളുണ്ടായി. ഇരുപത്തഞ്ചോളം വിദേശഭാഷകളില്‍ ഈ പുസ്‌തകം പ്രസിദ്ധീകരിക്കപ്പെട്ടു. ജപ്പാനിലും മറ്റു ചില രാജ്യങ്ങളിലും ഇതു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്‌തകമായി. പുസ്‌തകം ഏറ്റവും വിശിഷ്‌ടമാണെന്ന്‌ വിക്‌ടോറിയ മഹാരാജ്ഞി സാക്ഷ്യപ്പെടുത്തുകയും ചെയ്‌തു. ഇനി, ഇത്രയും വിശേഷപ്പെട്ട ഈ പുസ്‌തകമെഴുതപ്പെട്ടതിന്റെ പശ്ചാത്തലം അറിയേണ്ടേ?



1892-98 കാലഘട്ടം അമേരിക്കയെ സംബന്ധിച്ചിടത്തോളം സാമ്പത്തികത്തകര്‍ച്ചയുടേതായിരുന്നു. സാമ്പത്തികമാന്ദ്യംമൂലം തൊഴിലില്ലായ്‌മ വര്‍ധിച്ചു. ആഹാരമില്ലാതായി. എങ്ങും അസംതൃപ്‌തിയും മുറുമുറുപ്പും. പട്ടിണിജാഥകള്‍ അമേരിക്കയില്‍ ആദ്യമായി അരങ്ങേറി. വിപ്ലവാഹ്വാനവുമായി തീവ്രവാദികള്‍ മുന്നോട്ടുവന്നു. രാജ്യം നിരാശയുടെ നീര്‍ച്ചുഴിയില്‍ കുത്തനെ നിപതിച്ച ഈ നിമിഷങ്ങളില്‍ മാര്‍ഡന്‍ തകൃതിയായി ഗവേഷണം നടത്തുകയായിരുന്നു. പ്രതിബന്ധങ്ങളോടു മല്ലടിച്ചു ജീവിതത്തില്‍ എങ്ങനെ വിജയിക്കാനാവും? അതായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണവിഷയം.

പ്രതിബന്ധങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടും ധൈര്യപൂര്‍വം അവ തരണംചെയ്‌തു ധനവും പ്രശസ്‌തിയും സംതൃപ്‌തിയും നേടിയ എത്രയോ പേരുണ്ട്‌! എന്താണ്‌ അവരുടെ ജീവിതവിജയത്തിനാധാരം? അവരോടു നേരിട്ടു ചോദിച്ചറിയുകതന്നെ- മാര്‍ഡന്‍ മനസിലുറച്ചു. അങ്ങനെയാണ്‌ തോമസ്‌ എഡിസണ്‍, ജോണ്‍ ഡി. റോക്ക്‌ഫെല്ലര്‍, ആന്‍ഡ്രു കാര്‍ണെഗി, അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ തുടങ്ങിയ ഒട്ടേറെ വിജയശാലികളെ മാര്‍ഡന്‍ ഇന്റര്‍വ്യൂ ചെയ്‌തത്‌. മാര്‍ഡന്‍ നടത്തിയ അന്വേഷണങ്ങളുടെയും ഇന്റര്‍വ്യൂകളുടെയും ഫലമായി ചില കാര്യങ്ങള്‍ അദ്ദേഹത്തിനു ബോധ്യമായി. ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ അതിനായി വെറുതെ മോഹിച്ചതുകൊണ്ട്‌ മാത്രമായില്ല. ചില ഘടകങ്ങള്‍ അതിനു കൂടിയേ തീരൂ. ആത്‌മവിശ്വാസം, പ്രചോദനാത്മകവും ക്രിയാത്മകവുമായ ചിന്താഗതി, ഉറച്ച ലക്ഷ്യബോധം, സംശുദ്ധമായ ജീവിതശൈലി, ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം- ഇവയെല്ലാം ഒത്തിണങ്ങിയാല്‍ ജീവിതവിജയത്തിനുള്ള പടവുകളായി എന്ന്‌ മാര്‍ഡന്‍ കണ്ടെത്തി.

വിവിധ കാലഘട്ടങ്ങളില്‍ ജീവിതവിജയം നേടിയിട്ടുള്ള പ്രതിഭാശാലികളില്‍ പലരും തങ്ങളുടെ അനുദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ള തത്വങ്ങളും ആശയങ്ങളുമായിരുന്നു ഇവ. പക്ഷേ, ഇവയെല്ലാം ആദ്യമായി നമുക്കായി ക്രോഡീകരിച്ചു പ്രസിദ്ധപ്പെടുത്തിയത്‌ മാര്‍ഡന്‍ ആണ്‌. `പുഷിംഗ്‌ ടു ദ ഫ്രന്റ്‌' ആദ്യമായി വില്‌പനയ്‌ക്കെത്തിയപ്പോള്‍ അവിശ്വസനീയമായ സ്വീകരണമാണ്‌ അതിനു ലഭിച്ചത്‌. സാമ്പത്തികത്തകര്‍ച്ചയിലൂടെ നിരാശയിലാണ്ടുനിന്ന അമേരിക്കയ്‌ക്കു വൈദ്യന്‍ വിധിച്ച ഏറ്റവും നല്ല ഔഷധമായിരുന്നു ഈ ചെറുപുസ്‌തകം. മാര്‍ഡന്റെ പ്രതീക്ഷാനിര്‍ഭരമായ ജീവിതവീക്ഷണവും ക്രിയാത്മകമായ ചിന്താഗതിയുമൊക്കെ തകര്‍ന്ന ഹൃദയര്‍ക്ക്‌ നവോന്മേഷം പകര്‍ന്നു. ഒരു ജനപദത്തിന്റെ മുഴുവന്‍ നിരാശാബോധവും തൂത്തെറിഞ്ഞ്‌ അവരെ ആത്മവിശ്വാസത്തിലൂടെ പുരോഗതിയുടെ പുതിയ പന്ഥാവിലേക്കു നയിക്കുവാന്‍ മാര്‍ഡന്റെ ആശയങ്ങള്‍ക്കു കഴിഞ്ഞു.



ജീവിതത്തില്‍ ഉന്നതമായ വിജയം കൈവരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ്‌ നമ്മില്‍ ഏറിയ പങ്കും. പക്ഷേ, ജീവിതവിജയത്തിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുവാനോ അവ പ്രാവര്‍ത്തികമാക്കുവാനോ നാം പലപ്പോഴും തയാറല്ലെന്നുമാത്രം. ജീവിതവിജയത്തിനു നാം കച്ചകെട്ടിയിറങ്ങുമ്പോള്‍ എന്തെങ്കിലും പാളിച്ചകള്‍ ഉണ്ടായാല്‍മതി നാം സ്വയം നീതീകരിക്കുന്നതോടൊപ്പം നമ്മുടെ തോല്‍വിയുടെ കുറ്റം നാം അന്യരില്‍ ചാരിയെന്നുമിരിക്കും.

പക്ഷേ, പാളിച്ചകള്‍ നേരിടുമ്പോള്‍ സമചിത്തതയോടെ അല്‌പസമയം അവ വിശകലനം ചെയ്യാന്‍ നമുക്കു സാധിച്ചാല്‍ സ്ഥിതി എത്ര വ്യത്യസ്‌തമാകുമായിരുന്നു! പരാജയത്തിന്റെ കാരണം കണ്ടെത്താനും നഷ്‌ടധൈര്യരാകാതെ ആത്‌മവിശ്വാസത്തോടും ലക്ഷ്യബോധത്തോടുംകൂടി പുതിയതായി മുന്നേറാനും നാം തയാറായാല്‍ ജീവിതവിജയം നമ്മുടേതായി മാറും. അനുഭവങ്ങളില്‍നിന്നും പാളിച്ചകളില്‍നിന്നും നാം പഠിക്കണം. അല്ലെങ്കില്‍ ബുദ്ധിഹീനരെപ്പോലെ നാം അടിതെറ്റി വീഴും. പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ അവയെ മറികടക്കാനാവുമെന്ന ആത്‌മധൈര്യം നമുക്കെപ്പോഴും വേണം. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്നാണല്ലോ ചൊല്ല്‌. ജീവിതത്തിലെ പ്രതിബന്ധങ്ങളെ മാര്‍ഡന്‍ തരണംചെയ്‌ത കഥകൂടി കേള്‍ക്കൂ.

1892-ലെ ശപിക്കപ്പെട്ട ഒരു രാത്രിയില്‍ നെബ്രാസ്‌കയിലുള്ള മാര്‍ഡന്റെ ഹോട്ടല്‍ അഗ്‌നിക്കിരയാക്കി. തന്റെ ജീവിതസമ്പാദ്യമായ ഹോട്ടല്‍ അഗ്‌നിക്കിരയാക്കിയതില്‍ അദ്ദേഹം ഖിന്നനായില്ല. ദീര്‍ഘനാളത്തെ കഠിനാധ്വാനത്തിലൂടെ അദ്ദേഹം തയാറാക്കിയ `പുഷിംഗ്‌ ടു ദ ഫ്രന്റ്‌' എന്ന പുസ്‌തകത്തിന്റെ കൈയെഴുത്തുപ്രതിയും അന്ന്‌ അഗ്‌നിക്കിരയായതിലായിരുന്നു അദ്ദേഹത്തിന്റെ ദുഃഖം. എങ്കിലും മാര്‍ഡന്‍ പതറിയില്ല. താന്‍ എഴുതിപ്പിടിപ്പിച്ച ആശയങ്ങള്‍ സ്വന്തം ജീവിതത്തിലും പ്രാവര്‍ത്തികമാക്കുകതന്നെ- അദ്ദേഹം ദൃഢനിശ്‌ചയം ചെയ്‌തു. രാത്രി പകലാക്കിയുള്ള നീണ്ട കഠിനാധ്വാനത്തിലൂടെ കൈയെഴുത്തുപ്രതി വീണ്ടും അദ്ദേഹം തയാറാക്കി. കൈയില്‍ ചില്ലിക്കാശു ബാക്കിയില്ലാതിരുന്നിട്ടുകൂടി അദ്ദേഹം പുസ്‌തകം പ്രസിദ്ധീകരിക്കുകതന്നെ ചെയ്‌തു. കാരണം, അടി പതറാത്ത ആത്‌മവിശ്വാസത്തോടൊപ്പം ദൈവത്തിന്റെ കരങ്ങളും അദ്ദേഹത്തിനു തുണയുണ്ടായിരുന്നു.

`കാര്യങ്ങള്‍ പ്രയത്‌നത്താലേ സാധിക്കൂ, മനോരഥങ്ങളാല്‍ മാത്രം സിദ്ധിക്കുന്നില്ല' (കാര്യാണി ഉദ്യമേന ഹി സിദ്ധ്യന്തി, ന മനോരഥൈഃ) എന്നാണ്‌ ഗീതോപദേശത്തിലും പറയുന്നത്‌. പക്ഷേ, ജീവിതവിജയത്തിനായി നാം എത്രമാത്രം പ്രയത്‌നിച്ചാലും ദൈവത്തെക്കൂടാതെ നമുക്കു വിജയം നേടാനാവില്ലെന്നുള്ളതാണ്‌ സത്യം. നാം ഉറങ്ങുമ്പോഴും ഉണര്‍ന്നിരുന്നുകൊണ്ട്‌ നമ്മെ പരിപാലിക്കുന്ന സ്‌നേഹപിതാവായ ദൈവത്തെ നാം വിസ്‌മരിക്കാനിടയാവരുത്‌. അവിടുത്ത കൃപാകടാക്ഷത്തിലൂടെ മാത്രമേ നമുക്കു യഥാര്‍ഥത്തില്‍ ജീവിതവിജയം നേടാനാകൂ.

Monday 29 June 2015

ആകുലചിന്തകള്‍ക്ക്‌ അവധി

1914 ഡിസംബര്‍ 9. അന്നു രാത്രിയിലാണ്‌ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള പ്രശസ്‌തമായ എഡിസണ്‍ ഇന്‍ഡസ്‌ട്രീസ്‌ കത്തിച്ചാമ്പലായത്‌. ശാസ്‌ത്രലോകത്ത്‌ ഒന്നിനു പിറകെ ഒന്നായി ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ്‌ ആല്‍വ എഡിസന്റെ സമ്പാദ്യം മുഴുവന്‍ അന്ന്‌ അഗ്‌നിയുടെ സംഹാരതാണ്‌ഡവത്തിനിരയായി. എഡിസണ്‍ ഇന്‍ഡസ്‌ട്രീസ്‌ കത്തിയെരിയുന്നതു കണ്ടുകൊണ്ടുനിന്ന എഡിസന്റെ പക്കലേക്ക്‌ പുത്രന്‍ ചാള്‍സ്‌ ഓടിയെത്തി. ``എവിടെ നിന്റെ അമ്മ?'' അദ്ദേഹം ചോദിച്ചു. ``അവളെ ഉടനെ വിളിച്ചുകൊണ്ടുവരൂ. ഇമ്മാതിരിയൊരു കാഴ്‌ച കാണാന്‍ അവള്‍ക്കിനിയൊരിക്കലും അവസരം കിട്ടിയെന്നു വരില്ല.'' 

പിറ്റേദിവസം തന്റെ സ്വപ്‌നങ്ങളുടെ ചാരക്കൂമ്പാരത്തിനിടയിലൂടെ നടക്കുമ്പോള്‍ എഡിസണ്‍ പുത്രനോടു പറഞ്ഞു: ``ഈ ദുരന്തത്തിനു വലിയൊരു മൂല്യമുണ്ട്‌. നമ്മുടെ കുറവുകളെല്ലാം കത്തിച്ചാമ്പലായി. ഇനി പുതുതായി തുടങ്ങാന്‍ നമുക്കവസരം ലഭിച്ചതിനു ദൈവത്തിനു നന്ദി പറയാം.'' 


എഡിസന്‌ അന്ന്‌ 67 വയസ്‌ പ്രായം. ഒരു പുരുഷായുസ്‌ മുഴുവന്‍ നീണ്ടുനിന്ന നിരന്തരമായ കഠിനാധ്വാനഫലമാണ്‌ അന്നദ്ദേഹത്തിനു നഷ്‌ടമായത്‌. ഇന്‍ഷുറന്‍സ്‌ ഇല്ലാതിരുന്നതുമൂലം പണനഷ്‌ടം മാത്രം 20 ലക്ഷം ഡോളറായിരുന്നു. പക്ഷേ, എഡിസണ്‍ പതറിയില്ല. ആകുലചിന്തകള്‍ അദ്ദേഹത്തെ കാര്‍ന്നുതിന്നില്ല. ഇനി എന്തു സംഭവിക്കുമെന്നോര്‍ത്ത്‌ അദ്ദേഹത്തിന്‌ ഉറക്കവും നഷ്‌ടപ്പെട്ടില്ല. അദ്ദേഹം വീണ്ടും ജോലി തുടങ്ങി. ദുരന്തം കഴിഞ്ഞ്‌ മൂന്നാഴ്‌ച പിന്നിട്ടപ്പോഴേക്കും ആദ്യത്തെ ഫോണോഗ്രാഫ്‌ ലോകത്തിനു സമ്മാനിക്കാന്‍ എഡിസനു സാധിച്ചു!

എഡിസണ്‍ സാധാരണക്കാരനല്ലെന്നു സമ്മതിക്കാം. എങ്കിലും എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ നാമെന്തിനു പരിധിവിട്ട്‌ ആകുലചിത്തരാകുന്നു? നമ്മില്‍ പലര്‍ക്കും എപ്പോഴും ആശങ്കയാണ്‌. പക്ഷേ, നമ്മുടെ ആശങ്കകള്‍ എന്തിനെക്കുറിച്ചാണെന്നു പലപ്പോഴും നമുക്കുതന്നെ അറിയില്ലെന്നുള്ളതാണ്‌ ഏറെ കൗതുകകരം. എഡിസന്റെ സമ്പാദ്യം മുഴുവന്‍ നഷ്‌ടമായപ്പോള്‍ അദ്ദേഹത്തിനു തീ തിന്നു മരിക്കാമായിരുന്നു. പക്ഷേ, തന്റെ ഫാക്‌ടറി കത്തിനശിക്കാനേ അദ്ദേഹം സമ്മതിച്ചുള്ളൂ. തന്റെ മനസും ശരീരവും ആകുലചിന്തകളും അഗ്‌നിതാണ്‌ഡവത്തില്‍നിന്നു വിവേകപൂര്‍വം ഒഴിവാക്കി.



പരിധി ലംഘിക്കാത്ത ആകുലചിന്ത ചിലപ്പോള്‍ കര്‍ത്തവ്യനിര്‍വഹണത്തിനു നമ്മെ പ്രേരിപ്പിച്ചേക്കാം. ഒരു ആകുലചിന്തയുമില്ലാതെ എല്ലാം മറന്നു പാട്ടുംപാടി നടന്നാലും കാര്യങ്ങള്‍ ശരിയാവില്ലല്ലോ. പക്ഷേ, കടിഞ്ഞാണില്ലാത്ത ആകുലചിന്തകള്‍ കാന്‍സര്‍പോലെ ശരീരവും മനസും കാര്‍ന്നുതിന്നും. ജീവിതത്തിന്റെ ഉന്മേഷംതന്നെ അവ ചോര്‍ത്തിക്കളയും. ജീവിതം ലക്ഷ്യംതെറ്റി അലയാനിടയാകുകയും ചെയ്യും.

ഏതു പ്രശ്‌നം അഭിമുഖീകരിക്കേണ്ടിവന്നാലും നമുക്കു ചെയ്യാന്‍ സാധിക്കുന്നവ നാം ചെയ്യുകതന്നെ വേണം. ബാക്കികാര്യം ദൈവത്തിന്റെ സ്‌നേഹപരിപാലനയ്‌ക്ക്‌ വിട്ടുകൊടുക്കുക. അവിടുന്ന്‌ നമുക്കു ഫലം തരുകതന്നെ ചെയ്യും. ജീവിതത്തിലെ ദുഃഖങ്ങളും ആകുലചിന്തകളുമായി ദൈവസന്നിധിയില്‍ നാം പോകാറില്ലേ? പക്ഷേ, നമ്മുടെ ദുഃഖങ്ങളും ആകുലതകളും അവിടുത്തെ പാദാന്തികത്തില്‍ കാഴ്‌ചവച്ചിട്ടു മടങ്ങുന്നതിനു പകരം നാം അവ തിരികെ കൊണ്ടുപോരുകയല്ലേ ചെയ്യുന്നത്‌. ``അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ പക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം'' എന്ന്‌ യേശു പറഞ്ഞത്‌ വെറുതെയാണോ? നമ്മുടെ ആകുലതകള്‍ ഏറ്റുവാങ്ങാനാണ്‌ ഐസയാസ്‌ പ്രവാചകന്‍ പറഞ്ഞിരിക്കുന്നതുപോലെ ``യാഹ്‌വെയുടെ സഹിക്കുന്ന ദാസന്‍'' ഈ മണ്ണില്‍ അവതീര്‍ണനായത്‌. യേശു പറയുന്നു: ``നാളയെപ്പറ്റി നിങ്ങള്‍ ആകുലചിത്തരാകേണ്ട.'' കാരണമെന്തെന്നോ? യേശുവിന്റെ പാതയിലൂടെയാണ്‌ നാം ചലിക്കുന്നതെങ്കില്‍ അവിടുന്ന്‌ എപ്പോഴും നമ്മോടൊപ്പമുണ്ടായിരിക്കും. പിന്നെ നാം എന്തിന്‌ ആകുലചിത്തരാകണം? ``നമ്മള്‍ എവിടെപ്പോയാലും അവിടങ്ങളിലെല്ലാം ദൈവം നമ്മോടൊപ്പമുണ്ടായിരിക്കും'' എന്നാണ്‌ മുഹമ്മദ്‌ നബിയും സാക്ഷ്യപ്പെടുത്തുന്നത്‌ (ഖുര്‍ ആന്‍: 57-4).

വിശ്രുത ഗ്രന്ഥകാരനായ ഡോ.നോര്‍മന്‍ വിന്‍സെന്റ്‌ പീല്‍ ഒരു `വെനസ്‌ഡെ വറി ക്ലബ്ബി'ന്റെ കഥ പറയുന്നുണ്ട്‌. ബ്രിട്ടീഷ്‌ വ്യവസായിയായ ആര്‍ഥര്‍ റാങ്ക്‌ ആണ്‌ ഈ ക്ലബ്ബിന്റെ ഉപജ്ഞാതാവ്‌. അദ്ദേഹത്തിന്‌ എന്ത്‌ ആകുലചിന്തയുണ്ടായാലും ഓരോന്നും ഒരു തുണ്ടുകടലാസിലെഴുതി ഒരു ബോക്‌സിലിടും. ഒരു ആകുലചിന്തയും തന്നെ മഥിക്കാന്‍ അദ്ദേഹം സമ്മതിക്കയില്ല. പിറ്റേ ബുധനാഴ്‌ച കൃത്യം നാലുമണിക്ക്‌ ആ ബോക്‌സ്‌ തുറന്ന്‌ തുണ്ടുകടലാസുകള്‍ വായിച്ചുനോക്കും. പക്ഷേ, അപ്പോഴേക്കും അവയിലെഴുതിയിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും സാധാരണഗതിയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടാവും. പരിഹരിക്കപ്പെടാത്തവ വീണ്ടും ആ ബോക്‌സില്‍ത്തന്നെ നിക്ഷേപിക്കും. ആ പ്രശ്‌നങ്ങള്‍ക്കും അടുത്ത ദിവസങ്ങളില്‍ത്തന്നെ എന്തെങ്കിലും പരിഹാരം ഉണ്ടാകാതിരിക്കില്ല.
നമ്മുടെ അനുഭവം ഇതുപോലെയല്ലേ? ആകുലചിന്തകള്‍ പലപ്പോഴും അനാവശ്യമാണെന്ന്‌ അനുഭവത്തില്‍ നമുക്കറിയാം. വെറുതേ ഓരോന്നു വിചാരിച്ച്‌ നാം അള്‍സര്‍ പിടിപ്പിക്കുന്നുവെന്നുമാത്രം. നമ്മെ ദൈവത്തിന്റെ അനന്തപരിപാലനയ്‌ക്കു സമര്‍പ്പിച്ച്‌ നമ്മുടെ കടമകള്‍ക്കു വീഴ്‌ച വരുത്താതെ മുന്നോട്ടുപോകാമോ? എങ്കില്‍പ്പിന്നെ നമുക്ക്‌ യാതൊരാശങ്കയ്‌ക്കും ആകുലചിന്തയ്‌ക്കും വകയില്ല.
ഒരു കഥയില്ലാക്കഥയോടെ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം: ഒരു മനുഷ്യന്‍ വലിയൊരു ചാക്കു നിറയെ ചുമടുമായി ആയാസപ്പെട്ട്‌ നീങ്ങുമ്പോള്‍ ഒരു മാലാഖ എതിരേ വരുന്നു. ``എന്താണ്‌ ചാക്കിനകത്ത്‌?'' മാലാഖ ചോദിച്ചു.

``എന്റെ ആകുലതകളും ആശങ്കകളും,'' അയാള്‍ മറുപടി പറഞ്ഞു.

``കെട്ടൊന്നഴിക്കൂ. ഞാനവയൊന്നു കാണട്ടെ,'' മാലാഖ അഭ്യര്‍ഥിച്ചു. ചാക്കിന്റെ കെട്ടഴിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു: ``ഇന്നലത്തെ ആകുലതകളും നാളെയെപ്പറ്റിയുള്ള ആശങ്കകളും കാണൂ.'' പക്ഷേ, കെട്ടഴിച്ചപ്പോള്‍ ചാക്ക്‌ ശൂന്യമായിരുന്നു. ``ഇന്നലത്തെ ആകുലതകള്‍ എത്ര പണ്ടേ കഴിഞ്ഞുപോയി. നാളത്തേക്കു വരാനിരിക്കുന്നതല്ലേയുള്ളൂ. വെറുതേ എന്തിന്‌ ഇല്ലാത്ത ചുമടു ചുമക്കുന്നു? ചാക്കുകെട്ട്‌ ദൂരെ എറിയൂ.'' മാലാഖ പറഞ്ഞു.

എന്താ, അര്‍ത്ഥപൂര്‍ണമല്ലേ ഈ കഥയില്ലാക്കഥ?

Saturday 27 June 2015

ദൈവം ഇതാ ഇവിടെ

സോദ്ദേശ്യ സാഹിത്യകാരന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടോള്‍സ്റ്റോയിയുടെ ഒരു ചെറുകഥയിലെ നായകന്‍ ഒരു ചെരിപ്പുകുത്തിയാണ്‌. അയാളൊരു സ്വപ്‌നം കണ്ടു. ദൈവപുത്രനായ യേശു പിറ്റേദിവസം തന്റെ പടിവാതില്‍ക്കല്‍ എത്തുന്നു. ഉറക്കമുണര്‍ന്ന ചെരിപ്പുകുത്തിക്ക്‌ ആവേശമായി. പാപികളോട്‌ ക്ഷമിക്കുകയും ദുഃഖിതരെ ആശ്വസിപ്പിക്കുകയും ചെയ്‌ത കാരുണ്യവാനായ യേശു തന്റെ പടിവാതില്‍ക്കല്‍ കാലുകുത്തുവാന്‍ പോകുന്നു. തന്നെ അനുഗ്രഹിച്ചാശീര്‍വദിക്കാന്‍ എത്തുന്ന അവിടുത്തെ കരം ഗ്രഹിക്കണം. അവിടുത്തെ പാദാന്തികത്തില്‍ സാഷ്‌ടാംഗം പ്രണമിക്കണം. അവിടുത്തെ ദിവ്യവചസുകള്‍ മതിവരുവോളം ശ്രവിക്കണം. അവിടുന്ന്‌ എന്തായിരിക്കും തന്നോടു പറയുക? അയാള്‍ക്ക്‌ ആകാംക്ഷയായി. യേശുവിനോടു സംസാരിക്കുന്ന ആ അമൂല്യനിമിഷങ്ങള്‍ അയാള്‍ ഭാവനയില്‍ കണ്ടു. അപ്പോഴാണ്‌ വിലപിച്ചുകൊണ്ട്‌ ഒരു സാധു സ്‌ത്രീയും കുട്ടിയും ആ വഴി കടന്നുപോയത്‌.

വിവരമെന്താണെന്ന്‌ അയാള്‍ തിരക്കി. അവരുടെ ജീവിതം ആകെ താറുമാറായിരിക്കുന്നു. ദുഃഖം തളംകെട്ടി നില്‍ക്കുന്ന ജീവിതം. പ്രതീക്ഷയ്‌ക്കു വകയില്ല. ഇനി മരിച്ചാല്‍ മതിയത്രേ! അവളും കുട്ടിയും ആത്‌മഹത്യക്കുള്ള പുറപ്പാടിലായിരുന്നു. ചെരുപ്പുകുത്തി അവരെ വിളിച്ചിരുത്തി ആശ്വസിപ്പിച്ചു. അയാളുടെ ദയയും സ്‌നേഹവും അവര്‍ക്കു നവജീവന്‍ പകര്‍ന്നു. ഇല്ല, തനിക്കെല്ലാം നഷ്‌ടപ്പെട്ടിട്ടില്ല എന്ന്‌ ആ സ്‌ത്രീക്കു തോന്നി. പുതിയൊരു തുടക്കത്തിനുള്ള ഒരുക്കത്തോടെ അവര്‍ തിരിച്ചുപോയി.



ചെരുപ്പുകുത്തി വീണ്ടും യേശുവിനെ കാത്തിരിപ്പായി. കുറെ കഴിഞ്ഞപ്പോള്‍ ഒരു വൃദ്ധന്‍ ആ വഴിയെ വന്നു. തണുപ്പുകൊണ്ടയാള്‍ ആകെ വിറങ്ങലിച്ചുപോയിരുന്നു. കൈയില്‍ പണമുണ്ടായിട്ടുവേണമല്ലോ കമ്പിളിവസ്‌ത്രം വാങ്ങാന്‍. ചെരുപ്പുകുത്തിക്ക്‌ അയാളോട്‌ അലിവുതോന്നി. ഉടനെതന്നെ തന്റെ കമ്പിളിയുടുപ്പ്‌ അയാള്‍ക്കു കൊടുത്തു. ക്ഷീണിച്ചവശനായിരുന്ന വൃദ്ധന്‌ ഭക്ഷണവും പാനീയവും നല്‍കി. വൃദ്ധനുമായി സംസാരിച്ചിരുന്ന്‌ നേരംപോയതറിഞ്ഞില്ല. നന്ദി പറഞ്ഞ്‌ വൃദ്ധന്‍ വിരമിക്കുമ്പോള്‍ പകലസ്‌തമിച്ചിരുന്നു. ഇല്ല, ഇനി അവിടുന്നു വരില്ല. സമയം ഏറെ വൈകിപ്പോയിരിക്കുന്നു. എന്തുകൊണ്ടായിരിക്കും അവിടുന്നു വരാതിരുന്നത്‌? ഒരുപക്ഷേ, യേശു തന്നില്‍ സംപ്രീതനല്ലായിരിക്കുമോ?

ഉറങ്ങുന്നതിനുമുമ്പു പതിവുപോലെ അയാള്‍ ബൈബിള്‍ കൈയിലെടുത്ത്‌ വായന തുടങ്ങി. പെട്ടെന്ന്‌ അയാളുടെ കണ്ണും മനസും ഒരു വാക്യത്തില്‍ ഉടക്കി. ``ഈ ചെറിയവരിലൊരുവനു ചെയ്‌തപ്പോഴെല്ലാം നിങ്ങള്‍ എനിക്കുതന്നെയാണ്‌ ചെയ്‌തത്‌.'' അതെ, യേശു തന്നെ സന്ദര്‍ശിച്ചിരിക്കുന്നു! നന്ദി, അവിടുത്തേക്കു നന്ദി. ചെരിപ്പുകുത്തിയുടെ ഹൃദയം ചാരിതാര്‍ത്ഥ്യത്താല്‍ വീര്‍പ്പുമുട്ടി.



ടോള്‍സ്റ്റോയിയുടെ ചെരിപ്പുകുത്തിയെപ്പോലെ ദൈവത്തിന്റെ വരവും കാത്തിരിക്കുന്നവരാണു നമ്മള്‍. ദൈവാനുഭവത്തിലൂടെയേ ശാശ്വതശാന്തി ലഭിക്കൂ എന്നു നമുക്കറിയാം. പക്ഷേ, അവിടുന്ന്‌ എന്തുകൊണ്ടാണ്‌ എപ്പോഴും വൈകുന്നത്‌? പലപ്പോഴും നാം അറിയാതെ ചോദിച്ചുപോകുന്നു. ദൈവം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ജീവിതദുഃഖങ്ങള്‍ ഓടിയകലും. അപ്പോള്‍ നമുക്കു തൃപ്‌തിയായി; ശാന്തിയായി. പക്ഷേ, നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്ന അവിടുത്തെ നമുക്കു കണ്ടെത്താനാവുന്നുണ്ടോ? അവിടുത്തെ വഴികള്‍ പലപ്പോഴും അജ്ഞാതങ്ങളാണെന്നു നമുക്കറിയാം. അതുകൊണ്ടുതന്നെ ആ വഴികള്‍ വിവേചിച്ചറിയാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌.

ദൈവാനുഭവത്തില്‍ എപ്പോഴും ആമഗ്‌നനായിരുന്ന ശങ്കരാചാര്യരെക്കുറിച്ച്‌ ഒരു കഥയുണ്ട്‌: അദ്ദേഹം ശിഷ്യരോടൊപ്പം യാത്രചെയ്യുമ്പോള്‍ അതാ ഒരു ചണ്‌ഡാലന്‍ എതിരേ വരുന്നു. ``വഴി മാറൂ, വഴി മാറൂ,'' ശങ്കരാചാര്യര്‍ വിളിച്ചുപറഞ്ഞു. ഉടനെ ചണ്‌ഡാലന്‍ ആശ്‌ചര്യഭരിതനായി ചോദിച്ചു: ``എന്നിലുള്ള ദൈവം താങ്കള്‍ക്കുവേണ്ടി വഴിമാറിത്തരണമെന്നോ? താങ്കളില്‍ കുടികൊള്ളുന്ന ദൈവത്തെ ഞാനിതാ വണങ്ങുന്നു.'' ചണ്‌ഡാലന്‍ നിലത്തുവീണ്‌ ശങ്കരാചാര്യരെ വണങ്ങി. ഒരു നിമിഷം പകച്ചുനിന്ന ശങ്കരാചാര്യര്‍ നിലത്തുവീണ്‌ ചണ്‌ഡാലനോടു പറഞ്ഞു: ``താങ്കളിലുള്ള ദൈവത്തെ ഞാനും നമിക്കുന്നു.'' ചണ്‌ഡാലനില്‍ ദൈവത്തെ ദര്‍ശിക്കുവാന്‍ സാക്ഷാല്‍ ശ്രീശങ്കരാചാര്യര്‍ക്കുപോലും തെല്ലിട വേണ്ടിവന്നു. അങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ കാര്യമോ?

`ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ നിഷ്‌ഠതി' (ജീവജഗത്തുക്കളുടെ നിയന്താവായ ദൈവം സര്‍വജീവികളുടെയും ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്നു) എന്നാണു ഭഗവദ്‌ഗീത പഠിപ്പിക്കുന്നത്‌. എന്നാല്‍, എണ്ണമറ്റ ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന നമ്മളുണ്ടോ നമ്മിലും മറ്റുള്ളവരിലും കുടികൊള്ളുന്ന ദൈവത്തെ ദര്‍ശിക്കാന്‍ ശ്രമിക്കുന്നു. ദൈവം സമീപസ്ഥനാണെങ്കിലും ആ സാമീപ്യം അറിയാത്തവരാണ്‌ നമ്മള്‍. അവിടുന്നു നമ്മോടൊത്ത്‌ സഹവസിക്കുമ്പോഴും നാം അവിടുത്തെത്തേടി അലയുന്നു. നമ്മുടെ ആഹ്ലാദവിഷാദങ്ങളില്‍ അവിടുന്നു പങ്കുപറ്റുമ്പോഴും ദൈവം എവിടെ എന്നു നാം ചോദിക്കുന്നു. എന്നാല്‍, ദൈവത്തെത്തേടി നാം വിഷമിക്കേണ്ട. അവിടുന്ന്‌ എത്രയോ പണ്ടേ നമ്മെത്തേടിയിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ദൈവപുത്രനായ യേശുവിന്റെ കുരിശുമരണത്തെയോര്‍ത്ത്‌ മഗ്‌ദലനയിലെ മറിയം വിഷാദിച്ചിരിക്കുമ്പോള്‍ ഉത്‌ഥാനനാളില്‍ യേശു അവളെ തേടിയെത്തി. അപ്പോള്‍ അവളുടെ ആഹ്ലാദത്തിന്‌ അതിരില്ലായിരുന്നു.
പാപമോചനത്തിലൂടെ നേടിയ ആത്‌മവിശുദ്ധി യേശുവിനെ ദര്‍ശിക്കാന്‍ മഗ്‌ദലനയിലെ മറിയത്തെ പ്രാപ്‌തയാക്കി. ആത്‌മവിശുദ്ധിയോടെ നമുക്കവിടുത്തെ സ്വീകരിക്കാന്‍ ശ്രമിക്കാം. നമ്മുടെ ഹൃദയവും മനസും അവിടുത്തേക്കായി തുറന്നുകൊടുക്കാം.

Thursday 25 June 2015

പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലും

സുപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായ മാക്‌സിം ഗോര്‍ക്കിയുടെ `നൈറ്റ്‌ ഡെന്‍' എന്ന നാടകത്തിലെ ഒരു രംഗം: രാപ്പക്ഷിയുടെ ചിറകടി അകന്നകന്നു പോകുന്നു. അകലെ എവിടെയോ പൂവന്‍കോഴി നിറുത്താതെ കൂവുന്നുണ്ട്‌. കിഴക്കു വെള്ള കീറിയതു തടവറയിലേക്കും അരിച്ചിറങ്ങുന്നു. തടവുകാര്‍ തപ്പിത്തടഞ്ഞ്‌ എഴുന്നേല്‍ക്കുകയാണ്‌. അവരുടെ കൈകാലുകളില്‍ കനത്ത ചങ്ങലകള്‍! ആര്‍ക്കും നീണ്ടുനിവര്‍ന്നു നില്‍ക്കാനാവുന്നില്ല. അസ്‌തിത്വം ഒരു ഭാരമായി മാറിയ അവര്‍ സ്വയം ശപിച്ച്‌ അലമുറയിടുന്നു. അടുത്തു നില്‍ക്കുന്നവരെ ഭര്‍ത്‌സിക്കുന്നു. പക്ഷേ, അവരിലൊരാള്‍ക്ക്‌ അപ്പോഴും പ്രതീക്ഷയാണ്‌. അയാള്‍ `കണ്ണുപൂട്ടി കൈകള്‍ കൂപ്പി' അല്ലാഹുവിനോടു പ്രാര്‍ഥിക്കുന്നു. അയാളുടെ മനസ്‌ ഏകാഗ്രമാണ്‌. ഹൃദയം മുഴുവന്‍ ദൈവം നിറഞ്ഞുനില്‍ക്കുന്നു.



ഹോളിവുഡിലെ വിശ്രുത ചലച്ചിത്ര നിര്‍മാതാവായ സെസില്‍ ഡിമെല്‍ തന്റെ ജീവിതത്തില്‍നിന്നു വര്‍ണപ്പകിട്ടോടെ കുറിച്ചുവച്ചിരിക്കുന്ന ഒരു ധന്യമുഹൂര്‍ത്തംകൂടി അനുസ്‌മരിക്കട്ടെ: സെസിലിന്റെ നാലു വയസുള്ള ഓമനപ്പുത്രിയാണ്‌ സിസിലിയാ. ആ കൊച്ചുമിടുക്കി ഒരിക്കല്‍ ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ്‌ പതിവുപോലെ ഡാഡിക്കും മമ്മിക്കും `ഗുഡ്‌നൈറ്റ്‌' നേര്‍ന്നു. അവര്‍ സിസിലിയായെ കിടത്തി മുറിക്കു പുറത്തു കടക്കുമ്പോള്‍ അവള്‍ പറയുന്നതു കേട്ടു: ``സ്‌നേഹദൈവമേ, ഇത്‌ ഹോളിവുഡില്‍നിന്ന്‌ സിസിലിയാ ഡിമെല്‍ ആണ്‌. ഞാന്‍ അങ്ങേയ്‌ക്ക്‌ ശുഭരാത്രി നേരുന്നു.''

നാടകത്തിലെയും ജീവിതത്തിലെയും ഓരോ രംഗം. രണ്ടും ധന്യനിമിഷങ്ങള്‍തന്നെ. നൈറ്റ്‌ ഡെന്നിലെ തടവുകാര്‍ സ്വയം ശപിക്കുമ്പോള്‍ അവരിലൊരാള്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കാന്‍ തയാറാവുന്നു. ജീവിതദുഃഖത്തിന്റെ അഭിശപ്‌തനിമിഷത്തില്‍പോലും അയാള്‍ പ്രത്യാശ കൈവെടിഞ്ഞിട്ടില്ല. സങ്കീര്‍ത്തകനായ ദാവീദ്‌ ``അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിക്കുന്നു. ദൈവമേ, എന്റെ ശബ്‌ദം കേള്‍ക്കണമേ'' എന്നു പ്രാര്‍ഥിച്ചതുപോലെ അയാള്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു.

സിസിലിയായുടെ കഥ മറിച്ചാണ്‌. ആനന്ദപൂര്‍ണമാണ്‌ അവളുടെ ജീവിതം. എവിടെയും പൂക്കളും പൂമ്പാറ്റകളും വര്‍ണങ്ങളും മാരിവില്ലുകളും മാത്രം. അവളും സ്‌നേഹപിതാവായ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നു. അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുന്നു. താന്‍ ഉറങ്ങുന്നതിനുമുമ്പ്‌ അവിടുത്തേക്ക്‌ ശുഭരാത്രി നേരുന്നു.

``പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലുമാണ്‌ പ്രാര്‍ത്ഥന'' എന്നു ഗാന്ധിജി പറഞ്ഞത്‌ എത്രയോ ശരി! സന്തോഷത്തിലും സന്താപത്തിലും സുഖത്തിലും ദുഃഖത്തിലും ദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ നമുക്കു സാധിക്കണം. ``ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍'' എന്നാണ്‌ യേശു പഠിപ്പിച്ചിരിക്കുന്നത്‌. പക്ഷേ, നമ്മുടെ പ്രാര്‍ഥന എങ്ങനെയുള്ളതാണ്‌? ഒരു മുറിവുണ്ടായാല്‍ `ഫസ്റ്റ്‌ എയ്‌ഡ്‌ കിറ്റു'മായി ദൈവം ഓടിയെത്തണമെന്നാണ്‌ പലപ്പോഴും നമ്മുടെ നിലപാട്‌. നാം ചോദിക്കുന്നവ ആ നിമിഷത്തില്‍ത്തന്നെ നമുക്കു ലഭിക്കണം. അല്ലെങ്കില്‍ നാം അക്ഷമരാകും. നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം `ഉറങ്ങുക'യാണെന്ന്‌ നാം തള്ളിപ്പറഞ്ഞെന്നും വരും. എന്നാല്‍, കാര്യങ്ങളെല്ലാം ഭംഗിയായി നടന്നാലോ? നാം ദൈവത്തിന്‌ അപ്പോള്‍ത്തന്നെ നന്ദി പറയുമോ? വെറുതെ ദൈവത്തെ വിളിച്ച്‌ എന്തിന്‌ `ശല്യപ്പെടുത്തണം' എന്നായിരിക്കും അപ്പോള്‍ നമ്മുടെ നിലപാട്‌. 

കൊച്ചു സിസിലിയായുടെ ഹൃദയനൈര്‍മല്യത്തോടെ അവിടുത്തേക്കു `ശുഭരാത്രി' നേര്‍ന്നിട്ട്‌ നമുക്കെന്നെങ്കിലും ഉറങ്ങാനാവുമോ?
നമ്മുടെ പ്രാര്‍ത്ഥന `ഉറങ്ങുന്ന ദൈവത്തെ ഉണര്‍ത്താന്‍' വേണ്ടിയുള്ളതാകരുത്‌. നാം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതിന്‌ എത്രയോ മുമ്പ്‌ അവിടുന്ന്‌ നമ്മെ തേടിയിറങ്ങിക്കഴിഞ്ഞു! നാം ചോദിക്കാതെതന്നെ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്ന കാരുണ്യവാനാണ്‌ അവിടുന്ന്‌. എങ്കിലും വേണ്ടതിന്റെയെല്ലാം ഒരു `ഷോപ്പിംഗ്‌ ലിസ്റ്റ്‌' നിരത്തി പ്രാര്‍ത്ഥിക്കാനാണ്‌ നമുക്കു താല്‌പര്യം.



നമ്മെ ആവരണം ചെയ്‌തിരിക്കുന്ന അവിടുത്തെ സ്‌നേഹത്തെക്കുറിച്ചുള്ള നന്ദിസൂചകമായ അനുസ്‌മരണമായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ദൈവത്തിനു നമ്മോടു പറയാനുള്ളതു കേള്‍ക്കുവാനുള്ള വിലപ്പെട്ട നിമിഷമാണ്‌ പ്രാര്‍ത്ഥന. വാതോരാതെ നാം പറഞ്ഞുകൊണ്ടിരുന്നാല്‍ അവിടുത്തേക്കു പറയാനുള്ളത്‌ നമുക്കെങ്ങനെ കേള്‍ക്കാനാവും? പ്രധാനാചാര്യനായ ഹേലിയോടൊത്തു ദേവാലയത്തില്‍ കഴിഞ്ഞ ബാലനായ സാമുവലിനെപ്പോലെ നാം ദൈവത്തോടു പറയണം: ``നാഥാ അങ്ങു സംസാരിച്ചാലും. അങ്ങയുടെ ദാസന്‍ കേള്‍ക്കുന്നു'' (1 സാമുവല്‍ 3, 10).

നമ്മുടെ ചിന്തയും മനസും ദൈവത്തിലര്‍പ്പിച്ച്‌ അവിടുത്തെ വചനം നാം സാകൂതം ശ്രവിക്കണം. ഗീതയില്‍ ഭഗവാന്‍ പറയുന്നതു ശ്രദ്ധിക്കൂ: ``പരമാത്മാവായ- ഏകനും അദ്വിതീയനുമായ- എന്നെത്തന്നെ ശരണം പ്രാപിക്കൂ. ഞാന്‍ നിന്നെ സര്‍വ പാപങ്ങളില്‍നിന്നും സര്‍വ വാസനാബന്ധങ്ങളില്‍നിന്നും മോചിപ്പിക്കും. നീ ദുഃഖിക്കേണ്ട'' (ഗീത- 18, 66). നമ്മുടെ പ്രാര്‍ത്ഥന സ്‌നേഹദൈവത്തിലുള്ള നമ്മുടെ ശരണാഗമനം ആയിരിക്കണം. നമ്മെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ മാത്രമേ അവിടുത്തേക്കു നമ്മെ സ്‌പര്‍ശിക്കാനാവൂ; നമ്മുടെ ഹൃദയങ്ങളെ തൊട്ടുണര്‍ത്താനാവൂ. സ്‌നേഹം മനുഷ്യഹൃദയത്തെ സ്‌പര്‍ശിക്കുമ്പോള്‍ എന്തെന്ത്‌ അത്ഭുതങ്ങളാണ്‌ നടക്കുക! എന്നാല്‍, ദൈവസ്‌നേഹം മനുഷ്യഹൃദയത്തെ സ്‌പര്‍ശിക്കാന്‍ ഇടയായാലോ? യഥാര്‍ഥത്തില്‍ വലിയ അത്ഭുതങ്ങള്‍തന്നെ നടക്കും. പാപമാലിന്യങ്ങളില്‍നിന്നുള്ള മോചനത്തോടൊപ്പം ദൈവത്തെത്തന്നെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം നമ്മുടെ ഹൃദയം അപ്പോള്‍ വികസിക്കും. ദൈവം നമ്മെ സ്‌പര്‍ശിക്കാന്‍ നമുക്കനുവദിക്കാം. യഥാര്‍ത്ഥ അത്ഭുതങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കട്ടെ.

Friday 22 May 2015

പരസഹായത്തിനു പാരിതോഷികം

പില്‍ക്കാലത്ത്‌ അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഹെര്‍ബര്‍ട്ട്‌ ഹൂവര്‍ (1874 -1964) സ്റ്റാന്‍ഫെര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം. അക്കാലത്ത്‌ അന്താരാഷ്‌ട്ര പ്രസിദ്ധിയാര്‍ജിച്ച ഏറ്റവും വലിയ പിയാനിസ്റ്റും സംഗീതജ്ഞനും പോളണ്ടുകാരനായ ഇഗ്‌നാസ്‌ പാദരെവ്‌സ്‌കി (1860 - 1941) ആയിരുന്നു.

പാദരെവ്‌സ്‌കിയെ സ്റ്റാന്‍ഫെര്‍ഡില്‍ ഒരു സംഗീതപരിപാടിക്കു കൊണ്ടുവരണമെന്നു ഹൂവറിനു വലിയ മോഹം. അദ്ദേഹം തന്റെ ആഗ്രഹം മേലധികാരികളെ അറിയിച്ചു. പാദരെവ്‌സ്‌കിക്കുള്ള പ്രതിഫലത്തുക സ്വയം സമാഹരിച്ചു കൊടുത്തുകൊള്ളണം എന്ന നിബന്ധനയില്‍ യൂണിവേഴ്‌സിറ്റി അധികാരികള്‍ ഹൂവറിന്റെ നിര്‍ദേശത്തിനു പച്ചക്കൊടി കാട്ടി.



അധികാരികളുടെ അനുമതി കിട്ടിയ ഹൂവര്‍ വേഗം പാദരെവ്‌സ്‌കിയുമായി ബന്ധപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സംഗീതപരിപാടികള്‍ക്കായി അമേരിക്കയിലെത്തിയിരുന്ന പാദരെവ്‌സ്‌കി ഹൂവറിന്റെ ക്ഷണം സ്വീകരിച്ചു സ്റ്റാന്‍ഫര്‍ഡിലെത്തി. 

പക്ഷേ, പബ്ലിസിറ്റിയുടെ കുറവുമൂലമോ മറ്റോ വളരെ കുറച്ചാളുകള്‍ മാത്രമേ ടിക്കറ്റ്‌ വച്ചുള്ള ആ പരിപാടിയില്‍ പങ്കെടുത്തുള്ളൂ. തന്മൂലം കളക്‌ഷന്‍ വളരെ കുറവായിരുന്നു. പാദരെവ്‌സ്‌കിയുമായി സമ്മതിച്ചിരുന്ന പ്രതിഫലത്തുകയുടെ ചെറിയൊരു ശതമാനം മാത്രമേ ടിക്കറ്റ്‌ വിറ്റതില്‍നിന്നു ലഭിച്ചുള്ളൂ. ഹൂവറിന്റെ കൈവശമാണെങ്കില്‍ വേറെ പണവും ഉണ്ടായിരുന്നില്ല.

ഹൂവര്‍ വിവരം പാദരെവ്‌സ്‌കിയോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഹൂവറിന്റെ തോളത്തു തട്ടിക്കൊണ്ട്‌ പറഞ്ഞു: പ്രതിഫലത്തുകയെക്കുറിച്ച്‌ വിഷമിക്കേണ്ട. എനിക്ക്‌ ഇന്നിവിടെ വന്നതിന്റെ യാത്രച്ചെലവ്‌ മാത്രം തന്നാല്‍ മതിയാകും.

പാദരെവ്‌സ്‌കിയുടെ വിശാലമനസ്‌കതയ്‌ക്കും സഹകരണത്തിനും ഹൂവര്‍ അന്ന്‌ നിരവധിതവണ നന്ദിപറഞ്ഞു. ഈ സംഭവത്തിനു ശേഷം കുറേവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിനു ശേഷം പാദരെവ്‌സ്‌കി പോളണ്ടിലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. യുദ്ധത്തില്‍ തകര്‍ന്ന പോളണ്ട്‌ സാമ്പത്തികമായി വളരെ കഷ്‌ടപ്പെടുന്ന അവസരമായിരുന്നു അത്‌. ഈയവസരത്തില്‍ അമേരിക്കയുടെ യുദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നതു സ്റ്റാന്‍ഫെര്‍ഡിലെ പഴയ വിദ്യാര്‍ഥിയായിരുന്ന ഹൂവറായിരുന്നു. അദ്ദേഹം പോളണ്ടില്‍ ഓടിയെത്തി പാദരെവ്‌സ്‌കിയോടു പറഞ്ഞു: "പണ്ട്‌ അങ്ങ്‌ എന്നോട്‌ ഒരു കാരുണ്യം കാണിച്ചു. ഇന്ന്‌ അങ്ങയെ സഹായിക്കാന്‍ ഞാന്‍ വന്നിരിക്കുകയാണ്‌. അങ്ങയുടെ ജനങ്ങള്‍ക്ക്‌ എന്തുമാത്രം ഭക്ഷണസാധനങ്ങള്‍ വേണമോ അവ ഞാനിവിടെ എത്തിക്കാം."

ഹൂവര്‍ ഏതെങ്കിലും രീതിയില്‍ ഭാവിയില്‍ തന്നെ സഹായിക്കുമെന്നു പ്രതീക്ഷിച്ചായിരുന്നില്ല പണ്ട്‌ പാദരെവ്‌സ്‌കി ഹൂവറിനോട്‌ കാരുണ്യം കാണിച്ചത്‌. ഹൂവര്‍ താന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ പാദരെവ്‌സ്‌കി മനസറിഞ്ഞു ഹൂവറിനോട്‌ കാരുണ്യം കാണിക്കുകയാണു ചെയ്‌തത്‌.

പക്ഷേ, അതിനു പിന്നീടുണ്ടായ ഫലം എത്രയധികമാണെന്നു നോക്കൂ. നാം ആര്‍ക്കെങ്കിലും ഒരു നന്മ ചെയ്‌താല്‍ അതിനു പരലോകത്തില്‍ മാത്രമല്ല ഇഹലോകത്തിലും നമുക്ക്‌ പ്രതിസമ്മാനം ലഭിക്കും എന്നതില്‍ സംശയം വേണ്ട. ഒരുപക്ഷേ നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ അപ്പോള്‍ത്തന്നെ പ്രതിസമ്മാനം ലഭിച്ചുവെന്നുവരില്ല. എന്നാല്‍, സ്‌നേഹത്താല്‍ പ്രേരിതമായി നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ എന്നെങ്കിലും പ്രതിസമ്മാനം ലഭിക്കും എന്നതു തീര്‍ച്ചയാണ്‌.

അമേരിക്കന്‍ പശ്ചാത്തലത്തില്‍നിന്നുതന്നെ വേറൊരു സംഭവം കുറിക്കട്ടെ. ഹോളിവുഡ്‌ഡിലെ പ്രസിദ്ധനായ ഒരു സിനിമാ നിര്‍മാതാവായിരുന്നു ബ്രയന്‍ ഫോയി. 1928-ലെ ഒരു പ്രഭാതത്തില്‍ അദ്ദേഹം വാര്‍ണര്‍ സ്റ്റുഡിയോയിലെ തന്റെ ഓഫീസിലിരിക്കുമ്പോള്‍ ഫാ. ഹ്യു ഒഡോണല്‍ അവിടേക്ക്‌ കയറിച്ചെന്നു. നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌ വെല്‍ഫെയര്‍ ഡയറക്‌ടറായിരുന്നു അദ്ദേഹം.

ഫോയി, ഫാ. ഒഡോണലിനെ സ്വീകരിച്ചിരുത്തി. എന്നിട്ടു കാര്യം തിരക്കി. നോട്ടര്‍ഡേമിലെ ഒരു സംഗീതട്രൂപ്പുമായി കാലിഫോര്‍ണിയയില്‍ പര്യടനത്തിനിറങ്ങിയതായിരുന്നു അദ്ദേഹം. പക്ഷേ, പരിപാടികള്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ഇന്‍ഡ്യാനയിലെ സൗത്ത്‌ ബെന്‍ഡിലുള്ള യൂണിവേഴ്‌സിറ്റിയിലേക്ക്‌ മടങ്ങിപ്പോകാനാണെങ്കില്‍ അവരുടെ കൈയില്‍ പണവുമില്ല. വാര്‍ണര്‍ ബ്രദേഴ്‌സ്‌ പുറത്തിറക്കുന്ന ഏതെങ്കിലും ഒരു സിനിമയില്‍ പാടാനും അങ്ങനെ യാത്രച്ചെലവിനുള്ള പണം സമ്പാദിക്കാനും സാധിക്കുമോ എന്നാണ്‌ ഫാ. ഒഡോണലിന്‌ അറിയേണ്ടിയിരുന്നത്‌. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടില്‍ അനുകമ്പ തോന്നി ഫോയി സിനിമയില്‍ പാടാന്‍ ചാന്‍സ്‌ നല്‍കി. പ്രതിഫലമായി 1500 ഡോളറും നല്‍കി. അക്കാലത്ത്‌ വലിയൊരു തുകയായിരുന്നു അത്‌.



മൂന്നുവര്‍ഷത്തിനു ശേഷം 1931 -ല്‍ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോള്‍ കോച്ചായിരുന്ന ക്‌നൂട്ട്‌ റോക്‌നി ഒരു വിമാനാപകടത്തില്‍ മരിച്ചു. അക്കാലത്ത്‌ അമേരിക്കന്‍ ഫുട്‌ബോളിന്റെ ശക്തികേന്ദ്രം നോട്ടര്‍ഡേം ആയിരുന്നു. കോച്ച്‌ റോക്‌നിയാകട്ടെ ഫുട്‌ബോള്‍ പ്രേമികളുടെ കാണപ്പെട്ട ദൈവവും.

ഫുട്‌ബോളില്‍ ഒട്ടേറെ ഐതിഹാസിക വിജയങ്ങള്‍ നേടിയെടുത്തിട്ടുള്ള റോക്‌നിയെക്കുറിച്ച്‌ സിനിമ പുറത്തിറക്കാന്‍ ഹോളിവുഡ്‌ഡിലെ എല്ലാ പ്രധാന സ്റ്റുഡിയോകളും ആഗ്രഹിച്ചു. അന്ന്‌ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സ്റ്റുഡിയോ മേധാവിയായിരുന്ന ഫോയി നോട്ടര്‍ഡേമിലുള്ള ഫാ. ഒഡോണലിനെ ഫോണില്‍ വിളിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം ഉദ്ദേശ്യം അറിയിച്ചു. റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നു ഫോയി അറിയിച്ചപ്പോള്‍ ഫാ. ഒഡോണല്‍ പറഞ്ഞു: "എന്റെ വിദ്യാര്‍ഥികളെ സഹായിച്ച നിങ്ങളെ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി മറക്കില്ല."

റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ വാര്‍ണര്‍ ബ്രദേഴ്‌സിനെ യൂണിവേഴ്‌സിറ്റി അനുവദിച്ചു. എന്നുമാത്രമല്ല, സിനിമ ഷൂട്ട്‌ ചെയ്യുന്നതിന്‌ യൂണിവേഴ്‌സിറ്റി കാമ്പസ്‌ സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്‌തു. ഈ സിനിമവഴി വാര്‍ണര്‍ ബ്രദേഴ്‌സ്‌ കോടിക്കണക്കിനു ഡോളര്‍ ലാഭമുണ്ടാക്കിയിട്ടും നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി അവരോടു പണം വാങ്ങിയില്ല. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോടു ഫോയി കാണിച്ച സന്മനസിനുള്ള പ്രതിസമ്മാനമായിരുന്നു യൂണിവേഴ്‌സിറ്റിയുടെ ഈ മഹാമനസ്‌കത.

അതേ, ആര്‍ക്കെങ്കിലും ഉപകാരം ചെയ്‌താല്‍ അതിനു ഫലമുണ്ടാകും. ഒപ്പം എന്നെങ്കിലും നമുക്ക്‌ പ്രതിസമ്മാനവും. എന്നാല്‍ പ്രതിസമ്മാനം ആഗ്രഹിച്ചായിരിക്കരുത്‌ നാം മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യാന്‍ ദൈവം നമുക്ക്‌ കഴിവും അവസരവും നല്‍കിയിരിക്കുന്നതുകൊണ്ട്‌ അതിനു നന്ദിസൂചകമായിട്ടായിരിക്കണം നാം ഇങ്ങനെ ചെയ്യുന്നത്‌.

Tuesday 19 May 2015

നിറഞ്ഞ മനസോടെ നീളട്ടെ കൈകള്‍

ഒരു റെസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണു കുറേ കുട്ടികള്‍ വലിയ കമ്പിവളയങ്ങള്‍ ഉരുട്ടിക്കൊണ്ട്‌ വഴിയിലൂടെ ഓടുന്നതു കണ്ടത്‌. ആ കാഴ്‌ച കൗതുകപൂര്‍വം അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവരുടെ വളരെ പിന്നിലായി മുടന്തനായ ഒരു പയ്യനും ഒരു കമ്പിവളയം ഉരുട്ടിക്കൊണ്ട്‌ മുന്നോട്ടു പോകുന്നത്‌ അദ്ദേഹം കണ്ടു.

ആ പയ്യനെ കണ്ടയുടനേ അദ്ദേഹം റെസ്റ്ററന്റിനു പുറത്തിറങ്ങി അവനെ സമീപിച്ചു ചോദിച്ചു: "പാദം മടങ്ങിയിരിക്കുന്നതുകൊണ്ട്‌ നടക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടോ?'' 

അവന്‍ പറഞ്ഞു: ഓടാന്‍ വലിയ ബുദ്ധിമുട്ടാണ്‌. പിന്നെ, ഈ കാലിനുവേണ്ടി പ്രത്യേകം ചെരിപ്പുണ്ടാക്കണം.'' ഒരുനിമിഷത്തെ നിശബ്‌ദതയ്‌ക്കു ശേഷം അവന്‍ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു:എന്തുകൊണ്ടാണ്‌ അങ്ങ്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചത്‌?'' ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു:ഒരുപക്ഷേ, നിന്റെ പാദം നേരേയാക്കിത്തരാന്‍ എനിക്കു സാധിച്ചേക്കും. എന്താ, നിനക്കതിന്‌ ആഗ്രഹമുണ്ടോ?'' 


"തീര്‍ച്ചയായും.'' അവന്‍ മറുപടി പറഞ്ഞു. അദ്ദേഹം അവന്റെ പേരും വിലാസവും കുറിച്ചെടുത്തശേഷം അവനെ യാത്രയാക്കി. ജിമ്മി എന്നായിരുന്നു അവന്റെ പേര്‌. അവന്റെ മാതാപിതാക്കളെ കണ്ട്‌ അവന്റെ കാലില്‍ ഓപ്പറേഷന്‍ നടത്തുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ അദ്ദേഹം തന്റെ ഡ്രൈവറെ ചുമതലപ്പെടുത്തി.

 ഡ്രൈവര്‍ ജിമ്മിയുടെ വീട്ടിലെത്തി അവന്റെ മാതാപിതാക്കളോട്‌ പറഞ്ഞു: "ഞാന്‍ വലിയൊരു പണക്കാരനെ പ്രതിനിധീകരിച്ചാണ്‌ വന്നിരിക്കുന്നത്‌. നിങ്ങളുടെ മകന്റെ മുടന്തുകാല്‍ ഒരു ഓപ്പറേഷനിലൂടെ നേരേയാക്കാന്‍ അദ്ദേഹം തയാറാണ്‌. മറ്റു കുട്ടികളെപ്പോലെ ജിമ്മിയും ഓടിനടന്നു കളിക്കണം എന്നാണ്‌ അദ്ദേഹത്തിന്റെ ആഗ്രഹം.''

ജിമ്മിയുടെ മാതാപിതാക്കള്‍ പരസ്‌പരം നോക്കി. അല്‍പനേരത്തെ മൗനത്തിനു ശേഷം ജിമ്മിയുടെ മാതാവ്‌ ചോദിച്ചു: "ഈ ലോകത്തില്‍ ആരും ഒന്നും വെറുതേ ദാനം ചെയ്യാറില്ലല്ലോ. എന്താണ്‌ നിങ്ങളുടെ ലക്ഷ്യം?'' ഡ്രൈവര്‍ തന്റെ യജമാനന്‍ ആരെന്നു വെളിപ്പെടുത്താതെ കാര്യങ്ങള്‍ വിശദീകരിച്ചു. പണമുള്ളതുകൊണ്ടും സന്മനസുള്ളതുകൊണ്ടും മാത്രമാണ്‌ തന്റെ യജമാനന്‍ അങ്ങനെയൊരു സല്‍കൃത്യം ചെയ്യാന്‍ തയാറാകുന്നതെന്നും അയാള്‍ വിശദീകരിച്ചു. അവരുടെ ഒപ്പിട്ട സമ്മതപത്രം കിട്ടിയതിനു ശേഷം ജിമ്മിയുടെ ഓപ്പറേഷന്റെ സകല ചെലവുകളും യജമാനന്‍ വഹിക്കുന്നതാണെന്നും അയാള്‍ അവര്‍ക്ക്‌ ഉറപ്പു നല്‍കി.

ഇതിനുശേഷം അവരുടെ നഗരത്തിലെ മേയര്‍വഴിയും ഈ വാഗ്‌ദാനം അവരെ അറിയിച്ചു. അവരുടെ അത്യാവശ്യ ചെലവുകള്‍ക്കായി കുറേ പണവും അദ്ദേഹം അവര്‍ക്ക്‌ എത്തിച്ചുകൊടുത്തു. അധികം താമസിയാതെ ജിമ്മിയുടെ പിതാവിന്റെ ഒപ്പിട്ട സമ്മതപത്രം അദ്ദേഹത്തിനു ലഭിച്ചു.
ജിമ്മിയുടെ പാദം നേരേയാക്കാന്‍ അഞ്ച്‌ ഓപ്പറേഷനുകളാണ്‌ വേണ്ടിയിരുന്നത്‌. ജിമ്മിയുടെ വീട്ടില്‍നിന്ന്‌ വളരെ അകലെയുള്ള ഒരു ആശുപത്രിയിലായിരുന്നു ഈ ശസ്‌ത്രക്രിയകളെല്ലാം നടന്നത്‌.


ഓപ്പറേഷനുകളെല്ലാം വിജയമായിരുന്നു. അവസാനത്തെ ഓപ്പറേഷന്‍ കഴിഞ്ഞു പാദം നേരേയായപ്പോള്‍ ജിമ്മിയെ വീട്ടിലെത്തിച്ചതു ധനാഢ്യന്റെ ഡ്രൈവറായിരുന്നു. അന്ന്‌ അവനെ സ്വീകരിക്കാന്‍ വീട്ടുകാരും നാട്ടുകാരുമെല്ലാം കാത്തുനില്‍ക്കുമ്പോള്‍ ജിമ്മി കാറില്‍നിന്നിറങ്ങി മുടന്തുകൂടാതെ അവരുടെ മുമ്പിലേക്കു നടന്നുനീങ്ങി. അദ്‌ഭുതകരമായ കാഴ്‌ചയായിരുന്നു അത്‌. അവര്‍ ദൈവത്തിനും തങ്ങളുടെ അജ്ഞാത സുഹൃത്തിനും നന്ദിപറഞ്ഞുകൊണ്ട്‌ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. നടന്ന സംഭവമെല്ലാം പിന്നീട്‌ ഡ്രൈവര്‍ തന്റെ യജമാനനോട്‌ വിവരിച്ചപ്പോള്‍ അദ്ദേഹം സന്തോഷാശ്രുക്കള്‍ തുടച്ചുകൊണ്ട്‌ പറഞ്ഞു: "അടുത്ത ക്രിസ്‌മസിന്‌ ജിമ്മിക്കും കുടുംബാംഗങ്ങള്‍ക്കും ഓരോ ജോഡി ഷൂസ്‌ വാങ്ങിച്ചുകൊടുക്കണം.''

അദ്ദേഹം അന്നു പറഞ്ഞതുപോലെ അടുത്ത ക്രിസ്‌മസിന്‌ ജിമ്മിക്കും കുടുംബാംഗങ്ങള്‍ക്കും ഓരോ ജോഡി ഷൂസ്‌ ലഭിച്ചു. പക്ഷേ, ജിമ്മിയുടെ ഓപ്പറേഷന്‍ നടത്താനും അതിനുപിന്നാലെ ഷൂസ്‌ വാങ്ങിക്കൊടുക്കാനും ആരാണു പണം ചെലവാക്കിയതെന്ന്‌ ജിമ്മിയും കുടുംബാംഗങ്ങളും ഒരിക്കലും അറിഞ്ഞില്ലത്രേ. ഈ കഥ എഴുതിയിരിക്കുന്നത്‌ അന്നത്തെ ഡ്രൈവറുടെ കൊച്ചുമകനും മതപ്രസംഗകനുമായ വുഡ്‌ഡി മക്കേ ജൂണിയര്‍ ആയതുകൊണ്ട്‌ ഇതു വാസ്‌തവമാണെന്നു നമുക്ക്‌ വിശ്വസിക്കാം.


ഇനി, ഇത്രയും മഹാമനസ്‌കത കാട്ടിയ ധനാഢ്യനാരെന്നറിയേണ്ടേ? അദ്ദേഹമാണ്‌ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയുടെ സ്ഥാപകനും പരോപകാര തത്‌പരനുമായിരുന്ന ഹെന്‍റി ഫോര്‍ഡ്‌ (1863-1947).



അമേരിക്കക്കാരനായ ഫോര്‍ഡിന്റെ ഈ കഥ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഔദാര്യത്തെ നാം പുകഴ്‌ത്തിയേക്കും. അതുപോലെ സാധിക്കുന്നവരെല്ലാം അദ്ദേഹത്തെ അനുകരിക്കണമെന്നും നാം പറഞ്ഞേക്കും. ഫോര്‍ഡിനെപ്പോലെ മറ്റുള്ളവര്‍ക്കു സഹായഹസ്‌തം നീട്ടാന്‍ നമുക്ക്‌ പണമില്ലല്ലോ എന്നു വിലപിക്കുകയും ചെയ്‌തേക്കാം.

എന്നാല്‍ സത്യമെന്താണ്‌? മനസുണ്ടെങ്കില്‍ ഫോര്‍ഡ്‌ ചെയ്‌തതും അതിലപ്പുറവും ചെയ്യാന്‍ നമ്മില്‍ പലര്‍ക്കും സാധിക്കുമെന്നതല്ലേ വസ്‌തുത? പണമില്ലാത്തതുകൊണ്ടാണോ യഥാര്‍ഥത്തില്‍ മറ്റുള്ളവരെ സഹായിക്കാത്തത്‌? പണത്തേക്കാളേറെ മറ്റുള്ളവരെ സഹായിക്കാനുള്ള സന്മനസല്ലേ നമുക്കില്ലാതെ പോയിരിക്കുന്നത്‌?

നമ്മുടെ ചുറ്റുമുള്ള പലര്‍ക്കും അത്രവലിയ സാമ്പത്തികസഹായമൊന്നും പലപ്പോഴും വേണ്ടിവരാറില്ല. പെണ്‍കുട്ടികളെ കെട്ടിച്ചയയ്‌ക്കുന്നതിനുള്ള തുകയോ ഒരു പുര തല്ലിക്കൂട്ടുന്നതിനുള്ള പണമോ വിദ്യാഭ്യാസത്തിനുള്ള സഹായമോ ഒക്കെയാണ്‌ പലര്‍ക്കും ആവശ്യമായി വരുന്നത്‌. ഇങ്ങനെയുള്ള കാര്യങ്ങളില്‍ സഹായിക്കാന്‍ കഴിവുള്ള എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്‌. എങ്കിലും, അയല്‍പക്കത്തെ ഒരു പയ്യന്‍ കീറിപ്പറിഞ്ഞ ഷര്‍ട്ടുമിട്ട്‌ സ്‌കൂളിലേക്കു പോകുന്നതു കണ്ടാല്‍ അവന്‌ നല്ലൊരു ഷര്‍ട്ട്‌ വാങ്ങിക്കൊടുക്കാന്‍ നമ്മിലെത്രപേര്‍ തയാറാകും? കോണ്‍ക്രീറ്റ്‌ കൊട്ടാരത്തില്‍ നാം വസിക്കുമ്പോള്‍ അയല്‍വീടിനു ചോര്‍ച്ചയുള്ളതായി കണ്ടാല്‍ അതിനു നാം എന്തെങ്കിലും പരിഹാരം തേടുമോ? അയല്‍ക്കാരന്‍ കുഴിമടിയനെന്നോ, അല്ലെങ്കില്‍ അയാള്‍ എല്ലാം തിന്നു തുലച്ചുവെന്നോ കുറ്റപ്പെടുത്തി മുഖം തിരിക്കാനല്ലേ നാം അപ്പോള്‍ തുനിയുക?

ഫോര്‍ഡിന്റെ കഥയിലേക്ക്‌ ഇനി തിരികെവരട്ടെ. ഫോര്‍ഡ്‌ ജനിച്ചത്‌ ഒരു കര്‍ഷകകുടുംബത്തിലാണ്‌. പന്ത്രണ്ടാം വയസില്‍ അദ്ദേഹത്തിന്‌ അമ്മയെ നഷ്‌ടപ്പെട്ടു. പതിനാറാം വയസില്‍ അദ്ദേഹം ആഴ്‌ചയില്‍ രണ്ടര ഡോളര്‍ ശമ്പളത്തിനു ജോലി തുടങ്ങി. മുപ്പത്തിമൂന്നാം വയസില്‍ സ്വന്തമായി കാര്‍ നിര്‍മിച്ചു. അധികം താമസിയാതെ അദ്ദേഹം കോടീശ്വരനായി മാറുകയും ചെയ്‌തു. 84-ാം വയസില്‍ അന്തരിക്കുന്നതിന്‌ ഒരുവര്‍ഷം മുമ്പു വരെ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഇക്കാലയളവില്‍ താന്‍ സമ്പാദിച്ച പണത്തിന്റെ സിംഹഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവയ്‌ക്കുകയായിരുന്നു.
നാമാരും ഫോര്‍ഡിനെപ്പോലെ കോടീശ്വരന്മാരായിത്തീരാനിടയില്ല. എന്നാല്‍ അങ്ങനെ സംഭവിച്ചുവെന്നു കരുതുക. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ നാം ഫോര്‍ഡിനെപ്പോലെ ഔദാര്യം കാണിക്കുമോ? എന്നാല്‍ പാവങ്ങളെ സഹായിക്കുന്നതിന്‌ നാമാരും കോടീശ്വരന്മാരാകാന്‍ കാത്തിരിക്കേണ്ട. നമുക്ക്‌ അധികമില്ലെങ്കിലും ഉള്ളതില്‍ ഒരുഭാഗം മറ്റുള്ളവര്‍ക്കായി നമുക്ക്‌ നീക്കിവയ്‌ക്കാം. അങ്ങനെ, നമുക്കും ഹൃദയമുണ്ടെന്ന്‌ നമുക്ക്‌ നമ്മെത്തന്നെ ബോധ്യപ്പെടുത്താം.

Saturday 25 April 2015

ചോദ്യം ചോദിക്കേണ്ടത്‌ ദൈവത്തോടോ?

2001 ജനുവരി 26. അന്ന്‌ രാവിലെ 8.46-ന്‌ ആരാരും പ്രതീക്ഷിക്കാതിരുന്ന അവസരത്തില്‍ ഗുജറാത്തില്‍ അതിശക്തമായ ഭൂകമ്പമുണ്ടായി. ഭൂകമ്പത്തില്‍ മരിച്ചവര്‍ ഒരുലക്ഷത്തിലേറെപ്പേര്‍ വരും. ഭൂകമ്പത്തില്‍പ്പെട്ടു പരിക്കേറ്റവരും എല്ലാം നഷ്‌ടപ്പെട്ടവരും അതിലേറെപ്പേരുണ്ട്‌. ഈ ഭീകരദുരന്തത്തിനു മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കാനേ നമുക്കു കഴിയുന്നുള്ളൂ.



പക്ഷേ, അപ്പോഴും നാം അറിയാതെ ചോദിച്ചുപോകുന്നു: "ദൈവമേ, എന്തുകൊണ്ട്‌ ഇതു സംഭവിച്ചു? എത്ര നിരപരാധികളുടെ ജീവനാണ്‌ ഈ ഭൂകമ്പം കവര്‍ന്നെടുത്തത്‌?" ഈ ചോദ്യം ചോദിക്കുമ്പോള്‍ നമ്മില്‍ ചിലരെങ്കിലും അറിയാതെ ബൈബിളിലെ ജോബിന്റെ കഥ ഓര്‍മിച്ചുപോകും. ദൈവത്തിന്റെ മുമ്പില്‍ നീതിമാനായിരുന്നു ജോബ്‌. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒന്നിനും കുറവുണ്ടായിരുന്നില്ല. ഒരു മഹാരാജാവിനെപ്പോലെ സമ്പന്നനായിരുന്നു അദ്ദേഹം.

പക്ഷേ, പെട്ടെന്ന്‌ അദ്ദേഹത്തിന്‌ എല്ലാം നഷ്‌ടപ്പെട്ടു. ഒന്നും അദ്ദേഹത്തിന്‌ ബാക്കിയുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം നിരാശനായില്ല. ദൈവത്തിന്റെ മുമ്പില്‍ മുട്ടിന്മേല്‍നിന്ന്‌ അദ്ദേഹം പറഞ്ഞു: ``ദൈവം തന്നു. ദൈവം എടുത്തു. ദൈവത്തിനു സ്‌തുതിയുണ്ടായിരിക്കട്ടെ."

ജോബിന്റെ ദുരന്തത്തിന്‌ അപ്പോഴും അവസാനമുണ്ടായില്ല. അദ്ദേഹത്തിന്റെ ദേഹമാസകലം വ്രണംകൊണ്ട്‌ നിറഞ്ഞു. അതു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സമനില തെറ്റിയവളെപ്പോലെ പറഞ്ഞു: ``ദൈവത്തെ ശപിച്ചു മരിക്കൂ.'' 
ഉടനേ അവളെ ശാസിച്ചുകൊണ്ട്‌ ജോബ്‌ പറഞ്ഞു: ``നാം ദൈവത്തില്‍നിന്നു നല്ല ദാനങ്ങള്‍ സ്വീകരിക്കാറില്ലേ? അതുപോലെ, തിന്മയായവ സംഭവിച്ചാലും നാം അവ സ്വീകരിക്കേണ്ടതല്ലേ?"

ഭാര്യയ്‌ക്കു പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തിനെതിരേ തിരിഞ്ഞു. ജോബ്‌ ഒരു മഹാപാപിയാണെന്നും അദ്ദേഹത്തിന്റെ സഹനത്തിന്റെ കാരണം അദ്ദേഹത്തിന്റെ പാപമാണെന്നും അവര്‍ ആരോപിച്ചു. അവരുടെ ആരോപണത്തിന്റെ മുമ്പില്‍ മനസ്‌ തകര്‍ന്ന ജോബ്‌ ഒരു വിശദീകരണത്തിനായി ദൈവത്തിലേക്കു തിരിഞ്ഞു. നീതിമാനായി ജീവിച്ച താന്‍ സഹിക്കേണ്ടിവരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അദ്ദേഹത്തിന്‌ അറിയേണ്ടിയിരുന്നത്‌.

അപ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ട്‌ ജോബിനോടു ചോദിച്ചു: ``ഞാന്‍ ഭൂമിക്ക്‌ അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കറിയാമെങ്കില്‍ പറയൂ..."
അപ്പോള്‍ വായ്‌ പൊത്തിക്കൊണ്ട്‌ ജോബ്‌ പറഞ്ഞു: ``എനിക്ക്‌ അങ്ങയോട്‌ എന്തുപറയാന്‍ കഴിയും. എന്റെ അപരാധം, എന്നോട്‌ ക്ഷമിക്കൂ."

ഒട്ടേറെ പ്രപഞ്ചരഹസ്യങ്ങള്‍ നമുക്കറിയാം. പക്ഷേ, അതിലേറെ പ്രപഞ്ചരഹസ്യങ്ങള്‍ നമുക്ക്‌ അജ്ഞാതമാണ്‌. സഹനത്തിന്റെ രഹസ്യവും ഇതില്‍പ്പെടും. പ്രത്യേകിച്ചും നീതിമാന്മാരുടെയും നിഷ്‌കളങ്കരുടെയും സഹനത്തിന്റെ രഹസ്യം. നമ്മുടെ ബുദ്ധിക്ക്‌ അജ്ഞാതമായവയെ താത്‌കാലികമായിട്ടെങ്കിലും അജ്ഞാതമായി അംഗീകരിക്കുന്നതാണ്‌ ബുദ്ധി.
നീതിമാന്മാരുടെയും നിഷ്‌കളങ്കരുടെയും സഹനം അനീതിയായി നമുക്ക്‌ ന്യായമായും തോന്നാം. എന്നാല്‍ അത്‌ അനീതിയല്ല, ദൈവത്തിനു മാത്രം അറിയാവുന്ന രഹസ്യമാണ്‌ എന്നതാണു സത്യം. നീതിമാനായിരുന്നിട്ടും ജീവിതത്തില്‍ ഒട്ടേറെ സഹിക്കേണ്ടിവന്ന ജോബിന്റെ കഥ ഇതാണു നമ്മെ പഠിപ്പിക്കുന്നത്‌.



ഗുജറാത്തിലെ ഭൂകമ്പത്തിലേക്കു നമുക്കു തിരിച്ചുവരാം. നിഷ്‌കളങ്കരായ കൊച്ചുകുഞ്ഞുങ്ങളടക്കം പതിനായിരക്കണക്കിനാളുകളെ കാലപുരിക്കയച്ച ഈ ഭൂകമ്പം എന്തുകൊണ്ടുണ്ടായി എന്നു നമുക്കെന്നെങ്കിലും മനസിലാക്കാന്‍ സാധിക്കുമോ?

ഈ ഭൂകമ്പത്തിന്റെ ഭൂമിശാസ്‌ത്രപരമായ കാരണങ്ങള്‍ നമുക്ക്‌ കുറേയെങ്കിലും അറിയാം. അതുപോലെ, അനീതി പ്രവര്‍ത്തിച്ച പാപികളാണ്‌ അവിടെ മരിച്ചതെങ്കില്‍ അതും ഏറെക്കുറെ നമ്മുടെ മനുഷ്യബുദ്ധിക്കു മനസിലാക്കാനാവും. എന്നാല്‍, ഭൂകമ്പം മൂലം മൃതിയടയുകയും പരിക്കേല്‍ക്കുകയും നിരാലംബരാകുകയും ചെയ്‌ത നിരപരാധികളുടെ കാര്യമോ? ഇക്കാര്യം നമ്മുടെ ബുദ്ധിക്കു തൃപ്‌തികരമായി ഒരിക്കലും മനസിലാക്കാന്‍ സാധിക്കുകയില്ല എന്നതാണ്‌ വസ്‌തുത. ഇതു ദൈവത്തിന്റെ രഹസ്യമായി നമ്മുടെ ബുദ്ധിക്ക്‌ മുമ്പില്‍ എന്നും നിലനില്‍ക്കും; നമ്മുടെ അസ്‌തിത്വ പരിമിതിയായി, ജീവിതക്ഷണികതയായി.

ദൈവത്തിന്റെ ഈ രഹസ്യത്തെക്കുറിച്ച്‌ എന്തെങ്കിലും ഗ്രഹിക്കാന്‍ സാധിക്കണമെങ്കില്‍, എല്‍.ആര്‍. ഡിറ്റ്‌സണ്‍ എന്ന ഗ്രന്ഥകാരന്‍ പറയുന്നതുപോലെ, നാം തുടങ്ങേണ്ടതു നമ്മിലോ നമ്മുടെ ബുദ്ധിയിലോ അല്ല. പ്രത്യുത ദൈവത്തിലാണ്‌. കാരണം, അവിടുന്നാണ്‌ നമ്മുടെ ആരംഭവും അവസാനവും. 

നമ്മുടെ ബുദ്ധിക്ക്‌ അഗ്രാഹ്യമായവയുമായി നാം മല്ലടിക്കുമ്പോള്‍ ദൈവത്തിലുള്ള വിശ്വാസമാണ്‌ മുന്നോട്ടു നയിക്കേണ്ടത്‌. അവിടുത്തെ അനന്തപരിപാലനയിലുള്ള പ്രതീക്ഷയാണ്‌ നമുക്ക്‌ ശക്തി പകരേണ്ടത്‌; അവിടുന്നറിയാതെ ഒന്നും സംഭവിക്കുകയില്ല എന്ന ബോധ്യമാണ്‌ നമ്മെ ആശ്വസിപ്പിക്കേണ്ടത്‌; ജീവിച്ചിരിക്കുന്നവരും മരിച്ചവരുമെല്ലാം അവിടുത്തെ കൈകളിലാണ്‌ എന്ന ആത്‌മബോധമാണ്‌ നമുക്ക്‌ ധൈര്യം നല്‍കേണ്ടത്‌.
നീതിമാന്മാരുടെ സഹനവും മരണവും ഉത്തരമില്ലാത്ത ഒരു കടങ്കഥയായി നിലനില്‍ക്കുമ്പോഴും ഈ ഭൂകമ്പം വരുത്തിവച്ച ഒട്ടേറെ ദുഃഖദുരിതങ്ങളും മരണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്നതു നാം മറന്നുപോകേണ്ട. 

ഭൂജില്‍ ഭൂകമ്പത്തിന്‌ ഏറെ സാധ്യതയുണ്ട്‌ എന്നറിയാമായിരുന്നിട്ടും ബഹുനിലക്കെട്ടിടങ്ങള്‍ നാം കെട്ടിപ്പൊക്കിയില്ലേ? ഒരുനില കെട്ടിടം മാത്രം പണിയേണ്ടിയിരുന്ന സ്ഥലത്ത്‌ പ്രകൃതിയെ വെല്ലുവിളിച്ച്‌ ഇരുപതുനില കെട്ടിടങ്ങള്‍ വരെ നാം അവിടെ പണിതില്ലേ? ഭൂകമ്പസാധ്യതയുള്ള മേഖലയില്‍ ബലവത്തായ കെട്ടിടങ്ങള്‍ തീര്‍ക്കേണ്ടതിനു പകരം മായം ചേര്‍ത്ത സിമന്റ്‌ ഉപയോഗിച്ച്‌ അപകടവും മരണവും നാം ക്ഷണിച്ചുവരുത്തിയില്ലേ?

ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിന്‌ ഏകദേശം സമാനമായ ഭൂകമ്പം ഏഴുവര്‍ഷം മുമ്പ്‌ ലോസ്‌ ആഞ്ചലസിലുണ്ടായി. അന്ന്‌ അവിടെ മരണസംഖ്യ 57 മാത്രമായിരുന്നു. എന്തായിരുന്നു ഇത്രയും കുറച്ചാളുകള്‍ മാത്രം മരിക്കാന്‍ കാരണം? ഭൂകമ്പസാധ്യതയുള്ള മേഖലയാണെന്നു മനസിലാക്കി അതിനെ അതിജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ അവര്‍ നിര്‍മിച്ചു. അതുപോലെ, ശക്തമായ ഭൂകമ്പം ഉണ്ടായാലും അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ അവര്‍ സ്വീകരിച്ചു. തന്മൂലമാണ്‌ അന്നൊരു മഹാദുരന്തം ഒഴിവായത്‌.

``ദൈവമേ, എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചു,'' എന്ന ചോദ്യം ചോദിക്കുന്നതിനുമുമ്പ്‌ ആ ചോദ്യം നമ്മുടെ നേര്‍ക്കുതന്നെ നമുക്കു തിരിക്കാം. ഭൂകമ്പസാധ്യതയുള്ള മേഖലയാണെന്ന്‌ അറിഞ്ഞിട്ടും ഭുജിലും മറ്റും എന്തുകൊണ്ട്‌ നാം ചെയ്യേണ്ടതു ചെയ്‌തില്ല? 

ഒരുപക്ഷേ, ഈ ചോദ്യത്തിനുള്ള പ്രധാന ഉത്തരം നമ്മുടെ സ്വാര്‍ഥത എന്നതാണെന്നു മനസിലാക്കിയാല്‍ നാം ഞെട്ടുമോ? നാം ഞെട്ടണം. എങ്കില്‍ മാത്രമേ, ഈ ഭൂകമ്പത്തില്‍നിന്നു കുറേയെങ്കിലും നാം പാഠം പഠിക്കൂ. ദൈവം നല്‍കിയ ബുദ്ധിയും ശക്തിയും ഉപയോഗിച്ച്‌ പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെ ജീവിതത്തിലെ പല ദുരന്തങ്ങളും ഇല്ലാതാക്കാനോ കുറഞ്ഞപക്ഷം അവയുടെ ശക്തി കുറയ്‌ക്കാനോ നമുക്കു സാധിക്കും.

Tuesday 7 April 2015

നമ്മുടെ മുഖം പൊയ്‌മുഖമോ?

ചെറുകഥാ സാഹിത്യത്തില്‍ ഏറ്റവുമധികം അറിയപ്പെടുന്നവരില്‍ ഒരാളാണ്‌ ഒ. ഹെന്‍റി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന വില്യം സിഡ്‌നി പോര്‍ട്ടര്‍ (1862-1910). ഫാര്‍മസിസ്റ്റായി ജോലി ആരംഭിച്ച്‌ പത്രപ്രവര്‍ത്തന രംഗത്തു കടന്ന ഹെന്‍റി ചില സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അഞ്ചു വര്‍ഷത്തേക്കു ജയില്‍ശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു. ജയില്‍വാസം കഴിഞ്ഞു പുറത്തുവരുമ്പോഴേക്കും പ്രസിദ്ധനായ ഒരു ചെറുകഥാകൃത്തായി ഈ അമേരിക്കക്കാരന്‍ അറിയപ്പെട്ടിരുന്നു.

ഹെന്‍റി എഴുതിയ ചെറുകഥകളില്‍ പ്രസിദ്ധമായ ഒന്നാണ്‌ 'ഷിയറിംഗ്‌ ദ വുള്‍ഫ്‌. 'കഥ നടക്കുന്നത്‌ കെന്‍ടക്കി സംസ്ഥാനത്തെ ഗ്രാസ്‌ഡെയില്‍ എന്ന കൊച്ചുപട്ടണത്തിലാണ്‌. ആ പട്ടണത്തിലെ ഇരുമ്പുകടയുടെ ഉടമയാണ്‌ മര്‍ക്കിസണ്‍. 

അദ്ദേഹത്തിനൊരിക്കല്‍ ഷിക്കാഗോയില്‍നിന്ന്‌ ഒരു എഴുത്തുകിട്ടി. ആയിരം ഡോളറിനു പകരമായി അയ്യായിരം ഡോളര്‍ വാഗ്‌ദാനം ചെയ്യുന്ന ഒരു കത്തായിരുന്നു അത്‌. ആ കത്തിനെക്കുറിച്ച്‌ ആരോടെങ്കിലും സംസാരിക്കണമെന്നു കരുതിയിരിക്കുമ്പോഴാണ്‌ അന്യനാട്ടുകാരായ രണ്ടുപേര്‍ - ജെഫ്‌ പീറ്റേഴ്‌സും ആന്‍ഡി ടക്കറും - അവധി ചെലവഴിക്കാനായി ഗ്രാസ്‌ഡെയിലിലെത്തിയത്‌. മര്‍ക്കിസണ്‍ അവരോട്‌ ലോഹ്യം കൂടി. പലപ്പോഴും പൊതുസ്ഥലങ്ങളില്‍വച്ചവര്‍ കണ്ടുമുട്ടി. ഒരുദിവസം അവരോടൊപ്പമിരുന്നു വാചകമടിക്കുമ്പോള്‍ മര്‍ക്കിസണ്‍ പോക്കറ്റില്‍നിന്നു കത്തെടുത്തുകൊണ്ട്‌ അവരോട്‌ പറഞ്ഞു: "നിങ്ങള്‍ക്ക്‌ ഇതെപ്പറ്റി എന്തു തോന്നുന്നു? ഇമ്മാതിരിയൊരു എഴുത്ത്‌ എനിക്ക്‌ അയയ്‌ക്കുവാനുള്ള അവരുടെ ഒരു ചങ്കൂറ്റം!"


പീറ്റേഴ്‌സും ടക്കറും ആ കത്ത്‌ കണ്ടപ്പോള്‍ത്തന്നെ അതിലെ കാര്യമെന്താണെന്നു മനസിലാക്കി. ആയിരം ഡോളര്‍ കൊടുത്താല്‍ അതിനു പകരമായി യഥാര്‍ഥ ഡോളറുകള്‍ എന്നു തോന്നിക്കുന്ന അയ്യായിരം കള്ളനോട്ടുകള്‍ കൊടുക്കാമെന്നായിരുന്നു ആ കത്തിലെ വാഗ്‌ദാനം. വാഷിംഗ്‌ടണിലെ ട്രഷറിയിലുള്ള ഒരു തൊഴിലാളി മോഷ്‌ടിച്ചെടുത്ത പ്ലെയിറ്റുകള്‍ ഉപയോഗിച്ചാണത്രെ ആ നോട്ടുകള്‍ പ്രിന്റ്‌ ചെയ്‌തിരിക്കുന്നത്‌. 
അവര്‍ കത്തിന്റെ ഉള്ളടക്കം വിശദീകരിച്ചപ്പോള്‍ മര്‍ക്കിസണ്‍ പറഞ്ഞു: "എന്നാലും ഇങ്ങനെയൊരു എഴുത്ത്‌ എനിക്കെഴുതുവാന്‍ അവരുടെ ധൈര്യം!" ഉടനെ ടക്കര്‍ പറഞ്ഞു: "പല നല്ല മനുഷ്യര്‍ക്കും ഇങ്ങനെ കത്തു ലഭിക്കാറുണ്ട്‌. ഇതിനു മറുപടി കൊടുത്താല്‍ മാത്രമേ അവര്‍ ഇനിയും എഴുതുകയുള്ളൂ. മറുപടി കൊടുത്തില്ലെങ്കില്‍ അവര്‍ ഇനി എഴുതുകയില്ല."

അപ്പോള്‍ മര്‍ക്കിസണ്‍ പറഞ്ഞു: "അവര്‍ എഴുത്തെഴുതുവാന്‍ കണ്ട ഒരാള്‍! ഞാന്‍ എന്താ അത്ര മോശക്കാരനാണെന്നാണോ അവര്‍ കരുതുന്നത്‌?" കാര്യം ഈ മറുപടികൊണ്ട്‌ അവസാനിച്ചുവെന്നാണ്‌ പീറ്റേഴ്‌സും ടക്കറും കരുതിയത്‌. എന്നാല്‍, കുറെദിവസം കഴിഞ്ഞപ്പോള്‍ മര്‍ക്കിസണ്‍ അവരെ സമീപിച്ചു പറഞ്ഞു: "നിങ്ങളെ വിശ്വസിക്കുവാന്‍ കൊള്ളാവുന്നവരാണെന്ന്‌ ബോധ്യമായി. അതുകൊണ്ട്‌ ഞാന്‍ പറയുകയാണ്‌. ഞാന്‍ അവര്‍ക്ക്‌ എഴുതി. അവരുടെ മറുപടിയും വന്നു. ഷിക്കാഗോയിലേക്ക്‌ ചെല്ലുവാനാണ്‌ അവര്‍ എഴുതിയിരിക്കുന്നത്‌."

അപ്പോള്‍ ടര്‍ക്കര്‍ പറഞ്ഞു: "ഇതു വന്‍ ചതിയാണ്‌. അവര്‍ കള്ളനോട്ടാണെന്നു പറഞ്ഞുതരുന്നത്‌ പിന്നെ നോക്കുമ്പോള്‍ വെറും കടലാസായിരിക്കും." മര്‍ക്കിസണ്‍ ആത്മവിശ്വാസം സ്‌ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു: "ദാ, എന്നെ ചതിക്കാനൊന്നും അവര്‍ക്ക്‌ സാധിക്കില്ല. ഞാന്‍ നല്ലൊരു കച്ചവടം കെട്ടിപ്പെടുത്തിയിരിക്കുന്നത്‌ ഭാഗ്യംകൊണ്ടൊന്നുമല്ല."

കള്ളനോട്ടിന്റെ ഇടപാടിനു പോകരുതെന്നു പീറ്റേഴ്‌സും ടക്കറും മര്‍ക്കിസണനെ ഉപദേശിച്ചു. പക്ഷേ, കള്ളനോട്ടുകാരെ ഒരു പാഠം പഠിപ്പിക്കുവാന്‍ വേണ്ടി സത്യസന്ധനായ താന്‍ ഷിക്കാഗോയ്‌ക്ക്‌ പോകുകയാണെന്ന്‌ മര്‍ക്കിസണ്‍ പ്രഖ്യാപിച്ചു. സഹായത്തിനായി അയാള്‍ പീറ്റേഴ്‌സിനെയും ടക്കറെയും ക്ഷണിച്ചു.

ഈ കഥ ഇവിടെ നിര്‍ത്തട്ടെ. നാട്ടിലെ പകല്‍മാന്യന്മാരുടെ മൂടുപടം പൊളിച്ചുമാറ്റുന്ന ഈ കഥ വായിക്കുമ്പോള്‍ ആദ്യം നമുക്കു ചിരിവരും. പിന്നെ സഹതാപവും. കള്ളനോട്ടുകാരുടെ കത്തു കിട്ടിയപ്പോള്‍ തന്റെ പേരില്‍ അവര്‍ക്കെങ്ങനെ ഒരു കത്തെഴുതുവാന്‍ തോന്നി എന്നായിരുന്നു അയാളുടെ ചോദ്യം. സത്യസന്ധനും മാന്യനുമായ തന്നെ തട്ടിപ്പുകാരുടെ ഗണത്തില്‍പ്പെടുത്തിയതിലായിരുന്നു അയാളുടെ അമര്‍ഷം. അയാള്‍ അക്കാര്യം പീറ്റേഴ്‌സിനോടും ടര്‍ക്കറോടും പറയുകയും ചെയ്‌തു.

എന്നാല്‍, കള്ളനോട്ടുകാരുടെ കത്തു കിട്ടിയതുമുതല്‍ എങ്ങനെയെങ്കിലും കുറെ പണം തനിക്കും സൂത്രത്തില്‍ സമ്പാദിക്കണം എന്നായിരുന്നു അയാളുടെ മോഹം. മാന്യനായ തന്റെ സല്‍പ്പേരിനു കോട്ടം വരാതിരിക്കുവാന്‍ വേണ്ടി അന്യനാട്ടുകാരനായ പീറ്റേഴ്‌സിനെയും ടക്കറെയും അയാള്‍ കൂട്ടുപിടിക്കുകയായിരുന്നു. തന്റെ കൊച്ചുപട്ടണത്തിലുള്ള ആരോടും ഇക്കാര്യം പറയരുതെന്ന്‌ അയാള്‍ അവരോട്‌ പറഞ്ഞു.

മര്‍ക്കിസണനെപ്പോലെ പകല്‍മാന്യന്മാരായ ആളുകള്‍ ധാരാളം നമ്മുടെയിടയിലില്ലേ? പുറത്ത്‌ സത്യസന്ധന്മാരെന്ന്‌ ഭാവിക്കുകയും വെട്ടിപ്പിലൂടെയും തട്ടിപ്പിലൂടെയും പണം സമ്പാദിക്കുകയും ചെയ്യുന്നവര്‍ വിരളമാണോ? ന്യായമായി ചെയ്‌തുകൊടുക്കേണ്ട ജോലിക്കുപോലും കൈക്കൂലി വാങ്ങി പോക്കറ്റിലിട്ടു മാന്യന്മാരായി വെളുത്ത ചിരിയും ചിരിച്ചുനടക്കുന്നവര്‍ ധാരാളമില്ലേ നമ്മുടെ ഇടയില്‍? ഒരുപക്ഷേ, നാം തന്നെ അക്കൂട്ടത്തില്‍പെടുന്നുണ്ടാവില്ലേ? അങ്ങനെയാണെങ്കില്‍, ഹെന്‍റിയുടെ ഈ ചെറുകഥ വായിക്കുമ്പോള്‍ ചിരിച്ചാലും സഹതപിച്ചാലും മാത്രംപോരാ? നാം കരയുകതന്നെ വേണം. കാരണം, നമ്മുടെ കാപട്യം അത്രമാത്രം വെളിച്ചത്തു കൊണ്ടുവരുന്ന കഥയാണിത്‌.

ഇനി കഥയിലേക്കു മടങ്ങിവരട്ടെ. മര്‍ക്കിസന്റെ നിര്‍ബന്ധംമൂലം പീറ്റേഴ്‌സും ടക്കറും അയാളോടൊപ്പം ഷിക്കാഗോയിലേയ്‌ക്കു പോയി. കള്ളനോട്ടുകാരെ കാണുവാനുള്ള തന്ത്രങ്ങള്‍ അവിടെ ഒരു ഹോട്ടല്‍മുറിയില്‍വച്ച്‌ മര്‍ക്കിസണ്‍ ആവിഷ്‌കരിച്ചു. തനിക്ക്‌ എന്തെങ്കിലും ആപത്തുപിണഞ്ഞാല്‍ അവര്‍ സഹായത്തിനെത്തണമെന്നായിരുന്നു അയാളുടെ അഭ്യര്‍ഥന.

രണ്ടായിരം നല്ല നോട്ടുകള്‍ കൊടുത്തു പതിനായിരം കള്ളനോട്ട്‌ വാങ്ങാനായിരുന്നു മര്‍ക്കിസന്റെ പദ്ധതി. അയാള്‍ നോട്ടുകളെടുത്ത്‌ പോക്കറ്റിലിട്ടു കള്ളനോട്ടുകാരെ കാണുവാന്‍വേണ്ടി പോകാനൊരുങ്ങുമ്പോള്‍ പീറ്റേഴ്‌സ്‌ ഒരു കൈത്തോക്കെടുത്ത്‌ മര്‍ക്കിസന്റെ നേരെ ചൂണ്ടിക്കൊണ്ട്‌ പറഞ്ഞു: "അത്യാഗ്രഹിയും പാപിയും ദുഷ്‌ടനുമായ മനുഷ്യാ, ജീവന്‍ വേണമെങ്കില്‍ വേഗം നിന്റെ പണം ഇങ്ങുതരൂ. പണം തന്നില്ലെങ്കില്‍ നിന്നെ ഞാന്‍ ഇപ്പോള്‍ തട്ടിക്കളയും. നീ വീട്ടിലും നാട്ടിലുമൊക്കെ മാന്യനാണെന്നു അഭിനയിക്കുന്നു അല്ലേ? കള്ളനോട്ടു കച്ചവടക്കാരെക്കാള്‍ ദുഷ്‌ടനാണ്‌ നീ. അവര്‍ നല്ലവരാണെന്നു സ്വയം അഭിമാനിക്കുകയോ പറയുകയോ ചെയ്യുന്നില്ല. എന്നാല്‍, നീയോ? നീ എല്ലാവരുടെയും മുമ്പില്‍ മാന്യത നടിക്കുന്നു....?"

വിറയ്‌ക്കുന്ന കൈകളോടെ അയാള്‍ പണം മുഴുവന്‍ പോക്കറ്റില്‍നിന്നെടുത്ത്‌ പീറ്റേഴ്‌സിനു കൊടുത്തു. അപ്പോള്‍ പീറ്റേഴ്‌സ്‌ പറഞ്ഞു: "ഇക്കാര്യം നീ ആരോടെങ്കിലും പറഞ്ഞാല്‍ നിന്റെ മാന്യതയുടെ കഥമുഴുവന്‍ ഞങ്ങള്‍ നാട്ടില്‍ പാട്ടാക്കും."

ഈ കഥയ്‌ക്ക്‌ ഒരു ഉപകഥകൂടിയുണ്ട്‌. അത്‌ പീറ്റേഴ്‌സിന്റെ മനഃസാക്ഷിയുടെ കഥയാണ്‌. എപ്പോഴും മനഃസാക്ഷിയെക്കുറിച്ച്‌ മാത്രം പറയുന്ന മാന്യനാണ്‌ പീറ്റേഴ്‌സ്‌. അവരാണ്‌ മര്‍ക്കിസനെ കൊള്ളയടിച്ചത്‌. മനഃസാക്ഷിയെക്കുറിച്ചും മാന്യതയെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചുമൊക്കെ പറയുന്ന നാം എല്ലാവരും നമ്മുടെ പ്രവൃത്തികളും ഹൃദയവിചാരങ്ങളും വിശകലനം ചെയ്യുവാന്‍ മറക്കരുത്‌. കാരണം, അതില്‍കൂടി മാത്രമേ നമ്മെക്കുറിച്ചുള്ള ശരിയായ ചിത്രം നമുക്ക്‌ ലഭിക്കൂ.

Sunday 29 March 2015

ദൈവത്തെപ്പോലെ ക്ഷമിച്ചുകൊണ്ട്‌

1993 ഒക്‌ടോബര്‍ 21. ആഫ്രിക്കയിലെ ബറുണ്ടിയിലുള്ള കിംബിമ്പ എന്ന കൊച്ചുഗ്രാമത്തില്‍ നട്ടുച്ചനേരം. ഗില്‍ബര്‍ട്ട്‌ ടുഹാബോണ്‍യെ എന്ന ചെറുപ്പക്കാരന്‍ യൂണിവേഴ്‌സിറ്റി അഡ്‌മിഷന്‍ ടെസ്റ്റിനുവേണ്ടി ബോര്‍ഡിംഗ്‌ സ്‌കൂളിലിരുന്നു പഠിക്കുകയാണ്‌.

പെട്ടെന്ന്‌, ഒരു ബാലന്‍ ഓടിവന്നു പറഞ്ഞു: "നമ്മുടെ പ്രസിഡന്റിനെ ടുട്‌സി ഗോത്രക്കാര്‍ വധിച്ചു. ഫുടു ഗോത്രക്കാര്‍ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌."  ഗില്‍ബര്‍ട്ട്‌ പുറത്തേക്കു നോക്കി. ഒരുപറ്റം ആളുകള്‍ കൈകളില്‍ മാരാകായുധങ്ങളും കുറുവടികളുമായി സ്‌കൂള്‍ കാമ്പസിലേക്ക്‌ ഇരച്ചുകയറുന്നു.

"നിങ്ങള്‍ വേഗം ഓടി രക്ഷപ്പെട്ടുകൊള്ളൂ," ബാലന്‍ പരിഭ്രാന്തനായി പറഞ്ഞു. നിങ്ങളൊരു ടുട്‌സിയാണെന്ന്‌ അവര്‍ക്കറിയാം. അവര്‍ നിങ്ങളെ കൊല്ലും."

"പക്ഷേ, ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ലല്ലോ," ഗില്‍ബര്‍ട്ട്‌ പറഞ്ഞു. രക്ഷപ്പെടുവാന്‍ വഴികളുണ്ടോ എന്ന്‌ അവന്‍ ചുറ്റുനോക്കി. അപ്പോഴേക്കും അക്രമാസക്തരായ ജനം അടുത്തെത്തിക്കഴിഞ്ഞിരുന്നു.



"ഗിര്‍ബര്‍ട്ടിനെ പിടിക്കൂ, അവരിലൊരാള്‍ ആക്രോശിച്ചു. "അല്ലെങ്കില്‍ അവന്‍ ഓടിപ്പോയി പട്ടാളക്യാംപില്‍ വിവരമറിയിക്കും." അവിടെനിന്ന്‌ ഏറ്റവും അടുത്തുള്ള പട്ടാളക്യാംപ്‌ 26 മൈല്‍ അകലെയായിരുന്നു. എങ്കിലും അയാള്‍ പറഞ്ഞതു ശരിയായിരുന്നു. കാരണം, ഗിര്‍ബര്‍ട്ട്‌ 400 മീറ്റര്‍ ഓട്ടത്തിലും 800 മീറ്റര്‍ ഓട്ടത്തിലും ആ വര്‍ഷത്തെ നാഷണല്‍ ചാമ്പ്യനായിരുന്നു.

ഗില്‍ബര്‍ട്ട്‌ രക്ഷപ്പെടുന്നതിനുമുമ്പ്‌ അവര്‍ അവനെ പിടികൂടി. ഗില്‍ബര്‍ട്ടിനെ പിടികൂടാന്‍ എത്തിയ സംഘത്തില്‍ അവന്റെ സ്‌കൂളിലുണ്ടായിരുന്ന ഹുടു ഗോത്രക്കാരായ ചില വിദ്യാര്‍ഥികളുമുണ്ടായിരുന്നു. എന്നാല്‍, ഗില്‍ബര്‍ട്ടിനെ മാനസികമായി തകര്‍ത്തത്‌ ആ സംഘത്തില്‍ അവന്‌ ഏറെ പരിചയമുള്ള ഒരാളുടെ സാന്നിധ്യമാണ്‌.

ഗില്‍ബര്‍ട്ട്‌ നിത്യവും പോയിരുന്ന ഒരു ബുക്ക്‌ സ്റ്റോറിന്റെ ഉടമയായിരുന്നു അയാള്‍. ഹുടു വംശജനായിരുന്ന അയാളാണ്‌ ഗില്‍ബര്‍ട്ടിനെ കയറുകൊണ്ടു വരിഞ്ഞുകെട്ടിയത്‌. ഗില്‍ബര്‍ട്ട്‌ അയാളോട്‌ സംസാരിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ ഗില്‍ബര്‍ട്ടിനെ പരിചയമില്ലാത്തതുപോലെ ഭാവിച്ചു. 

ഗില്‍ബര്‍ട്ടിനെയും ടുട്‌സി ഗോത്രക്കാരായ മറ്റു വിദ്യാര്‍ഥികളെയും ഗ്രാമീണരെയും അവര്‍ ബന്ദികളാക്കി അടുത്തുള്ള ഒരു കെട്ടിടത്തിലേക്കു കൊണ്ടുപോയി. ബന്ദികളെ ഓരോരുത്തരെയും തല്ലിച്ചതച്ചശേഷമാണ്‌ അവരെ കെട്ടിടത്തിനുള്ളില്‍ പ്രവേശിപ്പിച്ചത്‌.

എല്ലാവരും കെട്ടിടത്തിനുള്ളിലായപ്പോള്‍ അക്രമികളില്‍ ചിലര്‍ തുണികളും ഉണങ്ങിയ യൂക്കാലിപ്‌റ്റസ്‌ കമ്പുകളുമൊക്കെ പെട്രോളില്‍ മുക്കി അവയ്‌ക്കു തീവച്ചശേഷം കെട്ടിടത്തിനുള്ളിലേക്കു വലിച്ചെറിഞ്ഞു. ഗില്‍ബര്‍ട്ടിനു പരിചയമുണ്ടായിരുന്ന ബുക്ക്‌ സ്റ്റാള്‍ ഉടമയായിരുന്നു ആ ക്രൂരകൃത്യങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌.

കെട്ടിടത്തിന്റെ വാതിലുകളെല്ലാം അടച്ചുപൂട്ടിയിരുന്നു. തന്മൂലം ഉള്ളിലുള്ള ആര്‍ക്കും രക്ഷപ്പെടുവാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിനുള്ളിലെ തീ പെട്ടെന്ന്‌ ആളിപ്പടര്‍ന്നു. പുകമൂലം ശ്വാസോച്ഛ്വാസം ചെയ്യുക അസാധ്യമായിരുന്നു. നിമിഷംകൊണ്ട്‌ ആളിപ്പടര്‍ന്ന അഗ്നിയില്‍ ഒരാളൊഴികെ എല്ലാവരും കത്തിക്കരിഞ്ഞു. ഗില്‍ബര്‍ട്ട്‌ മാത്രമാണ്‌ തീയില്‍നിന്നും പുകയില്‍നിന്നും അദ്‌ഭുതകരമായി രക്ഷപ്പെട്ടത്‌.

നിലത്തു കമിഴ്‌ന്നുകിടന്നു പുകയില്‍നിന്നു രക്ഷപ്പെടുവാന്‍ ശ്രമിച്ച ഗില്‍ബര്‍ട്ടിന്റെ മുകളിലേക്കു മറ്റു പലരും മരിച്ചുവീണിരുന്നു. തീയില്‍പ്പെട്ട്‌ ഗില്‍ബര്‍ട്ടിന്റെ പുറവും കൈകളുമൊക്കെ കത്തിക്കരിഞ്ഞുവെങ്കിലും അദ്‌ഭുതകരമായി ഗില്‍ബര്‍ട്ടിന്റെ ജീവന്‍ അന്നു രക്ഷപ്പെട്ടു. 
കെട്ടിടത്തിനുള്ളിലെ തീയണഞ്ഞപ്പോള്‍ നേരം രാത്രിയായിരുന്നു. തീയില്‍പ്പെട്ട്‌ എല്ലാവരും മരിച്ചു എന്നുകരുതിയ അക്രമിസംഘം അവിടെനിന്നു മാറിയപ്പോള്‍ ഗില്‍ബര്‍ട്ട്‌ ഒരു ജനലിന്റെ ഗ്ലാസ്‌ തല്ലിപ്പൊട്ടിച്ചു പുറത്തുചാടി. അവിടെനിന്നു പട്ടാള ക്യാമ്പിലേക്കു പോയ ഗില്‍ബര്‍ട്ടിനെ പട്ടാളക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

മൂന്നുമാസത്തെ ചികിത്സയ്‌ക്കുശേഷമാണ്‌ ഗില്‍ബര്‍ട്ട്‌ ആശുപത്രി വിട്ടത്‌. തന്നെയും തന്റെ ഗോത്രക്കാരെയും ദ്രോഹിച്ച ഹുടു വംശജരോടുള്ള രോഷം അയാളില്‍ ആളിക്കത്തുകയായിരുന്നു അപ്പോള്‍. 

ആരോഗ്യം വീണ്ടെടുത്ത ഗില്‍ബര്‍ട്ട്‌ 1996 ഒളിമ്പിക്‌ ടീമിലേക്കുള്ള അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബറുണ്ടിക്കുവേണ്ടി അറ്റ്‌ലാന്റാ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ഗില്‍ബര്‍ട്ടിനു ടെക്‌സാസിലെ ഒരു യൂണിവേഴ്‌സിറ്റി അഡ്‌മിഷനും സ്‌കോളര്‍ഷിപ്പും വാഗ്‌ദാനം ചെയ്‌തു.
ഒളിമ്പിക്‌സ്‌ കഴിഞ്ഞു ബറുണ്ടിയില്‍ മടങ്ങിയെത്തിയ ഗില്‍ബര്‍ട്ട്‌ അമേരിക്കയിലേക്കു പഠനത്തിനു വേണ്ടി പോകുവാനുള്ള ഒരുക്കത്തിലായിരുന്നു. ഒരുദിവസം ഗില്‍ബര്‍ട്ടും കൂട്ടുകാരുംകൂടി വഴിയിലൂടെ നടന്നുപോകുമ്പോള്‍ തന്റെ ശത്രുക്കളിലൊരാളെ ഏകനായി കൈയില്‍ കിട്ടി. മുന്‍പ്‌ ഗില്‍ബര്‍ട്ടിനെയും കൂട്ടുകാരെയും ചുട്ടെരിക്കുന്നതിനു നേതൃത്വം കൊടുത്ത ബുക്ക്‌ സ്റ്റാള്‍ ഉടമയായിരുന്നു അത്‌.
ഗില്‍ബര്‍ട്ടിന്റെ മുന്‍പിലെത്തിയ അയാള്‍ക്ക്‌ ഓടിയൊളിക്കുക അസാധ്യമായിരുന്നു. പെട്ടെന്ന്‌ അയാള്‍ ഗില്‍ബര്‍ട്ടിന്റെ മുന്‍പില്‍ മുട്ടുകുത്തി മാപ്പപേക്ഷിച്ചു: "ക്ഷമിക്കണേ! എന്നോടു ക്ഷമിക്കണേ!"

തന്റെ ശത്രുവിനെ വധിക്കുവാന്‍ ലഭിച്ച സുവര്‍ണാവസരം. ഇനി വധിച്ചില്ലെങ്കില്‍ത്തന്നെ പോലീസിനെ ഏല്‍പ്പിക്കുവാന്‍ പറ്റിയ അസുലഭ നിമിഷം. അപ്പോള്‍ ഗില്‍ബര്‍ട്ടിന്റെ ഹൃദയത്തില്‍ ഒരു സ്വരം കേട്ടു: "ക്ഷമിക്കൂ, അയാള്‍ പോകട്ടെ."

ഉടനേ, വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന ടുട്‌സി-ഹുടു ഗോത്രവൈരത്തിന്റെ തിക്തഫലങ്ങള്‍ ഒരു ക്യാന്‍വാസിലെന്നവണ്ണം ഗില്‍ബര്‍ട്ടിന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നു. ഈ ശത്രുതയ്‌ക്ക്‌ അറുതിവന്നേ തീരൂ. ഗില്‍ബര്‍ട്ടിന്റെ ഹൃദയത്തില്‍ വീണ്ടും ഒരു സ്വരം.

"പോകൂ," ഗില്‍ബര്‍ട്ട്‌ ആര്‍ദ്രഹൃദയനായി അയാളോടു പറഞ്ഞു. "വേഗം ഓടി രക്ഷപ്പെടൂ." അയാള്‍ ഗില്‍ബര്‍ട്ടിനെ വന്ദിച്ച്‌ അവിടെനിന്ന്‌ ഓടി അപ്രത്യക്ഷനായി.

നമ്മെ ദ്രോഹിക്കുന്ന ശത്രുക്കളോടു ക്ഷമിക്കണമെന്നു നമുക്കറിയാം. അവരുടെ നന്മയ്‌ക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ നമുക്കു കടമയുണ്ടെന്നും നമുക്കറിയാം. എങ്കിലും, നമ്മെ ദ്രോഹിച്ച ഒരാളെ, അതും നമ്മെ ചുട്ടുകരിക്കാന്‍ ശ്രമിച്ച ഒരാളെ കൈയില്‍ കിട്ടിയാല്‍ നാം വെറുതെ വിടുമോ? ചുരുങ്ങിയപക്ഷം അയാളെ നാം അധികാരികളെ ഏല്‌പിക്കുകയെങ്കിലും ചെയ്യില്ലേ?

എന്നാല്‍, ഗില്‍ബര്‍ട്ടിനു തന്റെ ശത്രുവിനോട്‌ ക്ഷമിക്കുവാന്‍ സാധിച്ചു. അതും ഹൃദയപൂര്‍വം ക്ഷമിക്കുവാന്‍ സാധിച്ചു. അതുകൊണ്ടാണ്‌ പ്രതികാരത്തിനു തുനിയാതെ ആ മഹാപാപി രക്ഷപ്പെടുവാന്‍ ഗില്‍ബര്‍ട്ട്‌ അനുവദിച്ചത്‌.
മാനുഷികമായ രീതിയില്‍ ചിന്തിച്ചാല്‍ ക്ഷമിക്കാനാവാത്ത തെറ്റായിരുന്നു ആ ബുക്ക്‌ സ്റ്റോറുടമയും കൂട്ടരും ചെയ്‌തത്‌. എന്നാല്‍, മാപ്പപേക്ഷിച്ച അയാളോട്‌ ക്ഷമിക്കുക എന്നതു ദൈവികമായ പ്രവൃത്തിയായിരുന്നു. 

ദൈവാനുഗ്രഹത്താല്‍ അങ്ങനെ ചെയ്യുവാന്‍ ഗില്‍ബര്‍ട്ടിനു സാധിച്ചു.
നമ്മെ ദ്രോഹിക്കുന്നവരോടു ക്ഷമിക്കുവാന്‍ നമുക്കു സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ ചിന്ത മാനുഷികമായ രീതിയില്‍ മാത്രമാണു നിലനില്‍ക്കുന്നത്‌. നമ്മുടെ ചിന്ത ദൈവികമായ രീതിയിലേക്ക്‌ ഉയരുമ്പോള്‍ മാത്രമേ ശത്രുക്കളോടു ക്ഷമിക്കുവാന്‍ നമുക്കു സാധിക്കുകയുള്ളൂ. അതിനു ദൈവാനുഗ്രഹം നമുക്കുവേണം താനും.

നമുക്ക്‌ ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന ഒരു ദൈവാനുഗ്രഹമാണ്‌ ശത്രുക്കളോടു ക്ഷമിക്കുവാനുള്ള അനുഗ്രഹം. അതുകൊണ്ട്‌, ശത്രുക്കളോടു ക്ഷമിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുമ്പോഴൊക്കെ നമുക്ക്‌ ദൈവത്തിലേക്കു തിരിയാം. അപ്പോള്‍ അവിടുത്തെ അനുഗ്രഹംമൂലം ആരോടും ഏതുതെറ്റും ക്ഷമിക്കാനും അതുവഴി നമ്മുടെ ഹൃദയസമാധാനം വീണ്ടെടുക്കാനും നമുക്കു സാധിക്കും

Wednesday 18 March 2015

നിക്ഷേപം വര്‍ധിക്കുവാന്‍

മോറിസ്‌ റാബിനോവിറ്റ്‌സ്‌. ഒരുകാലത്തു ന്യുയോര്‍ക്ക്‌ സിറ്റിയിലെ ഒരു കൊച്ചു പണക്കാരനായിരുന്നു അദ്ദേഹം. സ്വന്തമായുണ്ടായിരുന്ന കുറെ കെട്ടിടങ്ങള്‍ വാടകയ്‌ക്ക്‌ കൊടുത്താണ്‌ അദ്ദേഹം പണമുണ്ടാക്കിയത്‌. എന്നാല്‍, 1930-കളിലെ ആഗോള സാമ്പത്തിക തകര്‍ച്ച റാബിനോവിറ്റ്‌സിനെയും ബാധിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ സ്വത്തുക്കളിലേറിയ പങ്കും അദ്ദേഹത്തിനു നഷ്‌ടമായി.

റാബിനോവിറ്റ്‌സ്‌ താമസിച്ചിരുന്ന സ്ഥലത്തെ യഹൂദര്‍ക്ക്‌ ഒരു പ്രാര്‍ഥനാലയം ഇല്ലായിരുന്നു. തന്മൂലം, ചില യഹൂദന്മാര്‍ അദ്ദേഹത്തെ സമീപിച്ച്‌ അദ്ദേഹത്തിന്റെ കെട്ടിടത്തിന്റെ ഒരു ചെറിയമുറി പ്രാര്‍ഥനാലയമായി ഉപയോഗിക്കുവാന്‍ അനുവാദം ചോദിച്ചു. 

വാടക കൊടുക്കുവാന്‍ അവര്‍ക്ക്‌ പണമില്ലെന്ന്‌ അദ്ദേഹത്തിനറിയാമായിരുന്നു. അതുകൊണ്ട്‌ വാടക നല്‍കാതെ തന്റെ സ്ഥലം ഉപയോഗിച്ചുകൊള്ളുവാന്‍ അദ്ദേഹം സമ്മതിച്ചു.

റാബിനോവിറ്റ്‌സ്‌ ഏകനായിരുന്നു. കുടുംബാംഗങ്ങള്‍ എന്നു പറയുവാന്‍ അദ്ദേഹത്തിനാരുമുണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു സുഹൃത്തിന്റെ ഭാര്യവന്ന്‌ മുന്നൂറു ഡോളര്‍ അദ്ദേഹത്തോടു കടം ചോദിച്ചു. കുടുംബസംബന്ധമായ ഒരത്യാവശ്യകാര്യത്തിനു വേണ്ടിയായിരുന്നു പണം ചോദിച്ചത്‌.
റാബിനോവിറ്റ്‌സ്‌ നേരെ ബാങ്കിലേക്കുചെന്നു തന്റെ അക്കൗണ്ടില്‍ ബാലന്‍സ്‌ എത്ര ഉണ്ടെന്നു തിരക്കി. 532 ഡോളര്‍. ബാങ്കിലെ കൗണ്ടറിലുണ്ടായിരുന്ന യുവതി മറുപടി പറഞ്ഞു. റാബിനോവിറ്റ്‌സ്‌ തന്റെ അക്കൗണ്ടില്‍നിന്നു 300 ഡോളര്‍ എടുത്തു തന്റെ സുഹൃത്തിന്റെ ഭാര്യയ്‌ക്കു നല്‍കിക്കൊണ്ടു പറഞ്ഞു: "നിങ്ങള്‍ക്കു പണമുണ്ടാകുമ്പോള്‍ മാത്രം മടക്കിത്തന്നാല്‍ മതി. അതിനു മുന്‍പ്‌ വേണ്ട."

കുറെനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാള്‍ തന്റെ പുത്രിയുടെ വിവാഹാവശ്യത്തിനായി 500 ഡോളര്‍ അദ്ദേഹത്തോടു കടം ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "എന്റെ കൈവശം അത്രയും തുകയില്ല. എങ്കിലും എന്റെ അക്കൗണ്ടിലുള്ളത്‌ എടുത്തുതരാം."

റാബിനോവിറ്റ്‌സ്‌ ബാങ്കിലെത്തിയപ്പോള്‍ പഴയ യുവതിതന്നെയായിരുന്നു കൗണ്ടറില്‍. അദ്ദേഹം അവരോടു പറഞ്ഞു: "എനിക്ക്‌ 500 ഡോളറാണ്‌ ആവശ്യമായിട്ടുള്ളത്‌. പക്ഷേ, അക്കൗണ്ടില്‍ അത്രയും ഉണ്ടാവില്ല. ഉള്ളിടത്തോളം എനിക്കുതരൂ."

അപ്പോള്‍ ഒരു പുഞ്ചിരിയോടുകൂടി ആ യുവതി പറഞ്ഞു: "നിങ്ങളുടെ അക്കൗണ്ടില്‍ ആകെ 5,532 ഡോളറുണ്ട്‌."



"അത്‌ അസാധ്യം," അദ്ദേഹം പറഞ്ഞു. ഉടനെ യുവതി അക്കൗണ്ട്‌ വീണ്ടും പരിശോധിച്ചതിനുശേഷം പറഞ്ഞു: "ഞാന്‍ പറഞ്ഞതു ശരിയാണ്‌. നിങ്ങളുടെ അക്കൗണ്ടില്‍ 5,532 ഡോളറുണ്ട്‌." അത്‌ എന്തുമായാജാലമാണെന്നറിയാതെ റാബിനോവിറ്റ്‌സ്‌ പറഞ്ഞു: "അങ്ങനെയെങ്കില്‍ എനിക്ക്‌ 500 ഡോളര്‍തരൂ. എന്റെ സുഹൃത്തിന്റെ മോളുടെ വിവാഹത്തിനുവേണ്ടിയാണ്‌."

അന്നു പണംവാങ്ങി സുഹൃത്തിനു നല്‍കി വീട്ടിലേക്കു നടക്കുമ്പോള്‍ അദ്ദേഹം സ്വയം പറഞ്ഞു: "ഒരുപക്ഷേ, കര്‍ത്താവ്‌ എന്തെങ്കിലും അദ്‌ഭുതം എന്റെ അക്കൗണ്ടില്‍ ചെയ്‌തുകാണും. അവിടത്തെ വഴികള്‍ ചോദ്യംചെയ്യുവാന്‍ ഞാനാരാണ്‌?"

കുറെ ആഴ്‌ചകള്‍ കഴിഞ്ഞപ്പോള്‍ യഹൂദന്മാരുടെ പ്രാര്‍ഥനാലയത്തിലെ റബ്‌ബി റാബിനോവിറ്റ്‌സിനെ സമീപിച്ച്‌ പറഞ്ഞു: "മോറിസ്‌, നിങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്നറിയാം. എങ്കിലും നിര്‍വാഹമില്ലാത്തതുകൊണ്ടു ചോദിക്കുകയാണ്‌. നമ്മുടെ അടുത്തു താമസിക്കുന്ന ഗോള്‍ഡ്‌സ്‌ ബര്‍ഗിന്റെ കുട്ടിക്ക്‌ ഒരു ഓപ്പറേഷന്‍ വേണ്ടിവന്നിരിക്കുകയാണ്‌. അതിനുവേണ്ടി 5000 ഡോളര്‍ കടംതരാമോ?"

ഉടനെ അദ്ദേഹം പറഞ്ഞു. "5000 മുഴുവന്‍ കാണില്ല. എങ്കിലും എനിക്കുള്ളതു ഞാന്‍ തരാം. ഒരു കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിലും വലുതായി മറ്റെന്താണുള്ളത്‌?"

വീണ്ടും റാബിനോവിറ്റ്‌സ്‌ ബാങ്കിലേക്കു പോയി. അപ്പോഴും പഴയ യുവതിയായിരുന്നു കൗണ്ടറില്‍. അദ്ദേഹം അവരോടു പറഞ്ഞു: "എനിക്കുടനെ അയ്യായിരം ഡോളര്‍ വേണം. പക്ഷേ, അത്രയും എന്റെ അക്കൗണ്ടിലില്ലല്ലൊ. അതുകൊണ്ട്‌ ഉള്ളതുമുഴുവനും തരൂ."

അപ്പോള്‍ യുവതി പറഞ്ഞു: "അങ്ങയുടെ അക്കൗണ്ടില്‍ 10,000 ഡോളര്‍ ഉണ്ട്‌."

"എന്റെ അക്കൗണ്ടില്‍ പതിനായിരം ഡോളറോ?" അദ്ദേഹത്തിനു വിശ്വാസം വന്നില്ല. അടുത്തകാലത്തെങ്ങും ഞാന്‍ തുകയൊന്നും ഡിപ്പോസിറ്റ്‌ ചെയ്‌തിട്ടില്ലല്ലൊ എന്നദ്ദേഹം ഓര്‍ത്തു.

അപ്പോള്‍ ഒരു പുഞ്ചിരിയോടെ അവര്‍ പറഞ്ഞു: "സംശയംവേണ്ട അങ്ങയുടെ അക്കൗണ്ടില്‍ 10,000 ഡോളര്‍ ഉണ്ട്‌."
ഉടനെ അദ്ദേഹം പറഞ്ഞു: "അതു ശരിയായിരിക്കില്ല. വേഗം മാനേജരോടു ചോദിക്കൂ."

അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്‌ യുവതി മാനേജരോട്‌ ചോദിച്ചു. അപ്പോള്‍ റാബിനോവിറ്റ്‌സിന്റെ അക്കൗണ്ടില്‍ 10,000 ഡോളര്‍ ഉണ്ടെന്ന്‌ മാനേജര്‍ ഉറപ്പുനല്‍കി. അദ്ദേഹം ഉടനെ 5000 ഡോളര്‍ വാങ്ങി റബ്‌ബിയുടെ കൈയില്‍ കൊടുത്തു.

കുറെനാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പരിചയക്കാരിയായ ഒരു സ്‌ത്രീ തന്റെ മകന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുവേണ്ടി കുറെ പണം ചോദിച്ചു. അദ്ദേഹം ഉടനെ ബാങ്കിലെത്തി തന്റെ ബാലന്‍സ്‌ തിരക്കി. അപ്പോള്‍ യുവതി പറഞ്ഞു: "അങ്ങയുടെ അക്കൗണ്ടിലിപ്പോള്‍ 25,000 ഡോളറുണ്ട്‌." 
തുകയെക്കുറിച്ച്‌ സംശയംതോന്നിയ അദ്ദേഹം ബാങ്ക്‌ മാനേജരെ കണ്ട്‌ സംസാരിച്ചു. പക്ഷേ, കണക്കില്‍ തെറ്റില്ലായിരുന്നു. യുവതി പറഞ്ഞതുപോലെ ബാലന്‍സ്‌ 25,000 ഡോളറായിരുന്നു. അദ്ദേഹം 24,000 ഡോളര്‍ എടുത്തു തന്നോടു സഹായാഭ്യര്‍ഥന നടത്തിയ സ്‌ത്രീക്കു കൊടുത്തു. "എന്റെ അക്കൗണ്ടില്‍ ഇനി 1000 ഡോളര്‍ ബാക്കിയുണ്ട്‌," അദ്ദേഹം സ്‌ത്രീയോടു പറഞ്ഞു. "ഇനിയും ആവശ്യം വരുമ്പോള്‍ ചോദിക്കാന്‍ മറക്കരുത്‌."

റാബിനോവിറ്റ്‌സിന്റെ ഈ കഥ കേള്‍ക്കുമ്പോള്‍ ഇതു കെട്ടുകഥയോ എന്നു നാം സംശയിക്കും. കാരണം, സാധാരണക്കാരാരും ഇപ്രകാരം ഔദാര്യത്തോടെ കൊടുക്കാറില്ല. അതുപോലെ, സാധാരണ നമ്മുടെ ബാങ്ക്‌ ബാലന്‍സ്‌ നാം അറിയാതെ പല മടങ്ങായി വര്‍ധിക്കാറുമില്ല.



എന്നാല്‍, 'ചിക്കന്‍ സൂപ്പ്‌ ഫോര്‍ ദ സിംഗിള്‍സ്‌ സോള്‍' എന്ന പുസ്‌തകത്തില്‍ പറയുന്നതനുസരിച്ച്‌ ഇത്‌ ഒരു സംഭവകഥതന്നെയാണ്‌. റാബിനോവിറ്റ്‌സ്‌ തന്റെ സഹായം ആവശ്യപ്പെട്ടവര്‍ക്കൊക്കെ സ്വയം മറന്നുകൊടുത്തു. അതുകൊണ്ടു എന്തു സംഭവിച്ചുവെന്നോ? അദ്ദേഹം കൊടുക്കുംതോറും അദ്ദേഹത്തിന്റെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ധിച്ചുവന്നു. എന്നുമാത്രമല്ല, കുടുംബാംഗങ്ങളായി ആരുമില്ലാതിരുന്ന അദ്ദേഹത്തെ, അദ്ദേഹത്തിന്റെ സഹായം സ്വീകരിച്ചവര്‍ പൊന്നുപോലെ നോക്കി.

ഇനി അദ്ദേഹത്തിന്റെ ബാങ്ക്‌ ബാലന്‍സ്‌ വര്‍ധിച്ചുവന്ന കഥ പറയട്ടെ. ഒരിക്കല്‍ ഒരു സുഹൃത്തിനു സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിട്ടപ്പോള്‍ റാബിനോവിറ്റ്‌സ്‌ അദ്ദേഹത്തെ ഉപാധികളൊന്നുംകൂടാതെ സഹായിച്ചു. ആ സുഹൃത്തിനു പിന്നീട്‌ ഐറീഷ്‌ ലോട്ടറിയുടെ സമ്മാനം കിട്ടിയപ്പോള്‍ അതില്‍ കുറെ തുകയെടുത്ത്‌ റാബിനോവിറ്റ്‌സിനു വേണ്ടി മാറ്റിവച്ചു. ആ തുകയില്‍നിന്നാണ്‌ റാബിനോവിറ്റ്‌സിന്‌ ആവശ്യമുള്ളപ്പോഴൊക്കെ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ പണം വന്നുകൊണ്ടിരുന്നത്‌. റാബിനോവിറ്റ്‌സ്‌ മരിക്കുന്നതുവരെ ഇക്കാര്യം അദ്ദേഹം അറിഞ്ഞതുമില്ല. നമ്മുടെ മുന്‍പില്‍ ഓരോരുത്തര്‍ എന്തെല്ലാം ന്യായമായ ആവശ്യങ്ങള്‍ക്കായി കൈനീട്ടുന്നു, അപ്പോഴൊക്കെ സ്വയംമറന്നു നാം അവരെ സഹായിക്കാറുണ്ടോ? ആരെയെങ്കിലും സഹായിക്കുവാനായി നാം എന്തെങ്കിലും തുക ചെലവാക്കിയാല്‍ നമുക്കെന്തോ നഷ്‌ടപ്പെട്ടതുപോലെയല്ലേ പലപ്പോഴും നമ്മുടെ ചിന്ത? സ്വയംമറന്ന്‌ നമുക്കു മറ്റുള്ളവരെ സഹായിക്കാന്‍ സാധിച്ചാല്‍ നാം അറിയാതെതന്നെ നമ്മുടെ നിക്ഷേപങ്ങള്‍ വര്‍ധിക്കുകതന്നെ ചെയ്യും, പ്രത്യേകിച്ചും സ്വര്‍ഗത്തിലെ നമ്മുടെ നിക്ഷേപങ്ങള്‍.

Saturday 14 March 2015

പരിപാലനയിലെ ഒരു അത്‌ഭുതനിമിഷം

മാര്‍ട്ടിന്‍ വാള്‍. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ അയാള്‍ തടവുകാരനായി സൈബീരിയയിലായിരുന്നു. യുദ്ധം കഴിഞ്ഞ്‌ കുറേനാള്‍ ചെന്നപ്പോള്‍ അയാള്‍ സ്വതന്ത്രനായി. പക്ഷേ, അപ്പോഴേക്കും അയാള്‍ ക്ഷീണിച്ച്‌ എല്ലും തൊലിയുമായിരുന്നു. എങ്കിലും അയാള്‍ അതിവേഗം തന്റെ ജന്മനാടായ യുക്രെയ്‌നിലേക്കു വണ്ടികയറി. തന്റെ പ്രിയ ഭാര്യയെയും പൊന്നുമകനെയും കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

അയാള്‍ അവിടെയെത്തി. പക്ഷേ, ഭാര്യ അന്നയും പുത്രനായ ജേക്കബും പണ്ടേ അവിടെനിന്ന്‌ അപ്രത്യക്ഷരായിരുന്നു. റെഡ്‌ക്രോസ്‌ നല്‍കിയ വിവരമനുസരിച്ച്‌ സൈബീരിയയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ അവര്‍ മരിച്ചുപോയിരുന്നു. 

അന്നയും പുത്രനും മരിച്ചെന്നു കേട്ടപ്പോള്‍ അയാള്‍ ആകെ തകര്‍ന്നുപോയി. നിരാശനായ അയാള്‍ ദൈവത്തെ തള്ളിപ്പറഞ്ഞു. തന്റെ ഭാര്യയെയും മകനെയും രക്ഷിക്കാതിരുന്ന ദൈവത്തെ തനിക്കാവശ്യമില്ല എന്നയാള്‍ തീരുമാനിച്ചു. പ്രാര്‍ഥിക്കുന്ന ശീലം പാടേ അയാള്‍ ഉപേക്ഷിച്ചു.

അയാള്‍ക്കൊരു സഹകരണസമൂഹത്തില്‍ ജോലി കിട്ടി. അവിടെ യാന്ത്രികമായി ജോലിചെയ്‌ത്‌ അങ്ങനെ ജീവിക്കുമ്പോള്‍ അയാള്‍ പഴയൊരു കൂട്ടുകാരിയായിരുന്ന ഗ്രെറ്റായെ കണ്ടുമുട്ടി. ഒരേ ഗ്രാമത്തില്‍നിന്നുള്ള അവര്‍ പഠിച്ചത്‌ ഒരേ ക്ലാസിലായിരുന്നു. അധികം താമസിയാതെ മാര്‍ട്ടിനും ഗ്രെറ്റായും തമ്മില്‍ വിവാഹിതരായി. അതോടെ ജീവിതം വീണ്ടും അര്‍ഥമുള്ളതായി അയാള്‍ക്കു തോന്നി. പക്ഷേ, ഒരു കുഞ്ഞിക്കാലു കാണാന്‍ സാധിക്കാഞ്ഞതില്‍ ദുഃഖിതയായിരുന്നു ഗ്രെറ്റ. സൈബീരിയയിലെ തടവുകാലത്ത്‌ ഏല്‍ക്കേണ്ടിവന്ന പീഡനംമൂലം വീണ്ടുമൊരു പിതാവാകാന്‍ സാധിക്കാത്ത സ്ഥിതിയിലായിരുന്നു മാര്‍ട്ടിന്‍.



തനിക്കൊരമ്മയാകാന്‍ സാധിക്കില്ലെങ്കില്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത്‌ അതിന്റെ വളര്‍ത്തമ്മയെങ്കിലും ആകണമെന്നു ഗ്രെറ്റ ആഗ്രഹിച്ചു. അവള്‍ അക്കാര്യം മാര്‍ട്ടിനോട്‌ പറയുകയും ചെയ്‌തു. 

അപ്പോള്‍ മാര്‍ട്ടിന്‍ പൊട്ടിത്തെറിച്ചു: "എന്റെ കുഞ്ഞിനെ ദൈവം തട്ടിയെടുത്തില്ലേ? ഇനിയുമൊരു കുഞ്ഞിനെ കിട്ടിയാല്‍ അതിന്‌ എന്തു സംഭവിക്കുമെന്ന്‌ ആര്‍ക്കറിയാം?"

പക്ഷേ, ഗ്രെറ്റ വിട്ടുകൊടുത്തില്ല. അവള്‍ പിന്നെയും അനുനയപൂര്‍വം തന്റെ ആഗ്രഹം മാര്‍ട്ടിനോടു പറഞ്ഞു. അപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞു: "ശരി, ഒരു കുട്ടിയെ നിനക്കു ദത്തെടുക്കാം." 

അവള്‍ വേഗം അടുത്തുള്ള ഒരു ഓര്‍ഫനേജിലേക്ക്‌ ഓടി. അവിടെ ചെന്നപ്പോള്‍ ഒട്ടേറെ കുരുന്നുകള്‍ അവിടെയുണ്ടായിരുന്നു. അവരിലൊരു പെണ്‍കുട്ടി ഗ്രെറ്റയെ കണ്ടപ്പോള്‍ മന്ദഹസിച്ചു. അപ്പോള്‍ ഗ്രെറ്റ ചോദിച്ചു: "നിനക്ക്‌ എന്റെ കൂടെ പോരാന്‍ ഇഷ്‌ടമാണോ?"

 അപ്പോള്‍ ആ പെണ്‍കുട്ടി തലയാട്ടിക്കൊണ്ടു പറഞ്ഞു: "തീര്‍ച്ചയായും. പക്ഷേ, ഞാന്‍ തനിയെ പോരില്ല. എന്റെ സഹോദരനെയും കൊണ്ടുപോകണം."

ഗ്രെറ്റ പറഞ്ഞു: "രണ്ടുപേരെയും കൊണ്ടുപോകാന്‍ എനിക്കു പറ്റില്ല. നീ മാത്രം എന്റെകൂടെ വന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു."

പെട്ടെന്ന്‌ ആ കൊച്ചു ബാലിക പറഞ്ഞു: "ഞങ്ങള്‍ക്ക്‌ ഒരു മമ്മിയുണ്ടായിരുന്നു. മമ്മി പറഞ്ഞതു ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കണമെന്നാണ്‌. ദൈവം ഞങ്ങളെ നോക്കിക്കൊള്ളുമെന്നും മമ്മി പറഞ്ഞു."

ആ കൊച്ചുബാലികയുടെ സഹോദരനെക്കൂടി ദത്തെടുക്കണമെന്നു ഗ്രെറ്റയ്‌ക്കു തോന്നി. പക്ഷേ, മാര്‍ട്ടിന്‍ സമ്മതിച്ചില്ല. വേറേ ഏതെങ്കിലും കുട്ടിയെ കണ്ടെത്താന്‍ അയാള്‍ നിര്‍ദേശിച്ചു. 

എങ്കിലും ആ പിഞ്ചോമനകളെ മറക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല. കുറേദിവസം കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും വിഷയം അവതരിപ്പിച്ചു. മാര്‍ട്ടിന്റെ മനസ്‌ മാറ്റാന്‍ അവള്‍ കാലുപിടിച്ചപേക്ഷിച്ചു. ഗ്രെറ്റയുടെ സ്‌നേഹത്തിന്റെ തീവ്രത കണ്ടപ്പോള്‍ ആ കൊച്ചുപെണ്‍കുട്ടിയെ ഒന്നു കണ്ടുകളയാം എന്നു മാര്‍ട്ടിന്‍ തീരുമാനിച്ചു. ആ പെണ്‍കുട്ടിയെ മാത്രം ദത്തെടുത്തു കൊണ്ടുപോരാന്‍ സാധിക്കുമെന്നായിരുന്നു അപ്പോഴും അയാളുടെ പ്രതീക്ഷ.
ഗ്രെറ്റയെ വീണ്ടും കണ്ടപ്പോള്‍ പെണ്‍കുട്ടി ഓടിയെത്തി പറഞ്ഞു: "നിങ്ങള്‍ വീണ്ടും വന്നു!"

അപ്പോള്‍ അവളുടെ കൂടെ സഹോദരനുമുണ്ടായിരുന്നു. അവന്‍ അവരോടു പറഞ്ഞു: "എന്റെ മമ്മി മരിക്കുന്നതിനു മുമ്പ്‌ എന്നെക്കൊണ്ട്‌ ഒരു വാഗ്‌ദാനം ചെയ്യിച്ചിരുന്നു. ഇവളെ എന്റെകൂടെനിന്നു മാറ്റാന്‍ അനുവദിക്കരുത്‌ എന്നതായിരുന്നു മമ്മിയുടെ ആഗ്രഹം. അതനുസരിച്ച്‌ ഞാന്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. അതുകൊണ്ട്‌ ഇവളെ വിട്ടുതരാന്‍ സാധിക്കില്ല."

മാര്‍ട്ടിന്‍ ആ കുട്ടികളെ സൂക്ഷിച്ചുനോക്കി. അപ്പോള്‍ അയാള്‍ തന്റെ പുന്നാരമകനായ ജേക്കബിനെ ഓര്‍ത്തു. അയാള്‍ പറഞ്ഞു: "നിങ്ങള്‍ രണ്ടുപേരേയും ഞങ്ങള്‍ കൊണ്ടുപൊയ്‌ക്കൊള്ളാം."

ഗ്രെറ്റ അവരുടെ വസ്‌ത്രങ്ങളും മറ്റും ഒരു കൊച്ചു ബാഗിലാക്കുമ്പോള്‍ മാര്‍ട്ടിന്‍ അവരെക്കുറിച്ചുള്ള ഔദ്യോഗിക രേഖകളെല്ലാം പരിശോധിക്കുകയായിരുന്നു. അവരുടെ പേരുകള്‍ കണ്ടപ്പോള്‍ അയാളുടെ ശ്വാസം ഒരുനിമിഷം നിലച്ചപോലെ. പിന്നെ പെട്ടെന്നു ഹൃദയമിടിപ്പിന്റെ വേഗം വര്‍ധിച്ചു. 


അയാള്‍ ആ പേരുകള്‍ ഇങ്ങനെ വായിച്ചു: ജേക്കബ്‌ വാള്‍, സോണിയ വാള്‍. മാതാവ്‌: അന്ന ബാര്‍ട്ടല്‍ വാള്‍. പിതാവ്‌: മാര്‍ട്ടിന്‍ വാള്‍. ജേക്കബിന്റെ ജനനത്തീയതി തന്റെ പുത്രന്റേതുതന്നെ. സോണിയ പിറന്നത്‌ താന്‍ തടവിലാക്കപ്പെട്ടതിനു തൊട്ടുപിന്നാലെയും!

"എന്തുപറ്റി?" തന്റെ മക്കളുടെ പേരുകള്‍ കണ്ട്‌ അന്തംവിട്ടിരുന്ന മാര്‍ട്ടിനെ കണ്ടപ്പോള്‍ ഗ്രെറ്റ ചോദിച്ചു. അയാള്‍ വിക്കിവിക്കി പറഞ്ഞു: "ഗ്രെറ്റ, ഇവര്‍ രണ്ടുപേരും എന്റെ കുട്ടികളാണ്‌. തീര്‍ച്ചയായും ദൈവം ഉണ്ട്‌. അവിടുന്ന്‌ നല്ലവനുമാണ്‌."

എന്തായിരുന്നു യഥാര്‍ഥത്തില്‍ സംഭവിച്ചത്‌. മാര്‍ട്ടിന്‍ തടവിലാക്കപ്പെട്ടതിനു പിന്നാലെ സോണിയ പിറന്നിരുന്നു. പക്ഷേ ഈ വിവരം ഒരിക്കലും മാര്‍ട്ടിന്‍ അറിഞ്ഞിരുന്നില്ല. യുദ്ധകാലത്ത്‌ അന്നയും കുട്ടികളും കുറേക്കാലം ജര്‍മനിയില്‍ സുരക്ഷിതരായിരുന്നു. എന്നാല്‍ യുദ്ധത്തില്‍ ജര്‍മനി പരാജയപ്പെട്ടപ്പോള്‍ നിരവധിയാളുകള്‍ അറസ്റ്റുചെയ്യപ്പെട്ട്‌ സൈബീരിയയിലേക്ക്‌ അയയ്‌ക്കപ്പെട്ടു. അവരുടെകൂടെ അന്നയും മക്കളുമുണ്ടായിരുന്നു.

യാത്രയ്‌ക്കിടെ അസുഖം ബാധിച്ച്‌ അന്ന മരിച്ചു. കുട്ടികള്‍ ഓര്‍ഫനേജിലായി. അവരെയാണ്‌ മാര്‍ട്ടിനും ഗ്രെറ്റയും ദത്തെടുക്കാനെത്തിയത്‌! എലിസബത്ത്‌ എന്‍സ്‌ എന്ന അമേരിക്കക്കാരി വിവരിക്കുന്ന ഈ സംഭവം വായിക്കുമ്പോള്‍ ദൈവം നല്ലവന്‍തന്നെ എന്നു നാമും പറഞ്ഞുപോകും. എത്ര അദ്‌ഭുതകരമായ രീതിയിലാണ്‌ മാര്‍ട്ടിന്‍ തന്റെ കുട്ടികളെ കണ്ടെത്തിയത്‌! ദൈവത്തിന്റെ പരിപാലന ഒന്നു മാത്രമാണ്‌ ഈ അത്യപൂര്‍വ സമാഗമത്തിനു വഴിതെളിച്ചത്‌.

നമ്മുടെ ജീവിതത്തില്‍ കയ്‌പുരസത്തിന്റെ അളവ്‌ കൂടുമ്പോള്‍ നാമും അറിയാതെ ദൈവത്തെ തള്ളിപ്പറഞ്ഞെന്നിരിക്കും. ഒരുപക്ഷേ, നമ്മുടെ ദുഃഖത്തിന്റെ തീവ്രതമൂലം എല്ലാ പ്രശ്‌നങ്ങള്‍ക്കും ദൈവത്തെ പഴിചാരിയെന്നിരിക്കും. അതുപോലെ, പ്രാര്‍ഥനപോലും വേണ്ടെന്ന ചിന്ത നമ്മിലുദിച്ചെന്നുവരാം. പക്ഷേ, അപ്പോഴൊക്കെ നാം ഓര്‍മിക്കേണ്ട കാര്യം ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്നതാണ്‌. രോഗവും കഷ്‌ടനഷ്‌ടങ്ങളുമൊക്കെ ഉണ്ടാകുമ്പോഴാണ്‌ സാധാരണയായി ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിനു ക്ഷീണം സംഭവിക്കുക. 

എന്നാല്‍, അങ്ങനെയുള്ള അവസരങ്ങളിലാണ്‌ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം നാം അരക്കിട്ടുറപ്പിക്കേണ്ടത്‌. എന്തു സംഭവിച്ചാലും അതൊക്കെ ദൈവം അറിയാതെ സംഭവിക്കുകയില്ല എന്ന വിശ്വാസം നമുക്ക്‌ വേണം. അതുപോലെ, അവിടുത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌ എല്ലാം നന്മയ്‌ക്കായി സംഭവിക്കുന്നുവെന്നും നാം ഉറച്ചു വിശ്വസിക്കണം.

Tuesday 10 March 2015

നമ്മള്‍ അറിയാത്ത നമ്മള്‍

നമുക്ക്‌ നമ്മെത്തന്നെ അറിയാമോ? നമ്മുടെ വിചാരങ്ങളും പ്രവൃത്തികളും ഏതു തരത്തിലുള്ളവയാണെന്നു നാം ചിന്തിക്കാറുണ്ടോ? സ്വന്തം കഴിവുകളെക്കുറിച്ചുള്ള അവബോധം നമുക്കുണ്ടോ? സ്വന്തം പോരായ്‌മകളെക്കുറിച്ചു നമുക്ക്‌ അറിവും ബോധ്യവുമുണ്ടോ?

നാം പല രീതിയിലും കേമത്തമുള്ളവരാണെന്നായിരിക്കില്ലേ നമ്മുടെ ചിന്ത? നമ്മെക്കാള്‍ സത്യസന്ധതയും മാന്യതയുമുള്ളവര്‍ ലോകത്തില്‍ മറ്റാരുമില്ലെന്നായിരിക്കുമല്ലേ നാം ചിലപ്പോഴെങ്കിലും ചിന്തിക്കുകയും പറയുകയും ചെയ്യാറുള്ളത്‌?

നമ്മുടെ സ്വഭാവ മാഹാത്മ്യം ശരിക്കും മനസിലാക്കുവാന്‍ സഹായിക്കുന്ന രീതിയില്‍ ഗ്രന്ഥകാരനായ ഹെര്‍ബര്‍ട്ട്‌ പ്രോച്‌നേവ്‌ ഒരു ചോദ്യാവലി തയാറാക്കിയിട്ടുണ്ട്‌. അതിലെ ചില പ്രസക്ത ചോദ്യങ്ങളും അവയ്‌ക്ക്‌ സമാനമായ മറ്റുചില ചോദ്യങ്ങളും താഴെക്കൊടുക്കുന്നു.

വഴിയില്‍ക്കിടന്ന്‌ ഒരു പഴ്‌സ്‌ കിട്ടുന്നു. അതില്‍ ഉടമസ്ഥന്റെ പേരും വിലാസവും അഞ്ഞൂറിന്റെയും നൂറിന്റെയും കുറെ നോട്ടുകളും ഉണ്ട്‌. നിങ്ങള്‍ ഉടമസ്ഥനെ കണ്ടുപിടിച്ച്‌ പഴ്‌സും പണവും കൊടുക്കുമോ? 




അവിഹിതമാര്‍ഗത്തിലൂടെ പണം സമ്പാദിക്കുവാന്‍ നിങ്ങള്‍ക്ക്‌ ഒരു സുവര്‍ണാവസരം ലഭിക്കുന്നു. സംഗതി ആരും അറിയുകയില്ല എന്ന്‌ നൂറുശതമാനം ഉറപ്പുമുണ്ട്‌. നിങ്ങള്‍ എന്തു ചെയ്യും?

ആരും ഒരിക്കലും കണ്ടുപിടിക്കുകയില്ലെന്നു കരുതുക. നിങ്ങള്‍ മോഷ്‌ടിക്കുമോ? ബിസിനസിലെ നിങ്ങളുടെ പങ്കാളി മരിക്കുന്നു. അയാള്‍ക്ക്‌ അര്‍ഹതയുള്ള വിഹിതം ചോദിക്കാതെ തന്നെ അയാളുടെ ബന്ധുക്കള്‍ക്കു കൊടുക്കുമോ?

ബസില്‍ യാത്രചെയ്യുമ്പോള്‍ കണ്ടക്‌ടര്‍ നിങ്ങള്‍ക്കു ടിക്കറ്റ്‌ തരുന്നു. എന്നാല്‍ പണം വാങ്ങുന്ന കാര്യം മറന്നുപോകുന്നു. നിങ്ങള്‍ സ്വയം പണം നല്‍കുമോ? 



നിങ്ങള്‍ ഒരു കമ്പനിയിലെ ജീവനക്കാരനാണ്‌. എന്നാല്‍ നിങ്ങളാണ്‌ കമ്പനിയുടെ ഉടമ എന്നു കരുതുക. നിങ്ങള്‍ ഒരു ജീവനക്കാരന്‍ എന്ന പേരില്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച്‌ അപ്പോള്‍ നിങ്ങള്‍ക്കു സംതൃപ്‌തിയുണ്ടാകുമോ?

നിങ്ങള്‍ ഒരു തൊഴില്‍ദാതാവാണെന്നു കരുതുക. ആത്മാര്‍ഥതയും സത്യസന്ധതയും കഴിവും അര്‍പ്പണബോധവുമുള്ള ഒരു ജീവനക്കാരനെ നിങ്ങള്‍ക്കു വേണം. നിങ്ങള്‍ നിങ്ങളെത്തന്നെ ആ ജോലിക്കെടുക്കുമോ? നിങ്ങള്‍ ഒരു തൊഴിലുടമയാണെങ്കില്‍ നിങ്ങള്‍ കൊടുക്കുന്ന ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പകരമായി ആത്മാര്‍ഥമായി ജോലി ചെയ്യുവാന്‍ നിങ്ങള്‍ തയാറാകുമോ?

നിങ്ങള്‍ ഒരു മാതാവോ പിതാവോ ആണെങ്കില്‍ നിങ്ങളെപ്പോലുള്ള ഒരാളുടെ മകനോ മകളോ ആയിരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? നിങ്ങള്‍ ഒരു ഭര്‍ത്താവോ ഭാര്യയോ ആണെങ്കില്‍ നിങ്ങളെപ്പോലെ സ്വഭാവ പ്രത്യേകതയുള്ള ഒരു വ്യക്തിയുടെ ജീവിതപങ്കാളിയാകുവാന്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുമോ?

നിങ്ങള്‍ ഒരു സഹോദരനോ സഹോദരിയോ ആണെങ്കില്‍ നിങ്ങളെപ്പോലുള്ളവരുടെ ഒരു സഹോദരനോ സഹോദരിയോ ആകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? നിങ്ങള്‍ ഒരു മകനോ മകളോ ആണെങ്കില്‍ നിങ്ങളെപ്പോലുള്ള ആളുകളുടെ മാതാവോ പിതാവോ ആകുവാന്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുമോ?

നിങ്ങള്‍ ഒരു സമൂഹത്തിലെയോ ക്ലബിലെയോ അംഗമാണെന്നു കരുതുക. അപ്പോള്‍ നിങ്ങളെപ്പോലെയുള്ള മറ്റാളുകളുടെ സമൂഹത്തിലോ ക്ലബിലോ പ്രവര്‍ത്തിക്കുവാന്‍ നിങ്ങള്‍ക്കു സന്തോഷമുണ്ടാകുമോ? നിങ്ങളെപ്പോലെ ഒരാളുടെകൂടെ ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുകയാണെന്നു കരുതുക. അതെക്കുറിച്ചു നിങ്ങള്‍ക്ക്‌ ആവേശവും ഉത്സാഹവും തോന്നുമോ? അതൊരു വലിയ ഭാഗ്യമാണെന്നു നിങ്ങള്‍ കരുതുമോ?

നിങ്ങളുടെ വികാരവിചാരങ്ങള്‍ മുഴുവന്‍ മറ്റൊരാള്‍ അറിയുന്നുണ്ട്‌ എന്നു കരുതുക. അങ്ങനെയെങ്കില്‍ ഇപ്പോഴുള്ള നിങ്ങളുടെ വികാരവിചാരങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക്‌ അഭിമാനം തോന്നുമോ? നിങ്ങളുടെ ജീവിതത്തില്‍ യാതൊരു അല്ലലും അലച്ചിലും ഇല്ലെന്നു കരുതുക. അങ്ങനെയുള്ളൊരു സാഹചര്യത്തില്‍ നിങ്ങള്‍ ദൈവത്തെ ഓര്‍മിക്കുകയും അവിടത്തോട്‌ എന്നും പ്രാര്‍ഥിക്കുകയും ചെയ്യുമോ?

നിങ്ങള്‍ക്ക്‌ ഒരുകാര്യത്തിലും ആരുടെയും സഹായം ആവശ്യമില്ലെന്നു കരുതുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ മറ്റാരെയെങ്കിലും അവരുടെ ആവശ്യങ്ങളില്‍ സഹായിക്കുമോ? നിങ്ങള്‍ സമ്പന്നനാണ്‌. നിങ്ങളുടെ അയല്‍വാസിയും സമ്പന്നനാണ്‌. എന്നാല്‍ നിങ്ങളുടെ അയല്‍വാസിക്കു കൂടുതല്‍ സമ്പത്തു ലഭിക്കാനിടയായാല്‍ നിങ്ങള്‍ക്കു ദുഃഖമുണ്ടാകുമോ?
നിങ്ങള്‍ക്കു യാതൊരു നഷ്‌ടവും കൂടാതെ മറ്റൊരാളുടെ ജീവിതം സന്തോഷപ്രദമാക്കുവാന്‍ ഒരു അവസരം ലഭിക്കുന്നു. ആ അവസരം ഉപയോഗിക്കുവാന്‍ നിങ്ങള്‍ തയാറാകുമോ?

നിങ്ങളുടെ വേണ്ടപ്പെട്ട ഒരാള്‍ക്കു നിങ്ങളുടെ സഹായം ആവശ്യമുണ്ട്‌. പക്ഷേ, സഹായം ചോദിക്കുവാന്‍ അയാള്‍ക്കു വൈമനസ്യമുണ്ട്‌. അയാള്‍ സഹായം ചോദിക്കാതെതന്നെ നിങ്ങള്‍ അയാളെ സഹായിക്കുമോ? അതുപോലെ, അയാള്‍ക്കു നിങ്ങളുടെ സഹായം ആവശ്യമുണ്ടെന്ന കാര്യം നിങ്ങള്‍ക്ക്‌ അറിയില്ലെന്നു നിങ്ങള്‍ നടിക്കുമോ?

ഈ ചോദ്യാവലി ഇവിടെ നിറുത്തുകയാണ്‌. ഒരു പക്ഷേ, ഈ ചോദ്യാവലി വായിച്ചപ്പോള്‍ സമ്മിശ്രവികാരങ്ങളായിരിക്കാം നിങ്ങളിലുണ്ടായത്‌. എങ്കിലും ഈ ചോദ്യാവലിയുടെ സഹായത്തോടെ നിങ്ങള്‍ നിങ്ങളെക്കുറിച്ചു കൂടുതല്‍ മനസിലാക്കിയിട്ടുണ്ടാകും എന്നതില്‍ സംശയമില്ല. നമ്മില്‍ പലര്‍ക്കും ഒരുപക്ഷേ നമ്മെക്കുറിച്ച്‌ അധികം അറിയണമെന്ന്‌ ആഗ്രഹം കാണില്ല. സ്വന്തം കുറ്റങ്ങളും കുറവുകളുമൊക്കെ എന്തിന്‌ ഓര്‍മിക്കുകയും അവയെക്കുറിച്ചു വിഷമിക്കുകയും ചെയ്യണമെന്നായിരിക്കും നാം കരുതുന്നത്‌.

എന്നാല്‍, നാം സ്വയം മനസിലാക്കിയാല്‍ അതുവഴി നമ്മുടെ ജീവിതത്തിന്റെ മികവ്‌ ഏറെ വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നതാണ്‌ വസ്‌തുത. സ്വയം പരിശോധനയ്‌ക്കു വിധേയമാക്കാത്ത ജീവിതം ജീവിതമേ അല്ലെന്നു ഗ്രീക്ക്‌ ചിന്തകനായ സോക്രട്ടീസ്‌ പറഞ്ഞതു വെറുതെയല്ല. സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും സ്വഭാവപ്രത്യേകതകളെക്കുറിച്ചും നാം ശരിയായി അറിയുമ്പോള്‍ മാത്രമേ നമ്മിലുള്ള പോരായ്‌മകള്‍ തിരുത്തി മെച്ചപ്പെട്ട ജീവിതം നയിക്കുവാന്‍ നമുക്കു സാധിക്കൂ. അതുകൊണ്ട്‌ സ്വയം മനസിലാക്കി ആ അറിവിന്റെ വെളിച്ചത്തില്‍ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ടതും മികവുറ്റതുമാക്കാന്‍ നമുക്കു ശ്രമിക്കാം.