Wednesday, 4 March 2015

ജയിക്കുവാനായി ജനിച്ചവര്‍

ഹൊറേഷ്യോ ആള്‍ജര്‍ (1832-1898). വിജയത്തിന്റെ സുവിശേഷം പ്രസംഗിച്ച അമേരിക്കന്‍ എഴുത്തുകാരനാണദ്ദേഹം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തില്‍ അമേരിക്കയില്‍ ഏറ്റവും പോപ്പുലറായിരുന്ന നോവലിസ്റ്റുകളില്‍ ഒരാളായിരുന്നു ആള്‍ജര്‍.

യുവതലമുറയ്‌ക്കു മാര്‍ഗനിര്‍ദേശം നല്‍കുവാന്‍വേണ്ടി 134 നോവലുകളാണ്‌ അദ്ദേഹം എഴുതിയത്‌. അവയില്‍ ഏറ്റവും ജനപ്രതീ നേടിയതു 'റാഗ്‌ഡ്‌ ഡിക്ക്‌' (1867), 'ലക്ക്‌ ആന്‍ഡ്‌ പ്ലക്ക്‌' (1869), 'റ്റാറ്റേര്‍ഡ്‌ ടോം' എന്നീ പേരുകളിലുള്ള നോവല്‍ പരമ്പരകളാണ്‌.ആള്‍ജറുടെ നോവലുകളുടെയെല്ലാം കഥാസാരം ഏതാണ്ട്‌ ഒന്നുതന്നെയാണ്‌. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച പയ്യനാണ്‌ നായകന്‍. അവന്‍ ജീവിതത്തിലെ നൂറുകണക്കിനു പ്രതിബന്ധങ്ങളെ തരണം ചെയ്‌തു വിജയം വരിക്കുന്നു. അപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. ജീവിതം സ്വര്‍ഗസമാനമായി മാറുന്നു.
നോവലുകളുടെ കഥാസാരം പോലെ അവയുടെയെല്ലാം സന്ദേശവും ഒന്നു തന്നെയായിരുന്നു. ഏതു പാവപ്പെട്ടവനും അനാഥനും അധികാരികളുടെ പിന്തുണയില്ലാത്തവനുമൊക്കെ സ്ഥിരപരിശ്രമത്തിലൂടെ ജീവിതത്തില്‍ ഉന്നതവിജയം കൈവരിക്കാനാകും - ഇതായിരുന്നു അവയുടെ പ്രധാന സന്ദേശം. 

സത്യസന്ധത, കഠിനാധ്വാനം, ദൃഢനിശ്ചയം എന്നീ ഗുണങ്ങളുടെ സഹായത്തോടെ ആര്‍ക്കും ജീവിതത്തില്‍ വിജയിക്കുവാന്‍ സാധിക്കുമെന്ന്‌ ആള്‍ജറുടെ നോവലുകള്‍ അടിവരയിട്ടു സമര്‍ഥിക്കുന്നു.
വിജയത്തിന്റെ സുവിശേഷവുമായി ഇറങ്ങിത്തിരിക്കുവാന്‍ ആള്‍ജറെ പ്രേരിപ്പിച്ച പശ്ചാത്തലവും അറിഞ്ഞിരിക്കുന്നതു നല്ലതാണ്‌. മാസച്ച്യൂസെറ്റ്‌സില്‍ ജനിച്ച അദ്ദേഹം ഹാര്‍വര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡിവിനിറ്റിയില്‍ ബിരുദം നേടി. അവിടെ പഠിക്കുന്ന അവസരത്തില്‍ ഒരു കവിയായി തീരണമെന്ന ആഗ്രഹത്തോടുകൂടി ഹെന്‍റി വാഡ്‌സ്‌ വര്‍ത്ത്‌ ലോംഗ്‌ഫെലോ എന്ന സാഹിത്യകാരന്റെ ശിഷ്യത്വം ആള്‍ജര്‍ സ്വീകരിച്ചു.
ഹാര്‍വര്‍ഡില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കുറെക്കാലം പാരീസില്‍ ജോലി ചെയ്‌തു. അതിനുശേഷം അമേരിക്കയില്‍ തിരിച്ചെത്തി യൂണിറ്റേറിയന്‍ സഭയിലെ മതപ്രസംഗകനായി സേവനമനുഷ്‌ഠിച്ചു. അധികം താമസിയാതെ അദ്ദേഹം ന്യൂയോര്‍ക്കില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 

അങ്ങനെയാണ്‌ ന്യൂയോര്‍ക്കിലെ ഗെറ്റോകളില്‍ താമസിച്ചിരുന്ന പാവപ്പെട്ടവരെ അദ്ദേഹം പരിചയപ്പെടുന്നത്‌.

അവരുടെ ദാരിദ്ര്യവും ജീവിതത്തിലെ മറ്റു കഷ്‌ടപ്പാടുകളും ആള്‍ജറുടെ മനസിനെ ആഴമായി സ്‌പര്‍ശിച്ചു. നിസഹായരായ ആ സാധുമനുഷ്യരെ ഉദ്ധരിക്കുവാനുള്ള വഴികളന്വേഷിച്ചപ്പോഴാണ്‌ അദ്ദേഹം വിജയത്തിന്റെ സുവിശേഷത്തിലേക്കു ശ്രദ്ധ തിരിച്ചത്‌.

ലക്ഷ്യബോധമില്ലാതെ അലഞ്ഞുനടന്നിരുന്ന യുവതീയുവാക്കള്‍ക്കു പ്രചോദനം ലഭിക്കത്തക്ക രീതിയില്‍ അദ്ദേഹം നോവലുകളെഴുതി. എന്നുമാത്രമല്ല, പാവപ്പെട്ടവര്‍ക്കുപോലും അവ വാങ്ങി വായിക്കുവാന്‍ തക്കവിധത്തില്‍ വളരെ വിലകുറച്ചാണ്‌ അവ പ്രസിദ്ധീകരിച്ചത്‌. ഒരു കപ്പ്‌ കാപ്പിയുടെ വിലയായ പത്തു സെന്റ്‌ മാത്രമേ ആ പുസ്‌തകങ്ങള്‍ക്കു വിലയിട്ടിരുന്നുള്ളൂ.
ഏതു പാവപ്പെട്ടവനും ജീവിതത്തില്‍ വിജയിക്കാനാവും എന്ന അമേരിക്കന്‍ സ്വപ്‌നം ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ച വ്യക്തിയായി ആള്‍ജര്‍ ഇന്ന്‌ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ സ്‌മരണ നിലനിര്‍ത്തുന്നതിനായി ഹോറേഷ്യോ ആള്‍ജര്‍ മെമ്മോറിയല്‍ അവാര്‍ഡുകള്‍ ഇന്ന്‌ അമേരിക്കയില്‍ നല്‌കപ്പെടുന്നു. പ്രതികൂല സാഹചര്യങ്ങളുമായി മല്ലടിച്ച്‌ ജീവിതത്തില്‍ ഉന്നതവിജയം കൈവരിക്കുന്നവര്‍ക്കാണു വര്‍ഷംതോറും ഈ അവാര്‍ഡ്‌ നല്‌കുന്നത്‌.

നാമെല്ലാവരും ജയിക്കുവാനായി ജനിച്ചവരാണ്‌ എന്ന ചിന്തയാണ്‌ വിജയത്തിന്റെ സുവിശേഷം പ്രചരിപ്പിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌. ദൈവത്തിന്റെ പ്രിയമക്കളായ നമുക്കു വിജയം ജന്മാവകാശമാണെന്ന്‌ അദ്ദേഹം വിശ്വസിച്ചു. ആ വിശ്വാസമാണ്‌ ജീവിതത്തില്‍ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്നവരെ സഹായിക്കുവാന്‍ അദ്ദേഹത്തിനു പ്രചോദനം നല്‍കിയത്‌.

നാമെല്ലാവരും ജയിക്കുവാനായി ജനിച്ചവരാണെങ്കില്‍ നാമെന്തേ പലപ്പോഴും പരാജയപ്പെടുന്നത്‌? നാം നമ്മുടെ കഴിവനുസരിച്ചു പ്രവര്‍ത്തിക്കുന്നില്ല. പ്രതിബന്ധങ്ങള്‍ കാണുമ്പോള്‍ പതറിപ്പോകുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ടതുപോലെ ചെയ്യുന്നില്ല. ദൃഢനിശ്ചയത്തോടുകൂടി നാം പോരാടുന്നില്ല- ആള്‍ജറുടെ വീക്ഷണത്തില്‍ ഇവയൊക്കെയാണ്‌ നമ്മുടെ പരാജയകാരണങ്ങള്‍.

ജീവിതത്തില്‍ വിജയങ്ങള്‍ കൊയ്‌തെടുക്കുന്നവരോടു ചോദിച്ചാല്‍ അവര്‍ പറയും - ആള്‍ജറുടെ വീക്ഷണം എത്രയോ ശരിയാണെന്ന്‌. ഒരു വെള്ളിത്താലത്തില്‍ വച്ച്‌ മറ്റുള്ളവര്‍ക്കു വച്ചുനീട്ടാവുന്ന ഒന്നല്ല ജീവിതവിജയം. അങ്ങനെയാരെങ്കിലും ജീവിതവിജയം വച്ചുനീട്ടുമെന്നു നാം പ്രതീക്ഷിക്കുകയും ചെയ്യരുത്‌. 

സ്വന്തം നെറ്റിയിലെ വിയര്‍പ്പുകൊണ്ട്‌ അപ്പം സമ്പാദിക്കൂ എന്നാണു ദൈവവചനം. അപ്പോള്‍പ്പിന്നെ, ജീവിതവിജയം സ്വര്‍ണത്താലത്തില്‍ സമ്മാനിക്കാത്തതിന്റെ പേരില്‍ ദൈവത്തെ നമുക്കു പഴിക്കാനാവില്ലല്ലോ.
ദൈവം നമുക്ക്‌ ജീവിതവിജയം സമ്മാനിക്കുമെന്നു തീര്‍ച്ചയാണ്‌. അവിടുന്നാഗ്രഹിക്കുന്നതുപോലെ, ഉത്തരവാദിത്വബോധത്തോടെ ആത്മാര്‍ഥമായി അധ്വാനിക്കാന്‍ നാം തയാറായാല്‍. നമ്മുടെ ജീവിതത്തില്‍ വിജയിക്കുന്നതിനാവശ്യമായ കഴിവുകള്‍ നല്‌കിയാണ്‌ ദൈവം നമ്മെ ഭൂമിയിലേക്ക്‌ അയച്ചിരിക്കുന്നത്‌.

ദൈവത്തിന്റെ സഹായത്തോടെ നമ്മുടെ കഴിവുകള്‍ വിനിയോഗിച്ചു നാം പരിശ്രമിക്കുകയാണെങ്കില്‍ വിജയം എപ്പോഴും നമ്മുടെ കൂടെയുണ്ടാകും. ഇനി, എപ്പോഴെങ്കിലും പരാജയത്തിന്റെ കയ്‌പ്‌ നമുക്കനുഭവിക്കേണ്ടി വന്നാല്‍പ്പോലും നാം പതറുകയില്ല എന്നതാണു സത്യം. കാരണം നിശ്ചയദാര്‍ഢ്യത്തോടെ പോരാടുന്നവര്‍ക്കു പരാജയം ഒരിക്കലും അവസാന വാക്കായിരിക്കുകയില്ല.

ആള്‍ജര്‍ അവതരിപ്പിച്ച വിജയത്തിന്റെ സുവിശേഷം അമേരിക്കക്കാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കുന്നതില്‍ വലിയൊരു പങ്കുവഹിച്ചതായി പ്രസിദ്ധ പ്രചോദനാത്മക ഗ്രന്ഥകാരനായ നോര്‍മന്‍ വിന്‍സന്റ്‌ പീല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ആള്‍ജര്‍ അവതരിപ്പിച്ച വിജയത്തിന്റെ സുവിശേഷത്തില്‍ പങ്കുപറ്റി നമ്മുടെ ജീവിതവിജയവും നമുക്ക്‌ ഉറപ്പാക്കാം.