Monday 2 March 2015

എല്ലാം കീഴ്‌മേല്‍ മറിയുമ്പോഴും

അയോധ്യയിലെ രാജാവായിരുന്നു സൂര്യവംശജനായ ഹരിശ്ചന്ദ്രന്‍. ശിബി രാജാവിന്റെ പുത്രിയായ ചന്ദ്രമതിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവരുടെ പ്രിയപുത്രനായിരുന്നു രോഹിതാശ്വന്‍.

ഒരുദിവസം രാജകൊട്ടാരത്തിലെ ഉദ്യാനത്തില്‍ ഒരു കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. കാട്ടുപന്നി ഓടിനടന്നു തോട്ടമെല്ലാം നശിപ്പിച്ചു. ഉദ്യാനപാലകര്‍ എത്രശ്രമിച്ചിട്ടും പന്നിയെ തുരത്താന്‍ സാധിച്ചില്ല. ഉദ്യാനപാലകരുടെ ശ്രമം വിഫലമാകുന്നതു കണ്ടപ്പോള്‍ രാജാവും രംഗത്തിറങ്ങി. പൂന്തോട്ടം നശിപ്പിച്ച പന്നിയെ അവിടെനിന്നു തുരത്തിയാല്‍ മാത്രം പോരാ, അതിനെകൊന്നേ അടങ്ങൂ എന്ന്‌ അദ്ദേഹം ശപഥം ചെയ്‌തു. 

അശ്വാരൂഢനായി അദ്ദേഹം പന്നിയുടെ പിന്നാലെ പാഞ്ഞു.
തോട്ടത്തില്‍നിന്നു പുറത്തുകടന്ന പന്നി കാട്ടിലേക്കോടി. രാജാവു കുതിരപ്പുറത്തു പന്നിയെ പിന്തുടര്‍ന്നു. രാജാവിന്റെ അകമ്പടിയായി കുറെ സൈനികരും അദ്ദേഹത്തെ അനുധാവനം ചെയ്‌തു. മിന്നല്‍വേഗത്തിലായിരുന്നു പന്നിയുടെ ഓട്ടം. മിന്നായംപോലെ പ്രത്യക്ഷപ്പെടുകയും ഞൊടിയിടയില്‍ അപ്രത്യക്ഷനാവുകയും ചെയ്‌തുകൊണ്ടിരുന്ന പന്നിയെ കൊല്ലുക ഏറെ ദുഷ്‌കരമാണെന്നു രാജാവിനു ബോധ്യമായി. എങ്കിലും അദ്ദേഹം പിന്മാറാന്‍ തയാറായില്ല.

കുറേക്കഴിഞ്ഞപ്പോള്‍ പന്നി അപ്രത്യക്ഷനായി. അംഗരക്ഷകരെയും കാണാനില്ല. ക്ഷീണിച്ചവശനായ രാജാവിനു കൊട്ടാരത്തിലേക്കു മടങ്ങാനുള്ള വഴി നിശ്ചയമില്ലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോഴാണ്‌ ഒരു വൃദ്ധ ബ്രാഹ്മണനെ ആ കൊടുങ്കാട്ടില്‍ കണ്ടത്‌. രാജാവിന്‌ ഏറെ സന്തോഷമായി. അദ്ദേഹം കൊട്ടാരത്തിലേക്കു മടങ്ങാനുള്ള വഴി ചോദിച്ചു. ബ്രാഹ്മണന്‍ വഴി കാണിച്ചുകൊടുക്കാമെന്നേറ്റു. അപ്പോള്‍ രാജാവു പറഞ്ഞു:

``അങ്ങയുടെ സഹായത്തിനു നന്ദി. ഞാന്‍ ദാനം ചെയ്യാന്‍ വ്രതമെടുത്തയാളാണ്‌. അങ്ങ്‌ അയോധ്യയിലേക്കു വന്നാല്‍മതി. അങ്ങു ചോദിക്കുന്നതെന്തും തരാന്‍ ഞാന്‍ തയാറാണ്‌.'' രാജാവിന്റെ വാഗ്‌ദാനം കേട്ടപ്പോള്‍ ബ്രാഹ്മണനു വളരെ സന്തോഷമായി. അദ്ദേഹം രാജാവിനു കൊട്ടാരത്തിലേക്കു മടങ്ങാനുള്ള വഴി കാണിച്ചുകൊടുത്തു. രാജാവ്‌ ബ്രാഹ്മണനെ കൊട്ടാരത്തിലേക്കു വീണ്ടും ക്ഷണിച്ചുകൊണ്ടു മടങ്ങുകയും ചെയ്‌തു.

 കുറേദിവസം കഴിഞ്ഞപ്പോള്‍ ദാനം സ്വീകരിക്കാന്‍ ബ്രാഹ്മണന്‍ കൊട്ടാരത്തിലെത്തി. ബ്രാഹ്മണനെ കണ്ടയുടനെ രാജാവു പറഞ്ഞു: ``അങ്ങേക്കെന്താണു വേണ്ടത്‌? ചോദിക്കുന്നതെന്തും ഞാന്‍ തരാം.''

``അങ്ങയുടെ രാജ്യവും സകലസമ്പത്തുകളും ദാനമായി എനിക്കു നല്‍കണം.'' കൂസലില്ലാതെ ബ്രാഹ്മണന്‍ പറഞ്ഞു.

``ദൈവമേ!'' രാജാവു നെഞ്ചത്തടിച്ചു വിലപിച്ചുപോയി. ``എന്തൊരു കൊടുംചതി! എന്തൊരു വഞ്ചന!'' എല്ലാം നഷ്‌ടപ്പെട്ട അവസ്ഥ. പക്ഷേ, വാക്കുപാലിക്കാതിരിക്കുന്നതെങ്ങനെ? ധര്‍മത്തില്‍നിന്നു വ്യതിചലിക്കില്ലെന്നു പണ്ടേ ശപഥം ചെയ്‌തതാണു താന്‍.

``അങ്ങ്‌ ആവശ്യപ്പെടുന്നതുപോലെ എന്റെ രാജ്യവും സകല സമ്പത്തുകളും ഞാന്‍ അങ്ങേക്കു ദാനം ചെയ്യുന്നു.'' രാജാവ്‌ ഉറച്ച സ്വരത്തില്‍ പറഞ്ഞു. 

``അങ്ങയുടെ മഹാമനസ്‌കതയ്‌ക്കു നന്ദി,'' ബ്രാഹ്മണന്‍ പറഞ്ഞു.

``എന്നാല്‍, ബ്രാഹ്മണര്‍ക്കു ദാനം ചെയ്യുമ്പോള്‍ ദക്ഷിണകൂടി കൊടുക്കണമെന്നാണല്ലോ ചട്ടം. അങ്ങെനിക്കു ദാനം ചെയ്‌തസ്ഥിതിക്കു ദക്ഷിണകൂടി നല്‍കൂ.''

``എന്തു ദക്ഷിണയാണു വേണ്ടത്‌?'' രാജാവു ചോദിച്ചു.

``രണ്ടര തൂക്കം പവന്‍.'' എല്ലാം നഷ്‌ടപ്പെട്ട രാജാവിനോടു ദയയില്ലാതെ ബ്രാഹ്മണന്‍ പറഞ്ഞു.

``എനിക്കല്‌പം സാവകാശം തരൂ. ദക്ഷിണ ഞാന്‍ തരാം,'' രാജാവ്‌ യാചിച്ചു. 

ബ്രാഹ്മണന്‍ ഒരു മാസത്തെ സാവകാശം നല്‌കി. ഒരുമാസം കഴിഞ്ഞപ്പോള്‍ ബ്രാഹ്മണന്‍ വീണ്ടും ഹരിശ്ചന്ദ്രന്റെ സമീപം പ്രത്യക്ഷപ്പെട്ടു ദക്ഷിണ ചോദിച്ചു. മറ്റു യാതൊരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ട്‌ ഭാര്യയെയും പിഞ്ചുബാലനായ മകനെയും വിറ്റു കുറെ സ്വര്‍ണം സമ്പാദിച്ച്‌ ബ്രാഹ്മണനു നല്‍കി. 

പക്ഷേ, അതുകൊണ്ടും ബ്രാഹ്മണന്‍ തൃപ്‌തനായില്ല. തനിക്കു തരാമെന്നു സമ്മതിച്ച ദക്ഷിണ മുഴുവന്‍ ലഭിച്ചേ അടങ്ങൂ എന്നു ബ്രാഹ്മണന്‍ വാശിപിടിച്ചു. ഉടനെതന്നെ തന്നെ ഒരു ചണ്‌ഡാളന്‌ അടിമയായി വിറ്റ്‌ അതില്‍നിന്നു ലഭിച്ച തുകകൊണ്ടു ഹരിശ്ചന്ദ്രന്‍ വാക്കുപാലിച്ചു. 

ചണ്‌ഡാളന്റെ അടിമയായി തീര്‍ന്ന ഹരിശ്ചന്ദ്രനു ശ്‌മശാനം കാക്കുന്ന ജോലിയാണു ലഭിച്ചത്‌. അധികം താമസിയാതെ ഹരിശ്ചന്ദ്രന്റെ മകന്‍ രോഹിതാശ്വന്‍ പാമ്പുകടിയേറ്റു മരിച്ചു. അവനെ ശ്‌മശാനത്തില്‍ ദഹിപ്പിക്കാനായി ചന്ദ്രമതി അവിടെയെത്തി. ശ്‌മശാനത്തില്‍ ശവദാഹം നടത്തുന്നതിനു ഫീസുണ്ടായിരുന്നു. അതുകൊടുക്കാതെ ശവദാഹം നടത്താന്‍ പാടില്ലായിരുന്നു. ചണ്‌ഢാളന്റെ അടിമയായി ജോലിചെയ്‌തിരുന്നതുകൊണ്ട്‌ നിയമം നടപ്പാക്കാന്‍ ഹരിശ്ചന്ദ്രന്‍ ബാധ്യസ്ഥനായിരുന്നു. അദ്ദേഹം ചന്ദ്രമതിയോട്‌ ശവദാഹത്തിനുള്ള പണം ചോദിച്ചു.



കൈയില്‍ ചില്ലിക്കാശില്ലാതിരുന്ന ചന്ദ്രമതി ഹരിശ്ചന്ദ്രന്റെ സഹായത്തിനു കാത്തുനില്‍ക്കാതെ മകന്റെ ശവദാഹത്തിനു ചിതയൊരുക്കി. ഈ സമയം അവിടെ പാഞ്ഞെത്തിയ ചണ്‌ഢാളന്‍ നിയമം ലംഘിച്ച ചന്ദ്രമതിയെ വെട്ടിക്കൊല്ലാന്‍ ഹരിശ്ചന്ദ്രനോട്‌ ആജ്ഞാപിച്ചു. താന്‍ ചണ്‌ഢാളന്റെ അടിമ. ചന്ദ്രമതിയാണെങ്കില്‍ വധശിക്ഷ അര്‍ഹിക്കുന്ന കുറ്റം ചെയ്‌തിരിക്കുന്നു. അപ്പോള്‍പ്പിന്നെ താന്‍ തന്റെ കടമ ചെയ്‌തേ മതിയാകൂ. ഹരിശ്ചന്ദ്രന്‍ ചന്ദ്രമതിയുടെ നേരെ വാളുയര്‍ത്തി.

അത്‌ഭുതം! പെട്ടെന്ന്‌ ആ വാള്‍ പൂമാലയായി മാറി ചന്ദ്രമതിയുടെ കഴുത്തില്‍ വീണു. ആ നിമിഷം വിശ്വാമിത്ര മഹര്‍ഷിയും ദേവേന്ദ്രനും പ്രത്യക്ഷപ്പെട്ട്‌ ഹരിശ്ചന്ദ്രനെ നമസ്‌കരിച്ച്‌ അദ്ദേഹത്തിന്റെ രാജ്യവും സകലസമ്പത്തും തിരികെക്കൊടുത്തു. മരിച്ചെന്നു കരുതിയ മകന്‍ ഉറക്കത്തില്‍ നിന്നെന്നപോലെ ഉണര്‍ന്നെഴുന്നേല്‍ക്കുകയും ചെയ്‌തു. 

സത്യധര്‍മാദികളില്‍നിന്ന്‌ ഹരിശ്ചന്ദ്രനെ വ്യതിചലിപ്പിക്കാനാകുമോ എന്നു വിശ്വാമിത്ര മഹര്‍ഷി നടത്തിയ പരീക്ഷണമായിരുന്നു ഇതുവരെ നടന്നതെല്ലാം. ഈ പരീക്ഷണത്തില്‍ ഹരിശ്ചന്ദ്രന്‍ നിറപ്പകിട്ടാര്‍ന്ന വിജയം നേടുകയും ചെയ്‌തു.

സത്യവും ധര്‍മവും എന്നും മുറുകെപ്പിടിക്കണമെന്നു നമുക്കറിയാം. ജീവിതത്തില്‍ എത്രയേറെ സമ്മര്‍ദ്ദമുണ്ടായാലും സത്യവും നീതിയും ധര്‍മവും അനുസരിച്ചു പ്രവര്‍ത്തിക്കുക എന്നതാണു നമ്മുടെ കടമ. എന്നാല്‍ നമ്മുടെ സമൂഹം ആദരിക്കുന്ന ധാര്‍മിക മൂല്യങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവര്‍ എത്ര കുറവാണ്‌ നമ്മുടെ നാട്ടില്‍. 
നിസാരകാര്യങ്ങള്‍ക്കല്ലേ പലപ്പോഴും നമ്മള്‍ നീതിയും ന്യായവും ലംഘിക്കുന്നത്‌. മറ്റു യാതൊരു മാര്‍ഗവുമില്ലാഞ്ഞിട്ടല്ലല്ലോ നാം പലപ്പോഴും അധര്‍മവും അക്രമവും അഴിമതിയും ചെയ്യാന്‍ ഇടവരുന്നത്‌. സ്വന്തം രാജ്യവും സമ്പത്തുകളും നഷ്‌ടപ്പെടുമെന്നു വന്നപ്പോള്‍ വാക്കുവ്യത്യാസം ചെയ്യുന്നതിനെക്കുറിച്ചു ഹരിശ്ചന്ദ്രന്‍ ചിന്തിച്ചില്ല.

സ്വന്തം ഭാര്യയെയും പുത്രനെയും നഷ്‌ടപ്പെടുമെന്നു വന്നപ്പോഴും വാക്കുവ്യത്യാസത്തിന്‌ അദ്ദേഹം മുതിര്‍ന്നില്ല. വാക്കുപാലിക്കാന്‍വേണ്ടി സ്വയം അടിമയാകാന്‍വരെ അദ്ദേഹം തയാറായി. ഹരിശ്ചന്ദ്രന്‍ ചെയ്‌തതിനെക്കുറിച്ച്‌ അഭിപ്രായവ്യത്യാസമുണ്ടാകാം. എന്നാല്‍, അദ്ദേഹത്തിന്റെ ധാര്‍മികധീരതയും വാക്കു പാലിക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന വിശ്വസ്‌തതയുമൊക്കെ നാം ആദരിച്ചേ മതിയാകൂ.

എല്ലാക്കാര്യങ്ങളും നന്നായി നടക്കുമ്പോള്‍ ധര്‍മത്തിന്റെ പാതയിലൂടെ ചരിക്കുക എളുപ്പമാകാം. എന്നാല്‍, കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുമ്പോഴും ധാര്‍മികതയുടെ പാതയില്‍നിന്നു വ്യതിചലിക്കാതിരിക്കാന്‍ നമുക്കു സാധിക്കണം. എങ്കില്‍ മാത്രമേ, സത്യം പറയുന്നതിലും ധര്‍മം പാലിക്കുന്നതിലും നമുക്ക്‌ എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്ന്‌ നമുക്കുതന്നെ മനസിലാകൂ.

No comments:

Post a Comment