Sunday, 29 March 2015

ദൈവത്തെപ്പോലെ ക്ഷമിച്ചുകൊണ്ട്‌

1993 ഒക്‌ടോബര്‍ 21. ആഫ്രിക്കയിലെ ബറുണ്ടിയിലുള്ള കിംബിമ്പ എന്ന കൊച്ചുഗ്രാമത്തില്‍ നട്ടുച്ചനേരം. ഗില്‍ബര്‍ട്ട്‌ ടുഹാബോണ്‍യെ എന്ന ചെറുപ്പക്കാരന്‍ യൂണിവേഴ്‌സിറ്റി അഡ്‌മിഷന്‍ ടെസ്റ്റിനുവേണ്ടി ബോര്‍ഡിംഗ്‌ സ്‌കൂളിലിരുന്നു പഠിക്കുകയാണ്‌.

പെട്ടെന്ന്‌, ഒരു ബാലന്‍ ഓടിവന്നു പറഞ്ഞു: "നമ്മുടെ പ്രസിഡന്റിനെ ടുട്‌സി ഗോത്രക്കാര്‍ വധിച്ചു. ഫുടു ഗോത്രക്കാര്‍ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌."  ഗില്‍ബര്‍ട്ട്‌ പുറത്തേക്കു നോക്കി. ഒരുപറ്റം ആളുകള്‍ കൈകളില്‍ മാരാകായുധങ്ങളും കുറുവടികളുമായി സ്‌കൂള്‍ കാമ്പസിലേക്ക്‌ ഇരച്ചുകയറുന്നു.

"നിങ്ങള്‍ വേഗം ഓടി രക്ഷപ്പെട്ടുകൊള്ളൂ," ബാലന്‍ പരിഭ്രാന്തനായി പറഞ്ഞു. നിങ്ങളൊരു ടുട്‌സിയാണെന്ന്‌ അവര്‍ക്കറിയാം. അവര്‍ നിങ്ങളെ കൊല്ലും."

"പക്ഷേ, ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ലല്ലോ," ഗില്‍ബര്‍ട്ട്‌ പറഞ്ഞു. രക്ഷപ്പെടുവാന്‍ വഴികളുണ്ടോ എന്ന്‌ അവന്‍ ചുറ്റുനോക്കി. അപ്പോഴേക്കും അക്രമാസക്തരായ ജനം അടുത്തെത്തിക്കഴിഞ്ഞിരുന്നു."ഗിര്‍ബര്‍ട്ടിനെ പിടിക്കൂ, അവരിലൊരാള്‍ ആക്രോശിച്ചു. "അല്ലെങ്കില്‍ അവന്‍ ഓടിപ്പോയി പട്ടാളക്യാംപില്‍ വിവരമറിയിക്കും." അവിടെനിന്ന്‌ ഏറ്റവും അടുത്തുള്ള പട്ടാളക്യാംപ്‌ 26 മൈല്‍ അകലെയായിരുന്നു. എങ്കിലും അയാള്‍ പറഞ്ഞതു ശരിയായിരുന്നു. കാരണം, ഗിര്‍ബര്‍ട്ട്‌ 400 മീറ്റര്‍ ഓട്ടത്തിലും 800 മീറ്റര്‍ ഓട്ടത്തിലും ആ വര്‍ഷത്തെ നാഷണല്‍ ചാമ്പ്യനായിരുന്നു.

ഗില്‍ബര്‍ട്ട്‌ രക്ഷപ്പെടുന്നതിനുമുമ്പ്‌ അവര്‍ അവനെ പിടികൂടി. ഗില്‍ബര്‍ട്ടിനെ പിടികൂടാന്‍ എത്തിയ സംഘത്തില്‍ അവന്റെ സ്‌കൂളിലുണ്ടായിരുന്ന ഹുടു ഗോത്രക്കാരായ ചില വിദ്യാര്‍ഥികളുമുണ്ടായിരുന്നു. എന്നാല്‍, ഗില്‍ബര്‍ട്ടിനെ മാനസികമായി തകര്‍ത്തത്‌ ആ സംഘത്തില്‍ അവന്‌ ഏറെ പരിചയമുള്ള ഒരാളുടെ സാന്നിധ്യമാണ്‌.

ഗില്‍ബര്‍ട്ട്‌ നിത്യവും പോയിരുന്ന ഒരു ബുക്ക്‌ സ്റ്റോറിന്റെ ഉടമയായിരുന്നു അയാള്‍. ഹുടു വംശജനായിരുന്ന അയാളാണ്‌ ഗില്‍ബര്‍ട്ടിനെ കയറുകൊണ്ടു വരിഞ്ഞുകെട്ടിയത്‌. ഗില്‍ബര്‍ട്ട്‌ അയാളോട്‌ സംസാരിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ ഗില്‍ബര്‍ട്ടിനെ പരിചയമില്ലാത്തതുപോലെ ഭാവിച്ചു. 

ഗില്‍ബര്‍ട്ടിനെയും ടുട്‌സി ഗോത്രക്കാരായ മറ്റു വിദ്യാര്‍ഥികളെയും ഗ്രാമീണരെയും അവര്‍ ബന്ദികളാക്കി അടുത്തുള്ള ഒരു കെട്ടിടത്തിലേക്കു കൊണ്ടുപോയി. ബന്ദികളെ ഓരോരുത്തരെയും തല്ലിച്ചതച്ചശേഷമാണ്‌ അവരെ കെട്ടിടത്തിനുള്ളില്‍ പ്രവേശിപ്പിച്ചത്‌.

എല്ലാവരും കെട്ടിടത്തിനുള്ളിലായപ്പോള്‍ അക്രമികളില്‍ ചിലര്‍ തുണികളും ഉണങ്ങിയ യൂക്കാലിപ്‌റ്റസ്‌ കമ്പുകളുമൊക്കെ പെട്രോളില്‍ മുക്കി അവയ്‌ക്കു തീവച്ചശേഷം കെട്ടിടത്തിനുള്ളിലേക്കു വലിച്ചെറിഞ്ഞു. ഗില്‍ബര്‍ട്ടിനു പരിചയമുണ്ടായിരുന്ന ബുക്ക്‌ സ്റ്റാള്‍ ഉടമയായിരുന്നു ആ ക്രൂരകൃത്യങ്ങള്‍ക്കു നേതൃത്വം നല്‍കിയത്‌.

കെട്ടിടത്തിന്റെ വാതിലുകളെല്ലാം അടച്ചുപൂട്ടിയിരുന്നു. തന്മൂലം ഉള്ളിലുള്ള ആര്‍ക്കും രക്ഷപ്പെടുവാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിനുള്ളിലെ തീ പെട്ടെന്ന്‌ ആളിപ്പടര്‍ന്നു. പുകമൂലം ശ്വാസോച്ഛ്വാസം ചെയ്യുക അസാധ്യമായിരുന്നു. നിമിഷംകൊണ്ട്‌ ആളിപ്പടര്‍ന്ന അഗ്നിയില്‍ ഒരാളൊഴികെ എല്ലാവരും കത്തിക്കരിഞ്ഞു. ഗില്‍ബര്‍ട്ട്‌ മാത്രമാണ്‌ തീയില്‍നിന്നും പുകയില്‍നിന്നും അദ്‌ഭുതകരമായി രക്ഷപ്പെട്ടത്‌.

നിലത്തു കമിഴ്‌ന്നുകിടന്നു പുകയില്‍നിന്നു രക്ഷപ്പെടുവാന്‍ ശ്രമിച്ച ഗില്‍ബര്‍ട്ടിന്റെ മുകളിലേക്കു മറ്റു പലരും മരിച്ചുവീണിരുന്നു. തീയില്‍പ്പെട്ട്‌ ഗില്‍ബര്‍ട്ടിന്റെ പുറവും കൈകളുമൊക്കെ കത്തിക്കരിഞ്ഞുവെങ്കിലും അദ്‌ഭുതകരമായി ഗില്‍ബര്‍ട്ടിന്റെ ജീവന്‍ അന്നു രക്ഷപ്പെട്ടു. 
കെട്ടിടത്തിനുള്ളിലെ തീയണഞ്ഞപ്പോള്‍ നേരം രാത്രിയായിരുന്നു. തീയില്‍പ്പെട്ട്‌ എല്ലാവരും മരിച്ചു എന്നുകരുതിയ അക്രമിസംഘം അവിടെനിന്നു മാറിയപ്പോള്‍ ഗില്‍ബര്‍ട്ട്‌ ഒരു ജനലിന്റെ ഗ്ലാസ്‌ തല്ലിപ്പൊട്ടിച്ചു പുറത്തുചാടി. അവിടെനിന്നു പട്ടാള ക്യാമ്പിലേക്കു പോയ ഗില്‍ബര്‍ട്ടിനെ പട്ടാളക്കാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

മൂന്നുമാസത്തെ ചികിത്സയ്‌ക്കുശേഷമാണ്‌ ഗില്‍ബര്‍ട്ട്‌ ആശുപത്രി വിട്ടത്‌. തന്നെയും തന്റെ ഗോത്രക്കാരെയും ദ്രോഹിച്ച ഹുടു വംശജരോടുള്ള രോഷം അയാളില്‍ ആളിക്കത്തുകയായിരുന്നു അപ്പോള്‍. 

ആരോഗ്യം വീണ്ടെടുത്ത ഗില്‍ബര്‍ട്ട്‌ 1996 ഒളിമ്പിക്‌ ടീമിലേക്കുള്ള അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബറുണ്ടിക്കുവേണ്ടി അറ്റ്‌ലാന്റാ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ഗില്‍ബര്‍ട്ടിനു ടെക്‌സാസിലെ ഒരു യൂണിവേഴ്‌സിറ്റി അഡ്‌മിഷനും സ്‌കോളര്‍ഷിപ്പും വാഗ്‌ദാനം ചെയ്‌തു.
ഒളിമ്പിക്‌സ്‌ കഴിഞ്ഞു ബറുണ്ടിയില്‍ മടങ്ങിയെത്തിയ ഗില്‍ബര്‍ട്ട്‌ അമേരിക്കയിലേക്കു പഠനത്തിനു വേണ്ടി പോകുവാനുള്ള ഒരുക്കത്തിലായിരുന്നു. ഒരുദിവസം ഗില്‍ബര്‍ട്ടും കൂട്ടുകാരുംകൂടി വഴിയിലൂടെ നടന്നുപോകുമ്പോള്‍ തന്റെ ശത്രുക്കളിലൊരാളെ ഏകനായി കൈയില്‍ കിട്ടി. മുന്‍പ്‌ ഗില്‍ബര്‍ട്ടിനെയും കൂട്ടുകാരെയും ചുട്ടെരിക്കുന്നതിനു നേതൃത്വം കൊടുത്ത ബുക്ക്‌ സ്റ്റാള്‍ ഉടമയായിരുന്നു അത്‌.
ഗില്‍ബര്‍ട്ടിന്റെ മുന്‍പിലെത്തിയ അയാള്‍ക്ക്‌ ഓടിയൊളിക്കുക അസാധ്യമായിരുന്നു. പെട്ടെന്ന്‌ അയാള്‍ ഗില്‍ബര്‍ട്ടിന്റെ മുന്‍പില്‍ മുട്ടുകുത്തി മാപ്പപേക്ഷിച്ചു: "ക്ഷമിക്കണേ! എന്നോടു ക്ഷമിക്കണേ!"

തന്റെ ശത്രുവിനെ വധിക്കുവാന്‍ ലഭിച്ച സുവര്‍ണാവസരം. ഇനി വധിച്ചില്ലെങ്കില്‍ത്തന്നെ പോലീസിനെ ഏല്‍പ്പിക്കുവാന്‍ പറ്റിയ അസുലഭ നിമിഷം. അപ്പോള്‍ ഗില്‍ബര്‍ട്ടിന്റെ ഹൃദയത്തില്‍ ഒരു സ്വരം കേട്ടു: "ക്ഷമിക്കൂ, അയാള്‍ പോകട്ടെ."

ഉടനേ, വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന ടുട്‌സി-ഹുടു ഗോത്രവൈരത്തിന്റെ തിക്തഫലങ്ങള്‍ ഒരു ക്യാന്‍വാസിലെന്നവണ്ണം ഗില്‍ബര്‍ട്ടിന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നു. ഈ ശത്രുതയ്‌ക്ക്‌ അറുതിവന്നേ തീരൂ. ഗില്‍ബര്‍ട്ടിന്റെ ഹൃദയത്തില്‍ വീണ്ടും ഒരു സ്വരം.

"പോകൂ," ഗില്‍ബര്‍ട്ട്‌ ആര്‍ദ്രഹൃദയനായി അയാളോടു പറഞ്ഞു. "വേഗം ഓടി രക്ഷപ്പെടൂ." അയാള്‍ ഗില്‍ബര്‍ട്ടിനെ വന്ദിച്ച്‌ അവിടെനിന്ന്‌ ഓടി അപ്രത്യക്ഷനായി.

നമ്മെ ദ്രോഹിക്കുന്ന ശത്രുക്കളോടു ക്ഷമിക്കണമെന്നു നമുക്കറിയാം. അവരുടെ നന്മയ്‌ക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ നമുക്കു കടമയുണ്ടെന്നും നമുക്കറിയാം. എങ്കിലും, നമ്മെ ദ്രോഹിച്ച ഒരാളെ, അതും നമ്മെ ചുട്ടുകരിക്കാന്‍ ശ്രമിച്ച ഒരാളെ കൈയില്‍ കിട്ടിയാല്‍ നാം വെറുതെ വിടുമോ? ചുരുങ്ങിയപക്ഷം അയാളെ നാം അധികാരികളെ ഏല്‌പിക്കുകയെങ്കിലും ചെയ്യില്ലേ?

എന്നാല്‍, ഗില്‍ബര്‍ട്ടിനു തന്റെ ശത്രുവിനോട്‌ ക്ഷമിക്കുവാന്‍ സാധിച്ചു. അതും ഹൃദയപൂര്‍വം ക്ഷമിക്കുവാന്‍ സാധിച്ചു. അതുകൊണ്ടാണ്‌ പ്രതികാരത്തിനു തുനിയാതെ ആ മഹാപാപി രക്ഷപ്പെടുവാന്‍ ഗില്‍ബര്‍ട്ട്‌ അനുവദിച്ചത്‌.
മാനുഷികമായ രീതിയില്‍ ചിന്തിച്ചാല്‍ ക്ഷമിക്കാനാവാത്ത തെറ്റായിരുന്നു ആ ബുക്ക്‌ സ്റ്റോറുടമയും കൂട്ടരും ചെയ്‌തത്‌. എന്നാല്‍, മാപ്പപേക്ഷിച്ച അയാളോട്‌ ക്ഷമിക്കുക എന്നതു ദൈവികമായ പ്രവൃത്തിയായിരുന്നു. 

ദൈവാനുഗ്രഹത്താല്‍ അങ്ങനെ ചെയ്യുവാന്‍ ഗില്‍ബര്‍ട്ടിനു സാധിച്ചു.
നമ്മെ ദ്രോഹിക്കുന്നവരോടു ക്ഷമിക്കുവാന്‍ നമുക്കു സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ ചിന്ത മാനുഷികമായ രീതിയില്‍ മാത്രമാണു നിലനില്‍ക്കുന്നത്‌. നമ്മുടെ ചിന്ത ദൈവികമായ രീതിയിലേക്ക്‌ ഉയരുമ്പോള്‍ മാത്രമേ ശത്രുക്കളോടു ക്ഷമിക്കുവാന്‍ നമുക്കു സാധിക്കുകയുള്ളൂ. അതിനു ദൈവാനുഗ്രഹം നമുക്കുവേണം താനും.

നമുക്ക്‌ ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന ഒരു ദൈവാനുഗ്രഹമാണ്‌ ശത്രുക്കളോടു ക്ഷമിക്കുവാനുള്ള അനുഗ്രഹം. അതുകൊണ്ട്‌, ശത്രുക്കളോടു ക്ഷമിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടുമ്പോഴൊക്കെ നമുക്ക്‌ ദൈവത്തിലേക്കു തിരിയാം. അപ്പോള്‍ അവിടുത്തെ അനുഗ്രഹംമൂലം ആരോടും ഏതുതെറ്റും ക്ഷമിക്കാനും അതുവഴി നമ്മുടെ ഹൃദയസമാധാനം വീണ്ടെടുക്കാനും നമുക്കു സാധിക്കും