Thursday, 25 June 2015

പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലും

സുപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായ മാക്‌സിം ഗോര്‍ക്കിയുടെ `നൈറ്റ്‌ ഡെന്‍' എന്ന നാടകത്തിലെ ഒരു രംഗം: രാപ്പക്ഷിയുടെ ചിറകടി അകന്നകന്നു പോകുന്നു. അകലെ എവിടെയോ പൂവന്‍കോഴി നിറുത്താതെ കൂവുന്നുണ്ട്‌. കിഴക്കു വെള്ള കീറിയതു തടവറയിലേക്കും അരിച്ചിറങ്ങുന്നു. തടവുകാര്‍ തപ്പിത്തടഞ്ഞ്‌ എഴുന്നേല്‍ക്കുകയാണ്‌. അവരുടെ കൈകാലുകളില്‍ കനത്ത ചങ്ങലകള്‍! ആര്‍ക്കും നീണ്ടുനിവര്‍ന്നു നില്‍ക്കാനാവുന്നില്ല. അസ്‌തിത്വം ഒരു ഭാരമായി മാറിയ അവര്‍ സ്വയം ശപിച്ച്‌ അലമുറയിടുന്നു. അടുത്തു നില്‍ക്കുന്നവരെ ഭര്‍ത്‌സിക്കുന്നു. പക്ഷേ, അവരിലൊരാള്‍ക്ക്‌ അപ്പോഴും പ്രതീക്ഷയാണ്‌. അയാള്‍ `കണ്ണുപൂട്ടി കൈകള്‍ കൂപ്പി' അല്ലാഹുവിനോടു പ്രാര്‍ഥിക്കുന്നു. അയാളുടെ മനസ്‌ ഏകാഗ്രമാണ്‌. ഹൃദയം മുഴുവന്‍ ദൈവം നിറഞ്ഞുനില്‍ക്കുന്നു.ഹോളിവുഡിലെ വിശ്രുത ചലച്ചിത്ര നിര്‍മാതാവായ സെസില്‍ ഡിമെല്‍ തന്റെ ജീവിതത്തില്‍നിന്നു വര്‍ണപ്പകിട്ടോടെ കുറിച്ചുവച്ചിരിക്കുന്ന ഒരു ധന്യമുഹൂര്‍ത്തംകൂടി അനുസ്‌മരിക്കട്ടെ: സെസിലിന്റെ നാലു വയസുള്ള ഓമനപ്പുത്രിയാണ്‌ സിസിലിയാ. ആ കൊച്ചുമിടുക്കി ഒരിക്കല്‍ ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ്‌ പതിവുപോലെ ഡാഡിക്കും മമ്മിക്കും `ഗുഡ്‌നൈറ്റ്‌' നേര്‍ന്നു. അവര്‍ സിസിലിയായെ കിടത്തി മുറിക്കു പുറത്തു കടക്കുമ്പോള്‍ അവള്‍ പറയുന്നതു കേട്ടു: ``സ്‌നേഹദൈവമേ, ഇത്‌ ഹോളിവുഡില്‍നിന്ന്‌ സിസിലിയാ ഡിമെല്‍ ആണ്‌. ഞാന്‍ അങ്ങേയ്‌ക്ക്‌ ശുഭരാത്രി നേരുന്നു.''

നാടകത്തിലെയും ജീവിതത്തിലെയും ഓരോ രംഗം. രണ്ടും ധന്യനിമിഷങ്ങള്‍തന്നെ. നൈറ്റ്‌ ഡെന്നിലെ തടവുകാര്‍ സ്വയം ശപിക്കുമ്പോള്‍ അവരിലൊരാള്‍ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കാന്‍ തയാറാവുന്നു. ജീവിതദുഃഖത്തിന്റെ അഭിശപ്‌തനിമിഷത്തില്‍പോലും അയാള്‍ പ്രത്യാശ കൈവെടിഞ്ഞിട്ടില്ല. സങ്കീര്‍ത്തകനായ ദാവീദ്‌ ``അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിക്കുന്നു. ദൈവമേ, എന്റെ ശബ്‌ദം കേള്‍ക്കണമേ'' എന്നു പ്രാര്‍ഥിച്ചതുപോലെ അയാള്‍ ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നു.

സിസിലിയായുടെ കഥ മറിച്ചാണ്‌. ആനന്ദപൂര്‍ണമാണ്‌ അവളുടെ ജീവിതം. എവിടെയും പൂക്കളും പൂമ്പാറ്റകളും വര്‍ണങ്ങളും മാരിവില്ലുകളും മാത്രം. അവളും സ്‌നേഹപിതാവായ ദൈവത്തെ വിളിച്ചു പ്രാര്‍ഥിക്കുന്നു. അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുന്നു. താന്‍ ഉറങ്ങുന്നതിനുമുമ്പ്‌ അവിടുത്തേക്ക്‌ ശുഭരാത്രി നേരുന്നു.

``പ്രഭാതത്തിന്റെ താക്കോലും പ്രദോഷത്തിന്റെ ഓടാമ്പലുമാണ്‌ പ്രാര്‍ത്ഥന'' എന്നു ഗാന്ധിജി പറഞ്ഞത്‌ എത്രയോ ശരി! സന്തോഷത്തിലും സന്താപത്തിലും സുഖത്തിലും ദുഃഖത്തിലും ദൈവത്തെ വിളിച്ചപേക്ഷിക്കാന്‍ നമുക്കു സാധിക്കണം. ``ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍'' എന്നാണ്‌ യേശു പഠിപ്പിച്ചിരിക്കുന്നത്‌. പക്ഷേ, നമ്മുടെ പ്രാര്‍ഥന എങ്ങനെയുള്ളതാണ്‌? ഒരു മുറിവുണ്ടായാല്‍ `ഫസ്റ്റ്‌ എയ്‌ഡ്‌ കിറ്റു'മായി ദൈവം ഓടിയെത്തണമെന്നാണ്‌ പലപ്പോഴും നമ്മുടെ നിലപാട്‌. നാം ചോദിക്കുന്നവ ആ നിമിഷത്തില്‍ത്തന്നെ നമുക്കു ലഭിക്കണം. അല്ലെങ്കില്‍ നാം അക്ഷമരാകും. നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം `ഉറങ്ങുക'യാണെന്ന്‌ നാം തള്ളിപ്പറഞ്ഞെന്നും വരും. എന്നാല്‍, കാര്യങ്ങളെല്ലാം ഭംഗിയായി നടന്നാലോ? നാം ദൈവത്തിന്‌ അപ്പോള്‍ത്തന്നെ നന്ദി പറയുമോ? വെറുതെ ദൈവത്തെ വിളിച്ച്‌ എന്തിന്‌ `ശല്യപ്പെടുത്തണം' എന്നായിരിക്കും അപ്പോള്‍ നമ്മുടെ നിലപാട്‌. 

കൊച്ചു സിസിലിയായുടെ ഹൃദയനൈര്‍മല്യത്തോടെ അവിടുത്തേക്കു `ശുഭരാത്രി' നേര്‍ന്നിട്ട്‌ നമുക്കെന്നെങ്കിലും ഉറങ്ങാനാവുമോ?
നമ്മുടെ പ്രാര്‍ത്ഥന `ഉറങ്ങുന്ന ദൈവത്തെ ഉണര്‍ത്താന്‍' വേണ്ടിയുള്ളതാകരുത്‌. നാം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതിന്‌ എത്രയോ മുമ്പ്‌ അവിടുന്ന്‌ നമ്മെ തേടിയിറങ്ങിക്കഴിഞ്ഞു! നാം ചോദിക്കാതെതന്നെ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്ന കാരുണ്യവാനാണ്‌ അവിടുന്ന്‌. എങ്കിലും വേണ്ടതിന്റെയെല്ലാം ഒരു `ഷോപ്പിംഗ്‌ ലിസ്റ്റ്‌' നിരത്തി പ്രാര്‍ത്ഥിക്കാനാണ്‌ നമുക്കു താല്‌പര്യം.നമ്മെ ആവരണം ചെയ്‌തിരിക്കുന്ന അവിടുത്തെ സ്‌നേഹത്തെക്കുറിച്ചുള്ള നന്ദിസൂചകമായ അനുസ്‌മരണമായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. ദൈവത്തിനു നമ്മോടു പറയാനുള്ളതു കേള്‍ക്കുവാനുള്ള വിലപ്പെട്ട നിമിഷമാണ്‌ പ്രാര്‍ത്ഥന. വാതോരാതെ നാം പറഞ്ഞുകൊണ്ടിരുന്നാല്‍ അവിടുത്തേക്കു പറയാനുള്ളത്‌ നമുക്കെങ്ങനെ കേള്‍ക്കാനാവും? പ്രധാനാചാര്യനായ ഹേലിയോടൊത്തു ദേവാലയത്തില്‍ കഴിഞ്ഞ ബാലനായ സാമുവലിനെപ്പോലെ നാം ദൈവത്തോടു പറയണം: ``നാഥാ അങ്ങു സംസാരിച്ചാലും. അങ്ങയുടെ ദാസന്‍ കേള്‍ക്കുന്നു'' (1 സാമുവല്‍ 3, 10).

നമ്മുടെ ചിന്തയും മനസും ദൈവത്തിലര്‍പ്പിച്ച്‌ അവിടുത്തെ വചനം നാം സാകൂതം ശ്രവിക്കണം. ഗീതയില്‍ ഭഗവാന്‍ പറയുന്നതു ശ്രദ്ധിക്കൂ: ``പരമാത്മാവായ- ഏകനും അദ്വിതീയനുമായ- എന്നെത്തന്നെ ശരണം പ്രാപിക്കൂ. ഞാന്‍ നിന്നെ സര്‍വ പാപങ്ങളില്‍നിന്നും സര്‍വ വാസനാബന്ധങ്ങളില്‍നിന്നും മോചിപ്പിക്കും. നീ ദുഃഖിക്കേണ്ട'' (ഗീത- 18, 66). നമ്മുടെ പ്രാര്‍ത്ഥന സ്‌നേഹദൈവത്തിലുള്ള നമ്മുടെ ശരണാഗമനം ആയിരിക്കണം. നമ്മെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ മാത്രമേ അവിടുത്തേക്കു നമ്മെ സ്‌പര്‍ശിക്കാനാവൂ; നമ്മുടെ ഹൃദയങ്ങളെ തൊട്ടുണര്‍ത്താനാവൂ. സ്‌നേഹം മനുഷ്യഹൃദയത്തെ സ്‌പര്‍ശിക്കുമ്പോള്‍ എന്തെന്ത്‌ അത്ഭുതങ്ങളാണ്‌ നടക്കുക! എന്നാല്‍, ദൈവസ്‌നേഹം മനുഷ്യഹൃദയത്തെ സ്‌പര്‍ശിക്കാന്‍ ഇടയായാലോ? യഥാര്‍ഥത്തില്‍ വലിയ അത്ഭുതങ്ങള്‍തന്നെ നടക്കും. പാപമാലിന്യങ്ങളില്‍നിന്നുള്ള മോചനത്തോടൊപ്പം ദൈവത്തെത്തന്നെ ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം നമ്മുടെ ഹൃദയം അപ്പോള്‍ വികസിക്കും. ദൈവം നമ്മെ സ്‌പര്‍ശിക്കാന്‍ നമുക്കനുവദിക്കാം. യഥാര്‍ത്ഥ അത്ഭുതങ്ങള്‍ നമ്മുടെ ജീവിതത്തിലും സംഭവിക്കട്ടെ.