Monday, 29 June 2015

ആകുലചിന്തകള്‍ക്ക്‌ അവധി

1914 ഡിസംബര്‍ 9. അന്നു രാത്രിയിലാണ്‌ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള പ്രശസ്‌തമായ എഡിസണ്‍ ഇന്‍ഡസ്‌ട്രീസ്‌ കത്തിച്ചാമ്പലായത്‌. ശാസ്‌ത്രലോകത്ത്‌ ഒന്നിനു പിറകെ ഒന്നായി ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ നടത്തിയ തോമസ്‌ ആല്‍വ എഡിസന്റെ സമ്പാദ്യം മുഴുവന്‍ അന്ന്‌ അഗ്‌നിയുടെ സംഹാരതാണ്‌ഡവത്തിനിരയായി. എഡിസണ്‍ ഇന്‍ഡസ്‌ട്രീസ്‌ കത്തിയെരിയുന്നതു കണ്ടുകൊണ്ടുനിന്ന എഡിസന്റെ പക്കലേക്ക്‌ പുത്രന്‍ ചാള്‍സ്‌ ഓടിയെത്തി. ``എവിടെ നിന്റെ അമ്മ?'' അദ്ദേഹം ചോദിച്ചു. ``അവളെ ഉടനെ വിളിച്ചുകൊണ്ടുവരൂ. ഇമ്മാതിരിയൊരു കാഴ്‌ച കാണാന്‍ അവള്‍ക്കിനിയൊരിക്കലും അവസരം കിട്ടിയെന്നു വരില്ല.'' 

പിറ്റേദിവസം തന്റെ സ്വപ്‌നങ്ങളുടെ ചാരക്കൂമ്പാരത്തിനിടയിലൂടെ നടക്കുമ്പോള്‍ എഡിസണ്‍ പുത്രനോടു പറഞ്ഞു: ``ഈ ദുരന്തത്തിനു വലിയൊരു മൂല്യമുണ്ട്‌. നമ്മുടെ കുറവുകളെല്ലാം കത്തിച്ചാമ്പലായി. ഇനി പുതുതായി തുടങ്ങാന്‍ നമുക്കവസരം ലഭിച്ചതിനു ദൈവത്തിനു നന്ദി പറയാം.'' 


എഡിസന്‌ അന്ന്‌ 67 വയസ്‌ പ്രായം. ഒരു പുരുഷായുസ്‌ മുഴുവന്‍ നീണ്ടുനിന്ന നിരന്തരമായ കഠിനാധ്വാനഫലമാണ്‌ അന്നദ്ദേഹത്തിനു നഷ്‌ടമായത്‌. ഇന്‍ഷുറന്‍സ്‌ ഇല്ലാതിരുന്നതുമൂലം പണനഷ്‌ടം മാത്രം 20 ലക്ഷം ഡോളറായിരുന്നു. പക്ഷേ, എഡിസണ്‍ പതറിയില്ല. ആകുലചിന്തകള്‍ അദ്ദേഹത്തെ കാര്‍ന്നുതിന്നില്ല. ഇനി എന്തു സംഭവിക്കുമെന്നോര്‍ത്ത്‌ അദ്ദേഹത്തിന്‌ ഉറക്കവും നഷ്‌ടപ്പെട്ടില്ല. അദ്ദേഹം വീണ്ടും ജോലി തുടങ്ങി. ദുരന്തം കഴിഞ്ഞ്‌ മൂന്നാഴ്‌ച പിന്നിട്ടപ്പോഴേക്കും ആദ്യത്തെ ഫോണോഗ്രാഫ്‌ ലോകത്തിനു സമ്മാനിക്കാന്‍ എഡിസനു സാധിച്ചു!

എഡിസണ്‍ സാധാരണക്കാരനല്ലെന്നു സമ്മതിക്കാം. എങ്കിലും എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ നാമെന്തിനു പരിധിവിട്ട്‌ ആകുലചിത്തരാകുന്നു? നമ്മില്‍ പലര്‍ക്കും എപ്പോഴും ആശങ്കയാണ്‌. പക്ഷേ, നമ്മുടെ ആശങ്കകള്‍ എന്തിനെക്കുറിച്ചാണെന്നു പലപ്പോഴും നമുക്കുതന്നെ അറിയില്ലെന്നുള്ളതാണ്‌ ഏറെ കൗതുകകരം. എഡിസന്റെ സമ്പാദ്യം മുഴുവന്‍ നഷ്‌ടമായപ്പോള്‍ അദ്ദേഹത്തിനു തീ തിന്നു മരിക്കാമായിരുന്നു. പക്ഷേ, തന്റെ ഫാക്‌ടറി കത്തിനശിക്കാനേ അദ്ദേഹം സമ്മതിച്ചുള്ളൂ. തന്റെ മനസും ശരീരവും ആകുലചിന്തകളും അഗ്‌നിതാണ്‌ഡവത്തില്‍നിന്നു വിവേകപൂര്‍വം ഒഴിവാക്കി.പരിധി ലംഘിക്കാത്ത ആകുലചിന്ത ചിലപ്പോള്‍ കര്‍ത്തവ്യനിര്‍വഹണത്തിനു നമ്മെ പ്രേരിപ്പിച്ചേക്കാം. ഒരു ആകുലചിന്തയുമില്ലാതെ എല്ലാം മറന്നു പാട്ടുംപാടി നടന്നാലും കാര്യങ്ങള്‍ ശരിയാവില്ലല്ലോ. പക്ഷേ, കടിഞ്ഞാണില്ലാത്ത ആകുലചിന്തകള്‍ കാന്‍സര്‍പോലെ ശരീരവും മനസും കാര്‍ന്നുതിന്നും. ജീവിതത്തിന്റെ ഉന്മേഷംതന്നെ അവ ചോര്‍ത്തിക്കളയും. ജീവിതം ലക്ഷ്യംതെറ്റി അലയാനിടയാകുകയും ചെയ്യും.

ഏതു പ്രശ്‌നം അഭിമുഖീകരിക്കേണ്ടിവന്നാലും നമുക്കു ചെയ്യാന്‍ സാധിക്കുന്നവ നാം ചെയ്യുകതന്നെ വേണം. ബാക്കികാര്യം ദൈവത്തിന്റെ സ്‌നേഹപരിപാലനയ്‌ക്ക്‌ വിട്ടുകൊടുക്കുക. അവിടുന്ന്‌ നമുക്കു ഫലം തരുകതന്നെ ചെയ്യും. ജീവിതത്തിലെ ദുഃഖങ്ങളും ആകുലചിന്തകളുമായി ദൈവസന്നിധിയില്‍ നാം പോകാറില്ലേ? പക്ഷേ, നമ്മുടെ ദുഃഖങ്ങളും ആകുലതകളും അവിടുത്തെ പാദാന്തികത്തില്‍ കാഴ്‌ചവച്ചിട്ടു മടങ്ങുന്നതിനു പകരം നാം അവ തിരികെ കൊണ്ടുപോരുകയല്ലേ ചെയ്യുന്നത്‌. ``അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ പക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം'' എന്ന്‌ യേശു പറഞ്ഞത്‌ വെറുതെയാണോ? നമ്മുടെ ആകുലതകള്‍ ഏറ്റുവാങ്ങാനാണ്‌ ഐസയാസ്‌ പ്രവാചകന്‍ പറഞ്ഞിരിക്കുന്നതുപോലെ ``യാഹ്‌വെയുടെ സഹിക്കുന്ന ദാസന്‍'' ഈ മണ്ണില്‍ അവതീര്‍ണനായത്‌. യേശു പറയുന്നു: ``നാളയെപ്പറ്റി നിങ്ങള്‍ ആകുലചിത്തരാകേണ്ട.'' കാരണമെന്തെന്നോ? യേശുവിന്റെ പാതയിലൂടെയാണ്‌ നാം ചലിക്കുന്നതെങ്കില്‍ അവിടുന്ന്‌ എപ്പോഴും നമ്മോടൊപ്പമുണ്ടായിരിക്കും. പിന്നെ നാം എന്തിന്‌ ആകുലചിത്തരാകണം? ``നമ്മള്‍ എവിടെപ്പോയാലും അവിടങ്ങളിലെല്ലാം ദൈവം നമ്മോടൊപ്പമുണ്ടായിരിക്കും'' എന്നാണ്‌ മുഹമ്മദ്‌ നബിയും സാക്ഷ്യപ്പെടുത്തുന്നത്‌ (ഖുര്‍ ആന്‍: 57-4).

വിശ്രുത ഗ്രന്ഥകാരനായ ഡോ.നോര്‍മന്‍ വിന്‍സെന്റ്‌ പീല്‍ ഒരു `വെനസ്‌ഡെ വറി ക്ലബ്ബി'ന്റെ കഥ പറയുന്നുണ്ട്‌. ബ്രിട്ടീഷ്‌ വ്യവസായിയായ ആര്‍ഥര്‍ റാങ്ക്‌ ആണ്‌ ഈ ക്ലബ്ബിന്റെ ഉപജ്ഞാതാവ്‌. അദ്ദേഹത്തിന്‌ എന്ത്‌ ആകുലചിന്തയുണ്ടായാലും ഓരോന്നും ഒരു തുണ്ടുകടലാസിലെഴുതി ഒരു ബോക്‌സിലിടും. ഒരു ആകുലചിന്തയും തന്നെ മഥിക്കാന്‍ അദ്ദേഹം സമ്മതിക്കയില്ല. പിറ്റേ ബുധനാഴ്‌ച കൃത്യം നാലുമണിക്ക്‌ ആ ബോക്‌സ്‌ തുറന്ന്‌ തുണ്ടുകടലാസുകള്‍ വായിച്ചുനോക്കും. പക്ഷേ, അപ്പോഴേക്കും അവയിലെഴുതിയിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും സാധാരണഗതിയില്‍ പരിഹരിക്കപ്പെട്ടിട്ടുണ്ടാവും. പരിഹരിക്കപ്പെടാത്തവ വീണ്ടും ആ ബോക്‌സില്‍ത്തന്നെ നിക്ഷേപിക്കും. ആ പ്രശ്‌നങ്ങള്‍ക്കും അടുത്ത ദിവസങ്ങളില്‍ത്തന്നെ എന്തെങ്കിലും പരിഹാരം ഉണ്ടാകാതിരിക്കില്ല.
നമ്മുടെ അനുഭവം ഇതുപോലെയല്ലേ? ആകുലചിന്തകള്‍ പലപ്പോഴും അനാവശ്യമാണെന്ന്‌ അനുഭവത്തില്‍ നമുക്കറിയാം. വെറുതേ ഓരോന്നു വിചാരിച്ച്‌ നാം അള്‍സര്‍ പിടിപ്പിക്കുന്നുവെന്നുമാത്രം. നമ്മെ ദൈവത്തിന്റെ അനന്തപരിപാലനയ്‌ക്കു സമര്‍പ്പിച്ച്‌ നമ്മുടെ കടമകള്‍ക്കു വീഴ്‌ച വരുത്താതെ മുന്നോട്ടുപോകാമോ? എങ്കില്‍പ്പിന്നെ നമുക്ക്‌ യാതൊരാശങ്കയ്‌ക്കും ആകുലചിന്തയ്‌ക്കും വകയില്ല.
ഒരു കഥയില്ലാക്കഥയോടെ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം: ഒരു മനുഷ്യന്‍ വലിയൊരു ചാക്കു നിറയെ ചുമടുമായി ആയാസപ്പെട്ട്‌ നീങ്ങുമ്പോള്‍ ഒരു മാലാഖ എതിരേ വരുന്നു. ``എന്താണ്‌ ചാക്കിനകത്ത്‌?'' മാലാഖ ചോദിച്ചു.

``എന്റെ ആകുലതകളും ആശങ്കകളും,'' അയാള്‍ മറുപടി പറഞ്ഞു.

``കെട്ടൊന്നഴിക്കൂ. ഞാനവയൊന്നു കാണട്ടെ,'' മാലാഖ അഭ്യര്‍ഥിച്ചു. ചാക്കിന്റെ കെട്ടഴിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു: ``ഇന്നലത്തെ ആകുലതകളും നാളെയെപ്പറ്റിയുള്ള ആശങ്കകളും കാണൂ.'' പക്ഷേ, കെട്ടഴിച്ചപ്പോള്‍ ചാക്ക്‌ ശൂന്യമായിരുന്നു. ``ഇന്നലത്തെ ആകുലതകള്‍ എത്ര പണ്ടേ കഴിഞ്ഞുപോയി. നാളത്തേക്കു വരാനിരിക്കുന്നതല്ലേയുള്ളൂ. വെറുതേ എന്തിന്‌ ഇല്ലാത്ത ചുമടു ചുമക്കുന്നു? ചാക്കുകെട്ട്‌ ദൂരെ എറിയൂ.'' മാലാഖ പറഞ്ഞു.

എന്താ, അര്‍ത്ഥപൂര്‍ണമല്ലേ ഈ കഥയില്ലാക്കഥ?