Saturday, 27 June 2015

ദൈവം ഇതാ ഇവിടെ

സോദ്ദേശ്യ സാഹിത്യകാരന്മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ടോള്‍സ്റ്റോയിയുടെ ഒരു ചെറുകഥയിലെ നായകന്‍ ഒരു ചെരിപ്പുകുത്തിയാണ്‌. അയാളൊരു സ്വപ്‌നം കണ്ടു. ദൈവപുത്രനായ യേശു പിറ്റേദിവസം തന്റെ പടിവാതില്‍ക്കല്‍ എത്തുന്നു. ഉറക്കമുണര്‍ന്ന ചെരിപ്പുകുത്തിക്ക്‌ ആവേശമായി. പാപികളോട്‌ ക്ഷമിക്കുകയും ദുഃഖിതരെ ആശ്വസിപ്പിക്കുകയും ചെയ്‌ത കാരുണ്യവാനായ യേശു തന്റെ പടിവാതില്‍ക്കല്‍ കാലുകുത്തുവാന്‍ പോകുന്നു. തന്നെ അനുഗ്രഹിച്ചാശീര്‍വദിക്കാന്‍ എത്തുന്ന അവിടുത്തെ കരം ഗ്രഹിക്കണം. അവിടുത്തെ പാദാന്തികത്തില്‍ സാഷ്‌ടാംഗം പ്രണമിക്കണം. അവിടുത്തെ ദിവ്യവചസുകള്‍ മതിവരുവോളം ശ്രവിക്കണം. അവിടുന്ന്‌ എന്തായിരിക്കും തന്നോടു പറയുക? അയാള്‍ക്ക്‌ ആകാംക്ഷയായി. യേശുവിനോടു സംസാരിക്കുന്ന ആ അമൂല്യനിമിഷങ്ങള്‍ അയാള്‍ ഭാവനയില്‍ കണ്ടു. അപ്പോഴാണ്‌ വിലപിച്ചുകൊണ്ട്‌ ഒരു സാധു സ്‌ത്രീയും കുട്ടിയും ആ വഴി കടന്നുപോയത്‌.

വിവരമെന്താണെന്ന്‌ അയാള്‍ തിരക്കി. അവരുടെ ജീവിതം ആകെ താറുമാറായിരിക്കുന്നു. ദുഃഖം തളംകെട്ടി നില്‍ക്കുന്ന ജീവിതം. പ്രതീക്ഷയ്‌ക്കു വകയില്ല. ഇനി മരിച്ചാല്‍ മതിയത്രേ! അവളും കുട്ടിയും ആത്‌മഹത്യക്കുള്ള പുറപ്പാടിലായിരുന്നു. ചെരുപ്പുകുത്തി അവരെ വിളിച്ചിരുത്തി ആശ്വസിപ്പിച്ചു. അയാളുടെ ദയയും സ്‌നേഹവും അവര്‍ക്കു നവജീവന്‍ പകര്‍ന്നു. ഇല്ല, തനിക്കെല്ലാം നഷ്‌ടപ്പെട്ടിട്ടില്ല എന്ന്‌ ആ സ്‌ത്രീക്കു തോന്നി. പുതിയൊരു തുടക്കത്തിനുള്ള ഒരുക്കത്തോടെ അവര്‍ തിരിച്ചുപോയി.ചെരുപ്പുകുത്തി വീണ്ടും യേശുവിനെ കാത്തിരിപ്പായി. കുറെ കഴിഞ്ഞപ്പോള്‍ ഒരു വൃദ്ധന്‍ ആ വഴിയെ വന്നു. തണുപ്പുകൊണ്ടയാള്‍ ആകെ വിറങ്ങലിച്ചുപോയിരുന്നു. കൈയില്‍ പണമുണ്ടായിട്ടുവേണമല്ലോ കമ്പിളിവസ്‌ത്രം വാങ്ങാന്‍. ചെരുപ്പുകുത്തിക്ക്‌ അയാളോട്‌ അലിവുതോന്നി. ഉടനെതന്നെ തന്റെ കമ്പിളിയുടുപ്പ്‌ അയാള്‍ക്കു കൊടുത്തു. ക്ഷീണിച്ചവശനായിരുന്ന വൃദ്ധന്‌ ഭക്ഷണവും പാനീയവും നല്‍കി. വൃദ്ധനുമായി സംസാരിച്ചിരുന്ന്‌ നേരംപോയതറിഞ്ഞില്ല. നന്ദി പറഞ്ഞ്‌ വൃദ്ധന്‍ വിരമിക്കുമ്പോള്‍ പകലസ്‌തമിച്ചിരുന്നു. ഇല്ല, ഇനി അവിടുന്നു വരില്ല. സമയം ഏറെ വൈകിപ്പോയിരിക്കുന്നു. എന്തുകൊണ്ടായിരിക്കും അവിടുന്നു വരാതിരുന്നത്‌? ഒരുപക്ഷേ, യേശു തന്നില്‍ സംപ്രീതനല്ലായിരിക്കുമോ?

ഉറങ്ങുന്നതിനുമുമ്പു പതിവുപോലെ അയാള്‍ ബൈബിള്‍ കൈയിലെടുത്ത്‌ വായന തുടങ്ങി. പെട്ടെന്ന്‌ അയാളുടെ കണ്ണും മനസും ഒരു വാക്യത്തില്‍ ഉടക്കി. ``ഈ ചെറിയവരിലൊരുവനു ചെയ്‌തപ്പോഴെല്ലാം നിങ്ങള്‍ എനിക്കുതന്നെയാണ്‌ ചെയ്‌തത്‌.'' അതെ, യേശു തന്നെ സന്ദര്‍ശിച്ചിരിക്കുന്നു! നന്ദി, അവിടുത്തേക്കു നന്ദി. ചെരിപ്പുകുത്തിയുടെ ഹൃദയം ചാരിതാര്‍ത്ഥ്യത്താല്‍ വീര്‍പ്പുമുട്ടി.ടോള്‍സ്റ്റോയിയുടെ ചെരിപ്പുകുത്തിയെപ്പോലെ ദൈവത്തിന്റെ വരവും കാത്തിരിക്കുന്നവരാണു നമ്മള്‍. ദൈവാനുഭവത്തിലൂടെയേ ശാശ്വതശാന്തി ലഭിക്കൂ എന്നു നമുക്കറിയാം. പക്ഷേ, അവിടുന്ന്‌ എന്തുകൊണ്ടാണ്‌ എപ്പോഴും വൈകുന്നത്‌? പലപ്പോഴും നാം അറിയാതെ ചോദിച്ചുപോകുന്നു. ദൈവം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുമ്പോള്‍ ജീവിതദുഃഖങ്ങള്‍ ഓടിയകലും. അപ്പോള്‍ നമുക്കു തൃപ്‌തിയായി; ശാന്തിയായി. പക്ഷേ, നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്ന അവിടുത്തെ നമുക്കു കണ്ടെത്താനാവുന്നുണ്ടോ? അവിടുത്തെ വഴികള്‍ പലപ്പോഴും അജ്ഞാതങ്ങളാണെന്നു നമുക്കറിയാം. അതുകൊണ്ടുതന്നെ ആ വഴികള്‍ വിവേചിച്ചറിയാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌.

ദൈവാനുഭവത്തില്‍ എപ്പോഴും ആമഗ്‌നനായിരുന്ന ശങ്കരാചാര്യരെക്കുറിച്ച്‌ ഒരു കഥയുണ്ട്‌: അദ്ദേഹം ശിഷ്യരോടൊപ്പം യാത്രചെയ്യുമ്പോള്‍ അതാ ഒരു ചണ്‌ഡാലന്‍ എതിരേ വരുന്നു. ``വഴി മാറൂ, വഴി മാറൂ,'' ശങ്കരാചാര്യര്‍ വിളിച്ചുപറഞ്ഞു. ഉടനെ ചണ്‌ഡാലന്‍ ആശ്‌ചര്യഭരിതനായി ചോദിച്ചു: ``എന്നിലുള്ള ദൈവം താങ്കള്‍ക്കുവേണ്ടി വഴിമാറിത്തരണമെന്നോ? താങ്കളില്‍ കുടികൊള്ളുന്ന ദൈവത്തെ ഞാനിതാ വണങ്ങുന്നു.'' ചണ്‌ഡാലന്‍ നിലത്തുവീണ്‌ ശങ്കരാചാര്യരെ വണങ്ങി. ഒരു നിമിഷം പകച്ചുനിന്ന ശങ്കരാചാര്യര്‍ നിലത്തുവീണ്‌ ചണ്‌ഡാലനോടു പറഞ്ഞു: ``താങ്കളിലുള്ള ദൈവത്തെ ഞാനും നമിക്കുന്നു.'' ചണ്‌ഡാലനില്‍ ദൈവത്തെ ദര്‍ശിക്കുവാന്‍ സാക്ഷാല്‍ ശ്രീശങ്കരാചാര്യര്‍ക്കുപോലും തെല്ലിട വേണ്ടിവന്നു. അങ്ങനെയാണെങ്കില്‍ സാധാരണക്കാരുടെ കാര്യമോ?

`ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ നിഷ്‌ഠതി' (ജീവജഗത്തുക്കളുടെ നിയന്താവായ ദൈവം സര്‍വജീവികളുടെയും ഹൃദയത്തില്‍ ഒളിഞ്ഞിരിക്കുന്നു) എന്നാണു ഭഗവദ്‌ഗീത പഠിപ്പിക്കുന്നത്‌. എന്നാല്‍, എണ്ണമറ്റ ലോകകാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന നമ്മളുണ്ടോ നമ്മിലും മറ്റുള്ളവരിലും കുടികൊള്ളുന്ന ദൈവത്തെ ദര്‍ശിക്കാന്‍ ശ്രമിക്കുന്നു. ദൈവം സമീപസ്ഥനാണെങ്കിലും ആ സാമീപ്യം അറിയാത്തവരാണ്‌ നമ്മള്‍. അവിടുന്നു നമ്മോടൊത്ത്‌ സഹവസിക്കുമ്പോഴും നാം അവിടുത്തെത്തേടി അലയുന്നു. നമ്മുടെ ആഹ്ലാദവിഷാദങ്ങളില്‍ അവിടുന്നു പങ്കുപറ്റുമ്പോഴും ദൈവം എവിടെ എന്നു നാം ചോദിക്കുന്നു. എന്നാല്‍, ദൈവത്തെത്തേടി നാം വിഷമിക്കേണ്ട. അവിടുന്ന്‌ എത്രയോ പണ്ടേ നമ്മെത്തേടിയിറങ്ങിക്കഴിഞ്ഞിരിക്കുന്നു. ദൈവപുത്രനായ യേശുവിന്റെ കുരിശുമരണത്തെയോര്‍ത്ത്‌ മഗ്‌ദലനയിലെ മറിയം വിഷാദിച്ചിരിക്കുമ്പോള്‍ ഉത്‌ഥാനനാളില്‍ യേശു അവളെ തേടിയെത്തി. അപ്പോള്‍ അവളുടെ ആഹ്ലാദത്തിന്‌ അതിരില്ലായിരുന്നു.
പാപമോചനത്തിലൂടെ നേടിയ ആത്‌മവിശുദ്ധി യേശുവിനെ ദര്‍ശിക്കാന്‍ മഗ്‌ദലനയിലെ മറിയത്തെ പ്രാപ്‌തയാക്കി. ആത്‌മവിശുദ്ധിയോടെ നമുക്കവിടുത്തെ സ്വീകരിക്കാന്‍ ശ്രമിക്കാം. നമ്മുടെ ഹൃദയവും മനസും അവിടുത്തേക്കായി തുറന്നുകൊടുക്കാം.