Wednesday 18 February 2015

ലോകത്തിന്റെ വിലയിരുത്തലുകള്‍

വായിച്ചപ്പോള്‍ ചിരി വന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കാതിരിക്കാനുമായില്ല.

യേശുവിനെഴുതിയിരിക്കുന്ന ആ കത്തു വായിച്ചാല്‍ ആരും ചിരിച്ചു പോകും. ജറുസലമിലുള്ള ജോര്‍ഡാന്‍ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ ആണു കത്തു തയാറാക്കി അയച്ചത്‌. കത്തിലെ മേല്‍വിലാസവും ശ്രദ്ധേയം തന്നെ. ``ജീസസ്‌, സണ്‍ ഓഫ്‌ ജോസഫ്‌, കാര്‍പ്പന്റേഴ്‌സ്‌ ഷോപ്പ്‌, നസറത്ത്‌.''

ഇനി ആ കത്തിവിടെ പകര്‍ത്തട്ടെ: 

``അങ്ങയുടെ പുതിയ സംഘടനയുടെ കാര്യങ്ങള്‍ നോക്കാന്‍ അങ്ങു തെരഞ്ഞെടുത്ത പന്ത്രണ്ടുപേരുണ്ടല്ലോ. ഞങ്ങളുടെ അഭിപ്രായത്തില്‍ ഈ പണിക്ക്‌ ഒരിക്കലും പറ്റിയവരല്ല അവര്‍. വിദ്യാഭ്യാസയോഗ്യതയോ അങ്ങു വിഭാവനം ചെയ്യുന്ന ജോലിയിലുള്ള പ്രാഗല്‌ഭ്യമോ അവര്‍ക്കില്ല. ഒരു ടീമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള ഒരു ധാരണ പോലും അവര്‍ക്കില്ല.''

``സൈമണ്‍ പീറ്റര്‍ വികാരജീവിയാണ്‌. അതുപോലെ കടുത്ത ദേഷ്യക്കാരനും. ആണ്‍ഡ്രൂവിനു നേതൃത്വവാസനകളൊന്നുമില്ല. ജയിംസും ജോണും എന്ന രണ്ടു സഹോദരന്മാരുണ്ടല്ലോ. കമ്പനിയോടുള്ള കൂറിനേക്കാളേറെ വ്യക്തി താല്‌പര്യങ്ങള്‍ക്കാണ്‌ അവര്‍ പ്രാധാന്യം നല്‌കുന്നത്‌.



ആവശ്യമില്ലാതെ ചോദ്യം ചെയ്യുന്ന രീതിയാണ്‌ തോമസിനുള്ളത്‌. അതു പൊതുവായിട്ടുള്ള ടീം വര്‍ക്കിനു ദോഷം ചെയ്യും. ഗ്രെയ്‌റ്റര്‍ ജറുസലം ബിസിനസ്‌ ബ്യൂറോ മാത്യുവിനെ ബ്ലാക്ക്‌ലിസ്റ്റില്‍പ്പെടുത്തിയിരിക്കുന്ന കാര്യം അങ്ങയോടു പറയേണ്ടത്‌ ഞങ്ങളുടെ കടമയാണെന്നു ഞങ്ങള്‍ കരുതുന്നു. തദേവൂസും അല്‍ഫേയസിന്റെ പുത്രനായ ജയിംസും തീവ്രവാദികളോട്‌ അനുഭാവം പുലര്‍ത്തുന്നവരും സ്ഥിരതയില്ലാത്ത സ്വഭാവത്തിന്റെ ഉടമകളുമാണ്‌.''

``എന്നാല്‍, പന്ത്രണ്ടുപേരിലൊരാളായ യൂദാ ഇസ്‌കാറിയോട്ട്‌ വളരെ പ്രതീക്ഷകള്‍ക്കു വക നല്‍കുന്നയാളാണ്‌. കഴിവും സാമര്‍ത്ഥ്യവും അയാള്‍ക്കുണ്ട്‌. ബിസ്‌നസ്‌ തന്ത്രങ്ങളറിയാവുന്ന അയാള്‍ക്ക്‌ ഉന്നതതലങ്ങളില്‍ നല്ല പിടിപാടുണ്ട്‌. വളര്‍ന്നു വലുതാകണമെന്നു മോഹമുള്ള യൂദാസിനെ അങ്ങയുടെ കണ്‍ട്രോളറും വലംകൈയുമായി നിയമിക്കണമെന്നു ഞങ്ങള്‍ ശിപാര്‍ശ ചെയ്യുന്നു.'' 

എന്താ ഈ കത്തു വായിച്ചപ്പോള്‍ നിങ്ങള്‍ക്കു ചിരിവന്നുകാണും അല്ലേ? എങ്ങനെ ചിരിക്കാതിരിക്കാനാവും? ലോകത്തിന്റെ ദൃഷ്‌ടിയില്‍ ശരിയായിട്ടുള്ള കാര്യങ്ങളാണ്‌ കത്തില്‍ പറഞ്ഞിരിക്കുന്നത്‌. യേശുവിന്റെ ശിഷ്യരെക്കുറിച്ചു നല്‌കിയിരിക്കുന്ന വിലയിരുത്തല്‍ വളരെ ശരിതന്നെയാണ്‌. പക്ഷേ, ആ പന്ത്രണ്ടുപേരുടെയും കഥ നമുക്കറിയാം. അതുകൊണ്ടുതന്നെയാണ്‌ ഈ കത്തു വായിക്കുമ്പോള്‍ നമ്മുടെ ചുണ്ടുകളില്‍ ചിരി വിടരുന്നതും.

ജോര്‍ഡാന്‍ മാനേജ്‌മെന്റെ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ എഴുതിയതുപോലെ യൂദാസൊഴികെ മറ്റെല്ലാവരും ഒന്നിലും കൊള്ളില്ലാത്തവരായിരുന്നു. അവശ്യം വേണ്ടിയിരുന്ന വിദ്യാഭ്യാസ യോഗ്യതയും അനുഭവ പരിചയവും ഇല്ലായിരുന്നു എന്നതു മാത്രമായിരുന്നില്ല അവരുടെ പോരായ്‌മ. അവരില്‍ മുഴുവന്‍ പേരുടെയും തന്നെ സ്വഭാവ ശൈലിയിലും ഒട്ടേറെ ന്യൂനതകളുണ്ടായിരുന്നു. വെറും മുക്കുവരും നിരക്ഷരരുമായിരുന്നല്ലോ അവര്‍.

പക്ഷേ, എന്നിട്ടുമെന്തേ യേശു അവരെ തെരഞ്ഞെടുത്തു? പ്രഗല്‌ഭനെന്നു കരുതിയിരുന്ന യൂദാസൊഴികെ എല്ലാവരും എങ്ങനെ നൂറുശതമാനം വിജയത്തിനുടമകളായി? 

ജോര്‍ഡാന്‍ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ വിലയിരുത്തിയതുപോലെയായിരുന്നില്ല യേശു താന്‍ തെരഞ്ഞെടുത്ത പന്ത്രണ്ടുപേരെ വിലയിരുത്തിയത്‌. ഈ ലോകത്തിന്റെ വിജ്ഞാനത്തിലൂന്നിനിന്നുള്ള വിലയിരുത്തലായിരുന്നില്ല അവിടുന്നു നടത്തിയത്‌. തന്റെ ദൈവിക ദൃഷ്‌ടിയിലൂടെ യേശു അവരെ വീക്ഷിച്ചപ്പോള്‍ അവരില്‍ അന്തര്‍ലീനമായിരുന്ന സാധ്യതകള്‍ അവിടുന്നു മനസ്സിലാക്കി. ഒന്നിനും കൊള്ളരുതാത്തവരെന്നു കരുതപ്പെട്ടിരുന്ന അവരെക്കൊണ്ട്‌ ലോകം കീഴ്‌മേല്‍ മറിക്കാനാവുമെന്ന്‌ അവിടുത്തേക്കറിയാമായിരുന്നു.
എന്നാല്‍ കേമനെന്നു കരുതപ്പെട്ടിരുന്ന യൂദാസ്‌ കുതികാല്‍വെട്ടിയായി മാറുമെന്നും അവിടുത്തേക്ക്‌ അജ്ഞാതമായിരുന്നില്ല. തന്റെ ശിഷ്യരെ സംബന്ധിച്ച്‌ യേശുവിന്റെ വിലയിരുത്തലായിരുന്നു ശരിയെന്ന്‌ ചരിത്രം സാക്ഷിക്കുന്നു. 

ആരും നമ്മെക്കുറിച്ച്‌ എങ്ങനെയും വിലയിരുത്തട്ടെ. നമ്മെക്കുറിച്ചുള്ള വിലയിരുത്തല്‍ അല്‌പം മോശമായാല്‍പ്പോലും നാം ഖിന്നരാകേണ്ട. എന്നാല്‍, ദൈവം നമ്മെ എങ്ങനെയായിരിക്കും വിലയിരുത്തുന്നത്‌ എന്നു ചിന്തിക്കുന്നത്‌ നല്ലതാണ്‌. കാരണം, നമ്മെക്കുറിച്ചുള്ള അവിടുത്തെ വിലയിരുത്തലില്‍ മാത്രമേ എന്തെങ്കിലും കാര്യമുള്ളു.

നമ്മുടെ ജീവിതത്തിന്റെ സമസ്‌തഭാവങ്ങളും കണ്ടുകൊണ്ടുള്ള വിലയിരുത്തലാണ്‌ ദൈവത്തിന്റേത്‌. ആ വിലയിരുത്തലെന്താണെന്നറിഞ്ഞ്‌ അതനുസരിച്ച്‌ നമ്മുടെ ജീവിതത്തെ കരുപിടിപ്പിക്കണം. യേശുവിന്റെ സാന്നിധ്യത്തില്‍ അവിടുത്തെ ശിഷ്യര്‍ സമഗ്രമായ വളര്‍ച്ച നേടി. അതുപോലെ ദൈവത്തില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട്‌ അവിടുന്നാഗ്രഹിക്കുന്ന രീതിയില്‍ നമുക്കും വളരാന്‍ ശ്രമിക്കാം.

plz send your feedbacks to: panthaplamthottiyil@hotmail.com

No comments:

Post a Comment