Wednesday 25 February 2015

രണ്ടു ക്ലോക്ക്‌; രണ്ടു സമയം

``പപ്പാ, പപ്പ പറഞ്ഞകാര്യം എപ്പോള്‍ ശരിയാകും?'' ബോബ്‌ പെര്‍ക്‌സ്‌ എന്ന എഴുത്തുകാരന്റെ കുസൃതിക്കുരുന്ന്‌ അദ്ദേഹത്തോടു ചോദിച്ചു. 

``സമയമാകുമ്പോള്‍,'' പെര്‍ക്‌സ്‌ പറഞ്ഞു.

``പപ്പാ, എപ്പോഴാണു സമയമാകുന്നത്‌?'' അവള്‍ അക്ഷമയോടെ വീണ്ടും ചോദിച്ചു. ``എല്ലാ കാര്യങ്ങളും പൂര്‍ണമാകുമ്പോള്‍,'' അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. 

``എല്ലാക്കാര്യങ്ങളും അതിന്റെ നേരത്തു നടക്കുമ്പോള്‍, കാര്യങ്ങള്‍ ആയിരിക്കേണ്ടതുപോലെ നൂറു ശതമാനം ആകുമ്പോള്‍.'' പപ്പ പറഞ്ഞതെന്തെന്നു മനസിലാകാതെ അവള്‍ അല്‌പസമയം മിണ്ടാതെയിരുന്നു. പിന്നെ ചോദിച്ചു:

``എന്താണ്‌ എനിക്കൊരിക്കലും ശരിയായ ഉത്തരം പപ്പ തരാത്തത്‌?''

 ``നിനക്കു വേണ്ടതുപോലെയുള്ള ഉത്തരം തരുന്നില്ലെന്നാണോ നീ പറയുന്നത്‌?'' അദ്ദേഹം മറുചോദ്യം ചോദിച്ചു.



``അതെ,'' അവള്‍ മറുപടി പറഞ്ഞു. 

``മോള്‍ എന്റെകൂടെ വരൂ, പപ്പാ ഒരു കാര്യം കാണിച്ചുതരാം.'' അവളുടെ കൈയില്‍ പിടിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

അവര്‍ നേരെ വീടിന്റെ പിന്‍ഭാഗത്തുള്ള പോര്‍ച്ചിലേക്കു പോയി. തോട്ടത്തില്‍ നടുവാനുള്ള പലതരം ചെടികളുടെ വിത്ത്‌ അവിടെ ഇരിപ്പുണ്ടായിരുന്നു. അതില്‍ കുറെയെടുത്ത്‌ അവളുടെ കൈയില്‍ വച്ചുകൊടുത്തിട്ടു പെര്‍ക്‌സ്‌ ചോദിച്ചു: ``ഈ വിത്തുകള്‍ മോളുടെ കൈയില്‍ ഇരുന്നാല്‍ കിളിര്‍ക്കുമോ?''

``ഇല്ല,'' അവള്‍ പറഞ്ഞു. 

``എന്തുകൊണ്ടാണത്‌?'' അദ്ദേഹം ചോദിച്ചു.

``വിത്തു മണ്ണില്‍ ഇടണം,'' അവള്‍ പറഞ്ഞു. 

``വിത്തു മണ്ണില്‍ ഇട്ടതുകൊണ്ടുമാത്രം അവ കിളിര്‍ക്കുമോ, വളരുമോ?''

``ഇല്ല. അവയ്‌ക്ക്‌ വെള്ളവും സൂര്യപ്രകാശവുമൊക്കെ വേണം,'' അവള്‍ പറഞ്ഞു. 

``മോള്‍ നന്നായി ഉത്തരം പറഞ്ഞു,'' കവിളില്‍ തലോടി അവളെ അഭിനന്ദിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

അപ്പോള്‍ അവള്‍ക്കൊരു സംശയം: ``പക്ഷേ, നമ്മള്‍ കഴിഞ്ഞവര്‍ഷം കുഴിച്ചിട്ട ലില്ലിച്ചെടിയുടെ കിഴങ്ങുകള്‍ ഇതുവരെ കിളിര്‍ത്തില്ലല്ലോ. അവയ്‌ക്കെന്തുപറ്റി? അവയ്‌ക്കു ധാരാളം സൂര്യപ്രകാശവും വെള്ളവും ഇതിനകം ലഭിച്ചുകഴിഞ്ഞല്ലോ?''

``അവ കിളിര്‍ക്കാന്‍ സമയമായിട്ടില്ല. അതുകൊണ്ടുതന്നെ,'' അവളുടെ പപ്പ പറഞ്ഞു. 

``പപ്പ വീണ്ടും പഴയതുപോലെ മറുപടി പറയുന്നു,'' അവള്‍ പരാതിപ്പെട്ടു. 



``കഴിഞ്ഞവര്‍ഷം ലില്ലിച്ചെടികള്‍ മാര്‍ച്ച്‌ 28-ന്‌ പൊട്ടിമുളച്ചുവെന്നു കരുതുക,'' കാര്യം വിശദീകരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. ``എന്നാല്‍, അക്കാരണംകൊണ്ട്‌ ഇക്കൊല്ലവും കൃത്യം മാര്‍ച്ച്‌ 28-നു തന്നെ അവ മുളയ്‌ക്കണമെന്നുണ്ടോ? ഇല്ല. ആ കിഴങ്ങുകള്‍ മുളപൊട്ടി മണ്ണിന്‌ പുറത്തുവരണമെങ്കില്‍ പല കാര്യങ്ങള്‍ ശരിയാകാനുണ്ട്‌. അവ എപ്പോഴും നാം പ്രതീക്ഷിക്കുന്നതുപോലെ സംഭവിച്ചുവെന്നു വരില്ല.''

``അതു സമയമാകുമ്പോഴേ സംഭവിക്കൂ,'' അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു. അവള്‍ വീണ്ടുംചോദിച്ചു: ``ഇക്കാര്യങ്ങള്‍ക്ക്‌ ഏതു ക്ലോക്കാണ്‌ നാം ഉപയോഗിക്കുന്നത്‌?'' 

``ദൈവത്തിന്റെ ക്ലോക്ക്‌,'' അദ്ദേഹം പറഞ്ഞു. ``എല്ലാം ദൈവത്തിന്റെ സമയം അനുസരിച്ചേ സംഭവിക്കൂ.''



നാം ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നു. ഓരോരോ കാര്യത്തിനുവേണ്ടി അധ്വാനിക്കുന്നു; പ്രാര്‍ഥിക്കുന്നു. എന്നാല്‍ അവയെല്ലാം നാം വിഭാവനം ചെയ്യുന്നതുപോലെ സംഭവിക്കുന്നുണ്ടോ! പലപ്പോഴും നമ്മുടെ പ്ലാനും പദ്ധതിയുമനുസരിച്ച്‌ കാര്യങ്ങള്‍ നീങ്ങുന്നില്ല എന്നതല്ലേ വാസ്‌തവം? പക്ഷേ, അതുകൊണ്ടു നാം നിരാശരാകണോ? എല്ലാക്കാര്യങ്ങള്‍ക്കും ഒരു സമയം ഉണ്ടെന്നതല്ലേ വാസ്‌തവം? ആ സമയം ദൈവത്തിന്റെ ക്ലോക്കനുസരിച്ചാണന്നതല്ലേ യാഥാര്‍ഥ്യം?

`വെന്‍ ഇറ്റ്‌ ഈസ്‌ ടൈം' എന്ന പേരില്‍ ബോബ്‌ പെര്‍ക്‌സ്‌ എഴുതിയ ലേഖനത്തില്‍ അദ്ദേഹം തന്റെ പുന്നാര മകളെ അനുസ്‌മരിപ്പിച്ചതുപോലെ, നമ്മുടെ ജീവിതത്തില്‍ എല്ലാകാര്യങ്ങളും നടക്കുന്നതു ദൈവത്തിന്റെ സമയം അനുസരിച്ചാണ്‌. അവിടുത്തെ തിരുവിഷ്‌ടം അനുസരിച്ചേ കാര്യങ്ങള്‍ നീങ്ങൂ. അപ്പോള്‍പ്പിന്നെ ഓരോ കാര്യങ്ങളും നാം തീരുമാനിക്കുന്നതുപോലെ നടക്കണമെന്നു വാശിപിടിക്കുന്നത്‌ ശരിയാണോ?

നമുക്ക്‌ അറിയാവുന്ന കലണ്ടറും ക്ലോക്കും ഉപയോഗിച്ച്‌ നാം നമ്മുടെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം; നമ്മുടെ സ്വപ്‌നങ്ങളുടെ സാക്ഷാത്‌കാരത്തിനായി പരിശ്രമിക്കണം. എന്നാല്‍, നാം ലക്ഷ്യംവയ്‌ക്കുന്ന സമയത്ത്‌ കാര്യങ്ങള്‍ നടക്കാതെ വന്നാല്‍ നാം നിരാശരായി ജീവിതത്തില്‍നിന്ന്‌ ഓടിയൊളിക്കാന്‍ ശ്രമിക്കരുത്‌. മറിച്ച്‌, ദൈവം അനുവദിക്കുന്ന സമയത്ത്‌ കാര്യങ്ങള്‍ ശരിയാകുമെന്ന ഉറച്ചബോധ്യം നമുക്ക്‌ വേണം. കാരണം, നമ്മുടെ കാര്യങ്ങള്‍ ശരിയാവണമെന്ന്‌ നമ്മെക്കാള്‍ അവിടുത്തേക്കു നിര്‍ബന്ധമുണ്ടെന്നതാണ്‌ വാസ്‌തവം.

ചിലപ്പോള്‍, നാം പ്ലാന്‍ ചെയ്യുന്ന സമയവും ദൈവം വിഭാവനം ചെയ്യുന്ന സമയവും ഒന്നായിരിക്കാം. അങ്ങനെയെങ്കില്‍ നാം ദൈവത്തോട്‌ ഏറെ നന്ദി പറയണം. എന്നാല്‍, നാം പ്ലാന്‍ ചെയ്യുന്ന സമയവും ദൈവം നമുക്കായി പ്ലാന്‍ ചെയ്യുന്ന സമയവും തമ്മില്‍ വ്യത്യാസമുണ്ടായാല്‍ അതു നമുക്ക്‌ ദോഷകരമാണെന്ന്‌ കരുതരുത്‌? മറിച്ച്‌, അതു നമ്മുടെ നന്മയ്‌ക്കാണെന്ന്‌ ഉറപ്പായി വിശ്വസിക്കാം. കാരണം, ഏതേതു കാര്യങ്ങള്‍ നമുക്ക്‌ ഏതു സമയത്താണ്‌ ആവശ്യമായിരിക്കുന്നതെന്ന്‌ നമ്മെക്കാള്‍ കൂടുതലായി അറിയുന്നത്‌ ദൈവമല്ലേ? 

ദൈവത്തിന്റെ ക്ലോക്കും കലണ്ടറും അനുസരിച്ച്‌ നമ്മുടെ ജീവിതത്തില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സാധിച്ചെങ്കില്‍ എത്ര നന്നായിരുന്നു! പക്ഷേ, അത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, അവിടുത്തേക്ക്‌ നമ്മെക്കുറിച്ചുള്ള പ്ലാനും പദ്ധതിയും എന്താണെന്ന്‌ അറിയാതെയാണ്‌ പലപ്പോഴും നാം സ്വന്തം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ നമ്മുടെ പല പ്ലാനുകളും പാളിപ്പോകുന്നു.



നമ്മുടെ ജീവിതത്തെക്കുറിച്ച്‌ ദൈവത്തിനൊരു കലണ്ടറുണ്ട്‌ എന്നതു നമുക്ക്‌ മറക്കാതിരിക്കാം. അതുപോലെ, ദൈവത്തിന്റെ സമയം അനുസരിച്ചേ, നമ്മുടെ ജീവിതത്തില്‍ എന്തും നടക്കൂ എന്നതും എപ്പോഴും നമുക്ക്‌ ഓര്‍മിക്കാം. കാര്യങ്ങള്‍ ദൈവത്തിന്റെ തിരുവിഷ്‌ടമനുസരിച്ച്‌ നമ്മുടെ ജീവിതത്തില്‍ നടക്കാന്‍വേണ്ടി നമുക്ക്‌ പ്രാര്‍ഥിക്കാം. അപ്പോള്‍ എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ സമയവും നമ്മുടെ സമയവും ഒന്നായി മാറും.

Please send your feedback: panthaplamthottiyil@hotmail.com

No comments:

Post a Comment