Monday, 23 February 2015

വാങ്ങാത്ത റിവോള്‍വറും ബുള്ളറ്റും

``ഒരിക്കല്‍ മോന്‍ ഒരു എഴുത്തുകാരനാകും,'' ആ അമ്മ മകനോടു പഞ്ഞു. 

``വെറും ഒരുഎഴുത്തുകാരനല്ല, വലിയൊരു എഴുത്തുകാരന്‍!''

ഓഗോ മാന്‍ഡിനോ അന്നൊരു ബാലനായിരുന്നു. പിഞ്ചുബാലന്‍. എന്നാല്‍ ഒന്നാംക്ലാസില്‍ പഠനം തുടങ്ങുന്നതിനുമുമ്പേ അവന്‍ ലൈബ്രറി പുസ്‌തകങ്ങള്‍ വായിച്ചുതുടങ്ങിയിരുന്നു. വായിക്കാന്‍ മാത്രമല്ല, എഴുതുവാനും അമ്മ അവനെ പ്രോത്സാഹിപ്പിച്ചു. അവന്‍ ചെറുകഥകള്‍ എഴുതി അമ്മയെ വായിച്ചുകേള്‍പ്പിച്ചു. അവ കേള്‍ക്കുന്നത്‌ അമ്മയ്‌ക്ക്‌ വലിയ സന്തോഷമായിരുന്നു.

ഹൈസ്‌കൂളില്‍ പഠിക്കുന്ന അവസാന വര്‍ഷം സ്‌കൂളില്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു മാന്‍ഡീനോ. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞാലുടനേ അമേരിക്കയിലെ ഏറ്റവും നല്ല ജേര്‍ണലിസം കോളജില്‍ പഠിക്കുവാനായിരുന്നു ആ ചെറുപ്പക്കാരന്റെ പ്ലാന്‍.

എന്നാല്‍, കാര്യങ്ങളെല്ലാം പെട്ടെന്നു കീഴ്‌മേല്‍ മറിഞ്ഞു. അവന്‍ ഹൈസ്‌കൂള്‍ പാസായി ആറാഴ്‌ചയ്‌ക്കുള്ളില്‍ അമ്മ ഹൃദ്‌രോഗംമൂലം മരിച്ചു. അതോടെ അവന്റെ കോളജ്‌ പഠനം സ്വപ്‌നം മാത്രമായി മാറി. ജീവിക്കുന്നതിനായി ഒരു പേപ്പര്‍ ഫാക്‌ടറിയില്‍ അവന്‍ ജോലി നേടി. 

രണ്ടുവര്‍ഷം കഴിഞ്ഞപ്പോല്‍ 1942-ല്‍ ആര്‍മി എയര്‍ കോറില്‍ ചേര്‍ന്നു പൈലറ്റായി. രണ്ടാം ലോകമഹായുദ്ധകാലത്തു ജര്‍മനിയില്‍ മുപ്പതു തവണ ബോംബിംഗ്‌ മിഷന്‍ നടത്തി. യുദ്ധം കഴിഞ്ഞപ്പോള്‍ മാന്‍ഡീനോ അമേരിക്കയിലേക്കു മടങ്ങി.

പക്ഷേ, നല്ല ഒരു ജോലി കണ്ടെത്തുക എന്നതു മാന്‍ഡീനോയ്‌ക്ക്‌ എളുപ്പമായിരുന്നില്ല. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഒരു ബോംബര്‍ പൈലറ്റിന്‌ ആര്‌ എന്തു ജോലി കൊടുക്കാന്‍? മറ്റു മാര്‍ഗം ഇല്ലാതിരുന്നതുകൊണ്ട്‌ കമ്മീഷന്‍ വ്യവസ്ഥയിലുള്ള ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ ജോലി അദ്ദേഹം ഏറ്റെടുത്തു. അധികം താമസിയാതെ വിവാഹവും കഴിച്ചു.
പിന്നീടുള്ള പത്തുവര്‍ഷം ശരിക്കും നരകസമാനമായിരുന്നു ജീവിതം- മാന്‍ഡീനോയ്‌ക്കു മാത്രമല്ല, ഭാര്യയ്‌ക്കും പുത്രിക്കും. എന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍. അനുദിനം വര്‍ധിച്ചുവന്ന കടബാധ്യതകള്‍. പ്രശ്‌നങ്ങളെ മറികടക്കാന്‍ വയ്യാതെ വന്നപ്പോള്‍ അമിതമായി മദ്യപിക്കാന്‍ തുടങ്ങി. അത്‌ പ്രശ്‌നങ്ങള്‍ വഷളാക്കിയതേയുള്ളൂ. ഭാര്യയും മകളും അദ്ദേഹത്തെ ഉപേക്ഷിച്ചു. സഹായിക്കാനോ ആശ്വസിപ്പിക്കാനോ ആരുമില്ലാത്ത അവസ്ഥ. 

ഉണ്ടായിരുന്ന ജോലികൂടി ഉപേക്ഷിച്ച്‌ അദ്ദേഹം നാടുനീളെ അലയാന്‍ തുടങ്ങി. എവിടെനിന്നെങ്കിലും അല്‌പം പണം കിട്ടിയാല്‍ കുടിച്ചുകൂത്താടി വഴിയിറമ്പുകളിലും ഓടകളിലും വീണുകിടക്കും. വീണ്ടും ബോധം വരുമ്പോള്‍ എന്തെങ്കിലും ജോലിചെയ്‌തു പണമുണ്ടാക്കി പിന്നെയും കുടിക്കും.
ഇനിയുള്ള കഥയുടെ കുറെഭാഗം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ കുറിക്കാം: ``ഞാന്‍ ക്ലീവ്‌ലന്‍ഡിലായിരുന്ന ഒരുദിവസം. എല്ലാം മടുത്ത ഞാന്‍ ജീവിതം മതിയാക്കാന്‍ നിശ്ചയിച്ചു. വഴിയരികില്‍ കണ്ട ഒരു ഷോപ്പിലെ ചില്ലലമാരയില്‍ ഒരു റിവോള്‍വര്‍ ഇരിക്കുന്നു! വലിയ അക്ഷരത്തില്‍ വിലയും കുറിച്ചുവച്ചിട്ടുണ്ട്‌: 29 ഡോളര്‍. 

ഞാന്‍ എന്റെ പോക്കറ്റ്‌ പരിശോധിച്ചു. ആകെ 30 ഡോളര്‍ കൈവശമുണ്ട്‌. എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്‌, ഞാന്‍ സ്വയം പറഞ്ഞു. ഞാന്‍ ഈ റിവോള്‍വര്‍ വാങ്ങും. കുറെ ബുള്ളറ്റുകളും. അവയുമായി എവിടെയെങ്കിലും ചെന്ന്‌ എന്റെ തലയ്‌ക്കുതന്നെ ഞാന്‍ വെടിവയ്‌ക്കും. അപ്പോള്‍പ്പിന്നെ ഒരു പരാജിതന്റെ മുഖം കണ്ണാടിയില്‍ എനിക്കു കാണേണ്ടിവരില്ലല്ലോ.''

ഇന്നു പല മനുഷ്യരും ചെയ്യുന്ന രീതിയിലാണെങ്കില്‍ മാന്‍ഡീനോയുടെ ജീവിതം അന്ന്‌ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ ജീവന്‍ നശിപ്പിച്ചില്ല. കടബാധ്യതകളും കുടുംബപ്രശ്‌നങ്ങളും അമിത മദ്യപാനവുമെല്ലാം അദ്ദേഹത്തിന്റെ ജീവിതം നരകതുല്യമാക്കിയിട്ടും അദ്ദേഹം അന്ന്‌ ആ റിവോള്‍വറും ബുള്ളറ്റുകളും വാങ്ങിയില്ല. പകരം, തന്റെ ജീവിതത്തിന്‌ ഒരവസരംകൂടി നല്‌കുവാന്‍ അദ്ദേഹം തീരുമാനിച്ചു. 
പിന്നെ നീണ്ട ഒരന്വേഷണത്തിന്റെ തുടക്കമായിരുന്നു. എവിടെയാണു തെറ്റുപറ്റിയത്‌? ജീവിതത്തില്‍ ഇനിയും പ്രതീക്ഷിക്കാന്‍ വകയുണ്ടോ? മദ്യാസക്തിയില്‍നിന്നു വിടുതല്‍ നേടാനാകുമോ?

ഈ ചോദ്യങ്ങള്‍ ഒന്നൊന്നായി മാന്‍ഡീനോയുടെ തലയിലുദിച്ചപ്പോള്‍ ഉത്തരംതേടി അദ്ദേഹം പുസ്‌തകങ്ങളിലേക്കു തിരിഞ്ഞു - പ്രചോദനാത്മക ഗ്രന്ഥങ്ങളിലേക്ക്‌. അവയില്‍ ഏറ്റവും കൂടുതല്‍ അദ്ദേഹത്തെ സ്വാധീനിച്ചതു വില്യം ക്ലെമന്റ്‌ സ്റ്റോണ്‍ എഴുതിയ `സക്‌സസ്‌ ത്രു എ പോസിറ്റീവ്‌ മെന്റല്‍ ആറ്റിറ്റിയൂഡ്‌' എന്ന പുസ്‌തകമായിരുന്നു.നിഷേധാത്മക ചിന്തയാണ്‌ തന്റെ നാശത്തിനു വഴിതെളിച്ചതെന്നു മനസിലാക്കിയ അദ്ദേഹം ജീവിതത്തെ കൂടുതല്‍ പ്രസാദാത്മകമായി കാണാന്‍ തുടങ്ങി. അതോടൊപ്പം ക്രിയാത്മകമായ ചിന്തയും പ്രവൃത്തിയും തന്റെ ജീവിതത്തില്‍ സംയോജിപ്പിച്ചു. 

അദ്ദേഹം വീണ്ടും സ്ഥിരമായ ഒരു ജോലി കണ്ടുപിടിച്ചു. ഒരു എഴുത്തുകാരനാകണമെന്നുള്ള സ്വപ്‌നം താലോലിച്ചിരുന്ന അദ്ദേഹം `സക്‌സസ്‌ അണ്‍ലിമിറ്റഡ്‌' എന്ന പ്രസിദ്ധ മാസികയുടെതന്നെ എഡിറ്ററായി. അദ്ദേഹം ആദ്യം എഴുതിയ പുസ്‌തകമായ `ദ ഗ്രെയ്‌റ്റസ്റ്റ്‌ സെയില്‍സ്‌മാന്‍ ഇന്‍ ദ വേള്‍ഡ്‌' ഒരു ബെസ്റ്റ്‌ സെല്ലറായി മാറി. ഈ പുസ്‌തകത്തിന്റെ ഒന്നരക്കോടിയിലേറെ കോപ്പികളാണ്‌ ഇതിനകം വിറ്റഴിഞ്ഞിരിക്കുന്നത്‌.
മുപ്പത്തിരണ്ടാം വയസില്‍ തന്റെ ജീവിതം ശരിയായ ദിശയിലേക്കു തിരിച്ചുവിട്ട അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു സൗഭാഗ്യകരമായ കുടുംബജീവിതത്തിന്‌ ഉടമയായി. ഒന്നിനു പുറകെ ഒന്നായി ഒട്ടേറെ ബെസ്റ്റ്‌ സെല്ലറുകള്‍ എഴുതിയ അദ്ദേഹം 1996-ല്‍ 73-ാം വയസിലാണ്‌ അന്തരിച്ചത്‌. കടബാധ്യതകളും കുടുംബപ്രശ്‌നങ്ങളും മറ്റു വിവിധ കാരണങ്ങളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ശോഭ കെടുത്തിയേക്കാം. എന്നാല്‍ ഇവയൊക്കെ നമ്മുടെ ജീവിതം തച്ചുടയ്‌ക്കാന്‍ മതിയായ കാരണങ്ങളാണോ? 

നമ്മുടെ ജീവിതം സ്വയം നശിപ്പിക്കുന്നതിനു ലോകത്തില്‍ ഒരു കാരണവും മതിയാകില്ല എന്നതല്ലേ വസ്‌തുത? അതുപോലെതന്നെ, നമ്മുടെ ജീവിതത്തില്‍ പരിഹരിക്കാന്‍ പാടില്ലാത്ത ഏതു പ്രശ്‌നമാണുള്ളത്‌? ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട്‌. രോഗവും മരണവും ചിലപ്പോഴെങ്കിലും ഉണ്ടായേക്കാവുന്ന പ്രതിസന്ധികളുമൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. 

എന്നാല്‍, നാം മനസുവച്ചാല്‍ നമുക്ക്‌ പരിഹരിക്കാന്‍ പാടില്ലാത്ത ജീവിതപ്രശ്‌നങ്ങളോ പ്രതിസന്ധികളോ ഇല്ലെന്നതാണ്‌ വസ്‌തുത. പക്ഷേ, അതിനു നാം ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നുമാത്രം. അതോടൊപ്പം, ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ലെന്ന ചിന്തയും നമുക്കു വേണം.

നാം എപ്പോഴും ജീവിതത്തില്‍ വിജയിക്കണമെന്നല്ലേ നമ്മുടെ ആഗ്രഹം? എന്നാല്‍, നമ്മള്‍ എപ്പോഴും വിജയിക്കണമെന്നു നമ്മെക്കാള്‍ ഏറെ ആഗ്രഹിക്കുന്നതു ദൈവമാണെന്ന്‌ അറിയാമോ? നമ്മുടെ വിജയം എപ്പോഴും ആഗ്രഹിക്കുന്ന ദൈവം നമ്മോടുകൂടിയാണെങ്കില്‍, നാം എന്തേ സഹായത്തിനായി അവിടുത്തെ പക്കലേക്കു തിരിയാത്തത്‌ - പ്രത്യേകിച്ചും പ്രതിസന്ധികളുടെ അവസരത്തില്‍? 

ജീവിതത്തില്‍ പരാജയത്തിന്റെ നെല്ലിപ്പലക കണ്ടയാളായിരുന്നു മാന്‍ഡീനോ. എന്നാല്‍, ദൈവാനുഗ്രഹവും ക്രിയാത്മകമായ ചിന്തയും സ്ഥിരപരിശ്രമവുംവഴി ജീവിതവിജയത്തിന്റെ ഏണിപ്പടികള്‍ ഒന്നൊന്നായി അദ്ദേഹം തിരിച്ചുകയറി. ഏതു പരാജയത്തിന്റെ അഗാധതയില്‍ വീണുപോയാലും അവിടെവച്ചു ജീവിതം നശിപ്പിക്കുകയല്ല വേണ്ടത്‌; അവിടെനിന്നു ജീവിതത്തിലേക്കു തിരിെകവരാനാണു ശ്രമിക്കേണ്ടത്‌. അപ്പോള്‍ ദൈവവും കുടുംബാംഗങ്ങളും സമൂഹവും നമുക്കു കൂട്ടിനുണ്ടാകുമെന്നു തീര്‍ച്ചയാണ്‌.

plz send your feedback to: panthaplamthottiyil@hotmail.com