Tuesday, 24 February 2015

മനസിന്റെ കാന്‍വാസ്‌ വിശാലമായാല്‍

ചിത്രരചനയില്‍ മൈക്കളാഞ്ചലോയോടും ലെയനാര്‍ദോ ദാവിഞ്ചിയോടും കിടപിടിച്ചിരുന്ന ഇറ്റാലിയന്‍ ചിത്രകാരനാണ്‌ റാഫേല്‍ (1483 -1520). മുപ്പത്തേഴാമത്തെ വയസില്‍ റോമില്‍ നിര്യാതനായ റാഫേല്‍ കന്യകാമാതാവിന്റെ മാത്രം മുന്നൂറിലേറെ ചിത്രങ്ങള്‍ രചിക്കുകയുണ്ടായി. ജൂലിയസ്‌ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം വത്തിക്കാന്‍ കൊട്ടാരത്തിലെ പല മുറികളും ചിത്രപ്പണിചെയ്‌തു മോടിപിടിപ്പിച്ചത്‌ റാഫേലായിരുന്നു.റാഫേലിന്‌ 21 വയസുള്ളപ്പോഴാണ്‌ ഫ്‌ളോറന്‍സില്‍ മൈക്കളാഞ്ചലോയെ പരിചയപ്പെടാനും അദ്ദേഹത്തിനു ശിഷ്യപ്പെടാനും സാധിച്ചത്‌. ഒരിക്കല്‍ റാഫേല്‍ തന്റെ സ്റ്റുഡിയോയില്‍ മനോഹരമായ ഒരു പ്രകൃതിദൃശ്യത്തിനു രൂപം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ മൈക്കളാഞ്ചലോ അവിടെ എത്താനിടയായി. ആ ചിത്രം കണ്ടപ്പോള്‍ ഒരു ചോക്കെടുത്ത്‌ അദ്ദേഹം എഴുതി: ആംപ്ലിയൂസ്‌! റാഫേല്‍ തന്റെ കാഴ്‌ചപ്പാട്‌ കുറേക്കൂടി വിശാലമാക്കി ചിത്രരചന നടത്തണമെന്നാണ്‌ ഇംഗ്ലീഷില്‍ ലാര്‍ജര്‍ എന്ന്‌ അര്‍ഥംവരുന്ന ആ വാക്കെഴുതിക്കൊണ്ട്‌ മൈക്കളാഞ്ചലോ വ്യക്തമാക്കിയത്‌.ജീവിതത്തില്‍ പല കാര്യങ്ങളെക്കുറിച്ചും നമുക്കുള്ള കാഴ്‌ചപ്പാട്‌ വളരെ ഇടുങ്ങിയതാണ്‌. ജീവിതത്തെക്കുറിച്ചു വിശാലമായി ചിന്തിക്കാനും വിശാലമായ കാഴ്‌ചപ്പാടോടെ കാര്യങ്ങള്‍ കാണാനും ചെയ്യാനും നമുക്കു പലപ്പോഴും വൈമുഖ്യമാണ്‌. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തെക്കുറിച്ചു വിശാലമായ കാഴ്‌ചപ്പാട്‌ നമുക്കുണ്ടായിരുന്നെങ്കില്‍ അനുദിന ജീവിതത്തിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

മനുഷ്യരെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ ഹ്രസ്വവും ഇടുങ്ങിയതുമായതുകൊണ്ടല്ലേ ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയുമൊക്കെ പേരില്‍ നാം വിവേചനം കാണിക്കുന്നത്‌? മനുഷ്യരെല്ലാം ദൈവത്തിന്റെ മക്കളാണെന്നും നാമെല്ലാം സഹോദരീസഹോദരങ്ങളാണെന്നുമുള്ള സത്യം നമുക്കറിയാം. എങ്കില്‍പ്പോലും ഇടുങ്ങിയ ചിന്താഗതിക്കു നാം വശംവദരായിപ്പോകുന്നതുകൊണ്ട്‌ ഏതെല്ലാം രീതിയിലുള്ള വിവേചനമാണ്‌ നാം മറ്റുള്ളവരോടു കാണിക്കുന്നത്‌.

നമ്മുടെ വിശ്വാസപ്രമാണവും ജീവിതശൈലിയും ചിന്താരീതികളുമൊക്കെ അപ്പാടെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതിന്റെ പേരില്‍ നാം മറ്റുള്ളവരെ ക്രൂശിക്കാറില്ലേ? നമ്മള്‍ പറയുന്നതുപോലെയും ചെയ്യുന്നതുപോലെയുമേ മറ്റുള്ളവര്‍ ചെയ്യാവൂ എന്നു നാം കടുപിടിത്തം പിടിക്കാറില്ലേ? നമ്മുടെ ആശയഗതിയില്‍ നിന്നു വിഭിന്നമായി ആരെങ്കിലും പറഞ്ഞാല്‍ അതിന്റെപേരില്‍ നാം ശണ്‌ഠ കൂടാറില്ലേ? നാം പിടിച്ച മുയലിന്‌ മൂന്നു കൊമ്പ്‌ എന്ന കാര്യത്തില്‍ നാം ശാഠ്യം പിടിക്കാറില്ലേ?


ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ചെസ്റ്റര്‍ ഫീല്‍ഡ്‌ പ്രഭു (1694-1773). അദ്ദേഹം ഒരിക്കല്‍ എഴുതി: നമ്മള്‍ നിലത്തുനിന്നുകൊണ്ട്‌ ഒരു കുതിരയെ നോക്കിയാല്‍ അതു കുതിരയെപ്പോലെതന്നെയിരിക്കും. എന്നാല്‍, കുതിരയ്‌ക്കു മുകളിലായി ആകാശത്തുനിന്ന്‌ നോക്കിയാല്‍ അത്‌ ഒരു വയലിനാണെന്നു നമുക്കു തോന്നും! ഒരേ കാര്യങ്ങള്‍ക്കു വ്യത്യസ്‌തമായ വീക്ഷണകോണ്‍വഴി ഉണ്ടാകുന്ന കാതലായ വ്യത്യാസം വ്യക്തമാക്കാനാണ്‌ ചെസ്റ്റര്‍ ഫീല്‍ഡ്‌ ഈ ഉദാഹരണം അവതരിപ്പിച്ചത്‌.

നമ്മുടെ അനുദിന ജീവിതത്തിലെ കാര്യങ്ങളുടെ സ്ഥിതിയും ഏകദേശം ഇതുപോലെയാണ്‌. നാം ഏതു കാര്യത്തെ ഏത്‌ ആംഗിളില്‍നിന്ന്‌ എങ്ങനെ കാണുന്നുവെന്നതാണ്‌ പ്രധാനം. നമ്മുടെ കാഴ്‌ചപ്പാട്‌ ഇടുങ്ങിയതും നമ്മുടെ ചിന്താഗതി വികലവുമാണെങ്കില്‍ അതുവഴി നമുക്കും മറ്റുള്ളവര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ട്‌ എത്ര വലുതാണെന്നു നാം ഓര്‍മിക്കാറുണ്ടോ? മറ്റുള്ളവരുടെ വ്യക്തിത്വത്തെയും അവരുടെ ന്യായമായ വിശ്വാസ സംഹിതയെയുമൊക്കെ അംഗീകരിക്കാന്‍ നമുക്ക്‌ സാധിച്ചാല്‍ നമ്മുടെ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്‌ടിക്കുന്ന കാര്യങ്ങളുടെ എണ്ണം വളരെയേറെ കുറയുമായിരുന്നു.

ചിത്രകാരനായ റാഫേലിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. മൈക്കളാഞ്ചലോയ്‌ക്കു ശിഷ്യപ്പെടുമ്പോള്‍പോലും റാഫേല്‍ മികവുറ്റ ഒരു ചിത്രകാരനായിരുന്നു. എങ്കിലും മൈക്കളാഞ്ചലോയ്‌ക്ക്‌ ശിഷ്യപ്പെടാനും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും റാഫേല്‍ തയാറായി. അതുവഴി റാഫേലിനുണ്ടായ വളര്‍ച്ച അദ്‌ഭുതാവഹമായിരുന്നു. തന്മൂലമാണ്‌ മൈക്കളാഞ്ചലോയ്‌ക്കും ദാവിഞ്ചിക്കുമൊപ്പം ഇറ്റാലിയന്‍ നവോത്ഥാന കാലഘട്ടത്തിലെ പ്രഗത്‌ഭരായ മൂന്നു ചിത്രകാരന്മാരിലൊരാളായി റാഫേല്‍ ഇന്ന്‌ എണ്ണപ്പെടുന്നത്‌. 

ചിത്രകാരനെന്ന രീതിയില്‍ ആരുടെയും പിന്നിലായിരുന്നില്ല റാഫേല്‍. എങ്കിലും തന്റെ കാന്‍വാസ്‌ കൂറേക്കൂടി വിശാലമാക്കണമെന്നു മൈക്കളാഞ്ചലോ നിര്‍ദേശിച്ചപ്പോള്‍ ആ നിര്‍ദേശം റാഫേല്‍ സസന്തോഷം സ്വീകരിക്കുകയായിരുന്നു. റാഫേലിന്റെ വളര്‍ച്ചയ്‌ക്ക്‌ ആ നിര്‍ദേശം വഴിയൊരുക്കി.

ഇടുങ്ങിയ ചിന്താഗതികള്‍ ഉപേക്ഷിച്ച്‌ വിശാലവും ക്രിയാത്‌മകവുമായ കാഴ്‌ചപ്പാടുകള്‍ സ്വീകരിക്കാന്‍ നാം തയാറായാല്‍ നമ്മുടെയും ജീവിതത്തില്‍ അദ്‌ഭുതാവഹമായ വളര്‍ച്ചയുണ്ടാകുമെന്നതില്‍ സംശയം വേണ്ട. 
നമുക്കെന്തുമാത്രം വിദ്യാഭ്യാസവും പാണ്‌ഡിത്യവുമുണ്ടായാലും മറ്റു മനുഷ്യരെ ആദരിക്കാനും അവരുടെ വികാരവിചാരങ്ങള്‍ കണക്കിലെടുക്കാനും നമുക്ക്‌ സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ ജീവിതം തികഞ്ഞ പരാജയമായിരിക്കും.

അമേരിക്ക കണ്ടിട്ടുള്ളതില്‍ ഏറ്റവും പ്രഗത്‌ഭരായ വാഗ്‌മികളിലും ഗ്രന്ഥകര്‍ത്താക്കളിലും ഒരാളായിരുന്നു ആര്‍ച്ച്‌ബിഷപ്‌ ഫുള്‍ട്ടണ്‍ ജെ.ഷീന്‍ (1895-1979). ഒരിക്കല്‍ ഒരു വാനനിരീക്ഷകന്‍ അദ്ദേഹത്തോടു പറഞ്ഞു: ഒരു വാനനിരീക്ഷകനെ സംബന്ധിച്ചിടത്തോളം മനുഷ്യനെന്നു പറയുന്നത്‌ അനന്തമായ പ്രപഞ്ചത്തിലെ ഒരു മണല്‍ത്തരി മാത്രമാണ്‌.
ഉടനേ ആര്‍ച്ച്‌ബിഷപ്‌ ഷീന്‍ പറഞ്ഞു: പക്ഷേ, പ്രപഞ്ചത്തിലെ മണല്‍ത്തരികളിലൊന്നായ മനുഷ്യന്‍ തന്നെയാണ്‌ വാനനിരീക്ഷകനെന്നതും നാം മറക്കേണ്ട.ആര്‍ച്ച്‌ബിഷപ്‌ ഷീന്‍ അര്‍ഥമാക്കിയതുപോലെ മനുഷ്യനെ ഒരു മണല്‍ത്തരി മാത്രമായും അതുപോലെ ബഹുമിടുക്കനായ ഒരു വാനനിരീക്ഷകനായും നമുക്ക്‌ കാണാന്‍ സാധിക്കും. പക്ഷേ ഇവയിലേതെങ്കിലുമൊന്നു മാത്രമായാണ്‌ നാം മനുഷ്യനെ കാണുന്നതെങ്കില്‍ നമ്മുടെ കാഴ്‌ചപ്പാട്‌ വികലവും അപൂര്‍ണവുമാണെന്നതില്‍ സംശയംവേണ്ട. 

നമുക്ക്‌ നമ്മുടെ കാഴ്‌ചപ്പാടുകള്‍ വിശകലനം ചെയ്യാം. അവ ഹ്രസ്വവും ഇടുങ്ങിയതുമാണെങ്കില്‍ എത്രയും വേഗം നമ്മുടെ മനസിന്റെ കാന്‍വാസ്‌ സകല നന്മകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വിശാലമാക്കാം.

plz send your feedback : panthaplamthottiyil@hotmail.com