Sunday 22 February 2015

ജീവന്‍ ആവാഹിച്ച പുഷ്‌പങ്ങള്‍

ബുദ്ധഭഗവാന്‍ ശ്രാവസ്‌തിയില്‍ താമസിക്കുന്ന കാലം. അന്ന്‌ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യ സുമാഗധ എന്ന സുന്ദരിയായിരുന്നു. ശ്രീബുദ്ധന്‍ പഠിപ്പിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുക എന്നതായിരുന്നു അവള്‍ക്ക്‌ എറ്റവും പ്രിയപ്പെട്ട ജോലി.

പക്ഷേ, വിവാഹപ്രായത്തിലെത്തിയ സുമാഗധ നാടുനീളെ പ്രസംഗിക്കുവാന്‍ നടക്കുന്നത്‌ അത്ര ശരിയല്ലെന്ന്‌ അവളുടെ പിതാവായ അനാഥപിണ്‌ഡദനുതോന്നി. അദ്ദേഹം ബുദ്ധന്റെ അനുവാദത്തോടെ സുമാഗധയെ സമ്പന്നമായ ഒരു തറവാട്ടിലേക്കു വിവാഹം ചെയ്‌തയച്ചു.
സുമാഗധയുടെ ഭര്‍ത്താവ്‌ വൃഷദത്തകന്‍ സ്‌നേഹസമ്പന്നനായിരുന്നു. എന്നാല്‍ അമ്മായിയമ്മ ധനവതി അത്ര സ്‌നേഹവതിയായിരുന്നില്ല. സുമാഗധയെ കൊച്ചാക്കുക എന്നതായിരുന്നു ധനവതിയുടെ സ്ഥിരം ജോലി.

അമ്മായിയമ്മ ഒരിക്കല്‍ പൂജയും സന്യാസിമാര്‍ക്കായി സദ്യയുമൊരുക്കി. ആവുന്നത്രെ സന്യാസിമാരെ വരുത്തി തന്റെ സ്വാധീനം പ്രകടമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, സദ്യയുണ്ണാന്‍ വന്നവരെല്ലാം കള്ളസന്യാസിമാരായിരുന്നു. സുമാഗധ ഇക്കാര്യം അമ്മായിയമ്മയോടു പറയുകയും ചെയ്‌തു. എന്നുമാത്രമല്ല, സദ്യയ്‌ക്കു വിളിക്കേണ്ടിയിരുന്നതു ബുദ്ധഭഗവാനെയായിരുന്നു എന്നു സുമാഗധ ഓര്‍മിപ്പിക്കുകയും ചെയ്‌തു.



``അങ്ങനെയെങ്കില്‍ നീ അദ്ദേഹത്തെ വിളിക്കൂ. അദ്ദേഹം വരുമോ എന്നു കാണട്ടെ,'' അമ്മായിയമ്മ പറഞ്ഞു. ഉടനേ സുമാഗധ പറഞ്ഞു: അദ്ദേഹം നാളെ രാവിലെ ഇവിടെ വരും. സംശയിക്കേണ്ട.''

നൂറ്റിയറുപതു മൈല്‍ അകലെയാണ്‌ ശ്രീബുദ്ധന്‍ അപ്പോള്‍ താമസിച്ചിരുന്നത്‌. ``അദ്ദേഹമെന്താ പറന്നുവരുമോ?'' അമ്മായിയമ്മ ചോദിച്ചു. ഭഗവാന്‍ തീര്‍ച്ചയായും വരും.'' അത്രമാത്രമേ സുമാഗധയ്‌ക്കു പറയുവാനുണ്ടായിരുന്നുള്ളൂ.

സുമാഗധയെ സംബന്ധിച്ചിടത്തോളം ശ്രീബുദ്ധന്‍ ഈശ്വരന്റെ അവതാരമായിരുന്നു. അവള്‍ കരളുരുകി പ്രാര്‍ഥിച്ചു: ഭഗവാനേ, വരണേ, അനുഗ്രഹിക്കണേ.'' അവള്‍ വേഗം പോയി കുറെ പൂക്കള്‍ ശേഖരിച്ചു. എന്നിട്ടു മട്ടുപ്പാവിലെത്തി ഭഗവാനോടു പ്രാര്‍ഥിച്ചുകൊണ്ട്‌ പൂക്കള്‍ ആകാശത്തിലേക്കു വാരിയെറിഞ്ഞു.

അവള്‍ ഭഗവല്‍ പ്രീതിക്കായി വാരിയെറിഞ്ഞ പൂക്കളൊന്നും നിലത്തുവീണില്ല. അവയില്‍ അവളുടെ പ്രാണനുണ്ടായിരുന്നു. അവ ആകാശത്തിലൂടെ അതിവേഗം സഞ്ചരിച്ച്‌ ബുദ്ധഭഗവാന്റെ പാദത്തിനരികെ ചെന്നുവീണു.
ഭഗവാന്‍ സ്‌നേഹപൂര്‍വം ആ പൂക്കളിലേക്കു നോക്കി. അപ്പോള്‍ അവിടെ വീണു കിടന്ന ഓരോ പൂവിലും സുമാഗധയുടെ രൂപം ഭഗവാന്‍ കണ്ടു.
ഇക്കഥ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. നമ്മില്‍ മിക്കവരും പ്രാര്‍ഥിക്കുന്നവരാണ്‌. പ്രഭാതത്തിലും പ്രദോഷത്തിലും നാം പ്രാര്‍ഥിക്കാറുണ്ട്‌. അതുപോലെ, മറ്റു സമയങ്ങളിലും വ്യക്തിപരമായും സംഘാതമായും നാം പ്രാര്‍ഥിക്കാറുണ്ട്‌. നമ്മുടെ ഈ പ്രാര്‍ഥനകളൊക്കെ പലപ്പോഴും വളരെ നീണ്ടുപോകാറുമുണ്ട്‌.

എന്നാല്‍, നാം പ്രാര്‍ഥിക്കുമ്പോള്‍ ആ പ്രാര്‍ഥനയില്‍ സ്വന്തം ജീവനെ നാം ആവാഹിക്കാറുണ്ടോ? നമ്മുടെ ഹൃദയവും മനസും ആ പ്രാര്‍ഥനയില്‍ നിറഞ്ഞുനില്‌ക്കാറുണ്ടോ? അതുപോലെ, നാം പ്രാര്‍ഥിക്കുന്ന സമയത്തു നമ്മുടെ ഹൃദയത്തിലും മനസിലും നിറഞ്ഞുനില്‍ക്കുന്നതു ദൈവമാണോ?
നമ്മുടെ പ്രാര്‍ഥന പലപ്പോഴും അധരവ്യായാമം മാത്രമല്ലേ? കുറെ പ്രാര്‍ഥനകളൊക്കെ വല്ലപാടും ചൊല്ലിത്തീര്‍ത്ത്‌ നമ്മുടെ കടമകഴിക്കാനല്ലേ നമ്മുടെ തത്രപ്പാട്‌? പ്രാര്‍ഥനയുടെ സമയത്തു നമ്മുടെ ഹൃദയവും മനസും ദൈവത്തില്‍ ഉറപ്പിച്ചുനിര്‍ത്തണമെന്നു നാം നിര്‍ബന്ധം പിടിക്കാറുണ്ടോ? ഒരുപക്ഷേ, നമ്മുടെ പ്രാര്‍ഥനയ്‌ക്കു പലപ്പോഴും ഫലമില്ലാതെ പോകുന്നത്‌ നമ്മുടെ ഈ അനാസ്ഥകൊണ്ടല്ലേ?

നമ്മുടെ പ്രാര്‍ഥനകള്‍ പൂക്കളാണെന്നു നമുക്ക്‌ സങ്കല്‌പിക്കാം. അവ നാം ആകാശത്തിലേക്കു വാരി വിതറിയാല്‍ അവ ദൈവതൃപ്പാദത്തില്‍ ചെന്നുവീഴുമോ? നമ്മുടെ ജീവനും മനസും ഹൃദയവും മുഴുവനും ആവാഹിച്ചു നമ്മുടെ പ്രാര്‍ഥനകള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ അവ ദൈവസന്നിധിയില്‍ എത്തുകയുള്ളൂ. എങ്കില്‍ മാത്രമേ പ്രാര്‍ഥനകളാകുന്ന പുഷ്‌പങ്ങളില്‍ ദൈവം നമ്മുടെ രൂപം കണ്ടു നമ്മില്‍ പ്രസാദിക്കൂ.
ഇനി, സുമാഗധയുടെ കഥയിലേക്കു മടങ്ങിവരട്ടെ. സുമാഗധയുടെ പ്രാര്‍ഥന പുഷ്‌പങ്ങളായി ഭഗവാന്റെ സന്നിധിയില്‍ എത്തിയപ്പോള്‍ ഭഗവാന്‍ അവളില്‍ പ്രസാദിച്ചു. വേഗം അവളുടെ വീട്ടില്‍ പറന്നെത്തി. സുമാഗധ പറഞ്ഞതുപോലെ ബുദ്ധഭഗവാന്‍ അവിടെ എത്തിയപ്പോള്‍ അവളുടെ ഭര്‍ത്താവും അമ്മായിയമ്മയും മറ്റു കുടുംബാംഗങ്ങളും അത്ഭുതസ്‌തബ്‌ധരായി. ഭഗവാന്‍ ഇത്രവേഗം സുമാഗധയുടെ പ്രാര്‍ഥന സ്വീകരിക്കുമെന്ന്‌ അവരാരും കരുതിയിരുന്നില്ല. സുമാഗധയുടെ പ്രാര്‍ഥന കേട്ട്‌ അവിടെയെത്തിയ ഭഗവാന്‍ അവരെയെല്ലാവരേയും അനുഗ്രഹിച്ചിട്ടാണ്‌ അന്നു മടങ്ങിയത്‌.

നമ്മുടെ പ്രാര്‍ഥനയില്‍ നമ്മുടെ ജീവനും മനസും ഹൃദയവും ഉണ്ടെങ്കില്‍ ആ പ്രാര്‍ഥനകളാകുന്ന പുഷ്‌പങ്ങള്‍ നിലത്തുവീഴില്ല. അവ നേരെ ദൈവതൃപ്പാദത്തില്‍ തന്നെ എത്തും. എന്നുമാത്രമല്ല അവയോരോന്നിലും നമ്മുടെ പൂര്‍ണരൂപം അവിടുന്നു ദര്‍ശിക്കും. അതോടൊപ്പം അവിടുന്നു പറന്നെത്തി തന്റെ ദിവ്യസാന്നിധ്യം കൊണ്ടു നമ്മെ അനുഗ്രഹിക്കുകയും ചെയ്യും.



സുമാഗധയുടെ പ്രാര്‍ഥനകേട്ട്‌ ഓടിയെത്തിയ ശ്രീബുദ്ധന്‍ അവളെ അനുഗ്രഹിച്ചിട്ടു മടങ്ങുകയാണു ചെയ്‌തത്‌. എന്നാല്‍ നമ്മുടെ പ്രാര്‍ഥന കേട്ടു നമ്മെ അനുഗ്രഹിക്കുവാനെത്തുന്ന ദൈവം നമ്മള്‍ ആഗ്രഹിക്കുന്നിടത്തോളം കാലം നമ്മുടെ കൂടെയുണ്ടാവും എന്നതാണു സത്യം.

നാം ദൈവത്തെ അനുസ്‌മരിക്കാത്തപ്പോഴും നമ്മുടെ ഹൃദയവും മനസും പൂര്‍ണമായി അവിടുന്നിലേക്ക്‌ ഉയര്‍ത്താത്തപ്പോള്‍പ്പോലും അവിടുന്നു നമ്മോടുകൂടിനിന്നു നമ്മെ അനുഗ്രഹിക്കുന്നുണ്ടെന്നതാണു വസ്‌തുത. അപ്പോള്‍പ്പിന്നെ, നമ്മുടെ ഹൃദയവും മനസും പൂര്‍ണമായും നാം ദൈവത്തിലേക്ക്‌ ഉയര്‍ത്തിയാലത്തെ സ്ഥിതിയോ? 

അപ്പോള്‍ തീര്‍ച്ചയായും അവിടുന്ന്‌ നമ്മില്‍ പ്രസാദിക്കും. നമ്മുടെ നന്മയ്‌ക്ക്‌ ഉപകരിക്കുന്ന കാര്യങ്ങള്‍ അവിടുന്ന്‌ ചെയ്‌തു തരികയും ചെയ്യും. നമ്മുടെ പ്രാര്‍ഥന നമ്മുടെ ജീവനെ മുഴുവന്‍ ആവാഹിച്ചുകൊണ്ടുള്ള പ്രാര്‍ഥനയാണെന്നു നമുക്ക്‌ ഉറപ്പുവരുത്താം. അപ്പോള്‍ നമ്മുടെ പ്രാര്‍ഥനാപുഷ്‌പങ്ങളെല്ലാം ദൈവതൃപ്പാദത്തില്‍ പറന്നെത്തും. ആ പുഷ്‌പങ്ങളില്‍ സുഖദുഃഖ സമ്മിശ്രമായ നമ്മുടെ ജീവിതത്തിന്റെ പൂര്‍ണത അവിടുന്നു കാണും. അവിടുന്ന്‌ ഓടിയെത്തി തന്റെ ദിവ്യസാന്നിധ്യം കൊണ്ട്‌ നമ്മെ അനുഗ്രഹിക്കുകയും ചെയ്യും.

plz send your feedbacks to: panthaplamthottiyil@hotmail.com

No comments:

Post a Comment