Wednesday 7 October 2015

പരസഹായത്തിനു പാരിതോഷികം

പില്‍ക്കാലത്ത്‌ അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍ന്ന ഹെര്‍ബര്‍ട്ട്‌ ഹൂവര്‍ (1874 -1964) സ്റ്റാന്‍ഫെര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം. അക്കാലത്ത്‌ അന്താരാഷ്‌ട്ര പ്രസിദ്ധിയാര്‍ജിച്ച ഏറ്റവും വലിയ പിയാനിസ്റ്റും സംഗീതജ്ഞനും പോളണ്ടുകാരനായ ഇഗ്‌നാസ്‌ പാദരെവ്‌സ്‌കി (1860 - 1941) ആയിരുന്നു.

പാദരെവ്‌സ്‌കിയെ സ്റ്റാന്‍ഫെര്‍ഡില്‍ ഒരു സംഗീതപരിപാടിക്കു കൊണ്ടുവരണമെന്നു ഹൂവറിനു വലിയ മോഹം. അദ്ദേഹം തന്റെ ആഗ്രഹം മേലധികാരികളെ അറിയിച്ചു. പാദരെവ്‌സ്‌കിക്കുള്ള പ്രതിഫലത്തുക സ്വയം സമാഹരിച്ചു കൊടുത്തുകൊള്ളണം എന്ന നിബന്ധനയില്‍ യൂണിവേഴ്‌സിറ്റി അധികാരികള്‍ ഹൂവറിന്റെ നിര്‍ദേശത്തിനു പച്ചക്കൊടി കാട്ടി.
അധികാരികളുടെ അനുമതി കിട്ടിയ ഹൂവര്‍ വേഗം പാദരെവ്‌സ്‌കിയുമായി ബന്ധപ്പെട്ടു. വിവിധ സ്ഥലങ്ങളിലെ സംഗീതപരിപാടികള്‍ക്കായി അമേരിക്കയിലെത്തിയിരുന്ന പാദരെവ്‌സ്‌കി ഹൂവറിന്റെ ക്ഷണം സ്വീകരിച്ചു സ്റ്റാന്‍ഫര്‍ഡിലെത്തി. 



ഇഗ്‌നാസ്‌ പാദരെവ്‌സ്‌കി 

പക്ഷേ, പബ്ലിസിറ്റിയുടെ കുറവുമൂലമോ മറ്റോ വളരെ കുറച്ചാളുകള്‍ മാത്രമേ ടിക്കറ്റ്‌ വച്ചുള്ള ആ പരിപാടിയില്‍ പങ്കെടുത്തുള്ളൂ. തന്മൂലം കളക്‌ഷന്‍ വളരെ കുറവായിരുന്നു. പാദരെവ്‌സ്‌കിയുമായി സമ്മതിച്ചിരുന്ന പ്രതിഫലത്തുകയുടെ ചെറിയൊരു ശതമാനം മാത്രമേ ടിക്കറ്റ്‌ വിറ്റതില്‍നിന്നു ലഭിച്ചുള്ളൂ. ഹൂവറിന്റെ കൈവശമാണെങ്കില്‍ വേറെ പണവും ഉണ്ടായിരുന്നില്ല.

ഹൂവര്‍ വിവരം പാദരെവ്‌സ്‌കിയോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം ഹൂവറിന്റെ തോളത്തു തട്ടിക്കൊണ്ട്‌ പറഞ്ഞു:  പ്രതിഫലത്തുകയെക്കുറിച്ച്‌ വിഷമിക്കേണ്ട. എനിക്ക്‌ ഇന്നിവിടെ വന്നതിന്റെ യാത്രച്ചെലവ്‌ മാത്രം തന്നാല്‍ മതിയാകും.

പാദരെവ്‌സ്‌കിയുടെ വിശാലമനസ്‌കതയ്‌ക്കും സഹകരണത്തിനും ഹൂവര്‍ അന്ന്‌ നിരവധിതവണ നന്ദിപറഞ്ഞു. ഈ സംഭവത്തിനു ശേഷം കുറേവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധത്തിനു ശേഷം പാദരെവ്‌സ്‌കി പോളണ്ടിലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. യുദ്ധത്തില്‍ തകര്‍ന്ന പോളണ്ട്‌ സാമ്പത്തികമായി വളരെ കഷ്‌ടപ്പെടുന്ന അവസരമായിരുന്നു അത്‌. ഈയവസരത്തില്‍ അമേരിക്കയുടെ യുദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നതു സ്റ്റാന്‍ഫെര്‍ഡിലെ പഴയ വിദ്യാര്‍ഥിയായിരുന്ന ഹൂവറായിരുന്നു. അദ്ദേഹം പോളണ്ടില്‍ ഓടിയെത്തി പാദരെവ്‌സ്‌കിയോടു പറഞ്ഞു: പണ്ട്‌ അങ്ങ്‌ എന്നോട്‌ ഒരു കാരുണ്യം കാണിച്ചു. ഇന്ന്‌ അങ്ങയെ സഹായിക്കാന്‍ ഞാന്‍ വന്നിരിക്കുകയാണ്‌. അങ്ങയുടെ ജനങ്ങള്‍ക്ക്‌ എന്തുമാത്രം ഭക്ഷണസാധനങ്ങള്‍ വേണമോ അവ ഞാനിവിടെ എത്തിക്കാം.

ഹൂവര്‍ ഏതെങ്കിലും രീതിയില്‍ ഭാവിയില്‍ തന്നെ സഹായിക്കുമെന്നു പ്രതീക്ഷിച്ചായിരുന്നില്ല പണ്ട്‌ പാദരെവ്‌സ്‌കി ഹൂവറിനോട്‌ കാരുണ്യം കാണിച്ചത്‌. ഹൂവര്‍ താന്‍ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രതിസന്ധിയില്‍പ്പെട്ടപ്പോള്‍ പാദരെവ്‌സ്‌കി മനസറിഞ്ഞു ഹൂവറിനോട്‌ കാരുണ്യം കാണിക്കുകയാണു ചെയ്‌തത്‌.

പക്ഷേ, അതിനു പിന്നീടുണ്ടായ ഫലം എത്രയധികമാണെന്നു നോക്കൂ. നാം ആര്‍ക്കെങ്കിലും ഒരു നന്മ ചെയ്‌താല്‍ അതിനു പരലോകത്തില്‍ മാത്രമല്ല ഇഹലോകത്തിലും നമുക്ക്‌ പ്രതിസമ്മാനം ലഭിക്കും എന്നതില്‍ സംശയം വേണ്ട. ഒരുപക്ഷേ നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ അപ്പോള്‍ത്തന്നെ പ്രതിസമ്മാനം ലഭിച്ചുവെന്നുവരില്ല. എന്നാല്‍, സ്‌നേഹത്താല്‍ പ്രേരിതമായി നാം ചെയ്യുന്ന കാരുണ്യപ്രവൃത്തികള്‍ക്ക്‌ എന്നെങ്കിലും പ്രതിസമ്മാനം ലഭിക്കും എന്നതു തീര്‍ച്ചയാണ്‌.

അമേരിക്കന്‍ പശ്ചാത്തലത്തില്‍നിന്നുതന്നെ വേറൊരു സംഭവം കുറിക്കട്ടെ. ഹോളിവുഡ്‌ഡിലെ പ്രസിദ്ധനായ ഒരു സിനിമാ നിര്‍മാതാവായിരുന്നു ബ്രയന്‍ ഫോയി. 1928-ലെ ഒരു പ്രഭാതത്തില്‍ അദ്ദേഹം വാര്‍ണര്‍ സ്റ്റുഡിയോയിലെ തന്റെ ഓഫീസിലിരിക്കുമ്പോള്‍ ഫാ. ഹ്യു ഒഡോണല്‍ അവിടേക്ക്‌ കയറിച്ചെന്നു. നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌ വെല്‍ഫെയര്‍ ഡയറക്‌ടറായിരുന്നു അദ്ദേഹം.



ഫോയി, ഫാ. ഒഡോണലിനെ സ്വീകരിച്ചിരുത്തി. എന്നിട്ടു കാര്യം തിരക്കി. നോട്ടര്‍ഡേമിലെ ഒരു സംഗീതട്രൂപ്പുമായി കാലിഫോര്‍ണിയയില്‍ പര്യടനത്തിനിറങ്ങിയതായിരുന്നു അദ്ദേഹം. പക്ഷേ, പരിപാടികള്‍ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. ഇന്‍ഡ്യാനയിലെ സൗത്ത്‌ ബെന്‍ഡിലുള്ള യൂണിവേഴ്‌സിറ്റിയിലേക്ക്‌ മടങ്ങിപ്പോകാനാണെങ്കില്‍ അവരുടെ കൈയില്‍ പണവുമില്ല. വാര്‍ണര്‍ ബ്രദേഴ്‌സ്‌ പുറത്തിറക്കുന്ന ഏതെങ്കിലും ഒരു സിനിമയില്‍ പാടാനും അങ്ങനെ യാത്രച്ചെലവിനുള്ള പണം സമ്പാദിക്കാനും സാധിക്കുമോ എന്നാണ്‌ ഫാ. ഒഡോണലിന്‌ അറിയേണ്ടിയിരുന്നത്‌. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടില്‍ അനുകമ്പ തോന്നി ഫോയി സിനിമയില്‍ പാടാന്‍ ചാന്‍സ്‌ നല്‍കി. പ്രതിഫലമായി 1500 ഡോളറും നല്‍കി. അക്കാലത്ത്‌ വലിയൊരു തുകയായിരുന്നു അത്‌.

മൂന്നുവര്‍ഷത്തിനു ശേഷം 1931 -ല്‍ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോള്‍ കോച്ചായിരുന്ന ക്‌നൂട്ട്‌ റോക്‌നി ഒരു വിമാനാപകടത്തില്‍ മരിച്ചു. അക്കാലത്ത്‌ അമേരിക്കന്‍ ഫുട്‌ബോളിന്റെ ശക്തികേന്ദ്രം നോട്ടര്‍ഡേം ആയിരുന്നു. കോച്ച്‌ റോക്‌നിയാകട്ടെ ഫുട്‌ബോള്‍ പ്രേമികളുടെ കാണപ്പെട്ട ദൈവവും.

ഫുട്‌ബോളില്‍ ഒട്ടേറെ ഐതിഹാസിക വിജയങ്ങള്‍ നേടിയെടുത്തിട്ടുള്ള റോക്‌നിയെക്കുറിച്ച്‌ സിനിമ പുറത്തിറക്കാന്‍ ഹോളിവുഡ്‌ഡിലെ എല്ലാ പ്രധാന സ്റ്റുഡിയോകളും ആഗ്രഹിച്ചു. അന്ന്‌ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ സ്റ്റുഡിയോ മേധാവിയായിരുന്ന ഫോയി നോട്ടര്‍ഡേമിലുള്ള ഫാ. ഒഡോണലിനെ ഫോണില്‍ വിളിച്ചു. കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം ഉദ്ദേശ്യം അറിയിച്ചു. റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്നു ഫോയി അറിയിച്ചപ്പോള്‍ ഫാ. ഒഡോണല്‍ പറഞ്ഞു:  എന്റെ വിദ്യാര്‍ഥികളെ സഹായിച്ച നിങ്ങളെ നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി മറക്കില്ല.

റോക്‌നിയെക്കുറിച്ച്‌ സിനിമ നിര്‍മിക്കാന്‍ വാര്‍ണര്‍ ബ്രദേഴ്‌സിനെ യൂണിവേഴ്‌സിറ്റി അനുവദിച്ചു. എന്നുമാത്രമല്ല, സിനിമ ഷൂട്ട്‌ ചെയ്യുന്നതിന്‌ യൂണിവേഴ്‌സിറ്റി കാമ്പസ്‌ സൗജന്യമായി വിട്ടുകൊടുക്കുകയും ചെയ്‌തു. ഈ സിനിമവഴി വാര്‍ണര്‍ ബ്രദേഴ്‌സ്‌ കോടിക്കണക്കിനു ഡോളര്‍ ലാഭമുണ്ടാക്കിയിട്ടും നോട്ടര്‍ഡേം യൂണിവേഴ്‌സിറ്റി അവരോടു പണം വാങ്ങിയില്ല. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോടു ഫോയി കാണിച്ച സന്മനസിനുള്ള പ്രതിസമ്മാനമായിരുന്നു യൂണിവേഴ്‌സിറ്റിയുടെ ഈ മഹാമനസ്‌കത.

അതേ, ആര്‍ക്കെങ്കിലും ഉപകാരം ചെയ്‌താല്‍ അതിനു ഫലമുണ്ടാകും. ഒപ്പം എന്നെങ്കിലും നമുക്ക്‌ പ്രതിസമ്മാനവും. എന്നാല്‍ പ്രതിസമ്മാനം ആഗ്രഹിച്ചായിരിക്കരുത്‌ നാം മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യുന്നത്‌. മറ്റുള്ളവര്‍ക്കുവേണ്ടി നന്മപ്രവൃത്തികളും കാരുണ്യപ്രവൃത്തികളും ചെയ്യാന്‍ ദൈവം നമുക്ക്‌ കഴിവും അവസരവും നല്‍കിയിരിക്കുന്നതുകൊണ്ട്‌ അതിനു നന്ദിസൂചകമായിട്ടായിരിക്കണം നാം ഇങ്ങനെ ചെയ്യുന്നത്‌.

No comments:

Post a Comment