Tuesday, 1 September 2015

പാപത്തിന്റെ ആദ്യാക്ഷരം

അമേരിക്കന്‍ നോവലിസ്റ്റുകളുടെ മുന്‍നിരയില്‍ നില്‌ക്കുന്ന പ്രതിഭാശാലിയാണ്‌ നഥാനിയേല്‍ ഹോത്തോണ്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നോവലാണ്‌ `ദ സ്‌കാര്‍ലറ്റ്‌ ലെറ്റര്‍.' ഈ നോവലില്‍ നാലു പ്രധാന കഥാപാത്രങ്ങളാണുള്ളത്‌. ഹെസ്റ്റര്‍ പെയ്‌ന്‍ ആണ്‌ നോവലിന്റെ കേന്ദ്രബിന്ദു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട്‌ അതിനീചമായ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ഭാഗ്യദോഷിയാണവള്‍. അഡള്‍ട്ടറി (വ്യഭിചാരം) എന്ന ഇംഗ്ലീഷ്‌ വാക്കിന്റെ ആദ്യക്ഷരമായ `എ' ചെമന്ന നിറത്തില്‍ ജീവിതകാലം മുഴുവന്‍ മാറിലെ വസ്‌ത്രത്തില്‍ അണിയേണ്ട ദുര്‍ഗതിയാണവളുടേത്‌.

ഹെസ്റ്ററുടെ പാപത്തില്‍ പങ്കാളിയായ മതപ്രസംഗകനാണ്‌ ആര്‍തര്‍ ഡിംസ്‌ഡെയില്‍. പ്രസംഗവേദിയില്‍ പാപികളെ പശ്‌ചാത്താപത്തിനാഹ്വാനംചെയ്യുന്ന അയാള്‍ സ്വന്തം പാപം മൂടിപ്പൊത്തിവയ്‌ക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ഹെസ്റ്ററില്‍ ആര്‍തറിനു ജനിച്ച പുത്രിയാണ്‌ പേള്‍. അവരുടെ കൊടുംപാപത്തിന്റെ സജീവ പ്രതീകമാണവള്‍. ഹെസ്റ്ററുടെ ഭര്‍ത്താവ്‌, `റോജര്‍ ചില്ലിംഗ്‌വര്‍ത്ത്‌' എന്ന കള്ളപ്പേരിലാണ്‌ അറിയപ്പെടുന്നത്‌. ദേശാടനത്തിലായിരുന്ന അയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയപ്പോള്‍ ഹെസ്റ്ററുടെ അവിശ്വസ്‌തത കണ്ടു ഞെട്ടി. പ്രതികാരാഗ്‌നി അയാളില്‍ ആളിക്കത്തി. ഹെസ്റ്ററുടെ പാപത്തില്‍ പങ്കാളിയായിരുന്ന കശ്‌മലനെ കണ്ടുപിടിച്ചു പ്രതികാരം ചെയ്‌തേ അയാള്‍ അടങ്ങൂ.

പക്ഷേ, തന്റെ `പങ്കാളി'യുടെ പേരു വെളിപ്പെടുത്താന്‍ ഹെസ്റ്റര്‍ തയാറായില്ല. ബോസ്റ്റണിലെ നീതിന്യായക്കോടതി അവളോടാവശ്യപ്പെട്ടിട്ടും തന്റെ പങ്കാളിയെ അവള്‍ ഒറ്റുകൊടുത്തില്ല. എങ്കിലും താന്‍ പാപിയാണെന്നുള്ള ഏറ്റുപറച്ചില്‍ അവള്‍ക്കു മനഃശാന്തി നല്‍കി. ആര്‍തറിന്റെ സ്ഥിതി അതല്ല. തെറ്റ്‌ മറച്ചുപിടിച്ചതുമൂലം കാപട്യത്തിന്റെ മൂടുപടം അണിയാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നു. അയാള്‍ക്കു സമാധാനമില്ല. വചനശുശ്രൂഷയ്‌ക്കായി പ്രസംഗവേദിയെ സമീപിക്കുമ്പോഴൊക്കെ മനസില്‍ കാരമുള്ള്‌ തറയ്‌ക്കുന്നതുപോലെയുള്ള അനുഭവം. മനഃസമാധാനക്കേട്‌ ആര്‍തറിന്റെ ആരോഗ്യം കാര്‍ന്നുതിന്നു.
ആര്‍തറിന്റെ ദുഃഖത്തില്‍ ഹെസ്റ്ററിനു സഹതാപമുണ്ട്‌. വേണമെങ്കില്‍ അയാളോടൊപ്പം അന്യനാട്ടിലേക്കോടിപ്പോകാന്‍വരെ അവള്‍ സന്നദ്ധയാണ്‌. പക്ഷേ, ആര്‍തറിന്‌ അതു സ്വീകാര്യമല്ല. ഒളിച്ചോട്ടം മാനക്കേടു വരുത്തിവയ്‌ക്കുമല്ലോ. ആര്‍തറിന്റെ ആരോഗ്യം പാടേ തകര്‍ന്നു. ഒരു ദിവസം പ്രസംഗത്തിനുശേഷം അയാള്‍ തളര്‍ന്നുവീണു. എങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ശക്‌തി വീണ്ടെടുത്തു. ഹെസ്റ്ററും പേളും അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ആര്‍തര്‍ അവരെ സമീപിച്ചു. പേളിനെ തന്റെ മാറോടണച്ചുകൊണ്ട്‌ അവള്‍ തന്റെ പുത്രിയാണെന്നു പരസ്യമായി ഏറ്റു പറഞ്ഞു. അടുത്ത നിമിഷം അയാള്‍ അന്ത്യശ്വാസം വലിക്കുകയും ചെയ്‌തു.

മരിക്കുന്നതിനുമുമ്പ്‌ ആര്‍തര്‍ തന്റെ മാറിലെ വസ്‌ത്രം വലിച്ചുകീറുകയുണ്ടായി. അവിടെയുണ്ടായിരുന്നവര്‍ അപ്പോള്‍ കണ്ടതെന്താണ്‌? ഹെസ്റ്റര്‍ അണിഞ്ഞിരുന്നതുപോലെയുള്ള `എ' എന്ന അക്ഷരം ആര്‍തറിന്റെ മാറിലും (വസ്‌ത്രത്തിലല്ല) ചിലര്‍ക്കു ദൃശ്യമായത്രേ.

ദുര്‍ബലമായ മനുഷ്യപ്രകൃതി പാപത്തിലേക്കു ചാഞ്ഞിരിക്കുന്നു. പാപത്തിന്റെ അടിയേറ്റാല്‍ നാം തളര്‍ന്നുവീഴും. തെറ്റ്‌ ഏറ്റുപറഞ്ഞ്‌ പാപത്തിന്റെ പിടിയില്‍നിന്നു മോചനം നേടുന്നതുവരെ പാപത്തിന്റെ അദൃശ്യശക്‌തിക്കടിപ്പെട്ടു നാം ഉഴലുകയായി. നമ്മുടെ പാപങ്ങള്‍ തന്ത്രപൂര്‍വം മറച്ചുവയ്‌ക്കാനാവും. പക്ഷേ, അപ്പോഴും പാപത്തിന്റെ ഫലത്തില്‍നിന്നു നമുക്കു മോചനമുണ്ടാവില്ലെന്നതാണു സത്യം. ആര്‍തറിന്റെ കഥ അതാണു വ്യക്തമാക്കുന്നത്‌. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ തെറ്റ്‌ ഏറ്റുപറയാന്‍ അയാള്‍ സന്നദ്ധനായില്ല. ഹെസ്റ്ററിന്‌ അവളുടെ അപമാനത്തില്‍ ഒരു തുണയാകാന്‍പോലും അയാള്‍ക്കു മനസുവന്നില്ല. പക്ഷേ, അതുകൊണ്ട്‌ എന്തു സംഭവിച്ചു? പാപത്തില്‍ വീണു ശപിക്കപ്പെട്ട ആ ദിനംമുതല്‍ അയാളുടെ മനഃശാന്തി നഷ്‌ടപ്പെട്ടു. നീതിമാനെന്ന പൊയ്‌മുഖമണിഞ്ഞ അയാളുടെ മാറില്‍ത്തന്നെ അയാള്‍ വ്യഭിചാരിയാണെന്നു ചൂണ്ടിക്കാണിക്കുന്ന `എ' എന്ന അക്ഷരം തെളിഞ്ഞുവന്നു.

പാപത്തില്‍ വീണ്‌ അധഃപതിച്ചെങ്കിലും ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പില്‍ അപരാധം ഏറ്റുപറഞ്ഞ ഹെസ്റ്ററുടെ ആധ്യാത്മിക വളര്‍ച്ച അത്ഭുതാവഹമാണ്‌. പാപത്തിനു പരിഹാരമായി എത്ര പണ്ടേ അവള്‍ സല്‍പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. പാപം ഏറ്റുപറഞ്ഞ്‌ പരിഹാരം ചെയ്യുന്നവര്‍ക്ക്‌ ദൈവം നല്‍കുന്ന അനുഗ്രഹാശിസുകളുടെ പ്രതീകമാണവള്‍.
ആര്‍തര്‍ അപരാധിയാണെങ്കിലും ദൈവത്തിന്റെ അനന്തമായ കരുണ അയാളെയും പെരുവെള്ളത്തില്‍നിന്നു കോരിയെടുത്തു. അന്തസും ആഭിജാത്യവും ധനവും മാനവുമെല്ലാം കളഞ്ഞുകുളിച്ച ധൂര്‍ത്തപുത്രന്റെ സ്‌നേഹനിധിയായ പിതാവാണ്‌ ദൈവം. ``അദ്ദേഹം അവനില്‍ മനസലിഞ്ഞ്‌ ഓടിച്ചെന്ന്‌ ആശ്ലേഷിച്ചു ചുംബിച്ചു'' എന്നല്ലേ പിതാവിന്റെ ഭവനത്തിലേക്ക്‌ പശ്ചാത്താപവിവശനായി മടങ്ങിയെത്തിയ ധൂര്‍ത്തപുത്രന്റെ കഥയില്‍ ലൂക്കാ സുവിശേഷകന്‍ പറയുന്നത്‌ (ലൂക്കാ. 15, 21). ``നീതിമാന്‍മാരെയല്ല, പാപികളെ അന്വേഷിച്ചാണ്‌ യേശു വന്നത്‌'' (മത്തായി 9, 13). അതുകൊണ്ടാണ്‌ അവസാനനിമിഷമാണെങ്കിലും പാപം ഏറ്റുപറഞ്ഞ ആര്‍തറിനും മോചനം ലഭിച്ചത്‌.

`ആര്‌ പാപത്തെക്കുറിച്ച്‌ പശ്ചാത്തപിച്ച്‌ അതേറ്റു പറയാതിരിക്കുന്നുവോ അയാളുടെ പാപം ഇരട്ടിക്കുന്നു' എന്നര്‍ഥം വരുന്ന ഒരു ജര്‍മന്‍ പഴഞ്ചൊല്ലുണ്ട്‌. തെറ്റുകളിലും കുറ്റങ്ങളിലും വഴുതിവീഴുക സ്വാഭാവികം മാത്രം. പക്ഷേ, നമ്മുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞു മോചനം നേടുവാന്‍ നമുക്കു കഴിയണം. അല്ലെങ്കില്‍, ആര്‍തറിനെപ്പോലെ പാപത്തിന്റെ അടിയേറ്റു ജീവിതകാലം മുഴുവന്‍ നാം അശാന്തരായി ഉഴലും; വീണ്ടും പാപത്തിലേക്ക്‌ വഴുതിവീഴുകയുംചെയ്യും. `ക്ഷമയാണ്‌, ക്ഷോഭമല്ല ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണം' എന്നു ബെയാര്‍ഡ്‌ ടെയ്‌ലര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. 

തെറ്റില്‍ വീഴാനിടയായാലും നാം പ്രത്യാശ കൈവിടരുത്‌. ദൈവം `തെറ്റുകള്‍ പൊറുക്കുന്നവനും' (40.3) `മാപ്പും വിട്ടുവീഴ്‌ചയും ചെയ്യുന്നവനും' (4.43) ആകുന്നു എന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

 നൂറാടുകളില്‍ വഴിതെറ്റിപ്പോയ ഒന്നിനെ അന്വേഷിച്ചിറങ്ങിയ നല്ലയിടയനാണ്‌ ദൈവം എന്നാണ്‌ യേശു പഠിപ്പിച്ചത്‌. പിന്നെ എന്തിന്‌ പാപത്തിന്റെ ചാട്ടവാറടിയേറ്റു നാം ഞെരിപിരി കൊള്ളണം. ക്ഷമിക്കുവാന്‍ തിടുക്കമുള്ളവനായ ദൈവത്തിന്റെ മുമ്പില്‍ നമ്മുടെ കുറ്റങ്ങള്‍ ഏറ്റുപറയാം. അപ്പോള്‍ നമ്മുടെ മനസിലും മാറിലും പാപത്തിന്റെ ആദ്യാക്ഷരംപോലും പതിയാനിടവരില്ല.