Tuesday 19 May 2015

നിറഞ്ഞ മനസോടെ നീളട്ടെ കൈകള്‍

ഒരു റെസ്റ്ററന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. അപ്പോഴാണു കുറേ കുട്ടികള്‍ വലിയ കമ്പിവളയങ്ങള്‍ ഉരുട്ടിക്കൊണ്ട്‌ വഴിയിലൂടെ ഓടുന്നതു കണ്ടത്‌. ആ കാഴ്‌ച കൗതുകപൂര്‍വം അങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവരുടെ വളരെ പിന്നിലായി മുടന്തനായ ഒരു പയ്യനും ഒരു കമ്പിവളയം ഉരുട്ടിക്കൊണ്ട്‌ മുന്നോട്ടു പോകുന്നത്‌ അദ്ദേഹം കണ്ടു.

ആ പയ്യനെ കണ്ടയുടനേ അദ്ദേഹം റെസ്റ്ററന്റിനു പുറത്തിറങ്ങി അവനെ സമീപിച്ചു ചോദിച്ചു: "പാദം മടങ്ങിയിരിക്കുന്നതുകൊണ്ട്‌ നടക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടോ?'' 

അവന്‍ പറഞ്ഞു: ഓടാന്‍ വലിയ ബുദ്ധിമുട്ടാണ്‌. പിന്നെ, ഈ കാലിനുവേണ്ടി പ്രത്യേകം ചെരിപ്പുണ്ടാക്കണം.'' ഒരുനിമിഷത്തെ നിശബ്‌ദതയ്‌ക്കു ശേഷം അവന്‍ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി ചോദിച്ചു:എന്തുകൊണ്ടാണ്‌ അങ്ങ്‌ എന്നോട്‌ ഇങ്ങനെ ചോദിച്ചത്‌?'' ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു:ഒരുപക്ഷേ, നിന്റെ പാദം നേരേയാക്കിത്തരാന്‍ എനിക്കു സാധിച്ചേക്കും. എന്താ, നിനക്കതിന്‌ ആഗ്രഹമുണ്ടോ?'' 


"തീര്‍ച്ചയായും.'' അവന്‍ മറുപടി പറഞ്ഞു. അദ്ദേഹം അവന്റെ പേരും വിലാസവും കുറിച്ചെടുത്തശേഷം അവനെ യാത്രയാക്കി. ജിമ്മി എന്നായിരുന്നു അവന്റെ പേര്‌. അവന്റെ മാതാപിതാക്കളെ കണ്ട്‌ അവന്റെ കാലില്‍ ഓപ്പറേഷന്‍ നടത്തുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ അദ്ദേഹം തന്റെ ഡ്രൈവറെ ചുമതലപ്പെടുത്തി.

 ഡ്രൈവര്‍ ജിമ്മിയുടെ വീട്ടിലെത്തി അവന്റെ മാതാപിതാക്കളോട്‌ പറഞ്ഞു: "ഞാന്‍ വലിയൊരു പണക്കാരനെ പ്രതിനിധീകരിച്ചാണ്‌ വന്നിരിക്കുന്നത്‌. നിങ്ങളുടെ മകന്റെ മുടന്തുകാല്‍ ഒരു ഓപ്പറേഷനിലൂടെ നേരേയാക്കാന്‍ അദ്ദേഹം തയാറാണ്‌. മറ്റു കുട്ടികളെപ്പോലെ ജിമ്മിയും ഓടിനടന്നു കളിക്കണം എന്നാണ്‌ അദ്ദേഹത്തിന്റെ ആഗ്രഹം.''

ജിമ്മിയുടെ മാതാപിതാക്കള്‍ പരസ്‌പരം നോക്കി. അല്‍പനേരത്തെ മൗനത്തിനു ശേഷം ജിമ്മിയുടെ മാതാവ്‌ ചോദിച്ചു: "ഈ ലോകത്തില്‍ ആരും ഒന്നും വെറുതേ ദാനം ചെയ്യാറില്ലല്ലോ. എന്താണ്‌ നിങ്ങളുടെ ലക്ഷ്യം?'' ഡ്രൈവര്‍ തന്റെ യജമാനന്‍ ആരെന്നു വെളിപ്പെടുത്താതെ കാര്യങ്ങള്‍ വിശദീകരിച്ചു. പണമുള്ളതുകൊണ്ടും സന്മനസുള്ളതുകൊണ്ടും മാത്രമാണ്‌ തന്റെ യജമാനന്‍ അങ്ങനെയൊരു സല്‍കൃത്യം ചെയ്യാന്‍ തയാറാകുന്നതെന്നും അയാള്‍ വിശദീകരിച്ചു. അവരുടെ ഒപ്പിട്ട സമ്മതപത്രം കിട്ടിയതിനു ശേഷം ജിമ്മിയുടെ ഓപ്പറേഷന്റെ സകല ചെലവുകളും യജമാനന്‍ വഹിക്കുന്നതാണെന്നും അയാള്‍ അവര്‍ക്ക്‌ ഉറപ്പു നല്‍കി.

ഇതിനുശേഷം അവരുടെ നഗരത്തിലെ മേയര്‍വഴിയും ഈ വാഗ്‌ദാനം അവരെ അറിയിച്ചു. അവരുടെ അത്യാവശ്യ ചെലവുകള്‍ക്കായി കുറേ പണവും അദ്ദേഹം അവര്‍ക്ക്‌ എത്തിച്ചുകൊടുത്തു. അധികം താമസിയാതെ ജിമ്മിയുടെ പിതാവിന്റെ ഒപ്പിട്ട സമ്മതപത്രം അദ്ദേഹത്തിനു ലഭിച്ചു.
ജിമ്മിയുടെ പാദം നേരേയാക്കാന്‍ അഞ്ച്‌ ഓപ്പറേഷനുകളാണ്‌ വേണ്ടിയിരുന്നത്‌. ജിമ്മിയുടെ വീട്ടില്‍നിന്ന്‌ വളരെ അകലെയുള്ള ഒരു ആശുപത്രിയിലായിരുന്നു ഈ ശസ്‌ത്രക്രിയകളെല്ലാം നടന്നത്‌.


ഓപ്പറേഷനുകളെല്ലാം വിജയമായിരുന്നു. അവസാനത്തെ ഓപ്പറേഷന്‍ കഴിഞ്ഞു പാദം നേരേയായപ്പോള്‍ ജിമ്മിയെ വീട്ടിലെത്തിച്ചതു ധനാഢ്യന്റെ ഡ്രൈവറായിരുന്നു. അന്ന്‌ അവനെ സ്വീകരിക്കാന്‍ വീട്ടുകാരും നാട്ടുകാരുമെല്ലാം കാത്തുനില്‍ക്കുമ്പോള്‍ ജിമ്മി കാറില്‍നിന്നിറങ്ങി മുടന്തുകൂടാതെ അവരുടെ മുമ്പിലേക്കു നടന്നുനീങ്ങി. അദ്‌ഭുതകരമായ കാഴ്‌ചയായിരുന്നു അത്‌. അവര്‍ ദൈവത്തിനും തങ്ങളുടെ അജ്ഞാത സുഹൃത്തിനും നന്ദിപറഞ്ഞുകൊണ്ട്‌ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. നടന്ന സംഭവമെല്ലാം പിന്നീട്‌ ഡ്രൈവര്‍ തന്റെ യജമാനനോട്‌ വിവരിച്ചപ്പോള്‍ അദ്ദേഹം സന്തോഷാശ്രുക്കള്‍ തുടച്ചുകൊണ്ട്‌ പറഞ്ഞു: "അടുത്ത ക്രിസ്‌മസിന്‌ ജിമ്മിക്കും കുടുംബാംഗങ്ങള്‍ക്കും ഓരോ ജോഡി ഷൂസ്‌ വാങ്ങിച്ചുകൊടുക്കണം.''

അദ്ദേഹം അന്നു പറഞ്ഞതുപോലെ അടുത്ത ക്രിസ്‌മസിന്‌ ജിമ്മിക്കും കുടുംബാംഗങ്ങള്‍ക്കും ഓരോ ജോഡി ഷൂസ്‌ ലഭിച്ചു. പക്ഷേ, ജിമ്മിയുടെ ഓപ്പറേഷന്‍ നടത്താനും അതിനുപിന്നാലെ ഷൂസ്‌ വാങ്ങിക്കൊടുക്കാനും ആരാണു പണം ചെലവാക്കിയതെന്ന്‌ ജിമ്മിയും കുടുംബാംഗങ്ങളും ഒരിക്കലും അറിഞ്ഞില്ലത്രേ. ഈ കഥ എഴുതിയിരിക്കുന്നത്‌ അന്നത്തെ ഡ്രൈവറുടെ കൊച്ചുമകനും മതപ്രസംഗകനുമായ വുഡ്‌ഡി മക്കേ ജൂണിയര്‍ ആയതുകൊണ്ട്‌ ഇതു വാസ്‌തവമാണെന്നു നമുക്ക്‌ വിശ്വസിക്കാം.


ഇനി, ഇത്രയും മഹാമനസ്‌കത കാട്ടിയ ധനാഢ്യനാരെന്നറിയേണ്ടേ? അദ്ദേഹമാണ്‌ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയുടെ സ്ഥാപകനും പരോപകാര തത്‌പരനുമായിരുന്ന ഹെന്‍റി ഫോര്‍ഡ്‌ (1863-1947).



അമേരിക്കക്കാരനായ ഫോര്‍ഡിന്റെ ഈ കഥ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഔദാര്യത്തെ നാം പുകഴ്‌ത്തിയേക്കും. അതുപോലെ സാധിക്കുന്നവരെല്ലാം അദ്ദേഹത്തെ അനുകരിക്കണമെന്നും നാം പറഞ്ഞേക്കും. ഫോര്‍ഡിനെപ്പോലെ മറ്റുള്ളവര്‍ക്കു സഹായഹസ്‌തം നീട്ടാന്‍ നമുക്ക്‌ പണമില്ലല്ലോ എന്നു വിലപിക്കുകയും ചെയ്‌തേക്കാം.

എന്നാല്‍ സത്യമെന്താണ്‌? മനസുണ്ടെങ്കില്‍ ഫോര്‍ഡ്‌ ചെയ്‌തതും അതിലപ്പുറവും ചെയ്യാന്‍ നമ്മില്‍ പലര്‍ക്കും സാധിക്കുമെന്നതല്ലേ വസ്‌തുത? പണമില്ലാത്തതുകൊണ്ടാണോ യഥാര്‍ഥത്തില്‍ മറ്റുള്ളവരെ സഹായിക്കാത്തത്‌? പണത്തേക്കാളേറെ മറ്റുള്ളവരെ സഹായിക്കാനുള്ള സന്മനസല്ലേ നമുക്കില്ലാതെ പോയിരിക്കുന്നത്‌?

നമ്മുടെ ചുറ്റുമുള്ള പലര്‍ക്കും അത്രവലിയ സാമ്പത്തികസഹായമൊന്നും പലപ്പോഴും വേണ്ടിവരാറില്ല. പെണ്‍കുട്ടികളെ കെട്ടിച്ചയയ്‌ക്കുന്നതിനുള്ള തുകയോ ഒരു പുര തല്ലിക്കൂട്ടുന്നതിനുള്ള പണമോ വിദ്യാഭ്യാസത്തിനുള്ള സഹായമോ ഒക്കെയാണ്‌ പലര്‍ക്കും ആവശ്യമായി വരുന്നത്‌. ഇങ്ങനെയുള്ള കാര്യങ്ങളില്‍ സഹായിക്കാന്‍ കഴിവുള്ള എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്‌. എങ്കിലും, അയല്‍പക്കത്തെ ഒരു പയ്യന്‍ കീറിപ്പറിഞ്ഞ ഷര്‍ട്ടുമിട്ട്‌ സ്‌കൂളിലേക്കു പോകുന്നതു കണ്ടാല്‍ അവന്‌ നല്ലൊരു ഷര്‍ട്ട്‌ വാങ്ങിക്കൊടുക്കാന്‍ നമ്മിലെത്രപേര്‍ തയാറാകും? കോണ്‍ക്രീറ്റ്‌ കൊട്ടാരത്തില്‍ നാം വസിക്കുമ്പോള്‍ അയല്‍വീടിനു ചോര്‍ച്ചയുള്ളതായി കണ്ടാല്‍ അതിനു നാം എന്തെങ്കിലും പരിഹാരം തേടുമോ? അയല്‍ക്കാരന്‍ കുഴിമടിയനെന്നോ, അല്ലെങ്കില്‍ അയാള്‍ എല്ലാം തിന്നു തുലച്ചുവെന്നോ കുറ്റപ്പെടുത്തി മുഖം തിരിക്കാനല്ലേ നാം അപ്പോള്‍ തുനിയുക?

ഫോര്‍ഡിന്റെ കഥയിലേക്ക്‌ ഇനി തിരികെവരട്ടെ. ഫോര്‍ഡ്‌ ജനിച്ചത്‌ ഒരു കര്‍ഷകകുടുംബത്തിലാണ്‌. പന്ത്രണ്ടാം വയസില്‍ അദ്ദേഹത്തിന്‌ അമ്മയെ നഷ്‌ടപ്പെട്ടു. പതിനാറാം വയസില്‍ അദ്ദേഹം ആഴ്‌ചയില്‍ രണ്ടര ഡോളര്‍ ശമ്പളത്തിനു ജോലി തുടങ്ങി. മുപ്പത്തിമൂന്നാം വയസില്‍ സ്വന്തമായി കാര്‍ നിര്‍മിച്ചു. അധികം താമസിയാതെ അദ്ദേഹം കോടീശ്വരനായി മാറുകയും ചെയ്‌തു. 84-ാം വയസില്‍ അന്തരിക്കുന്നതിന്‌ ഒരുവര്‍ഷം മുമ്പു വരെ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഇക്കാലയളവില്‍ താന്‍ സമ്പാദിച്ച പണത്തിന്റെ സിംഹഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവയ്‌ക്കുകയായിരുന്നു.
നാമാരും ഫോര്‍ഡിനെപ്പോലെ കോടീശ്വരന്മാരായിത്തീരാനിടയില്ല. എന്നാല്‍ അങ്ങനെ സംഭവിച്ചുവെന്നു കരുതുക. അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ നാം ഫോര്‍ഡിനെപ്പോലെ ഔദാര്യം കാണിക്കുമോ? എന്നാല്‍ പാവങ്ങളെ സഹായിക്കുന്നതിന്‌ നാമാരും കോടീശ്വരന്മാരാകാന്‍ കാത്തിരിക്കേണ്ട. നമുക്ക്‌ അധികമില്ലെങ്കിലും ഉള്ളതില്‍ ഒരുഭാഗം മറ്റുള്ളവര്‍ക്കായി നമുക്ക്‌ നീക്കിവയ്‌ക്കാം. അങ്ങനെ, നമുക്കും ഹൃദയമുണ്ടെന്ന്‌ നമുക്ക്‌ നമ്മെത്തന്നെ ബോധ്യപ്പെടുത്താം.

No comments:

Post a Comment