Saturday 25 April 2015

ചോദ്യം ചോദിക്കേണ്ടത്‌ ദൈവത്തോടോ?

2001 ജനുവരി 26. അന്ന്‌ രാവിലെ 8.46-ന്‌ ആരാരും പ്രതീക്ഷിക്കാതിരുന്ന അവസരത്തില്‍ ഗുജറാത്തില്‍ അതിശക്തമായ ഭൂകമ്പമുണ്ടായി. ഭൂകമ്പത്തില്‍ മരിച്ചവര്‍ ഒരുലക്ഷത്തിലേറെപ്പേര്‍ വരും. ഭൂകമ്പത്തില്‍പ്പെട്ടു പരിക്കേറ്റവരും എല്ലാം നഷ്‌ടപ്പെട്ടവരും അതിലേറെപ്പേരുണ്ട്‌. ഈ ഭീകരദുരന്തത്തിനു മുമ്പില്‍ വിറങ്ങലിച്ചു നില്‍ക്കാനേ നമുക്കു കഴിയുന്നുള്ളൂ.



പക്ഷേ, അപ്പോഴും നാം അറിയാതെ ചോദിച്ചുപോകുന്നു: "ദൈവമേ, എന്തുകൊണ്ട്‌ ഇതു സംഭവിച്ചു? എത്ര നിരപരാധികളുടെ ജീവനാണ്‌ ഈ ഭൂകമ്പം കവര്‍ന്നെടുത്തത്‌?" ഈ ചോദ്യം ചോദിക്കുമ്പോള്‍ നമ്മില്‍ ചിലരെങ്കിലും അറിയാതെ ബൈബിളിലെ ജോബിന്റെ കഥ ഓര്‍മിച്ചുപോകും. ദൈവത്തിന്റെ മുമ്പില്‍ നീതിമാനായിരുന്നു ജോബ്‌. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒന്നിനും കുറവുണ്ടായിരുന്നില്ല. ഒരു മഹാരാജാവിനെപ്പോലെ സമ്പന്നനായിരുന്നു അദ്ദേഹം.

പക്ഷേ, പെട്ടെന്ന്‌ അദ്ദേഹത്തിന്‌ എല്ലാം നഷ്‌ടപ്പെട്ടു. ഒന്നും അദ്ദേഹത്തിന്‌ ബാക്കിയുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം നിരാശനായില്ല. ദൈവത്തിന്റെ മുമ്പില്‍ മുട്ടിന്മേല്‍നിന്ന്‌ അദ്ദേഹം പറഞ്ഞു: ``ദൈവം തന്നു. ദൈവം എടുത്തു. ദൈവത്തിനു സ്‌തുതിയുണ്ടായിരിക്കട്ടെ."

ജോബിന്റെ ദുരന്തത്തിന്‌ അപ്പോഴും അവസാനമുണ്ടായില്ല. അദ്ദേഹത്തിന്റെ ദേഹമാസകലം വ്രണംകൊണ്ട്‌ നിറഞ്ഞു. അതു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ സമനില തെറ്റിയവളെപ്പോലെ പറഞ്ഞു: ``ദൈവത്തെ ശപിച്ചു മരിക്കൂ.'' 
ഉടനേ അവളെ ശാസിച്ചുകൊണ്ട്‌ ജോബ്‌ പറഞ്ഞു: ``നാം ദൈവത്തില്‍നിന്നു നല്ല ദാനങ്ങള്‍ സ്വീകരിക്കാറില്ലേ? അതുപോലെ, തിന്മയായവ സംഭവിച്ചാലും നാം അവ സ്വീകരിക്കേണ്ടതല്ലേ?"

ഭാര്യയ്‌ക്കു പിന്നാലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തിനെതിരേ തിരിഞ്ഞു. ജോബ്‌ ഒരു മഹാപാപിയാണെന്നും അദ്ദേഹത്തിന്റെ സഹനത്തിന്റെ കാരണം അദ്ദേഹത്തിന്റെ പാപമാണെന്നും അവര്‍ ആരോപിച്ചു. അവരുടെ ആരോപണത്തിന്റെ മുമ്പില്‍ മനസ്‌ തകര്‍ന്ന ജോബ്‌ ഒരു വിശദീകരണത്തിനായി ദൈവത്തിലേക്കു തിരിഞ്ഞു. നീതിമാനായി ജീവിച്ച താന്‍ സഹിക്കേണ്ടിവരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അദ്ദേഹത്തിന്‌ അറിയേണ്ടിയിരുന്നത്‌.

അപ്പോള്‍ ദൈവം പ്രത്യക്ഷപ്പെട്ട്‌ ജോബിനോടു ചോദിച്ചു: ``ഞാന്‍ ഭൂമിക്ക്‌ അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കറിയാമെങ്കില്‍ പറയൂ..."
അപ്പോള്‍ വായ്‌ പൊത്തിക്കൊണ്ട്‌ ജോബ്‌ പറഞ്ഞു: ``എനിക്ക്‌ അങ്ങയോട്‌ എന്തുപറയാന്‍ കഴിയും. എന്റെ അപരാധം, എന്നോട്‌ ക്ഷമിക്കൂ."

ഒട്ടേറെ പ്രപഞ്ചരഹസ്യങ്ങള്‍ നമുക്കറിയാം. പക്ഷേ, അതിലേറെ പ്രപഞ്ചരഹസ്യങ്ങള്‍ നമുക്ക്‌ അജ്ഞാതമാണ്‌. സഹനത്തിന്റെ രഹസ്യവും ഇതില്‍പ്പെടും. പ്രത്യേകിച്ചും നീതിമാന്മാരുടെയും നിഷ്‌കളങ്കരുടെയും സഹനത്തിന്റെ രഹസ്യം. നമ്മുടെ ബുദ്ധിക്ക്‌ അജ്ഞാതമായവയെ താത്‌കാലികമായിട്ടെങ്കിലും അജ്ഞാതമായി അംഗീകരിക്കുന്നതാണ്‌ ബുദ്ധി.
നീതിമാന്മാരുടെയും നിഷ്‌കളങ്കരുടെയും സഹനം അനീതിയായി നമുക്ക്‌ ന്യായമായും തോന്നാം. എന്നാല്‍ അത്‌ അനീതിയല്ല, ദൈവത്തിനു മാത്രം അറിയാവുന്ന രഹസ്യമാണ്‌ എന്നതാണു സത്യം. നീതിമാനായിരുന്നിട്ടും ജീവിതത്തില്‍ ഒട്ടേറെ സഹിക്കേണ്ടിവന്ന ജോബിന്റെ കഥ ഇതാണു നമ്മെ പഠിപ്പിക്കുന്നത്‌.



ഗുജറാത്തിലെ ഭൂകമ്പത്തിലേക്കു നമുക്കു തിരിച്ചുവരാം. നിഷ്‌കളങ്കരായ കൊച്ചുകുഞ്ഞുങ്ങളടക്കം പതിനായിരക്കണക്കിനാളുകളെ കാലപുരിക്കയച്ച ഈ ഭൂകമ്പം എന്തുകൊണ്ടുണ്ടായി എന്നു നമുക്കെന്നെങ്കിലും മനസിലാക്കാന്‍ സാധിക്കുമോ?

ഈ ഭൂകമ്പത്തിന്റെ ഭൂമിശാസ്‌ത്രപരമായ കാരണങ്ങള്‍ നമുക്ക്‌ കുറേയെങ്കിലും അറിയാം. അതുപോലെ, അനീതി പ്രവര്‍ത്തിച്ച പാപികളാണ്‌ അവിടെ മരിച്ചതെങ്കില്‍ അതും ഏറെക്കുറെ നമ്മുടെ മനുഷ്യബുദ്ധിക്കു മനസിലാക്കാനാവും. എന്നാല്‍, ഭൂകമ്പം മൂലം മൃതിയടയുകയും പരിക്കേല്‍ക്കുകയും നിരാലംബരാകുകയും ചെയ്‌ത നിരപരാധികളുടെ കാര്യമോ? ഇക്കാര്യം നമ്മുടെ ബുദ്ധിക്കു തൃപ്‌തികരമായി ഒരിക്കലും മനസിലാക്കാന്‍ സാധിക്കുകയില്ല എന്നതാണ്‌ വസ്‌തുത. ഇതു ദൈവത്തിന്റെ രഹസ്യമായി നമ്മുടെ ബുദ്ധിക്ക്‌ മുമ്പില്‍ എന്നും നിലനില്‍ക്കും; നമ്മുടെ അസ്‌തിത്വ പരിമിതിയായി, ജീവിതക്ഷണികതയായി.

ദൈവത്തിന്റെ ഈ രഹസ്യത്തെക്കുറിച്ച്‌ എന്തെങ്കിലും ഗ്രഹിക്കാന്‍ സാധിക്കണമെങ്കില്‍, എല്‍.ആര്‍. ഡിറ്റ്‌സണ്‍ എന്ന ഗ്രന്ഥകാരന്‍ പറയുന്നതുപോലെ, നാം തുടങ്ങേണ്ടതു നമ്മിലോ നമ്മുടെ ബുദ്ധിയിലോ അല്ല. പ്രത്യുത ദൈവത്തിലാണ്‌. കാരണം, അവിടുന്നാണ്‌ നമ്മുടെ ആരംഭവും അവസാനവും. 

നമ്മുടെ ബുദ്ധിക്ക്‌ അഗ്രാഹ്യമായവയുമായി നാം മല്ലടിക്കുമ്പോള്‍ ദൈവത്തിലുള്ള വിശ്വാസമാണ്‌ മുന്നോട്ടു നയിക്കേണ്ടത്‌. അവിടുത്തെ അനന്തപരിപാലനയിലുള്ള പ്രതീക്ഷയാണ്‌ നമുക്ക്‌ ശക്തി പകരേണ്ടത്‌; അവിടുന്നറിയാതെ ഒന്നും സംഭവിക്കുകയില്ല എന്ന ബോധ്യമാണ്‌ നമ്മെ ആശ്വസിപ്പിക്കേണ്ടത്‌; ജീവിച്ചിരിക്കുന്നവരും മരിച്ചവരുമെല്ലാം അവിടുത്തെ കൈകളിലാണ്‌ എന്ന ആത്‌മബോധമാണ്‌ നമുക്ക്‌ ധൈര്യം നല്‍കേണ്ടത്‌.
നീതിമാന്മാരുടെ സഹനവും മരണവും ഉത്തരമില്ലാത്ത ഒരു കടങ്കഥയായി നിലനില്‍ക്കുമ്പോഴും ഈ ഭൂകമ്പം വരുത്തിവച്ച ഒട്ടേറെ ദുഃഖദുരിതങ്ങളും മരണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്നതു നാം മറന്നുപോകേണ്ട. 

ഭൂജില്‍ ഭൂകമ്പത്തിന്‌ ഏറെ സാധ്യതയുണ്ട്‌ എന്നറിയാമായിരുന്നിട്ടും ബഹുനിലക്കെട്ടിടങ്ങള്‍ നാം കെട്ടിപ്പൊക്കിയില്ലേ? ഒരുനില കെട്ടിടം മാത്രം പണിയേണ്ടിയിരുന്ന സ്ഥലത്ത്‌ പ്രകൃതിയെ വെല്ലുവിളിച്ച്‌ ഇരുപതുനില കെട്ടിടങ്ങള്‍ വരെ നാം അവിടെ പണിതില്ലേ? ഭൂകമ്പസാധ്യതയുള്ള മേഖലയില്‍ ബലവത്തായ കെട്ടിടങ്ങള്‍ തീര്‍ക്കേണ്ടതിനു പകരം മായം ചേര്‍ത്ത സിമന്റ്‌ ഉപയോഗിച്ച്‌ അപകടവും മരണവും നാം ക്ഷണിച്ചുവരുത്തിയില്ലേ?

ഗുജറാത്തിലുണ്ടായ ഭൂകമ്പത്തിന്‌ ഏകദേശം സമാനമായ ഭൂകമ്പം ഏഴുവര്‍ഷം മുമ്പ്‌ ലോസ്‌ ആഞ്ചലസിലുണ്ടായി. അന്ന്‌ അവിടെ മരണസംഖ്യ 57 മാത്രമായിരുന്നു. എന്തായിരുന്നു ഇത്രയും കുറച്ചാളുകള്‍ മാത്രം മരിക്കാന്‍ കാരണം? ഭൂകമ്പസാധ്യതയുള്ള മേഖലയാണെന്നു മനസിലാക്കി അതിനെ അതിജീവിക്കാന്‍ ഉതകുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ അവര്‍ നിര്‍മിച്ചു. അതുപോലെ, ശക്തമായ ഭൂകമ്പം ഉണ്ടായാലും അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ അവര്‍ സ്വീകരിച്ചു. തന്മൂലമാണ്‌ അന്നൊരു മഹാദുരന്തം ഒഴിവായത്‌.

``ദൈവമേ, എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചു,'' എന്ന ചോദ്യം ചോദിക്കുന്നതിനുമുമ്പ്‌ ആ ചോദ്യം നമ്മുടെ നേര്‍ക്കുതന്നെ നമുക്കു തിരിക്കാം. ഭൂകമ്പസാധ്യതയുള്ള മേഖലയാണെന്ന്‌ അറിഞ്ഞിട്ടും ഭുജിലും മറ്റും എന്തുകൊണ്ട്‌ നാം ചെയ്യേണ്ടതു ചെയ്‌തില്ല? 

ഒരുപക്ഷേ, ഈ ചോദ്യത്തിനുള്ള പ്രധാന ഉത്തരം നമ്മുടെ സ്വാര്‍ഥത എന്നതാണെന്നു മനസിലാക്കിയാല്‍ നാം ഞെട്ടുമോ? നാം ഞെട്ടണം. എങ്കില്‍ മാത്രമേ, ഈ ഭൂകമ്പത്തില്‍നിന്നു കുറേയെങ്കിലും നാം പാഠം പഠിക്കൂ. ദൈവം നല്‍കിയ ബുദ്ധിയും ശക്തിയും ഉപയോഗിച്ച്‌ പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെ ജീവിതത്തിലെ പല ദുരന്തങ്ങളും ഇല്ലാതാക്കാനോ കുറഞ്ഞപക്ഷം അവയുടെ ശക്തി കുറയ്‌ക്കാനോ നമുക്കു സാധിക്കും.

No comments:

Post a Comment