Friday, 27 February 2015

മഹാത്‌മാക്കളുടെ മാര്‍ഗം

സത്യത്തിനും ആദര്‍ശങ്ങള്‍ക്കും രക്തംകൊണ്ട്‌ മുദ്രചാര്‍ത്തി കടന്നുപോയ എത്രയെത്ര ധന്യാത്‌മാക്കളാണ്‌ ഓര്‍മയില്‍ തെളിയുന്നത്‌. ശത്രുക്കളെക്കാള്‍ കൂടുതല്‍ മിത്രങ്ങള്‍ എന്ന്‌ അഭിനയിച്ചവര്‍ ചേര്‍ന്നു കൊലപ്പെടുത്തിയ ജൂലിയസ്‌ സീസര്‍ (ബി.സി 100-44), അടിമത്തം അവസാനിപ്പിച്ചതിനു ജീവന്‍ അര്‍പ്പിക്കേണ്ടിവന്ന ഏബ്രഹാം ലിങ്കണ്‍   (1809-1865), കറുത്തവര്‍ഗക്കാര്‍ക്കെതിരെ ഉണ്ടായിരുന്ന വിവേചനം അവസാനിപ്പിച്ചതിനു ജീവന്‍ കൊടുക്കേണ്ടിവന്ന ജോണ്‍ എഫ്‌.കെന്നഡി (1917-1963), കറുത്ത വംശജരുടെ അമേരിക്കന്‍ നേതാവ്‌ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ (1929-1968), എല്‍.ടി.ടി.ഇയുടെ രോഷാഗ്‌നിയില്‍ ജീവന്‍ ഒടുക്കേണ്ടിവന്ന രാജീവ്‌ഗാന്ധി (1944-1991)... ആ നിര അവസാനമില്ലാത്തതാണ്‌.

അമ്പത്തിരണ്ടാം വയസില്‍ ഇംഗ്ലണ്ടിലെ ഹെന്‍റി എട്ടാമന്റെ ചാന്‍സലറായി നിയമിക്കപ്പെട്ട സര്‍ തോമസ്‌ മൂറിന്റെ അന്ത്യനിമിഷം ഉദ്വേഗപൂര്‍ണമാണ്‌. നിയമപ്രകാരമുള്ള ഭാര്യ കാതറൈന്‍ ജീവിച്ചിരിക്കെ ആ വിവാഹം ഒഴിവാക്കി, ആന്‍ ബോളിന്‍ എന്നൊരു സ്‌ത്രീയെ ഭാര്യയായി സ്വീകരിക്കാന്‍ രാജാവ്‌ തീരുമാനിക്കുകയും മാര്‍പാപ്പയുടെ അനുമതി അപേക്ഷിക്കുകയും ചെയ്‌തു.

പാപ്പാ അപേക്ഷ നിരസിച്ചപ്പോള്‍ അദ്ദേഹവുമായുള്ള ബന്ധം വിഛേദിച്ച്‌, ഇംഗ്ലണ്ടിലെ സഭയുടെ തലവനായി രാജാവ്‌ സ്വയം പ്രഖ്യാപിക്കുകയും ആന്‍ ബോളിനില്‍ പിറക്കുന്ന മക്കള്‍ക്കു കിരീടാവകാശം നല്‍കുന്ന നിയമം പാര്‍ലമെന്റില്‍ പാസാക്കുകയും അവ അംഗീകരിക്കാത്തവര്‍ വധശിക്ഷാര്‍ഹരാണെന്നു പ്രഖ്യാപിക്കുകയും ചെയ്‌തു. നിരവധി മെത്രാന്മാരും വൈദികരും അംഗീകരിച്ച ആ നിയമം അനുസരിക്കാന്‍ കത്തോലിക്കാസഭയില്‍ ഉറച്ചുനിന്ന തോമസ്‌ മൂര്‍ സന്നദ്ധനായില്ല. അതുകൊണ്ട്‌ അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. 

ഒരു പരിഗണന എന്നരീതിയില്‍ രാജാവ്‌ അത്‌ ശിരഛേദമാക്കി മാറ്റി. അവസാന നിമിഷംവരെ തോമസ്‌ മൂറിന്റെ മനസ്‌ മാറ്റാന്‍ രാജാവ്‌ ദൂതന്മാരെ നിയോഗിക്കുകയുണ്ടായി. അവരുടെ ശല്യം ഒഴിവാക്കാന്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു:  ഉവ്വ്‌ ഞാന്‍ മനസ്‌ മാറ്റിയിരിക്കുന്നു!

കേട്ടതു പാതി, കേള്‍ക്കാത്തതു പാതി, ദൂതന്‍ കൊട്ടാരത്തിലേക്ക്‌ ഓടി. മനസ്‌ മാറ്റിയതിന്റെ വിശദവിവരം പറയാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. രാജാവ്‌ വീണ്ടും അയാളെ വിവരം കൃത്യമായി അറിയാന്‍ വിട്ടു. 

കാരാഗൃഹത്തില്‍ അടയ്‌ക്കപ്പെട്ട അന്നുമുതല്‍ തോമസ്‌ മൂര്‍ താടി വളര്‍ത്താന്‍ തുടങ്ങിയിരുന്നു. അദ്ദേഹം ദൂതനോട്‌ വിശദീകരിച്ചു:  ഞാന്‍ മനസ്‌ മാറ്റിയിരിക്കുന്നു! മുമ്പ്‌ എന്നെ കണ്ടിട്ടുള്ളവര്‍ ഇപ്പോള്‍ എന്നെ തിരിച്ചറിയുന്നില്ല. അതുകൊണ്ട്‌ ക്ഷൗരം ചെയ്‌തേക്കാം എന്നു ഞാന്‍ വിചാരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ മനസ്‌ മാറ്റിയിരിക്കുന്നു. എന്റെ ശിരസ്‌ അനുഭവിക്കുന്ന ശിക്ഷ താടിയും അനുഭവിക്കട്ടെ എന്നുകരുതി, ക്ഷൗരം വേണ്ട എന്നു തീരുമാനിച്ചു.

ഭാര്യ ഉപദേശിച്ചതുപോലെ ഒരു വാക്ക്‌ മാറ്റിപ്പറഞ്ഞ്‌ കുറഞ്ഞത്‌ ഇരുപതുവര്‍ഷം രാജപ്രീതിയില്‍ സുഖമായി ജീവിക്കാമായിരുന്ന അദ്ദേഹം തന്റെ ജീവനു കല്‌പിച്ചതു കുറ്റിത്താടിയുടെ വില മാത്രം!

1535 ജൂലൈ ആറിനു തോമസ്‌ മൂര്‍ കൊലത്തട്ടിലേക്കു കയറുമ്പോള്‍ ഗോവണി ഇളകി. തന്നെ നയിച്ച ഉദ്യോഗസ്ഥനോട്‌ അദ്ദേഹം പറഞ്ഞു: സുഹൃത്തേ, അപകടംകൂടാതെ കയറാന്‍ എന്നെ സഹായിക്കുക; അവിടെനിന്നു താഴോട്ടു പോകുന്ന കാര്യം ഞാന്‍ സ്വയം നോക്കിക്കൊള്ളാം.

വധത്തട്ടില്‍ മുട്ടുമടക്കി അനുതാപസങ്കീര്‍ത്തനം ചൊല്ലി. പിന്നെ, ആരാച്ചാരെ ചുംബിച്ച്‌ പറഞ്ഞു: സ്‌നേഹിതാ, ധൈര്യമായിരിക്ക്‌. ഒരു മനുഷ്യനു ചെയ്‌തുകൊടുക്കാന്‍ കഴിയുന്നതില്‍ ഏറ്റവും വലിയ ഉപകാരമാണ്‌ നിങ്ങള്‍ ഇന്ന്‌ എനിക്കു ചെയ്യുന്നത്‌. ശങ്കിക്കേണ്ട. പിന്നെ, എന്റെ കഴുത്തിനു നീളം കുറവാണ്‌ കേട്ടോ. ലക്ഷ്യം തെറ്റാതിരിക്കാന്‍ സൂക്ഷിച്ചോണം. അല്ലെങ്കില്‍, നിങ്ങള്‍ക്കു നാണക്കേടാകും!

കൊലത്തട്ടില്‍ മലര്‍ന്നുകിടന്ന്‌ ഒരു തൂവാലകൊണ്ട്‌ അദ്ദേഹം മുഖം മറച്ചു. പിന്നെ, തികഞ്ഞ നര്‍മബോധത്തോടെ ആരാച്ചാരോടു പറഞ്ഞു: ``എന്റെ താടിമീശ രാജാവിനെതിരേ ഒരു തെറ്റും ചെയ്‌തിട്ടില്ലല്ലോ. കഴുത്ത്‌ മുറിക്കുമ്പോള്‍ അതു മുറിക്കാതിരിക്കാന്‍ ശ്രദ്ധിക്കണേ." അദ്ദേഹം അതു വകഞ്ഞുമാറ്റി. ഒരുനിമിഷം...എല്ലാം ശാന്തം.ചരിത്രത്തില്‍ സമാനതകളില്ലാത്തൊരു മഹാത്‌മാവാണ്‌ ഗാന്ധിജി. നേതൃഗുണങ്ങള്‍ ഏറെയില്ലാത്ത ആ കുറിയ മനുഷ്യന്‍ ഈ നാടിന്റെ പൂര്‍ണപുണ്യമായിരുന്നു. യുഗപ്രതിഭാസങ്ങളിലൊന്ന്‌. 
സത്യവും അഹിംസയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആയുധങ്ങള്‍. അവ അദ്ദേഹത്തെ ജനകോടികളുടെ പ്രവാചകനാക്കി. രാഷ്‌ട്രീയത്തില്‍ ആത്‌മീയതയുടെ വിശുദ്ധി സന്നിവേശിപ്പിച്ചതിലാണ്‌ മഹാത്‌മജിയുടെ അനന്യത. ഹിന്ദുക്കളും മുസ്ലിംകളും സിക്കുകാരും ഡല്‍ഹിയില്‍ അശാന്തി സൃഷ്‌ടിച്ചപ്പോള്‍, 1948 ജനുവരി 12-ന്‌ അദ്ദേഹം പ്രസ്‌താവിച്ചു: "നാളെ ആദ്യത്തെ ഭക്ഷണസമയം മുതല്‍ ഞാന്‍ നിരാഹാരവ്രതം ആരംഭിക്കുന്നു. ഇവര്‍ തമ്മില്‍ ഐക്യം ഉണ്ടാകുന്നതുവരെ. എല്ലാം മറന്ന്‌ ഹൃദയങ്ങള്‍ ഒന്നാകുന്നതുവരെ എന്റെ സമരം തുടരും. എന്നെ മരിക്കാന്‍ അനുവദിക്കുക. ഞാന്‍ ശാന്തമായി മരണംവരിക്കട്ടെ. എന്റെ പ്രതീക്ഷകള്‍ ഉറപ്പാകുമെന്നു കരുതട്ടെ. ഇന്ത്യയുടെ നാശം കണ്‍മുമ്പില്‍ കാണുന്നതിനേക്കാള്‍ മരണം എനിക്ക്‌ മനോഹരമായ മോചനമാണ്‌. ഹിന്ദു-സിക്ക്‌-ഇസ്‌ലാം മതങ്ങളുടെ നാശം കാണുംമുമ്പ്‌ അതു സംഭവിക്കട്ടെ."

ഈ രാജ്യത്തെ ആത്‌മാവില്‍ സംവഹിച്ച മനുഷ്യന്റെ നൊമ്പരം. പതിനെട്ടു ദിവസം കഴിഞ്ഞ്‌, 1948 ജനുവരി 30. പുലര്‍ച്ചെ ഗാന്ധിജി കിടക്കയിലിരുന്ന്‌ ഗീത പാരായണം ചെയ്‌തു. അതുകഴിഞ്ഞ്‌ ജോലിമുറിയിലേക്ക്‌ സഹായി മനു അദ്ദേഹത്തെ നയിച്ചു. 

``തളര്‍ന്നാലും ഇല്ലെങ്കിലും ഹേ, മനുഷ്യാ വിശ്രമിക്കരുത്‌'' എന്ന പ്രിയപ്പെട്ട സൂക്തം അന്നു മുഴുവന്‍ തനിക്കുവേണ്ടി ഉരുക്കഴിക്കണമെന്ന്‌ അദ്ദേഹം മനുവിനോട്‌ അഭ്യര്‍ഥിച്ചു. വൈകുന്നേരം 5.10. സഹായികളുടെ തോളില്‍ത്താങ്ങി പ്രാര്‍ഥനാമൈതാനത്തേക്ക്‌. അവിടെ മരണം അദ്ദേഹത്തെ കാത്തുനിന്നു!സെന്റ്‌ പോള്‍ പറഞ്ഞില്ലേ, ``ജീവിതമോ മരണമോ ആകട്ടെ, രണ്ടും എനിക്ക്‌ ലാഭംതന്നെ'' (ഫിലി. 1:21). 

അതാണ്‌ മഹാത്‌മാക്കളുടെ സത്യം. ``ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട'' (മത്തായി 10:28) എന്നു ക്രിസ്‌തു നമ്മെ പഠിപ്പിക്കുന്നു. അതാണു മഹാത്‌മാക്കളുടെ മാര്‍ഗം.

Wednesday, 25 February 2015

രണ്ടു ക്ലോക്ക്‌; രണ്ടു സമയം

``പപ്പാ, പപ്പ പറഞ്ഞകാര്യം എപ്പോള്‍ ശരിയാകും?'' ബോബ്‌ പെര്‍ക്‌സ്‌ എന്ന എഴുത്തുകാരന്റെ കുസൃതിക്കുരുന്ന്‌ അദ്ദേഹത്തോടു ചോദിച്ചു. 

``സമയമാകുമ്പോള്‍,'' പെര്‍ക്‌സ്‌ പറഞ്ഞു.

``പപ്പാ, എപ്പോഴാണു സമയമാകുന്നത്‌?'' അവള്‍ അക്ഷമയോടെ വീണ്ടും ചോദിച്ചു. ``എല്ലാ കാര്യങ്ങളും പൂര്‍ണമാകുമ്പോള്‍,'' അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. 

``എല്ലാക്കാര്യങ്ങളും അതിന്റെ നേരത്തു നടക്കുമ്പോള്‍, കാര്യങ്ങള്‍ ആയിരിക്കേണ്ടതുപോലെ നൂറു ശതമാനം ആകുമ്പോള്‍.'' പപ്പ പറഞ്ഞതെന്തെന്നു മനസിലാകാതെ അവള്‍ അല്‌പസമയം മിണ്ടാതെയിരുന്നു. പിന്നെ ചോദിച്ചു:

``എന്താണ്‌ എനിക്കൊരിക്കലും ശരിയായ ഉത്തരം പപ്പ തരാത്തത്‌?''

 ``നിനക്കു വേണ്ടതുപോലെയുള്ള ഉത്തരം തരുന്നില്ലെന്നാണോ നീ പറയുന്നത്‌?'' അദ്ദേഹം മറുചോദ്യം ചോദിച്ചു.``അതെ,'' അവള്‍ മറുപടി പറഞ്ഞു. 

``മോള്‍ എന്റെകൂടെ വരൂ, പപ്പാ ഒരു കാര്യം കാണിച്ചുതരാം.'' അവളുടെ കൈയില്‍ പിടിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

അവര്‍ നേരെ വീടിന്റെ പിന്‍ഭാഗത്തുള്ള പോര്‍ച്ചിലേക്കു പോയി. തോട്ടത്തില്‍ നടുവാനുള്ള പലതരം ചെടികളുടെ വിത്ത്‌ അവിടെ ഇരിപ്പുണ്ടായിരുന്നു. അതില്‍ കുറെയെടുത്ത്‌ അവളുടെ കൈയില്‍ വച്ചുകൊടുത്തിട്ടു പെര്‍ക്‌സ്‌ ചോദിച്ചു: ``ഈ വിത്തുകള്‍ മോളുടെ കൈയില്‍ ഇരുന്നാല്‍ കിളിര്‍ക്കുമോ?''

``ഇല്ല,'' അവള്‍ പറഞ്ഞു. 

``എന്തുകൊണ്ടാണത്‌?'' അദ്ദേഹം ചോദിച്ചു.

``വിത്തു മണ്ണില്‍ ഇടണം,'' അവള്‍ പറഞ്ഞു. 

``വിത്തു മണ്ണില്‍ ഇട്ടതുകൊണ്ടുമാത്രം അവ കിളിര്‍ക്കുമോ, വളരുമോ?''

``ഇല്ല. അവയ്‌ക്ക്‌ വെള്ളവും സൂര്യപ്രകാശവുമൊക്കെ വേണം,'' അവള്‍ പറഞ്ഞു. 

``മോള്‍ നന്നായി ഉത്തരം പറഞ്ഞു,'' കവിളില്‍ തലോടി അവളെ അഭിനന്ദിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

അപ്പോള്‍ അവള്‍ക്കൊരു സംശയം: ``പക്ഷേ, നമ്മള്‍ കഴിഞ്ഞവര്‍ഷം കുഴിച്ചിട്ട ലില്ലിച്ചെടിയുടെ കിഴങ്ങുകള്‍ ഇതുവരെ കിളിര്‍ത്തില്ലല്ലോ. അവയ്‌ക്കെന്തുപറ്റി? അവയ്‌ക്കു ധാരാളം സൂര്യപ്രകാശവും വെള്ളവും ഇതിനകം ലഭിച്ചുകഴിഞ്ഞല്ലോ?''

``അവ കിളിര്‍ക്കാന്‍ സമയമായിട്ടില്ല. അതുകൊണ്ടുതന്നെ,'' അവളുടെ പപ്പ പറഞ്ഞു. 

``പപ്പ വീണ്ടും പഴയതുപോലെ മറുപടി പറയുന്നു,'' അവള്‍ പരാതിപ്പെട്ടു. ``കഴിഞ്ഞവര്‍ഷം ലില്ലിച്ചെടികള്‍ മാര്‍ച്ച്‌ 28-ന്‌ പൊട്ടിമുളച്ചുവെന്നു കരുതുക,'' കാര്യം വിശദീകരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. ``എന്നാല്‍, അക്കാരണംകൊണ്ട്‌ ഇക്കൊല്ലവും കൃത്യം മാര്‍ച്ച്‌ 28-നു തന്നെ അവ മുളയ്‌ക്കണമെന്നുണ്ടോ? ഇല്ല. ആ കിഴങ്ങുകള്‍ മുളപൊട്ടി മണ്ണിന്‌ പുറത്തുവരണമെങ്കില്‍ പല കാര്യങ്ങള്‍ ശരിയാകാനുണ്ട്‌. അവ എപ്പോഴും നാം പ്രതീക്ഷിക്കുന്നതുപോലെ സംഭവിച്ചുവെന്നു വരില്ല.''

``അതു സമയമാകുമ്പോഴേ സംഭവിക്കൂ,'' അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു. അവള്‍ വീണ്ടുംചോദിച്ചു: ``ഇക്കാര്യങ്ങള്‍ക്ക്‌ ഏതു ക്ലോക്കാണ്‌ നാം ഉപയോഗിക്കുന്നത്‌?'' 

``ദൈവത്തിന്റെ ക്ലോക്ക്‌,'' അദ്ദേഹം പറഞ്ഞു. ``എല്ലാം ദൈവത്തിന്റെ സമയം അനുസരിച്ചേ സംഭവിക്കൂ.''നാം ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നു. ഓരോരോ കാര്യത്തിനുവേണ്ടി അധ്വാനിക്കുന്നു; പ്രാര്‍ഥിക്കുന്നു. എന്നാല്‍ അവയെല്ലാം നാം വിഭാവനം ചെയ്യുന്നതുപോലെ സംഭവിക്കുന്നുണ്ടോ! പലപ്പോഴും നമ്മുടെ പ്ലാനും പദ്ധതിയുമനുസരിച്ച്‌ കാര്യങ്ങള്‍ നീങ്ങുന്നില്ല എന്നതല്ലേ വാസ്‌തവം? പക്ഷേ, അതുകൊണ്ടു നാം നിരാശരാകണോ? എല്ലാക്കാര്യങ്ങള്‍ക്കും ഒരു സമയം ഉണ്ടെന്നതല്ലേ വാസ്‌തവം? ആ സമയം ദൈവത്തിന്റെ ക്ലോക്കനുസരിച്ചാണന്നതല്ലേ യാഥാര്‍ഥ്യം?

`വെന്‍ ഇറ്റ്‌ ഈസ്‌ ടൈം' എന്ന പേരില്‍ ബോബ്‌ പെര്‍ക്‌സ്‌ എഴുതിയ ലേഖനത്തില്‍ അദ്ദേഹം തന്റെ പുന്നാര മകളെ അനുസ്‌മരിപ്പിച്ചതുപോലെ, നമ്മുടെ ജീവിതത്തില്‍ എല്ലാകാര്യങ്ങളും നടക്കുന്നതു ദൈവത്തിന്റെ സമയം അനുസരിച്ചാണ്‌. അവിടുത്തെ തിരുവിഷ്‌ടം അനുസരിച്ചേ കാര്യങ്ങള്‍ നീങ്ങൂ. അപ്പോള്‍പ്പിന്നെ ഓരോ കാര്യങ്ങളും നാം തീരുമാനിക്കുന്നതുപോലെ നടക്കണമെന്നു വാശിപിടിക്കുന്നത്‌ ശരിയാണോ?

നമുക്ക്‌ അറിയാവുന്ന കലണ്ടറും ക്ലോക്കും ഉപയോഗിച്ച്‌ നാം നമ്മുടെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം; നമ്മുടെ സ്വപ്‌നങ്ങളുടെ സാക്ഷാത്‌കാരത്തിനായി പരിശ്രമിക്കണം. എന്നാല്‍, നാം ലക്ഷ്യംവയ്‌ക്കുന്ന സമയത്ത്‌ കാര്യങ്ങള്‍ നടക്കാതെ വന്നാല്‍ നാം നിരാശരായി ജീവിതത്തില്‍നിന്ന്‌ ഓടിയൊളിക്കാന്‍ ശ്രമിക്കരുത്‌. മറിച്ച്‌, ദൈവം അനുവദിക്കുന്ന സമയത്ത്‌ കാര്യങ്ങള്‍ ശരിയാകുമെന്ന ഉറച്ചബോധ്യം നമുക്ക്‌ വേണം. കാരണം, നമ്മുടെ കാര്യങ്ങള്‍ ശരിയാവണമെന്ന്‌ നമ്മെക്കാള്‍ അവിടുത്തേക്കു നിര്‍ബന്ധമുണ്ടെന്നതാണ്‌ വാസ്‌തവം.

ചിലപ്പോള്‍, നാം പ്ലാന്‍ ചെയ്യുന്ന സമയവും ദൈവം വിഭാവനം ചെയ്യുന്ന സമയവും ഒന്നായിരിക്കാം. അങ്ങനെയെങ്കില്‍ നാം ദൈവത്തോട്‌ ഏറെ നന്ദി പറയണം. എന്നാല്‍, നാം പ്ലാന്‍ ചെയ്യുന്ന സമയവും ദൈവം നമുക്കായി പ്ലാന്‍ ചെയ്യുന്ന സമയവും തമ്മില്‍ വ്യത്യാസമുണ്ടായാല്‍ അതു നമുക്ക്‌ ദോഷകരമാണെന്ന്‌ കരുതരുത്‌? മറിച്ച്‌, അതു നമ്മുടെ നന്മയ്‌ക്കാണെന്ന്‌ ഉറപ്പായി വിശ്വസിക്കാം. കാരണം, ഏതേതു കാര്യങ്ങള്‍ നമുക്ക്‌ ഏതു സമയത്താണ്‌ ആവശ്യമായിരിക്കുന്നതെന്ന്‌ നമ്മെക്കാള്‍ കൂടുതലായി അറിയുന്നത്‌ ദൈവമല്ലേ? 

ദൈവത്തിന്റെ ക്ലോക്കും കലണ്ടറും അനുസരിച്ച്‌ നമ്മുടെ ജീവിതത്തില്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ സാധിച്ചെങ്കില്‍ എത്ര നന്നായിരുന്നു! പക്ഷേ, അത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം, അവിടുത്തേക്ക്‌ നമ്മെക്കുറിച്ചുള്ള പ്ലാനും പദ്ധതിയും എന്താണെന്ന്‌ അറിയാതെയാണ്‌ പലപ്പോഴും നാം സ്വന്തം കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്‌. അതുകൊണ്ടുതന്നെ നമ്മുടെ പല പ്ലാനുകളും പാളിപ്പോകുന്നു.നമ്മുടെ ജീവിതത്തെക്കുറിച്ച്‌ ദൈവത്തിനൊരു കലണ്ടറുണ്ട്‌ എന്നതു നമുക്ക്‌ മറക്കാതിരിക്കാം. അതുപോലെ, ദൈവത്തിന്റെ സമയം അനുസരിച്ചേ, നമ്മുടെ ജീവിതത്തില്‍ എന്തും നടക്കൂ എന്നതും എപ്പോഴും നമുക്ക്‌ ഓര്‍മിക്കാം. കാര്യങ്ങള്‍ ദൈവത്തിന്റെ തിരുവിഷ്‌ടമനുസരിച്ച്‌ നമ്മുടെ ജീവിതത്തില്‍ നടക്കാന്‍വേണ്ടി നമുക്ക്‌ പ്രാര്‍ഥിക്കാം. അപ്പോള്‍ എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ സമയവും നമ്മുടെ സമയവും ഒന്നായി മാറും.

Please send your feedback: panthaplamthottiyil@hotmail.com

Tuesday, 24 February 2015

മനസിന്റെ കാന്‍വാസ്‌ വിശാലമായാല്‍

ചിത്രരചനയില്‍ മൈക്കളാഞ്ചലോയോടും ലെയനാര്‍ദോ ദാവിഞ്ചിയോടും കിടപിടിച്ചിരുന്ന ഇറ്റാലിയന്‍ ചിത്രകാരനാണ്‌ റാഫേല്‍ (1483 -1520). മുപ്പത്തേഴാമത്തെ വയസില്‍ റോമില്‍ നിര്യാതനായ റാഫേല്‍ കന്യകാമാതാവിന്റെ മാത്രം മുന്നൂറിലേറെ ചിത്രങ്ങള്‍ രചിക്കുകയുണ്ടായി. ജൂലിയസ്‌ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം വത്തിക്കാന്‍ കൊട്ടാരത്തിലെ പല മുറികളും ചിത്രപ്പണിചെയ്‌തു മോടിപിടിപ്പിച്ചത്‌ റാഫേലായിരുന്നു.റാഫേലിന്‌ 21 വയസുള്ളപ്പോഴാണ്‌ ഫ്‌ളോറന്‍സില്‍ മൈക്കളാഞ്ചലോയെ പരിചയപ്പെടാനും അദ്ദേഹത്തിനു ശിഷ്യപ്പെടാനും സാധിച്ചത്‌. ഒരിക്കല്‍ റാഫേല്‍ തന്റെ സ്റ്റുഡിയോയില്‍ മനോഹരമായ ഒരു പ്രകൃതിദൃശ്യത്തിനു രൂപം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ മൈക്കളാഞ്ചലോ അവിടെ എത്താനിടയായി. ആ ചിത്രം കണ്ടപ്പോള്‍ ഒരു ചോക്കെടുത്ത്‌ അദ്ദേഹം എഴുതി: ആംപ്ലിയൂസ്‌! റാഫേല്‍ തന്റെ കാഴ്‌ചപ്പാട്‌ കുറേക്കൂടി വിശാലമാക്കി ചിത്രരചന നടത്തണമെന്നാണ്‌ ഇംഗ്ലീഷില്‍ ലാര്‍ജര്‍ എന്ന്‌ അര്‍ഥംവരുന്ന ആ വാക്കെഴുതിക്കൊണ്ട്‌ മൈക്കളാഞ്ചലോ വ്യക്തമാക്കിയത്‌.ജീവിതത്തില്‍ പല കാര്യങ്ങളെക്കുറിച്ചും നമുക്കുള്ള കാഴ്‌ചപ്പാട്‌ വളരെ ഇടുങ്ങിയതാണ്‌. ജീവിതത്തെക്കുറിച്ചു വിശാലമായി ചിന്തിക്കാനും വിശാലമായ കാഴ്‌ചപ്പാടോടെ കാര്യങ്ങള്‍ കാണാനും ചെയ്യാനും നമുക്കു പലപ്പോഴും വൈമുഖ്യമാണ്‌. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തെക്കുറിച്ചു വിശാലമായ കാഴ്‌ചപ്പാട്‌ നമുക്കുണ്ടായിരുന്നെങ്കില്‍ അനുദിന ജീവിതത്തിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു.

മനുഷ്യരെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ ഹ്രസ്വവും ഇടുങ്ങിയതുമായതുകൊണ്ടല്ലേ ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയുമൊക്കെ പേരില്‍ നാം വിവേചനം കാണിക്കുന്നത്‌? മനുഷ്യരെല്ലാം ദൈവത്തിന്റെ മക്കളാണെന്നും നാമെല്ലാം സഹോദരീസഹോദരങ്ങളാണെന്നുമുള്ള സത്യം നമുക്കറിയാം. എങ്കില്‍പ്പോലും ഇടുങ്ങിയ ചിന്താഗതിക്കു നാം വശംവദരായിപ്പോകുന്നതുകൊണ്ട്‌ ഏതെല്ലാം രീതിയിലുള്ള വിവേചനമാണ്‌ നാം മറ്റുള്ളവരോടു കാണിക്കുന്നത്‌.

നമ്മുടെ വിശ്വാസപ്രമാണവും ജീവിതശൈലിയും ചിന്താരീതികളുമൊക്കെ അപ്പാടെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതിന്റെ പേരില്‍ നാം മറ്റുള്ളവരെ ക്രൂശിക്കാറില്ലേ? നമ്മള്‍ പറയുന്നതുപോലെയും ചെയ്യുന്നതുപോലെയുമേ മറ്റുള്ളവര്‍ ചെയ്യാവൂ എന്നു നാം കടുപിടിത്തം പിടിക്കാറില്ലേ? നമ്മുടെ ആശയഗതിയില്‍ നിന്നു വിഭിന്നമായി ആരെങ്കിലും പറഞ്ഞാല്‍ അതിന്റെപേരില്‍ നാം ശണ്‌ഠ കൂടാറില്ലേ? നാം പിടിച്ച മുയലിന്‌ മൂന്നു കൊമ്പ്‌ എന്ന കാര്യത്തില്‍ നാം ശാഠ്യം പിടിക്കാറില്ലേ?


ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ചെസ്റ്റര്‍ ഫീല്‍ഡ്‌ പ്രഭു (1694-1773). അദ്ദേഹം ഒരിക്കല്‍ എഴുതി: നമ്മള്‍ നിലത്തുനിന്നുകൊണ്ട്‌ ഒരു കുതിരയെ നോക്കിയാല്‍ അതു കുതിരയെപ്പോലെതന്നെയിരിക്കും. എന്നാല്‍, കുതിരയ്‌ക്കു മുകളിലായി ആകാശത്തുനിന്ന്‌ നോക്കിയാല്‍ അത്‌ ഒരു വയലിനാണെന്നു നമുക്കു തോന്നും! ഒരേ കാര്യങ്ങള്‍ക്കു വ്യത്യസ്‌തമായ വീക്ഷണകോണ്‍വഴി ഉണ്ടാകുന്ന കാതലായ വ്യത്യാസം വ്യക്തമാക്കാനാണ്‌ ചെസ്റ്റര്‍ ഫീല്‍ഡ്‌ ഈ ഉദാഹരണം അവതരിപ്പിച്ചത്‌.

നമ്മുടെ അനുദിന ജീവിതത്തിലെ കാര്യങ്ങളുടെ സ്ഥിതിയും ഏകദേശം ഇതുപോലെയാണ്‌. നാം ഏതു കാര്യത്തെ ഏത്‌ ആംഗിളില്‍നിന്ന്‌ എങ്ങനെ കാണുന്നുവെന്നതാണ്‌ പ്രധാനം. നമ്മുടെ കാഴ്‌ചപ്പാട്‌ ഇടുങ്ങിയതും നമ്മുടെ ചിന്താഗതി വികലവുമാണെങ്കില്‍ അതുവഴി നമുക്കും മറ്റുള്ളവര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ട്‌ എത്ര വലുതാണെന്നു നാം ഓര്‍മിക്കാറുണ്ടോ? മറ്റുള്ളവരുടെ വ്യക്തിത്വത്തെയും അവരുടെ ന്യായമായ വിശ്വാസ സംഹിതയെയുമൊക്കെ അംഗീകരിക്കാന്‍ നമുക്ക്‌ സാധിച്ചാല്‍ നമ്മുടെ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്‌ടിക്കുന്ന കാര്യങ്ങളുടെ എണ്ണം വളരെയേറെ കുറയുമായിരുന്നു.

ചിത്രകാരനായ റാഫേലിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. മൈക്കളാഞ്ചലോയ്‌ക്കു ശിഷ്യപ്പെടുമ്പോള്‍പോലും റാഫേല്‍ മികവുറ്റ ഒരു ചിത്രകാരനായിരുന്നു. എങ്കിലും മൈക്കളാഞ്ചലോയ്‌ക്ക്‌ ശിഷ്യപ്പെടാനും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും റാഫേല്‍ തയാറായി. അതുവഴി റാഫേലിനുണ്ടായ വളര്‍ച്ച അദ്‌ഭുതാവഹമായിരുന്നു. തന്മൂലമാണ്‌ മൈക്കളാഞ്ചലോയ്‌ക്കും ദാവിഞ്ചിക്കുമൊപ്പം ഇറ്റാലിയന്‍ നവോത്ഥാന കാലഘട്ടത്തിലെ പ്രഗത്‌ഭരായ മൂന്നു ചിത്രകാരന്മാരിലൊരാളായി റാഫേല്‍ ഇന്ന്‌ എണ്ണപ്പെടുന്നത്‌. 

ചിത്രകാരനെന്ന രീതിയില്‍ ആരുടെയും പിന്നിലായിരുന്നില്ല റാഫേല്‍. എങ്കിലും തന്റെ കാന്‍വാസ്‌ കൂറേക്കൂടി വിശാലമാക്കണമെന്നു മൈക്കളാഞ്ചലോ നിര്‍ദേശിച്ചപ്പോള്‍ ആ നിര്‍ദേശം റാഫേല്‍ സസന്തോഷം സ്വീകരിക്കുകയായിരുന്നു. റാഫേലിന്റെ വളര്‍ച്ചയ്‌ക്ക്‌ ആ നിര്‍ദേശം വഴിയൊരുക്കി.

ഇടുങ്ങിയ ചിന്താഗതികള്‍ ഉപേക്ഷിച്ച്‌ വിശാലവും ക്രിയാത്‌മകവുമായ കാഴ്‌ചപ്പാടുകള്‍ സ്വീകരിക്കാന്‍ നാം തയാറായാല്‍ നമ്മുടെയും ജീവിതത്തില്‍ അദ്‌ഭുതാവഹമായ വളര്‍ച്ചയുണ്ടാകുമെന്നതില്‍ സംശയം വേണ്ട. 
നമുക്കെന്തുമാത്രം വിദ്യാഭ്യാസവും പാണ്‌ഡിത്യവുമുണ്ടായാലും മറ്റു മനുഷ്യരെ ആദരിക്കാനും അവരുടെ വികാരവിചാരങ്ങള്‍ കണക്കിലെടുക്കാനും നമുക്ക്‌ സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ ജീവിതം തികഞ്ഞ പരാജയമായിരിക്കും.

അമേരിക്ക കണ്ടിട്ടുള്ളതില്‍ ഏറ്റവും പ്രഗത്‌ഭരായ വാഗ്‌മികളിലും ഗ്രന്ഥകര്‍ത്താക്കളിലും ഒരാളായിരുന്നു ആര്‍ച്ച്‌ബിഷപ്‌ ഫുള്‍ട്ടണ്‍ ജെ.ഷീന്‍ (1895-1979). ഒരിക്കല്‍ ഒരു വാനനിരീക്ഷകന്‍ അദ്ദേഹത്തോടു പറഞ്ഞു: ഒരു വാനനിരീക്ഷകനെ സംബന്ധിച്ചിടത്തോളം മനുഷ്യനെന്നു പറയുന്നത്‌ അനന്തമായ പ്രപഞ്ചത്തിലെ ഒരു മണല്‍ത്തരി മാത്രമാണ്‌.
ഉടനേ ആര്‍ച്ച്‌ബിഷപ്‌ ഷീന്‍ പറഞ്ഞു: പക്ഷേ, പ്രപഞ്ചത്തിലെ മണല്‍ത്തരികളിലൊന്നായ മനുഷ്യന്‍ തന്നെയാണ്‌ വാനനിരീക്ഷകനെന്നതും നാം മറക്കേണ്ട.ആര്‍ച്ച്‌ബിഷപ്‌ ഷീന്‍ അര്‍ഥമാക്കിയതുപോലെ മനുഷ്യനെ ഒരു മണല്‍ത്തരി മാത്രമായും അതുപോലെ ബഹുമിടുക്കനായ ഒരു വാനനിരീക്ഷകനായും നമുക്ക്‌ കാണാന്‍ സാധിക്കും. പക്ഷേ ഇവയിലേതെങ്കിലുമൊന്നു മാത്രമായാണ്‌ നാം മനുഷ്യനെ കാണുന്നതെങ്കില്‍ നമ്മുടെ കാഴ്‌ചപ്പാട്‌ വികലവും അപൂര്‍ണവുമാണെന്നതില്‍ സംശയംവേണ്ട. 

നമുക്ക്‌ നമ്മുടെ കാഴ്‌ചപ്പാടുകള്‍ വിശകലനം ചെയ്യാം. അവ ഹ്രസ്വവും ഇടുങ്ങിയതുമാണെങ്കില്‍ എത്രയും വേഗം നമ്മുടെ മനസിന്റെ കാന്‍വാസ്‌ സകല നന്മകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വിശാലമാക്കാം.

plz send your feedback : panthaplamthottiyil@hotmail.com

Monday, 23 February 2015

വാങ്ങാത്ത റിവോള്‍വറും ബുള്ളറ്റും

``ഒരിക്കല്‍ മോന്‍ ഒരു എഴുത്തുകാരനാകും,'' ആ അമ്മ മകനോടു പഞ്ഞു. 

``വെറും ഒരുഎഴുത്തുകാരനല്ല, വലിയൊരു എഴുത്തുകാരന്‍!''

ഓഗോ മാന്‍ഡിനോ അന്നൊരു ബാലനായിരുന്നു. പിഞ്ചുബാലന്‍. എന്നാല്‍ ഒന്നാംക്ലാസില്‍ പഠനം തുടങ്ങുന്നതിനുമുമ്പേ അവന്‍ ലൈബ്രറി പുസ്‌തകങ്ങള്‍ വായിച്ചുതുടങ്ങിയിരുന്നു. വായിക്കാന്‍ മാത്രമല്ല, എഴുതുവാനും അമ്മ അവനെ പ്രോത്സാഹിപ്പിച്ചു. അവന്‍ ചെറുകഥകള്‍ എഴുതി അമ്മയെ വായിച്ചുകേള്‍പ്പിച്ചു. അവ കേള്‍ക്കുന്നത്‌ അമ്മയ്‌ക്ക്‌ വലിയ സന്തോഷമായിരുന്നു.

ഹൈസ്‌കൂളില്‍ പഠിക്കുന്ന അവസാന വര്‍ഷം സ്‌കൂളില്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു മാന്‍ഡീനോ. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞാലുടനേ അമേരിക്കയിലെ ഏറ്റവും നല്ല ജേര്‍ണലിസം കോളജില്‍ പഠിക്കുവാനായിരുന്നു ആ ചെറുപ്പക്കാരന്റെ പ്ലാന്‍.

എന്നാല്‍, കാര്യങ്ങളെല്ലാം പെട്ടെന്നു കീഴ്‌മേല്‍ മറിഞ്ഞു. അവന്‍ ഹൈസ്‌കൂള്‍ പാസായി ആറാഴ്‌ചയ്‌ക്കുള്ളില്‍ അമ്മ ഹൃദ്‌രോഗംമൂലം മരിച്ചു. അതോടെ അവന്റെ കോളജ്‌ പഠനം സ്വപ്‌നം മാത്രമായി മാറി. ജീവിക്കുന്നതിനായി ഒരു പേപ്പര്‍ ഫാക്‌ടറിയില്‍ അവന്‍ ജോലി നേടി. 

രണ്ടുവര്‍ഷം കഴിഞ്ഞപ്പോല്‍ 1942-ല്‍ ആര്‍മി എയര്‍ കോറില്‍ ചേര്‍ന്നു പൈലറ്റായി. രണ്ടാം ലോകമഹായുദ്ധകാലത്തു ജര്‍മനിയില്‍ മുപ്പതു തവണ ബോംബിംഗ്‌ മിഷന്‍ നടത്തി. യുദ്ധം കഴിഞ്ഞപ്പോള്‍ മാന്‍ഡീനോ അമേരിക്കയിലേക്കു മടങ്ങി.

പക്ഷേ, നല്ല ഒരു ജോലി കണ്ടെത്തുക എന്നതു മാന്‍ഡീനോയ്‌ക്ക്‌ എളുപ്പമായിരുന്നില്ല. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഒരു ബോംബര്‍ പൈലറ്റിന്‌ ആര്‌ എന്തു ജോലി കൊടുക്കാന്‍? മറ്റു മാര്‍ഗം ഇല്ലാതിരുന്നതുകൊണ്ട്‌ കമ്മീഷന്‍ വ്യവസ്ഥയിലുള്ള ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ ജോലി അദ്ദേഹം ഏറ്റെടുത്തു. അധികം താമസിയാതെ വിവാഹവും കഴിച്ചു.
പിന്നീടുള്ള പത്തുവര്‍ഷം ശരിക്കും നരകസമാനമായിരുന്നു ജീവിതം- മാന്‍ഡീനോയ്‌ക്കു മാത്രമല്ല, ഭാര്യയ്‌ക്കും പുത്രിക്കും. എന്നും സാമ്പത്തിക പ്രശ്‌നങ്ങള്‍. അനുദിനം വര്‍ധിച്ചുവന്ന കടബാധ്യതകള്‍. പ്രശ്‌നങ്ങളെ മറികടക്കാന്‍ വയ്യാതെ വന്നപ്പോള്‍ അമിതമായി മദ്യപിക്കാന്‍ തുടങ്ങി. അത്‌ പ്രശ്‌നങ്ങള്‍ വഷളാക്കിയതേയുള്ളൂ. ഭാര്യയും മകളും അദ്ദേഹത്തെ ഉപേക്ഷിച്ചു. സഹായിക്കാനോ ആശ്വസിപ്പിക്കാനോ ആരുമില്ലാത്ത അവസ്ഥ. 

ഉണ്ടായിരുന്ന ജോലികൂടി ഉപേക്ഷിച്ച്‌ അദ്ദേഹം നാടുനീളെ അലയാന്‍ തുടങ്ങി. എവിടെനിന്നെങ്കിലും അല്‌പം പണം കിട്ടിയാല്‍ കുടിച്ചുകൂത്താടി വഴിയിറമ്പുകളിലും ഓടകളിലും വീണുകിടക്കും. വീണ്ടും ബോധം വരുമ്പോള്‍ എന്തെങ്കിലും ജോലിചെയ്‌തു പണമുണ്ടാക്കി പിന്നെയും കുടിക്കും.
ഇനിയുള്ള കഥയുടെ കുറെഭാഗം അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ കുറിക്കാം: ``ഞാന്‍ ക്ലീവ്‌ലന്‍ഡിലായിരുന്ന ഒരുദിവസം. എല്ലാം മടുത്ത ഞാന്‍ ജീവിതം മതിയാക്കാന്‍ നിശ്ചയിച്ചു. വഴിയരികില്‍ കണ്ട ഒരു ഷോപ്പിലെ ചില്ലലമാരയില്‍ ഒരു റിവോള്‍വര്‍ ഇരിക്കുന്നു! വലിയ അക്ഷരത്തില്‍ വിലയും കുറിച്ചുവച്ചിട്ടുണ്ട്‌: 29 ഡോളര്‍. 

ഞാന്‍ എന്റെ പോക്കറ്റ്‌ പരിശോധിച്ചു. ആകെ 30 ഡോളര്‍ കൈവശമുണ്ട്‌. എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്‌, ഞാന്‍ സ്വയം പറഞ്ഞു. ഞാന്‍ ഈ റിവോള്‍വര്‍ വാങ്ങും. കുറെ ബുള്ളറ്റുകളും. അവയുമായി എവിടെയെങ്കിലും ചെന്ന്‌ എന്റെ തലയ്‌ക്കുതന്നെ ഞാന്‍ വെടിവയ്‌ക്കും. അപ്പോള്‍പ്പിന്നെ ഒരു പരാജിതന്റെ മുഖം കണ്ണാടിയില്‍ എനിക്കു കാണേണ്ടിവരില്ലല്ലോ.''

ഇന്നു പല മനുഷ്യരും ചെയ്യുന്ന രീതിയിലാണെങ്കില്‍ മാന്‍ഡീനോയുടെ ജീവിതം അന്ന്‌ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, അദ്ദേഹം തന്റെ ജീവന്‍ നശിപ്പിച്ചില്ല. കടബാധ്യതകളും കുടുംബപ്രശ്‌നങ്ങളും അമിത മദ്യപാനവുമെല്ലാം അദ്ദേഹത്തിന്റെ ജീവിതം നരകതുല്യമാക്കിയിട്ടും അദ്ദേഹം അന്ന്‌ ആ റിവോള്‍വറും ബുള്ളറ്റുകളും വാങ്ങിയില്ല. പകരം, തന്റെ ജീവിതത്തിന്‌ ഒരവസരംകൂടി നല്‌കുവാന്‍ അദ്ദേഹം തീരുമാനിച്ചു. 
പിന്നെ നീണ്ട ഒരന്വേഷണത്തിന്റെ തുടക്കമായിരുന്നു. എവിടെയാണു തെറ്റുപറ്റിയത്‌? ജീവിതത്തില്‍ ഇനിയും പ്രതീക്ഷിക്കാന്‍ വകയുണ്ടോ? മദ്യാസക്തിയില്‍നിന്നു വിടുതല്‍ നേടാനാകുമോ?

ഈ ചോദ്യങ്ങള്‍ ഒന്നൊന്നായി മാന്‍ഡീനോയുടെ തലയിലുദിച്ചപ്പോള്‍ ഉത്തരംതേടി അദ്ദേഹം പുസ്‌തകങ്ങളിലേക്കു തിരിഞ്ഞു - പ്രചോദനാത്മക ഗ്രന്ഥങ്ങളിലേക്ക്‌. അവയില്‍ ഏറ്റവും കൂടുതല്‍ അദ്ദേഹത്തെ സ്വാധീനിച്ചതു വില്യം ക്ലെമന്റ്‌ സ്റ്റോണ്‍ എഴുതിയ `സക്‌സസ്‌ ത്രു എ പോസിറ്റീവ്‌ മെന്റല്‍ ആറ്റിറ്റിയൂഡ്‌' എന്ന പുസ്‌തകമായിരുന്നു.നിഷേധാത്മക ചിന്തയാണ്‌ തന്റെ നാശത്തിനു വഴിതെളിച്ചതെന്നു മനസിലാക്കിയ അദ്ദേഹം ജീവിതത്തെ കൂടുതല്‍ പ്രസാദാത്മകമായി കാണാന്‍ തുടങ്ങി. അതോടൊപ്പം ക്രിയാത്മകമായ ചിന്തയും പ്രവൃത്തിയും തന്റെ ജീവിതത്തില്‍ സംയോജിപ്പിച്ചു. 

അദ്ദേഹം വീണ്ടും സ്ഥിരമായ ഒരു ജോലി കണ്ടുപിടിച്ചു. ഒരു എഴുത്തുകാരനാകണമെന്നുള്ള സ്വപ്‌നം താലോലിച്ചിരുന്ന അദ്ദേഹം `സക്‌സസ്‌ അണ്‍ലിമിറ്റഡ്‌' എന്ന പ്രസിദ്ധ മാസികയുടെതന്നെ എഡിറ്ററായി. അദ്ദേഹം ആദ്യം എഴുതിയ പുസ്‌തകമായ `ദ ഗ്രെയ്‌റ്റസ്റ്റ്‌ സെയില്‍സ്‌മാന്‍ ഇന്‍ ദ വേള്‍ഡ്‌' ഒരു ബെസ്റ്റ്‌ സെല്ലറായി മാറി. ഈ പുസ്‌തകത്തിന്റെ ഒന്നരക്കോടിയിലേറെ കോപ്പികളാണ്‌ ഇതിനകം വിറ്റഴിഞ്ഞിരിക്കുന്നത്‌.
മുപ്പത്തിരണ്ടാം വയസില്‍ തന്റെ ജീവിതം ശരിയായ ദിശയിലേക്കു തിരിച്ചുവിട്ട അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു സൗഭാഗ്യകരമായ കുടുംബജീവിതത്തിന്‌ ഉടമയായി. ഒന്നിനു പുറകെ ഒന്നായി ഒട്ടേറെ ബെസ്റ്റ്‌ സെല്ലറുകള്‍ എഴുതിയ അദ്ദേഹം 1996-ല്‍ 73-ാം വയസിലാണ്‌ അന്തരിച്ചത്‌. കടബാധ്യതകളും കുടുംബപ്രശ്‌നങ്ങളും മറ്റു വിവിധ കാരണങ്ങളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ശോഭ കെടുത്തിയേക്കാം. എന്നാല്‍ ഇവയൊക്കെ നമ്മുടെ ജീവിതം തച്ചുടയ്‌ക്കാന്‍ മതിയായ കാരണങ്ങളാണോ? 

നമ്മുടെ ജീവിതം സ്വയം നശിപ്പിക്കുന്നതിനു ലോകത്തില്‍ ഒരു കാരണവും മതിയാകില്ല എന്നതല്ലേ വസ്‌തുത? അതുപോലെതന്നെ, നമ്മുടെ ജീവിതത്തില്‍ പരിഹരിക്കാന്‍ പാടില്ലാത്ത ഏതു പ്രശ്‌നമാണുള്ളത്‌? ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത പല കാര്യങ്ങളുമുണ്ട്‌. രോഗവും മരണവും ചിലപ്പോഴെങ്കിലും ഉണ്ടായേക്കാവുന്ന പ്രതിസന്ധികളുമൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. 

എന്നാല്‍, നാം മനസുവച്ചാല്‍ നമുക്ക്‌ പരിഹരിക്കാന്‍ പാടില്ലാത്ത ജീവിതപ്രശ്‌നങ്ങളോ പ്രതിസന്ധികളോ ഇല്ലെന്നതാണ്‌ വസ്‌തുത. പക്ഷേ, അതിനു നാം ക്രിയാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നുമാത്രം. അതോടൊപ്പം, ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ലെന്ന ചിന്തയും നമുക്കു വേണം.

നാം എപ്പോഴും ജീവിതത്തില്‍ വിജയിക്കണമെന്നല്ലേ നമ്മുടെ ആഗ്രഹം? എന്നാല്‍, നമ്മള്‍ എപ്പോഴും വിജയിക്കണമെന്നു നമ്മെക്കാള്‍ ഏറെ ആഗ്രഹിക്കുന്നതു ദൈവമാണെന്ന്‌ അറിയാമോ? നമ്മുടെ വിജയം എപ്പോഴും ആഗ്രഹിക്കുന്ന ദൈവം നമ്മോടുകൂടിയാണെങ്കില്‍, നാം എന്തേ സഹായത്തിനായി അവിടുത്തെ പക്കലേക്കു തിരിയാത്തത്‌ - പ്രത്യേകിച്ചും പ്രതിസന്ധികളുടെ അവസരത്തില്‍? 

ജീവിതത്തില്‍ പരാജയത്തിന്റെ നെല്ലിപ്പലക കണ്ടയാളായിരുന്നു മാന്‍ഡീനോ. എന്നാല്‍, ദൈവാനുഗ്രഹവും ക്രിയാത്മകമായ ചിന്തയും സ്ഥിരപരിശ്രമവുംവഴി ജീവിതവിജയത്തിന്റെ ഏണിപ്പടികള്‍ ഒന്നൊന്നായി അദ്ദേഹം തിരിച്ചുകയറി. ഏതു പരാജയത്തിന്റെ അഗാധതയില്‍ വീണുപോയാലും അവിടെവച്ചു ജീവിതം നശിപ്പിക്കുകയല്ല വേണ്ടത്‌; അവിടെനിന്നു ജീവിതത്തിലേക്കു തിരിെകവരാനാണു ശ്രമിക്കേണ്ടത്‌. അപ്പോള്‍ ദൈവവും കുടുംബാംഗങ്ങളും സമൂഹവും നമുക്കു കൂട്ടിനുണ്ടാകുമെന്നു തീര്‍ച്ചയാണ്‌.

plz send your feedback to: panthaplamthottiyil@hotmail.com

Sunday, 22 February 2015

ജീവന്‍ ആവാഹിച്ച പുഷ്‌പങ്ങള്‍

ബുദ്ധഭഗവാന്‍ ശ്രാവസ്‌തിയില്‍ താമസിക്കുന്ന കാലം. അന്ന്‌ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യ സുമാഗധ എന്ന സുന്ദരിയായിരുന്നു. ശ്രീബുദ്ധന്‍ പഠിപ്പിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുക എന്നതായിരുന്നു അവള്‍ക്ക്‌ എറ്റവും പ്രിയപ്പെട്ട ജോലി.

പക്ഷേ, വിവാഹപ്രായത്തിലെത്തിയ സുമാഗധ നാടുനീളെ പ്രസംഗിക്കുവാന്‍ നടക്കുന്നത്‌ അത്ര ശരിയല്ലെന്ന്‌ അവളുടെ പിതാവായ അനാഥപിണ്‌ഡദനുതോന്നി. അദ്ദേഹം ബുദ്ധന്റെ അനുവാദത്തോടെ സുമാഗധയെ സമ്പന്നമായ ഒരു തറവാട്ടിലേക്കു വിവാഹം ചെയ്‌തയച്ചു.
സുമാഗധയുടെ ഭര്‍ത്താവ്‌ വൃഷദത്തകന്‍ സ്‌നേഹസമ്പന്നനായിരുന്നു. എന്നാല്‍ അമ്മായിയമ്മ ധനവതി അത്ര സ്‌നേഹവതിയായിരുന്നില്ല. സുമാഗധയെ കൊച്ചാക്കുക എന്നതായിരുന്നു ധനവതിയുടെ സ്ഥിരം ജോലി.

അമ്മായിയമ്മ ഒരിക്കല്‍ പൂജയും സന്യാസിമാര്‍ക്കായി സദ്യയുമൊരുക്കി. ആവുന്നത്രെ സന്യാസിമാരെ വരുത്തി തന്റെ സ്വാധീനം പ്രകടമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, സദ്യയുണ്ണാന്‍ വന്നവരെല്ലാം കള്ളസന്യാസിമാരായിരുന്നു. സുമാഗധ ഇക്കാര്യം അമ്മായിയമ്മയോടു പറയുകയും ചെയ്‌തു. എന്നുമാത്രമല്ല, സദ്യയ്‌ക്കു വിളിക്കേണ്ടിയിരുന്നതു ബുദ്ധഭഗവാനെയായിരുന്നു എന്നു സുമാഗധ ഓര്‍മിപ്പിക്കുകയും ചെയ്‌തു.``അങ്ങനെയെങ്കില്‍ നീ അദ്ദേഹത്തെ വിളിക്കൂ. അദ്ദേഹം വരുമോ എന്നു കാണട്ടെ,'' അമ്മായിയമ്മ പറഞ്ഞു. ഉടനേ സുമാഗധ പറഞ്ഞു: അദ്ദേഹം നാളെ രാവിലെ ഇവിടെ വരും. സംശയിക്കേണ്ട.''

നൂറ്റിയറുപതു മൈല്‍ അകലെയാണ്‌ ശ്രീബുദ്ധന്‍ അപ്പോള്‍ താമസിച്ചിരുന്നത്‌. ``അദ്ദേഹമെന്താ പറന്നുവരുമോ?'' അമ്മായിയമ്മ ചോദിച്ചു. ഭഗവാന്‍ തീര്‍ച്ചയായും വരും.'' അത്രമാത്രമേ സുമാഗധയ്‌ക്കു പറയുവാനുണ്ടായിരുന്നുള്ളൂ.

സുമാഗധയെ സംബന്ധിച്ചിടത്തോളം ശ്രീബുദ്ധന്‍ ഈശ്വരന്റെ അവതാരമായിരുന്നു. അവള്‍ കരളുരുകി പ്രാര്‍ഥിച്ചു: ഭഗവാനേ, വരണേ, അനുഗ്രഹിക്കണേ.'' അവള്‍ വേഗം പോയി കുറെ പൂക്കള്‍ ശേഖരിച്ചു. എന്നിട്ടു മട്ടുപ്പാവിലെത്തി ഭഗവാനോടു പ്രാര്‍ഥിച്ചുകൊണ്ട്‌ പൂക്കള്‍ ആകാശത്തിലേക്കു വാരിയെറിഞ്ഞു.

അവള്‍ ഭഗവല്‍ പ്രീതിക്കായി വാരിയെറിഞ്ഞ പൂക്കളൊന്നും നിലത്തുവീണില്ല. അവയില്‍ അവളുടെ പ്രാണനുണ്ടായിരുന്നു. അവ ആകാശത്തിലൂടെ അതിവേഗം സഞ്ചരിച്ച്‌ ബുദ്ധഭഗവാന്റെ പാദത്തിനരികെ ചെന്നുവീണു.
ഭഗവാന്‍ സ്‌നേഹപൂര്‍വം ആ പൂക്കളിലേക്കു നോക്കി. അപ്പോള്‍ അവിടെ വീണു കിടന്ന ഓരോ പൂവിലും സുമാഗധയുടെ രൂപം ഭഗവാന്‍ കണ്ടു.
ഇക്കഥ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. നമ്മില്‍ മിക്കവരും പ്രാര്‍ഥിക്കുന്നവരാണ്‌. പ്രഭാതത്തിലും പ്രദോഷത്തിലും നാം പ്രാര്‍ഥിക്കാറുണ്ട്‌. അതുപോലെ, മറ്റു സമയങ്ങളിലും വ്യക്തിപരമായും സംഘാതമായും നാം പ്രാര്‍ഥിക്കാറുണ്ട്‌. നമ്മുടെ ഈ പ്രാര്‍ഥനകളൊക്കെ പലപ്പോഴും വളരെ നീണ്ടുപോകാറുമുണ്ട്‌.

എന്നാല്‍, നാം പ്രാര്‍ഥിക്കുമ്പോള്‍ ആ പ്രാര്‍ഥനയില്‍ സ്വന്തം ജീവനെ നാം ആവാഹിക്കാറുണ്ടോ? നമ്മുടെ ഹൃദയവും മനസും ആ പ്രാര്‍ഥനയില്‍ നിറഞ്ഞുനില്‌ക്കാറുണ്ടോ? അതുപോലെ, നാം പ്രാര്‍ഥിക്കുന്ന സമയത്തു നമ്മുടെ ഹൃദയത്തിലും മനസിലും നിറഞ്ഞുനില്‍ക്കുന്നതു ദൈവമാണോ?
നമ്മുടെ പ്രാര്‍ഥന പലപ്പോഴും അധരവ്യായാമം മാത്രമല്ലേ? കുറെ പ്രാര്‍ഥനകളൊക്കെ വല്ലപാടും ചൊല്ലിത്തീര്‍ത്ത്‌ നമ്മുടെ കടമകഴിക്കാനല്ലേ നമ്മുടെ തത്രപ്പാട്‌? പ്രാര്‍ഥനയുടെ സമയത്തു നമ്മുടെ ഹൃദയവും മനസും ദൈവത്തില്‍ ഉറപ്പിച്ചുനിര്‍ത്തണമെന്നു നാം നിര്‍ബന്ധം പിടിക്കാറുണ്ടോ? ഒരുപക്ഷേ, നമ്മുടെ പ്രാര്‍ഥനയ്‌ക്കു പലപ്പോഴും ഫലമില്ലാതെ പോകുന്നത്‌ നമ്മുടെ ഈ അനാസ്ഥകൊണ്ടല്ലേ?

നമ്മുടെ പ്രാര്‍ഥനകള്‍ പൂക്കളാണെന്നു നമുക്ക്‌ സങ്കല്‌പിക്കാം. അവ നാം ആകാശത്തിലേക്കു വാരി വിതറിയാല്‍ അവ ദൈവതൃപ്പാദത്തില്‍ ചെന്നുവീഴുമോ? നമ്മുടെ ജീവനും മനസും ഹൃദയവും മുഴുവനും ആവാഹിച്ചു നമ്മുടെ പ്രാര്‍ഥനകള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ അവ ദൈവസന്നിധിയില്‍ എത്തുകയുള്ളൂ. എങ്കില്‍ മാത്രമേ പ്രാര്‍ഥനകളാകുന്ന പുഷ്‌പങ്ങളില്‍ ദൈവം നമ്മുടെ രൂപം കണ്ടു നമ്മില്‍ പ്രസാദിക്കൂ.
ഇനി, സുമാഗധയുടെ കഥയിലേക്കു മടങ്ങിവരട്ടെ. സുമാഗധയുടെ പ്രാര്‍ഥന പുഷ്‌പങ്ങളായി ഭഗവാന്റെ സന്നിധിയില്‍ എത്തിയപ്പോള്‍ ഭഗവാന്‍ അവളില്‍ പ്രസാദിച്ചു. വേഗം അവളുടെ വീട്ടില്‍ പറന്നെത്തി. സുമാഗധ പറഞ്ഞതുപോലെ ബുദ്ധഭഗവാന്‍ അവിടെ എത്തിയപ്പോള്‍ അവളുടെ ഭര്‍ത്താവും അമ്മായിയമ്മയും മറ്റു കുടുംബാംഗങ്ങളും അത്ഭുതസ്‌തബ്‌ധരായി. ഭഗവാന്‍ ഇത്രവേഗം സുമാഗധയുടെ പ്രാര്‍ഥന സ്വീകരിക്കുമെന്ന്‌ അവരാരും കരുതിയിരുന്നില്ല. സുമാഗധയുടെ പ്രാര്‍ഥന കേട്ട്‌ അവിടെയെത്തിയ ഭഗവാന്‍ അവരെയെല്ലാവരേയും അനുഗ്രഹിച്ചിട്ടാണ്‌ അന്നു മടങ്ങിയത്‌.

നമ്മുടെ പ്രാര്‍ഥനയില്‍ നമ്മുടെ ജീവനും മനസും ഹൃദയവും ഉണ്ടെങ്കില്‍ ആ പ്രാര്‍ഥനകളാകുന്ന പുഷ്‌പങ്ങള്‍ നിലത്തുവീഴില്ല. അവ നേരെ ദൈവതൃപ്പാദത്തില്‍ തന്നെ എത്തും. എന്നുമാത്രമല്ല അവയോരോന്നിലും നമ്മുടെ പൂര്‍ണരൂപം അവിടുന്നു ദര്‍ശിക്കും. അതോടൊപ്പം അവിടുന്നു പറന്നെത്തി തന്റെ ദിവ്യസാന്നിധ്യം കൊണ്ടു നമ്മെ അനുഗ്രഹിക്കുകയും ചെയ്യും.സുമാഗധയുടെ പ്രാര്‍ഥനകേട്ട്‌ ഓടിയെത്തിയ ശ്രീബുദ്ധന്‍ അവളെ അനുഗ്രഹിച്ചിട്ടു മടങ്ങുകയാണു ചെയ്‌തത്‌. എന്നാല്‍ നമ്മുടെ പ്രാര്‍ഥന കേട്ടു നമ്മെ അനുഗ്രഹിക്കുവാനെത്തുന്ന ദൈവം നമ്മള്‍ ആഗ്രഹിക്കുന്നിടത്തോളം കാലം നമ്മുടെ കൂടെയുണ്ടാവും എന്നതാണു സത്യം.

നാം ദൈവത്തെ അനുസ്‌മരിക്കാത്തപ്പോഴും നമ്മുടെ ഹൃദയവും മനസും പൂര്‍ണമായി അവിടുന്നിലേക്ക്‌ ഉയര്‍ത്താത്തപ്പോള്‍പ്പോലും അവിടുന്നു നമ്മോടുകൂടിനിന്നു നമ്മെ അനുഗ്രഹിക്കുന്നുണ്ടെന്നതാണു വസ്‌തുത. അപ്പോള്‍പ്പിന്നെ, നമ്മുടെ ഹൃദയവും മനസും പൂര്‍ണമായും നാം ദൈവത്തിലേക്ക്‌ ഉയര്‍ത്തിയാലത്തെ സ്ഥിതിയോ? 

അപ്പോള്‍ തീര്‍ച്ചയായും അവിടുന്ന്‌ നമ്മില്‍ പ്രസാദിക്കും. നമ്മുടെ നന്മയ്‌ക്ക്‌ ഉപകരിക്കുന്ന കാര്യങ്ങള്‍ അവിടുന്ന്‌ ചെയ്‌തു തരികയും ചെയ്യും. നമ്മുടെ പ്രാര്‍ഥന നമ്മുടെ ജീവനെ മുഴുവന്‍ ആവാഹിച്ചുകൊണ്ടുള്ള പ്രാര്‍ഥനയാണെന്നു നമുക്ക്‌ ഉറപ്പുവരുത്താം. അപ്പോള്‍ നമ്മുടെ പ്രാര്‍ഥനാപുഷ്‌പങ്ങളെല്ലാം ദൈവതൃപ്പാദത്തില്‍ പറന്നെത്തും. ആ പുഷ്‌പങ്ങളില്‍ സുഖദുഃഖ സമ്മിശ്രമായ നമ്മുടെ ജീവിതത്തിന്റെ പൂര്‍ണത അവിടുന്നു കാണും. അവിടുന്ന്‌ ഓടിയെത്തി തന്റെ ദിവ്യസാന്നിധ്യം കൊണ്ട്‌ നമ്മെ അനുഗ്രഹിക്കുകയും ചെയ്യും.

plz send your feedbacks to: panthaplamthottiyil@hotmail.com

Wednesday, 18 February 2015

ലോകത്തിന്റെ വിലയിരുത്തലുകള്‍

വായിച്ചപ്പോള്‍ ചിരി വന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കാതിരിക്കാനുമായില്ല.

യേശുവിനെഴുതിയിരിക്കുന്ന ആ കത്തു വായിച്ചാല്‍ ആരും ചിരിച്ചു പോകും. ജറുസലമിലുള്ള ജോര്‍ഡാന്‍ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ ആണു കത്തു തയാറാക്കി അയച്ചത്‌. കത്തിലെ മേല്‍വിലാസവും ശ്രദ്ധേയം തന്നെ. ``ജീസസ്‌, സണ്‍ ഓഫ്‌ ജോസഫ്‌, കാര്‍പ്പന്റേഴ്‌സ്‌ ഷോപ്പ്‌, നസറത്ത്‌.''

ഇനി ആ കത്തിവിടെ പകര്‍ത്തട്ടെ: 

``അങ്ങയുടെ പുതിയ സംഘടനയുടെ കാര്യങ്ങള്‍ നോക്കാന്‍ അങ്ങു തെരഞ്ഞെടുത്ത പന്ത്രണ്ടുപേരുണ്ടല്ലോ. ഞങ്ങളുടെ അഭിപ്രായത്തില്‍ ഈ പണിക്ക്‌ ഒരിക്കലും പറ്റിയവരല്ല അവര്‍. വിദ്യാഭ്യാസയോഗ്യതയോ അങ്ങു വിഭാവനം ചെയ്യുന്ന ജോലിയിലുള്ള പ്രാഗല്‌ഭ്യമോ അവര്‍ക്കില്ല. ഒരു ടീമായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചുള്ള ഒരു ധാരണ പോലും അവര്‍ക്കില്ല.''

``സൈമണ്‍ പീറ്റര്‍ വികാരജീവിയാണ്‌. അതുപോലെ കടുത്ത ദേഷ്യക്കാരനും. ആണ്‍ഡ്രൂവിനു നേതൃത്വവാസനകളൊന്നുമില്ല. ജയിംസും ജോണും എന്ന രണ്ടു സഹോദരന്മാരുണ്ടല്ലോ. കമ്പനിയോടുള്ള കൂറിനേക്കാളേറെ വ്യക്തി താല്‌പര്യങ്ങള്‍ക്കാണ്‌ അവര്‍ പ്രാധാന്യം നല്‌കുന്നത്‌.ആവശ്യമില്ലാതെ ചോദ്യം ചെയ്യുന്ന രീതിയാണ്‌ തോമസിനുള്ളത്‌. അതു പൊതുവായിട്ടുള്ള ടീം വര്‍ക്കിനു ദോഷം ചെയ്യും. ഗ്രെയ്‌റ്റര്‍ ജറുസലം ബിസിനസ്‌ ബ്യൂറോ മാത്യുവിനെ ബ്ലാക്ക്‌ലിസ്റ്റില്‍പ്പെടുത്തിയിരിക്കുന്ന കാര്യം അങ്ങയോടു പറയേണ്ടത്‌ ഞങ്ങളുടെ കടമയാണെന്നു ഞങ്ങള്‍ കരുതുന്നു. തദേവൂസും അല്‍ഫേയസിന്റെ പുത്രനായ ജയിംസും തീവ്രവാദികളോട്‌ അനുഭാവം പുലര്‍ത്തുന്നവരും സ്ഥിരതയില്ലാത്ത സ്വഭാവത്തിന്റെ ഉടമകളുമാണ്‌.''

``എന്നാല്‍, പന്ത്രണ്ടുപേരിലൊരാളായ യൂദാ ഇസ്‌കാറിയോട്ട്‌ വളരെ പ്രതീക്ഷകള്‍ക്കു വക നല്‍കുന്നയാളാണ്‌. കഴിവും സാമര്‍ത്ഥ്യവും അയാള്‍ക്കുണ്ട്‌. ബിസ്‌നസ്‌ തന്ത്രങ്ങളറിയാവുന്ന അയാള്‍ക്ക്‌ ഉന്നതതലങ്ങളില്‍ നല്ല പിടിപാടുണ്ട്‌. വളര്‍ന്നു വലുതാകണമെന്നു മോഹമുള്ള യൂദാസിനെ അങ്ങയുടെ കണ്‍ട്രോളറും വലംകൈയുമായി നിയമിക്കണമെന്നു ഞങ്ങള്‍ ശിപാര്‍ശ ചെയ്യുന്നു.'' 

എന്താ ഈ കത്തു വായിച്ചപ്പോള്‍ നിങ്ങള്‍ക്കു ചിരിവന്നുകാണും അല്ലേ? എങ്ങനെ ചിരിക്കാതിരിക്കാനാവും? ലോകത്തിന്റെ ദൃഷ്‌ടിയില്‍ ശരിയായിട്ടുള്ള കാര്യങ്ങളാണ്‌ കത്തില്‍ പറഞ്ഞിരിക്കുന്നത്‌. യേശുവിന്റെ ശിഷ്യരെക്കുറിച്ചു നല്‌കിയിരിക്കുന്ന വിലയിരുത്തല്‍ വളരെ ശരിതന്നെയാണ്‌. പക്ഷേ, ആ പന്ത്രണ്ടുപേരുടെയും കഥ നമുക്കറിയാം. അതുകൊണ്ടുതന്നെയാണ്‌ ഈ കത്തു വായിക്കുമ്പോള്‍ നമ്മുടെ ചുണ്ടുകളില്‍ ചിരി വിടരുന്നതും.

ജോര്‍ഡാന്‍ മാനേജ്‌മെന്റെ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ എഴുതിയതുപോലെ യൂദാസൊഴികെ മറ്റെല്ലാവരും ഒന്നിലും കൊള്ളില്ലാത്തവരായിരുന്നു. അവശ്യം വേണ്ടിയിരുന്ന വിദ്യാഭ്യാസ യോഗ്യതയും അനുഭവ പരിചയവും ഇല്ലായിരുന്നു എന്നതു മാത്രമായിരുന്നില്ല അവരുടെ പോരായ്‌മ. അവരില്‍ മുഴുവന്‍ പേരുടെയും തന്നെ സ്വഭാവ ശൈലിയിലും ഒട്ടേറെ ന്യൂനതകളുണ്ടായിരുന്നു. വെറും മുക്കുവരും നിരക്ഷരരുമായിരുന്നല്ലോ അവര്‍.

പക്ഷേ, എന്നിട്ടുമെന്തേ യേശു അവരെ തെരഞ്ഞെടുത്തു? പ്രഗല്‌ഭനെന്നു കരുതിയിരുന്ന യൂദാസൊഴികെ എല്ലാവരും എങ്ങനെ നൂറുശതമാനം വിജയത്തിനുടമകളായി? 

ജോര്‍ഡാന്‍ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌സ്‌ വിലയിരുത്തിയതുപോലെയായിരുന്നില്ല യേശു താന്‍ തെരഞ്ഞെടുത്ത പന്ത്രണ്ടുപേരെ വിലയിരുത്തിയത്‌. ഈ ലോകത്തിന്റെ വിജ്ഞാനത്തിലൂന്നിനിന്നുള്ള വിലയിരുത്തലായിരുന്നില്ല അവിടുന്നു നടത്തിയത്‌. തന്റെ ദൈവിക ദൃഷ്‌ടിയിലൂടെ യേശു അവരെ വീക്ഷിച്ചപ്പോള്‍ അവരില്‍ അന്തര്‍ലീനമായിരുന്ന സാധ്യതകള്‍ അവിടുന്നു മനസ്സിലാക്കി. ഒന്നിനും കൊള്ളരുതാത്തവരെന്നു കരുതപ്പെട്ടിരുന്ന അവരെക്കൊണ്ട്‌ ലോകം കീഴ്‌മേല്‍ മറിക്കാനാവുമെന്ന്‌ അവിടുത്തേക്കറിയാമായിരുന്നു.
എന്നാല്‍ കേമനെന്നു കരുതപ്പെട്ടിരുന്ന യൂദാസ്‌ കുതികാല്‍വെട്ടിയായി മാറുമെന്നും അവിടുത്തേക്ക്‌ അജ്ഞാതമായിരുന്നില്ല. തന്റെ ശിഷ്യരെ സംബന്ധിച്ച്‌ യേശുവിന്റെ വിലയിരുത്തലായിരുന്നു ശരിയെന്ന്‌ ചരിത്രം സാക്ഷിക്കുന്നു. 

ആരും നമ്മെക്കുറിച്ച്‌ എങ്ങനെയും വിലയിരുത്തട്ടെ. നമ്മെക്കുറിച്ചുള്ള വിലയിരുത്തല്‍ അല്‌പം മോശമായാല്‍പ്പോലും നാം ഖിന്നരാകേണ്ട. എന്നാല്‍, ദൈവം നമ്മെ എങ്ങനെയായിരിക്കും വിലയിരുത്തുന്നത്‌ എന്നു ചിന്തിക്കുന്നത്‌ നല്ലതാണ്‌. കാരണം, നമ്മെക്കുറിച്ചുള്ള അവിടുത്തെ വിലയിരുത്തലില്‍ മാത്രമേ എന്തെങ്കിലും കാര്യമുള്ളു.

നമ്മുടെ ജീവിതത്തിന്റെ സമസ്‌തഭാവങ്ങളും കണ്ടുകൊണ്ടുള്ള വിലയിരുത്തലാണ്‌ ദൈവത്തിന്റേത്‌. ആ വിലയിരുത്തലെന്താണെന്നറിഞ്ഞ്‌ അതനുസരിച്ച്‌ നമ്മുടെ ജീവിതത്തെ കരുപിടിപ്പിക്കണം. യേശുവിന്റെ സാന്നിധ്യത്തില്‍ അവിടുത്തെ ശിഷ്യര്‍ സമഗ്രമായ വളര്‍ച്ച നേടി. അതുപോലെ ദൈവത്തില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട്‌ അവിടുന്നാഗ്രഹിക്കുന്ന രീതിയില്‍ നമുക്കും വളരാന്‍ ശ്രമിക്കാം.

plz send your feedbacks to: panthaplamthottiyil@hotmail.com

Sunday, 15 February 2015

ജീവിതവിജയം

ജീവിതവിജയം എന്ന പുസ്‌തകത്തേക്കുറിച്ചുള്ള ആഴത്തിലുള്ള അഭിനന്ദനം അറിയിക്കാനാണിത്‌. ഒട്ടും അതിശയോക്തിയില്ലാതെ പറയട്ടെ, തികച്ചും അതിശയിപ്പിക്കുന്ന പുസ്‌തകമാണിത്‌. രാവിലെ, എന്റെ സ്വകാര്യ ധ്യാനസമയങ്ങളില്‍ ഞാന്‍ രണ്ട്‌ പുസ്‌തകങ്ങളാണ്‌ വായിക്കുന്നത്‌. എവരിഡേ വിത്‌ ജീസസാണ്‌ ഒന്ന്‌. മറ്റൊറ്റ്‌ ജീവിതവിജയമാണ്‌. ഈ രണ്ടു പുസ്‌തകങ്ങളും എന്നെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. പ്രബോധനങ്ങളിലും പൊതുപ്രസംഗങ്ങളിലും ഉപയോഗിക്കാന്‍ കഴിയുന്നവിധത്തില്‍ ഒട്ടേറെ ഉദാഹരണങ്ങളാണ്‌ ഈ പുസ്‌തകത്തിലുള്ളത്‌. എന്റെ അഭിനന്ദനങ്ങള്‍ നേരിട്ട്‌ അറിയിക്കേണ്ടത്‌ എന്റെ കടമയാണെന്ന്‌ ഞാന്‍ വിചാരിക്കുന്നു. സര്‍വശക്തനായ ദൈവം അങ്ങയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഡോ. സാം മാത്യു, ബിഷപ്‌, സിഎസ്‌ഐ

ജീവിതത്തിന്റെ മാനസികസംഘര്‍ഷങ്ങളെ മാറ്റിക്കളയാന്‍ ശക്തിയുള്ളവയാണ്‌ അങ്ങയുടെ ലേഖനങ്ങള്‍. എന്റെ ഹൃദയത്തില്‍ പ്രസാദാത്മകതയുടെ ഊര്‍ജ്ജം നിറയ്‌ക്കാനും വ്യത്യസ്‌തമായ രീതിയില്‍ ജീവിതത്തെ നോക്കിക്കാണാനും ഇത്‌ സഹായിക്കുന്നു.

ഖാദര്‍ അബ്ദുള്‍ റൗഫ്‌, സൗദി അറേബ്യ

ഒട്ടേറെ മാനസികശക്തിയും അറിവും ലഭിക്കാന്‍ ദിവസവും ജീവിതവിജയം വായിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്‌. വളരെയധികം നന്ദി. 

സിസിലി വില്യം, യുഎഇ

ഞാന്‍ ഏതാണ്ട്‌ എല്ലാ ദിവസവും ജീവിതവിജയം വായിക്കാറുണ്ട്‌. വളരെ വളരെ പ്രചോദനാത്മകവും അറിവുനല്‌കുന്നതുമാണിത്‌. മാതാപിതാക്കള്‍ക്കും സഹോദരീസഹോദരങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രഫഷണലുകള്‍ക്കും ജീവിതത്തില്‍ എല്ലാരംഗത്തുമുള്ളവര്‍ക്കും പ്രയോജനപ്രദമാണിത്‌. 

റോസി ജോസഫ്‌, യുഎസ്‌എ